രണ്ട് തവണ ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന് അവരുടെ ഗതകാല പ്രൗഡി ഒരിക്കലും വീണ്ടെടുക്കാനാവില്ലെന്ന് കരുതുന്നതായി ഇതിഹാസ താരം കർട്ട്‌ലി ആംബ്രോസ്. നിലവിലെ യുവ കരീബിയൻ ക്രിക്കറ്റ് താരങ്ങളിൽ വലിയൊരു വിഭാഗത്തിനും വെസ്റ്റ് ഇൻഡീസിനെ സംബന്ധിച്ച് ക്രിക്കറ്റ് എന്താണ് അർത്ഥമാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി.
1975 ലും 1979 ലും നടന്ന ആദ്യരണ്ട് ഏകദിന ലോകകപ്പിലും കപ്പുയർത്തിയത് വെസ്റ്റ് ഇൻഡീസ് ആയിരുന്നു. ആദ്യ രണ്ട് ലോകകപ്പ് കിരീടങ്ങൾ ഉയർത്തിയിരുന്നു. പിന്നീട് 33 വർഷമെടുത്തു 2012ലെ ടി20 ലോകകപ്പിലൂടെ വിൻഡീസ് മറ്റൊരു ലോക കിരീടം നേടാൻ. നാല് വർഷത്തിന് ശേഷം സമാന വിജയം ആവർത്തിക്കാനും വിൻഡീസിന് കഴിഞ്ഞു.
“വെസ്റ്റ് ഇൻഡീസിലും വിദേശത്തുമുള്ള വെസ്റ്റ് ഇൻഡീസുകാരെ സംബന്ധിച്ച് ക്രിക്കറ്റ് എന്താണ് അർത്ഥമാക്കുന്നത് എന്ന് നമുക്ക് ഇപ്പോഴുള്ള യുവതാരങ്ങളിൽ മിക്കവരും മനസിലാക്കിയിട്ടുണ്ടാവില്ല. കരീബിയൻ ജനതയെ ശരിക്കും ആകർഷിക്കുന്ന ഒരേയൊരു കായിക വിനോദമാണ് ക്രിക്കറ്റ്,” ആംബ്രോസ് ടോക്ക് സ്പോർട്സ് ലൈവിനോട് പറഞ്ഞു.
“ഇങ്ങനെ പറയുന്നത് നമ്മുടെ ഇപ്പോഴത്തെ കളിക്കാരോടെ അവമതിച്ചുകൊണ്ടല്ല. അവരിൽ കുറേയൊക്കെ നിലവാരമുള്ളവരും മികച്ചവരാകാൻ കഴിയുന്നവരുമായ കുറച്ച് പേരുണ്ട്. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് ആ മഹത്തായ, അസാമാന്യ പ്രൗഡിയുള്ള ദിനങ്ങൾ വീണ്ടും വരുമെന്ന് തോന്നുന്നില്ല എന്നതാണ്.”
1988 നും 2000 നും ഇടയിൽ 98 ടെസ്റ്റുകളിൽ നിന്ന് 405 വിക്കറ്റ് നേടിയ താരമാണ് 57 കാരനായ ആംബ്രോസ്. ഇപ്പോൾ വെസ്റ്റ്ഇൻഡീസ് മേഖലയിൽ നിന്ന് കഴിവുള്ള ക്രിക്കറ്റ് കളിക്കാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
“വിവ് റിച്ചാർഡ്സ് അല്ലെങ്കിൽ ഒരു ഡെമോണ്ട് ഹെയ്ൻസ്, ഗോർഡൻ ഗ്രീനിഡ്ജ്, ബ്രയാൻ ലാറ, റിച്ചി റിച്ചാർഡ്സൺ, മാൽക്കം മാർഷൽ, കർട്ട്‌ലി ആംബ്രോസ്, കോർട്ട്നി വാൽഷ്, മൈക്കൽ ഹോൾഡിംഗ്, ആൻഡി റോബർട്ട്സ്, ക്ലൈവ് ലോയ്ഡ് എന്നിങ്ങനെ പട്ടിക തുടരാം. അവരെപ്പോലെ ആരെയെങ്കിലും ഇന്ന് കണ്ടെത്തുക എന്നത് പ്രയാസമരാണ്,” ആംബ്രോസ് പറഞ്ഞു.
“ആ നിലവാരമുള്ള കളിക്കാരെ വീണ്ടും കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്,” അദ്ദേഹം പറഞ്ഞു.
Read More: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശന നിര്‍ദേശങ്ങള്‍
വെസ്റ്റ് ഇൻഡീസ് ടീമിന് അവരുടെ ഐസിസി റാങ്കിംഗ് മെച്ചപ്പെടുത്താൻ കഴിയുമെന്നും അംബ്രോസ് പറഞ്ഞു. എന്നാൽ 80 കളിലും 90 കളിലും ചെയ്ത രീതിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഞങ്ങൾ ഈ രംഗത്തെ ഏറ്റവും മികച്ച ടീമായിരുന്നപ്പോൾ, ലോകമെമ്പാടുമുള്ള വെസ്റ്റ് ഇൻഡീസുകാർക്ക് ഞങ്ങൾ കാരണം അഭിമാനിക്കാൻ കഴിഞ്ഞു. കാരണം ഞങ്ങൾ മികച്ചവരായിരുന്നു. ആ മഹത്തായ ദിനങ്ങൾ വീണ്ടും കാണുന്നത് ബുദ്ധിമുട്ടാണ്,” അദ്ദേഹം പറഞ്ഞു.
“അതെ, നമുക്ക് മത്സരിക്കാനും ഐസിസി റാങ്കിംഗിൽ മുന്നോട്ട് കയറാനും വീണ്ടും ഒരു ശക്തിയാകാനും കഴിയും. എന്നാൽ ആ മഹത്വകരമായ ദിവസങ്ങൾ വീണ്ടും കാണുമെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു.
The post വെസ്റ്റ് ഇൻഡീസിന് വീണ്ടും ആ മഹത്തായ നാളുകളിലേക്ക് തിരിച്ചെത്താനാവില്ല: കർട്ട്‌ലി ആംബ്രോസ് appeared first on Indian Express Malayalam.