ആധുനിക ഇന്ത്യൻ നാടകവേദിയുടെ പ്രഥമ പ്രയോക്താവായ പത്മഭൂഷൺ ഇബ്രാഹിം അൽകാസിയുടെ വേർപാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ സർഗ ജീവിതത്തെക്കുറിച്ചും
നവനാടക ബോധത്തിന്റെ പാഠഭേദങ്ങൾ വിതയ്ക്കുകയും വിളയിക്കുകയുംചെയ്ത പ്രതിഭയാണ് ആഗസ്ത് നാലിന് അരങ്ങൊഴിഞ്ഞത്. മതനിരപേക്ഷത ജീവിതത്തിലും രചനകളിലും ഒരുപോലെ പ്രകാശിപ്പിച്ച ഉന്നതശീർഷനായ കലാകാരനാണ് ഇബ്രാഹിം അൽകാസി. ഇന്ത്യൻ നാടകവേദിയിൽ പരീക്ഷണോന്മുഖമായ ചലനങ്ങൾ സൃഷ്ടിച്ച, റാഡിക്കൽ തിയറ്ററിലൂടെ നിലവിലുണ്ടായിരുന്ന നാടകസങ്കൽപ്പങ്ങളെ ഉഴുതുമറിച്ച സംവിധായകനും അധ്യാപകനും ചിത്രകാരനുമായിരുന്നു അദ്ദേഹം. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിലെ പഠനത്തിലൂടെ സ്വായത്തമാക്കിയ നവരംഗഭാഷാ സാധ്യതകൾ ഇന്ത്യൻ രംഗാവതരണ ബോധനപ്രക്രിയയുമായി ഇരട്ടിത്തിളക്കത്തോടെ വിളക്കിച്ചേർത്തവയായിരുന്നു അൽകാസിയുടെ അരങ്ങുകൾ. പുരോഗമനമൂല്യമുള്ള കരുതിവയ്പിന്റെ പ്രബോധനങ്ങളായിരുന്നു അൽകാസി സംവിധാനകലയുടെ ഉള്ളറകളിലൂടെ ഇന്ത്യൻ നാടകവേദിക്ക് കരുതിവച്ചത്.
കുവൈത്തിൽനിന്നും സൗദി അറേബ്യയിൽനിന്നും പുണെയിലെത്തിയ മാതാപിതാക്കളുടെ എട്ട് മക്കളിൽ ഒരാൾ. വിഭജനകാലത്ത് കുടുംബാംഗങ്ങൾ പാകിസ്ഥാനിലേയ്ക്ക് പോയപ്പോൾ അൽകാസി ഇന്ത്യൻ ജീവിതം തുടർന്നു. മുംബെയിലെ ‘തിയറ്റർ ഗ്രൂപ്പ്’ എന്ന ഇംഗ്ലീഷ് നാടകസംഘത്തിലൂടെയാണ് അൽകാസിയുടെ നാടകപ്രിയം വളർന്നത്.
1962ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് ദിശാബോധം നൽകാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചുമതലപ്പെടുത്തിയത് അൽകാസിയെ. ഭാരതീയ കലാബോധങ്ങൾ പാരമ്പര്യ സ്മൃതിയുടെ വേരാഴങ്ങൾ തേടിപ്പോയ കാലത്ത് അരങ്ങിലെ ഭാവുകത്വത്തെ പുതുക്കിപ്പണിയുക എന്ന ശ്രമകരമായ ദൗത്യമാണ് ഡയറക്ടർ എന്ന നിലയിൽ അൽകാസി എൻഎസിഡിയിൽ നിർവഹിച്ചത്. നസിറുദ്ദീൻ ഷാ, സത്യദേവ് ദുബെ, ഓംപുരി, സീമാ ബിശ്വാസ്, വിജയ് മേത്ത, ബി വി കാറന്ത്, മധു, രത്തൻ തിയം, അനുപം ഖേർ, അർജുൻ റെയ്ന തുടങ്ങിയ പ്രതിഭകൾക്ക് ഗുരുനാഥനായി അൽകാസി.
