16 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇതുമൂലം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നീണ്ട കാലം നില നിൽക്കുന്ന കൊവിഡ് അനുബന്ധ പ്രശ്നങ്ങൾ ഉണ്ടാകാമെന്നാണ് പുറത്തുവന്ന പഠനങ്ങൾ ഇപ്പോൾ സ്ഥിരീകരിക്കുന്നത്.
കൊവിഡ് മാറിയ ശേഷവും വളരെക്കാലം നീണ്ടുനിൽക്കുന്ന, ആരോഗ്യം അപകടത്തിലാക്കുന്ന രോഗ ലക്ഷണങ്ങളാണ് ലോംഗ് കോവിഡ്, അല്ലെങ്കിൽ പോസ്റ്റ്-കോവിഡ് സിൻഡ്രോം. പലർക്കും രോഗം മാറിയതിനു ശേഷവും രോഗലക്ഷണങ്ങളും പാർശ്വഫലങ്ങളും ഉണ്ടാകുന്നത് തുടരുന്നുണ്ട്. ഇപ്പോൾ, യുകെയിൽ നിന്നുള്ള പഠനങ്ങൾ തെളിയിക്കുന്നത്, നേരിയ തോതിലുള്ള അണുബാധകൾ നേരിടുന്ന കുട്ടികൾക്ക് പോലും പോസ്റ്റ് കോവിഡ് സിൻഡ്രോം ഉണ്ടാകാം എന്നാണ്.
യുകെയിൽ സർവേയിൽ പങ്കെടുത്ത കുട്ടികളിൽ 13%, 2-11 വയസ് പ്രായമുള്ള കുട്ടികളിൽ 14.5%, 12-16 വയസ് പ്രായമുള്ള കുട്ടികളിൽ 14.5%, 17% ചെറുപ്പക്കാർ എന്നിങ്ങനെ കോവിഡ് നെഗറ്റീവ് ആയ ശേഷവും 5 ആഴ്ച വരെ കോവിഡ് അനുബന്ധ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. കുട്ടികൾക്ക് ഉണ്ടാകുന്ന ഇത്തരം ചില ലക്ഷണങ്ങൾ പിന്നീടുള്ള അവരുടെ ദൈനംദിന ജീവിതത്തെയും ദീർഘകാല ആരോഗ്യത്തെയും ബാധിക്കുമെന്ന് വിദഗ്ദ്ധർ ഭയപ്പെടുന്നുണ്ട്.
കൊവിഡ് മാറിയ ശേഷം കുട്ടികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ
കുട്ടികൾക്കിടയിൽ അപൂർവമെന്ന് മുമ്പ് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ അത്രത്തോളം സാധാരണമായിത്തീരുന്നു എന്ന് വേണം മനസിലാക്കാൻ. കുട്ടികളിൽ പ്രശ്‌നങ്ങൾ പലപ്പോഴും നിർണ്ണയിക്കപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോകുന്നു. ