ന്യൂഡൽഹി: ട്വിറ്ററിന് നൈജീരിയ വിലക്കേർപ്പെടുത്തിയ അവസരം പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യൻ സോഷ്യൽ നെറ്റ് വർക്കിങ് കമ്പനി കൂ(Koo). ചട്ടങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ ട്വിറ്ററിന് രാജ്യം വെള്ളിയാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ട്വിറ്ററിന് ബദലായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂവിന് ഈ അവസരം ഉപയോഗപ്പെടുത്തി നൈജീരിയയിൽ സുസ്ഥിരസ്ഥാനം നേടിയെടുക്കാനുള്ള പദ്ധതിയിലാണ് കൂ കമ്പനി.
കൂ നൈജീരിയയിലും ലഭ്യമാണ് എന്ന് കമ്പനിയുടെ സ്ഥാപക പങ്കാളി അപ്രമേയ രാധാകൃഷ്ണ ട്വിറ്റ് ചെയ്തു. പ്രാദേശികഭാഷകൾ ഉപയോഗപ്പെടുത്തിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് നൈജീരിയയിലും സാധ്യമാക്കാൻ കമ്പനി ആഗ്രഹിക്കുന്നതായും രാധാകൃഷ്ണയുടെ ട്വീറ്റിൽ പറയുന്നു. കൂ ലഭ്യമായ മറ്റു രാജ്യങ്ങളുടേയും നൈജീരിയയിലെ പ്രദേശിക ഭാഷകളെ കുറിച്ചുള്ള വിവരവും രാധാകൃഷ്ണയുടെ ട്വിറ്റർ പോസ്റ്റിലുണ്ട്. രാധാകൃഷ്ണയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേർ ട്വിറ്റ് ചെയ്‌യുകയും ചെയ്തു.
is available in Nigeria. Were thinking of enabling the local languages there too. What say?
&mdash Aprameya R (@aprameya)
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് അഹമ്മദാബാദിലെ പൂർവവിദ്യാർഥികളായ രാധാകൃഷ്ണയും മായങ്ക് ബിദാവത്‌കയും ചേർന്നാണ് കൂ വികസിപ്പിച്ചെടുത്തത്. ലോഗോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ട്വിറ്ററിനോട് സാമ്യതയുള്ള കൂ ഒരു ആത്മനിർഭർ ആപ്പാണ്. മാതൃഭാഷയിൽ ആശയവിനിമയം സാധ്യമാക്കുന്ന കൂവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചാരണം നൽകിയിട്ടുണ്ട്. രാജ്യത്തെ നിരവധി പ്രമുഖ വ്യക്തികളും കൂ ഉപയോഗിക്കുന്നുണ്ട്.
34 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഇതിനോടകം കൂവിന് സമാഹരിക്കാൻ സാധിച്ചതായി ഫോബ്സ് ഇന്ത്യ പറയുന്നു. ഉപയോക്താക്കളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളെ നേടാനാണ് കൂ ലക്ഷ്യമിടുന്നതെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ സാമൂഹികമാധ്യമ നയങ്ങൾ പിന്തുടരാൻ തയ്‌യാറാണെന്ന് കൂ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ട്വിറ്റർ അതിന് വിമുഖത പ്രകടമാക്കിയിരുന്നു. ഇത് കൂവിന് രാജ്യത്ത് കൂടുതൽ പ്രചരണം നൽകി.
നൈജീരിയയിൽ നടക്കുന്ന ആഭ്യന്തരകലാപത്തെ കുറിച്ച് പ്രസിഡന്റ് ബുഹാരിയുടെ പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തത്. തുടർന്ന് അനിശ്ചിതമായി ട്വിറ്ററിനെ വിലക്കി കൊണ്ട് നൈജീരിയയുടെ പ്രഖ്യാപനം വെള്ളിയാഴ്ച പുറത്തു വന്നു. നൈജീരിയയുടെ ഈ നടപടി അഭിപ്രായപ്രകടനസ്വാതന്ത്യത്തിന്റെ ലംഘനമാണെന്ന് നിരവധി സാമൂഹിക പ്രവർത്തകർ പ്രതികരിച്ചു. നേരത്തെ ചൈനയിലും തുർക്കിയിലും മ്യാൻമാറിലും സമാനമായ നടപടി ട്വിറ്റർ നേരിട്ടിരുന്നു.
Content Highlights: Indias Koo Eyes Nigerias Social Media Scene After Country Bans Twitter