ഗിരീഷ് കർണാടിന്റെ തുഗ്ലക്കിന് റെഡ്ഫോർട്ട് ദൃശ്യപശ്ചാത്തലമാക്കി ഒരുക്കിയ നാടകാവിഷ്കാരം നവദൃശ്യബോധത്തിന്റെ ജ്വലിക്കുന്ന അധ്യായമാണ്. കാളിദാസന്റെ ജീവിതം പ്രമേയമാക്കി മോഹൻ രാകേഷ് രചിച്ച ആഷാഡ് കി ഏക്ദിൻ, ധർമവീർ ഭാരതിയുടെ അന്ധായുഗ്, റസിയ സുൽത്താന എന്നിവ അൽക്കാസിയൻ ശൈലിയിലൂടെ ഇന്ത്യൻ നാടകവേദിക്ക് പ്രകാശമായി.
പ്രമേയങ്ങളുടെ അകം തൊടുന്ന അൽകാസിയൻ ശൈലി പ്രകൃതി പശ്ചാത്തലങ്ങളും കോട്ടകളും, സ്റ്റുഡിയോ ഫ്ലോറും, പ്രൊസീനിയം തിയേറ്ററുമൊക്കെ വൈവിധ്യത്തിന്റെ രംഗസ്ഥലികളായി രൂപകൽപ്പനചെയ്തു. പ്രായോഗികതയിലൂന്നിയ ധ്വനിപാഠങ്ങളുടെ ഉൾക്കാഴ്ചയും തിയറിയുടെ പിൻബലത്തിലൂന്നിയ നവരംഗാന്വേഷണങ്ങളുമാണ് സമഗ്ര നാടകവേദിയുടെ സംവിധാനകലയുടെ ഉൾക്കരുത്തെന്ന് കാലത്തോട് പറഞ്ഞുകൊണ്ടേയിരുന്നു.
ഗ്രീക്ക് ക്ലാസിക്കൽ നാടകകൃത്തായ സോഫോക്ലിസിൽ തുടങ്ങി ഷേക്സ്പിയർ, ബർണാഡ്ഷാ, സ്ട്രിൻബെർഗ്, സാമുവൽ ബെക്കറ്റ്, ആന്റൺ ചെക്കോവ് എന്നിവരുടെ രചിതപാഠങ്ങളിലേക്ക് വളർന്നു അൽകാസിയുടെ ആഭിമുഖ്യം. മുംബൈയിൽ എം എഫ് ഹുസൈനെപ്പോലുള്ള പ്രതിഭകൾ നയിച്ച പ്രോഗ്രസീവ് ആർട് ഗ്രൂപ്പുമായി ഹൃദയബന്ധം പുലർത്തി. 1977-ൽ എൻഎസ്ഡി-യിൽനിന്ന് വിരമിച്ചശേഷം ഓപ്പണിങ് ലൈൻസ് എന്ന പേരിൽ അൽകാസി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുവാനും ഈ കലാഭിമുഖ്യം വഴിതെളിച്ചു.
ഇന്ത്യ ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക് യാത്ര തുടങ്ങിയ ഇക്കാലത്ത്, മതനിരപേക്ഷതയുടെ നല്ലകാലങ്ങൾ മറന്ന് മതരാഷ്ട്രത്തിലേക്കുള്ള ബോധപൂർവമായ അജൻഡകൾ നടപ്പാക്കുന്ന പ്രജാപതികളുടെ കാലത്ത്, സമഭാവനയുടെ വക്താവായ അൽകാസിയുടെ നാടകങ്ങൾ പ്രതിരോധത്തിന്റെ തീക്കരുത്തുമായി പുനർജനിച്ചുകൊണ്ടേയിരിക്കും. മതനിരപേക്ഷ മൂല്യങ്ങളും പുരോഗമന ചിന്തകളും പരീക്ഷണോത്സുകതയും ഇന്നലെകളിൽ വിതച്ച്, നാളെകളിലേക്കുള്ള വിത്താക്കി വച്ചാണ് ഇബ്രാഹിം അൽക്കാസി വിടപറഞ്ഞത്.