വിക്ടോറിയയിൽ റീറ്റെയ്ൽ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ QR കോഡ് ചെക്ക് ഇൻ നിർബന്ധമാക്കി. നിയമം ലംഘിക്കുന്ന ബിസിനസുകളിൽ നിന്ന് 1,652 ഡോളർ പിഴ ഈടാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോൺടാക്ട് ട്രേസിംഗ് കാര്യക്ഷമമാക്കാൻ പുതിയ QR കോഡ് നിയമം നടപ്പിലാക്കി.
സംസ്ഥാനത്തെ റീറ്റെയ്ൽ സ്റ്റോറുകൾ, റസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങി എല്ലാ ബിസിനസുകളിലും ഉപഭോക്താക്കൾ QR കോഡ് ഉപയോഗിച്ച് നിർബന്ധമായും ചെക്ക് ഇൻ ചെയ്യണം.
വെള്ളിയാഴ്ച (ഇന്ന്) മുതലാണ് ഈ പുതിയ നിയമം നടപ്പിലാക്കിയത്.
നിയമം പാലിക്കാത്ത ബിസിനസുൾക്ക് 1,652 ഡോളറാണ് പിഴ. മാത്രമല്ല, നിയമം നടപ്പാക്കുന്നതിൽ തുടർച്ചായി വീഴ്ച വരുത്തുന്ന ബിസിനസുകളിൽ നിന്ന് 9,913 ഡോളർ പിഴ ഈടാക്കും.
നേരത്തെ റീറ്റെയ്ൽ സ്റ്റോറുകളിൽ 15 മിനിറ്റിൽ കൂടുതൽ സമയം ചിലവിടുന്നവർ മാത്രമായിരുന്നു QR കോഡ് ചെക്ക് ഇൻ ചെയ്യേണ്ടത്.
എന്നാൽ ഇനി മുതൽ ബിസിനസുകളിൽ പ്രവേശിക്കുന്ന എല്ലാ ഉപഭോക്താക്കളും QR ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യണം. അതായത് കാപ്പി ടേക്ക് എവേയായി വാങ്ങാൻ എത്തുന്നവർ പോലും ചെക്ക് ഇൻ ചെയ്യണം.
സർവീസ് വിക്ടോറിയ ആപ്പ് ഉപയോഗിച്ച് വേണം QR കോഡ് ചെക്ക് ഇൻ ചെയ്യാൻ. ആപ്പ് ഉപയോഗിക്കാൻ കഴിയാത്തവരുടെ പേരും, ഫോൺ നമ്പറും ബിസിനസ് ഉടമകൾ എഴുതി വയ്‌ക്കേണ്ടതാണെന്ന് സർക്കാർ വക്താവ് അറിയിച്ചു.
വൈറസ് ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്താനും, ഇതു വഴി കോൺടാക്ട് ട്രേസിംഗ് കാര്യക്ഷമമാക്കാനുമാണ് ഈ പുതിയ നിയമമെന്ന് വിക്ടോറിയൻ ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.
എല്ലാ ബിസിനസുകളും ഉപഭോക്താക്കളും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൂപ്പർമാർക്കറ്റുകളിലും ബിസിനസുകളിലും അംഗീകൃത ഉദ്യോഗസ്ഥർ സന്ദർശനം നടത്തും.
വിക്ടോറിയയിലെ QR കോഡ് ചെക്ക് ഇൻ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മാസങ്ങൾ നീണ്ട വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
മെയ് മാസത്തിൽ നടത്തിയ പരിശോധനയിൽ നിരവധി ബിസിനസുകൾ QR കോഡ് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. മെൽബൺ നഗരത്തിലെ ബിസിനസുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
കടപ്പാട്: SBS മലയാളം