കോൺഗ്രസ് വിടുകയെന്ന ചിന്ത സ്വപ്‌നത്തിൽ പോലും കടന്നുവന്നിട്ടില്ല. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും. എന്നെ അറിയാവുന്നവരുടെ മുന്നിൽ ഇങ്ങനെയൊരു വിശദീകരണം ആവശ്യമില്ല. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ കള്ളം പ്രചരിപ്പിക്കുമ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയുള്ളതിനാലാണ് ഈ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിട്ട് കേരളാ കോൺഗ്രസിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള വാർത്ത സൃഷ്ടിച്ചവരുടെയും പ്രചരിപ്പിക്കുന്നവരുടെയും അറിവിലേക്കായിട്ട് ഒരു കാര്യം അറിയിക്കുകയാണ്. കടൽ ഒരിക്കലും കായലിൽ ചേരാറില്ല, കായൽ കടലിൽ ആണ് പതിക്കുന്നതെന്നും ജോസഫ് വാഴയ്‌ക്കൻ വ്യക്തമാക്കി.
ഈ കാലഘട്ടത്തിന് അനുയോജ്യമായ വാർത്ത ജോസഫ് വാഴയ്‌ക്കൻ കേരളാ കോൺഗ്രസിൽ ചേരുന്നു എന്നതിനേക്കാൾ സ്വന്തം പാർട്ടിയിൽ നിന്നും പുറത്താകുന്നു എന്ന വാർത്ത ആയിരിക്കും കൂടുതൽ ഉചിതതെന്നും അദ്ദേഹം പരിഹസിച്ചു.
പത്ര പ്രവർത്തനം എന്നാൽ എന്തു മര്യാദകേടും എഴുതാമെന്നും പ്രചരിപ്പിക്കാമെന്നും ധരിച്ചുവച്ചിരിക്കുന്ന ചില ആളുകളാണ് ഈ വാർത്തയ്‌ക്ക് പിന്നിൽ. നിജസ്ഥിതി പോലും തിരക്കാതെയാണ് ഇത്തരം വാർത്ത പുറത്തുവിടുന്നതെന്നും ജോസഫ് വാഴയ്‌ക്കൻ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസിലേക്ക് എത്താൻ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്ന ജോസ് കെ മാണിയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് ജോസഫ് വാഴയ്‌ക്കൻ കോൺഗ്രസ് വിടുമെന്ന വാർത്ത ഒരു മാധ്യമം പുറത്തുവിട്ടത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.