വാട്സ്ആപ്പ് മെസെഞ്ചർ ആപ്ലിക്കേഷന്റെ പുതുക്കിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചു. സ്വകാര്യതയുടെയും വിവര സുരക്ഷയുടെയും മൂല്യങ്ങൾക്ക് വിലനൽകാത്തതാണ് പുതിയ നയം എന്ന് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് അയച്ച കത്തിൽ മന്ത്രാലയം പറയുന്നു.
നോട്ടീസിന് മറുപടി അറിയിക്കാൻ വാട്സ്ആപ്പിന് ഐടി മന്ത്രാലയം മെയ് 25 വരെ സമയം നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ തൃപ്തികരമായ മറുപടി അറിയിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ വാട്സ്ആപ്പിനെതിരെ എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
“ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനുള്ള പരമാധികാരപരമായ ഉത്തരവാദിത്തം നമുക്കുണ്ട്. നിയമപ്രകാരം ലഭ്യമായ വിവിധ സാധ്യതകൾ സർക്കാർ പരിഗണിക്കും, ”ഐടി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവാദ സ്വകാര്യതാ നയം പിൻവലിക്കാൻ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം രണ്ടാം തവണയാണ് ആശയവിനിമയം നടത്തുന്നത്. പുതുക്കിയ സ്വകാര്യത നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ജനുവരിയിൽ മന്ത്രാലയം വാട്‌സ്ആപ്പിന്റെ ആഗോള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിൽ കാത്കാർട്ടിന് ഒരു കത്ത് അയച്ചിരുന്നു.
ഏകപക്ഷീയമായ മാറ്റങ്ങൾ ന്യായമല്ലെന്നും സ്വീകാര്യമല്ലെന്നും മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ സമീപകാല മാറ്റങ്ങൾ പിൻവലിക്കണമെന്നും കത്തിൽ സർക്കാർ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
വാട്ട്‌സ്ആപ്പ് സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങൾ “ഇന്ത്യൻ പൗരന്മാരുടെ തിരഞ്ഞെടുപ്പും സ്വയം തീരുമാനമെടുക്കാനുള്ള അവസരവും സംബന്ധിച്ച പ്രത്യാഘാതങ്ങൾക്ക് കാരണമാവുമെന്ന് ആശങ്കപ്പെടുന്നു,” എന്നും കത്തിൽ പറഞ്ഞിരുന്നു.
നിർദ്ദിഷ്ട മാറ്റങ്ങൾ പിൻവലിക്കാനും വിവര സ്വകാര്യത, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഡാറ്റാ സുരക്ഷ എന്നിവ സംബന്ധിച്ച നിലപാട് പുനപരിശോധിക്കാനും മന്ത്രാലയം വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. “വാട്ട്‌സ്ആപ്പ് സേവന നിബന്ധനകളിലും സ്വകാര്യതയിലും ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തുന്നത് ന്യായവും സ്വീകാര്യവുമല്ല,” എന്നും മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.
The post പുതുക്കിയ സ്വകാര്യതാ നയം വാട്സ്ആപ്പ് പിൻവലിക്കണം; കേന്ദ്രം നോട്ടീസ് അയച്ചു appeared first on Indian Express Malayalam.