മനാമ > നാട്ടില് നിന്നും മടങ്ങേണ്ട പ്രവാസികള്ക്കും വിദ്യാര്ത്ഥികള്ക്കും കോവിഡ് വാക്സിനേഷനില് മുന്ഗണന നല്കണമെന്ന് ബഹ്റൈന് പ്രതിഭ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില് നിന്നും അവധിക്കും മറ്റുമായി നാട്ടില് വന്ന പ്രവാസികളില് നിരവധി പേര് വാക്സിന് എടുക്കാത്തതിനാല് മടങ്ങി പോകാന് കഴിയാത്ത സാഹചര്യം ഉണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉന്നതപഠനത്തിന് പോകാന് തയാറായി നില്ക്കുന്ന വിദ്യാര്ത്ഥികള്ക്ക് പല രാജ്യങ്ങളും വാക്സിനേഷന് നിര്ബന്ധമാക്കിയത് കാരണം യാത്ര മുടങ്ങുന്ന അവസ്ഥയിലാണ്. വിദ്യാഭ്യാസ വായ്പയും മറ്റുമെടുത്താണ് മിക്ക വിദ്യാര്ഥികള് ഉപരിപഠനത്തിന് പോകാന് തയാറായി നില്ക്കുന്നത്. ഇത്തരം കേസുകളില് മുന്ഗണന ക്രമത്തില് വാക്സിന് നല്കാനുള്ള നടപടികള് സ്വീകരിക്കണമെന്ന് ബഹ്റൈന് പ്രതിഭ സംസ്ഥാന സര്ക്കാരിനോട് അഭ്യര്ത്ഥിച്ചു. പ്രതിഭ നേതാവും പ്രവാസി കമ്മീഷന് അംഗവുമായ സുബൈര് കണ്ണൂര് ഈ വിഷയം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില് പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം നാട്ടില് നിന്നും മടങ്ങി വരുന്നതിനുള്ള ഭീമമായ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും സാധ്യമായ ഇടപെടല് നടത്തണമെന്ന് പ്രതിഭ അഭ്യര്ത്ഥിച്ചു.
പ്രവാസികളോട് എക്കാലവും അനുഭാവപൂര്വ്വമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷ സര്ക്കാര് ഈ വിഷയത്തിലും അനുഭാവപൂര്വമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് ആയിരക്കണക്കിന് പ്രവാസികള്ക്കും കുടുംബങ്ങള്ക്കും വിദ്യാര്ത്ഥികള്ക്കും ഉപകാരപ്രദമാകുമെന്നും പ്രതിഭ ജനറല് സെക്രട്ടറി എന്വി ലിവിന് കുമാറും പ്രസിഡന്റ് കെഎം സതീഷും പ്രസ്താവനയില് പറഞ്ഞു.