കൊച്ചി
പശ്ചിമേഷ്യൻ യുദ്ധഭീതി ഓഹരിവിപണിയെ കരടികളുടെ പിടിയിലാക്കി. സെൻസെക്സ് 2.10 ശതമാനവും നിഫ്റ്റി 2.12 ശതമാനവും ഇടിഞ്ഞു. വ്യാപാരത്തിനിടയിൽ 82,434.02 വരെ താഴ്ന്ന സെൻസെക്സ് ഒടുവിൽ 1769.19 പോയിന്റ് നഷ്ടത്തിൽ 82,497.10 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 546.80 പോയിന്റ് താഴ്ന്ന് 25,250.10 ൽ അവസാനിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 476 ലക്ഷം കോടിയിൽനിന്ന് 465 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒറ്റദിവസംകൊണ്ട് 11 ലക്ഷം കോടി രൂപയിലധികമാണ് നിക്ഷേപകർക്ക് നഷ്ടമായത്.
അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ താഴ്ന്നു. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ 83.91 നിരക്കിലാണ് രൂപ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. 83.83 ൽനിന്ന് എട്ട് പൈസയാണ് തുടക്കത്തിൽ നഷ്ടമായത്. പിന്നീട് 15 പൈസ നഷ്ടത്തിൽ 83.98 ലേക്ക് താഴ്ന്നു. ഒടുവിൽ ഡോളറിനെതിരെ 14 പൈസ നഷ്ടത്തിൽ 83.97 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു
ഇറാന്റെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന ആശങ്ക അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർത്തി. ഇതോടെ വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചതും അവധിവ്യാപാരം നിയന്ത്രിക്കാൻ സെബി ഏർപ്പെടുത്തിയ പുതിയ ചട്ടവും വിപണിക്ക് തിരിച്ചടിയായി. ഓഹരിവിപണിയിൽനിന്നുള്ള കണക്കുപ്രകാരം അവസാന രണ്ടുദിവസം 20,822 കോടി രൂപയിലധികമാണ് വിദേശനിക്ഷേപകർ പിൻവലിച്ചത്. ആവശ്യമുള്ളതിന്റെ 85 ശതമാനം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് യുദ്ധമുണ്ടായാൽ കനത്ത ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.