കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശയവിനിമയം മുടങ്ങാതിരിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജിയോ. ഈ പ്രതികൂല സാഹചര്യത്തിലും ആളുകളെ കണക്‍ടഡ് ആക്കി വയ്‍ക്കുന്നതിനായാണ് ഓഫർ ഒരുക്കുന്നതെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
റിലയൻസ് ഫൗണ്ടേഷനുമായി സഹകരിച്ച് ജിയോ ഫോൺ ഉപയോക്താക്കൾക്ക് പ്രതിമാസം 300 മിനിറ്റ് സൗജന്യ ഔട്ട് ഗോയിങ്ങ് കോളുകളാണ് ജിയോ ഒരുക്കിയിട്ടുള്ളത്. ഇത് അനുസരിച്ച് പ്രതിദിനം പത്ത് മിനിറ്റ് ഫ്രീ കോൾ ലഭിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഫോൺ റീചാർജ് ചെയ്‌യാൻ സാധിക്കാത്ത ഉപയോക്താക്കൾക്ക് ഈ ഓഫർ വലിയ ആശ്വാസം നൽകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വാർഷിക പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തവർക്ക് ഈ ഓഫർ ബാധകമല്ല.
ഇതിനുപുറമെ, റീചാർജ് ചെയ്‌യുന്ന ഓരോ ജിയോ ഫോൺ പ്ലാനിനും അതേമൂല്യത്തിൽ അധിക റീചാർജ് പ്ലാൻ സൗജന്യമായി ലഭിക്കുമെന്നും ജിയോ ഉറപ്പുനൽകുന്നു. 75 രൂപയ്‍ക്ക് റീചാർജ് ചെയ്‌യുന്ന ഉപയോക്താവിന് അതേമൂല്യമുള്ള അധിക പ്ലാൻ ലഭിക്കുന്നതാണ് പദ്ധതി.
Content Highlights: Reliance Jio Announce Special Offer In Lockdown