കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേന്‍ എന്നിവിടങ്ങളിലെല്ലാം കേരള ഉത്പന്നങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് ഇത്തരത്തില്‍ വില ഉയര്‍ന്നതെന്ന് ഓസ്‌ട്രേലിയന്‍ മലയാളികള്‍ പറയുന്നു.
അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് 32-40 വില വര്‍ധിച്ചുവെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലയാളികളെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്.ബി.എസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവിധ ഇനം അരി ഇനങ്ങള്‍ക്ക് വിലകൂടാന്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധിച്ചതും കാരണമായിട്ടുണ്ട്. കേരളത്തില്‍ നിന്നാണ് ഓസ്‌ട്രേലിയയിലേക്ക് കൂടുതലായും അരി കയറ്റുമതി നടത്തുന്നത്.
ഉത്പാദനം കുറഞ്ഞതും കയറ്റുമതി തീരുവ ഉയര്‍ത്തിയതുമാണ് ചില്ലറ വില കുത്തനെ ഉയരാന്‍ കാരണം. 5 മുതല്‍ 10 ശതമാനം വരെ ലാഭമെടുത്താണ് ചില്ലറ കച്ചവടക്കാര്‍ സാധനങ്ങള്‍ വില്‍ക്കുന്നത്.
ഓസ്‌ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളിലേറെയും മലയാളികളാണ് നടത്തുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത വിലയ്ക്ക് കാരണം പലതാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
സിഡ്‌നിയിലും മെല്‍ബണിലും ഷോപ്പുകള്‍ക്കുള്ള വാടകയല്ല പെര്‍ത്തിലും മറ്റ് പ്രദേശങ്ങളിലും. വാടക കൂടുതല്‍ വരുന്ന സ്ഥലങ്ങളില്‍ സാധനങ്ങള്‍ക്ക് വില കൂടുന്നത് ബാധിക്കുന്നതേറെയും വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെയാണ്.
അടുത്ത കാലത്തായി കണ്ടെയ്‌നര്‍ വാടക ഉയര്‍ന്നതും ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങളുടെ വില കൂടാന്‍ കാരണമായിട്ടുണ്ട്. പലിശ വര്‍ധനയില്‍ ബുദ്ധിമുട്ടുന്ന ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് വലിയ പ്രഹരമാണ് അവശ്യസാധനങ്ങളുടെ വിലവര്‍ധന. ഒാസ്‌ട്രേലിയയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വാടക അടക്കം ചെലവ് വലിയ തോതില്‍ ഉയര്‍ന്നിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി
അടുത്തിടെയാണ് വിദ്യാര്‍ത്ഥി വീസ ഫീസ് 125 ശതമാനത്തിലേറെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ (710 ഡോളര്‍) ആയിരുന്ന വീസ ഫീ 1,33,510 രൂപയിലേക്ക് (1,600 ഡോളര്‍) ആണ് ഉയര്‍ത്തിയത്. ഒറ്റയടിക്ക് 74,265 രൂപയാണ് കൂട്ടിയത്.
വിദ്യാര്‍ത്ഥി വീസയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു നിരക്ക് കൂട്ടിയത്. പുതിയ വര്‍ധനയോടെ യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ചെലവേറിയതായി ഓസ്ട്രേലിയയിലേക്കുള്ള യാത്ര. അനിയന്ത്രിതമായ കുടിയേറ്റം മൂലം ഓസ്ട്രേലിയയില്‍ തദ്ദേശീയര്‍ അസ്വസ്ഥരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നിരക്ക് കൂട്ടിയത്.
സെപ്റ്റംബര്‍ 30 വരെയുള്ള ഒരു വര്‍ഷം ഓസ്ട്രേലിയയിലേക്ക് 5.5 ലക്ഷം കുടിയേറ്റക്കാര്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധന.