തിരുവനന്തപുരം > വാർത്താസമ്മേളനങ്ങളിലും മീഡിയ ഗ്രൂപ്പിലും ചില മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സംപ്രേഷണം ചെയ്ത സംഭവമല്ലാതിരുന്നിട്ടും ചാനലും മാധ്യമപ്രവർത്തകയും പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും ഏഷ്യാനെറ്റിനെതിരെ ബിജെപി പ്രഖ്യാപിച്ച ബഹിഷ്കരണം ഖേദകരമാണ്. ഒരു പാർടിയും ഒരു ചാനലിനെയോ തിരിച്ചോ ബഹിഷ്കരിക്കുന്നത് ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കുന്നതല്ല.
കേരളത്തിൽനിന്നുള്ള ഏക കേന്ദ്ര മന്ത്രിയെന്ന നിലയിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ അദ്ദേഹത്തിന് ജനങ്ങളുമായി പങ്കുവയ്ക്കാനുണ്ട്. വി മുരളീധരനെപ്പോലൊരു നേതാവ് ഒരു സാഹചര്യത്തിലും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോകാൻ പാടില്ല. കേന്ദ്ര മന്ത്രിയുടെ ചാനൽ വിലക്ക് വാസ്തവത്തിൽ ജനങ്ങളോടുള്ള നീതിനിഷേധമാണ്. പാർടിയുടെ ബഹിഷ്കരണംപോലും പിൻവലിക്കാൻ മുൻകൈയെടുക്കേണ്ട കേന്ദ്ര മന്ത്രി ഈ നടപടിയിൽനിന്ന് അടിയന്തരമായി പിന്തിരിയണം. കേന്ദ്ര മന്ത്രിയുടെ ചാനൽ വിലക്കും പാർടി ബഹിഷ്കരണവും പിൻവലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.