വാഷിങ്ടൺ
‘സ്വയം പ്രതിരോധിക്കാനുള്ള’ ഇസ്രയേലിന്റെ അവകാശത്തെ അമേരിക്ക പിന്തുണയ്ക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാന് മേൽ ചുമത്തിയ ഉപരോധത്തിൽ ഇളവ് വരുത്താനുള്ള ചർച്ചകൾ ഉടൻ അവസാനിപ്പിക്കണമെന്നും 44 റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രസിഡസഹായിക്കണമെന്ന് റിപ്പബ്ലിക്കന്മാർന്റ് ജോ ബൈഡന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
‘ലഭ്യമായ എല്ലാ മാർഗവും ഉപയോഗിച്ച് പലസ്തീനുകാർ ഒന്നുചേർന്ന് ഇസ്രയേലിനെ പ്രതിരോധിക്കണ’മെന്ന ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ട്വീറ്റ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്റെ തെളിവാണ്. വിയന്നയിൽ അമേരിക്കൻ സംഘവുമായുള്ള ചർച്ചകൾ നയിക്കുന്ന ഇറാൻ വിദേശമന്ത്രി മൊഹമ്മദ് ജാവദ് ഷരീഫും ഹമാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉപരോധം ഇളവ് ചെയ്ത് അമേരിക്ക ഇറാന് നൽകുന്ന ഓരോ ഡോളറും ഇസ്രയേലിനെതിരെ ഉപയോഗിക്കപ്പെടും–- റിപബ്ലിക്കന്മാർ പറഞ്ഞു.
അതേസമയം, ഇസ്രയേലിന് നൽകുന്ന പിന്തുണയിൽനിന്ന് ബൈഡൻ വ്യതിചലിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പിസാകി വ്യക്തമാക്കി. സമാധാന ശ്രമത്തിനായി മധ്യപൗരസ്ത്യ ദേശത്തേക്ക് ദൂതനെ അയക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ഇസ്രയേലിന്റെ ‘പ്രതിരോധ ശ്രമങ്ങൾക്ക്’ എല്ലാ സഹായവും ചെയ്യുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി.
യുഎസ് കോൺഗ്രസിൽ
പ്രതിഷേധം
പലസ്തീൻകാർ കൂട്ടമായി കൊല്ലപ്പെടുമ്പോൾ ലോകം ഒന്നും ചെയ്യാതെ നോക്കിനിൽക്കുന്നെന്ന് പലസ്തീൻ വംശജയായ അമേരിക്കൻ പ്രതിനിധി സഭാംഗം റാഷിദ താലിബ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ റാഷിദ ഉൾപ്പെടെ നിരവധി ഡെമോക്രാറ്റുകളാണ് രംഗത്തെത്തിയത്. ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക എത്രം പണം മുടക്കിയാലും പലസ്തീൻകാരെ ഇല്ലാതാക്കാനാകില്ലെന്നും റാഷിദ പറഞ്ഞു. ഇസ്രയേലിന് അമേരിക്കൻ കോൺഗ്രസ് നൽകുന്ന 380 കോടി ഡോളർ വാർഷിക സൈനിക സഹായത്തെ വിമർശിക്കുകയായിരുന്നു അവർ.
‘ഹമാസിന്റെ മിസൈൽ ആക്രമണം അപലപനീയമാണ്. എന്നാൽ, ഹമാസിന്റെ പ്രതികരണം വിഷയത്തെ ‘ഇരുവശത്തുനിന്നുമുള്ള ആക്രമണം’ ആക്കുന്നില്ല. പലസ്തീൻ ജനത നേരിടുന്ന വിവേചനവും അവഗണനയും തിരിച്ചറിയണം’–- പ്രതിനിധി സഭാംഗം മാർക്ക് പോക്കാൻ പറഞ്ഞു. ‘ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്’എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയേയും നിരവധി അംഗങ്ങൾ വിമർശിച്ചു.
അതേസമയം, സംഘർഷത്തിന് അയവ് വരുത്താൻ ഇസ്രയേലും പലസ്തീനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആവശ്യപ്പെട്ടു. ഇസ്രയേൽ–- പലസ്തീൻ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാഖോയും ആവശ്യപ്പെട്ടു. അതിക്രമം ഉടൻ നിർത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യുഎൻസെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് എന്നിവരും ആവശ്യപ്പെട്ടു.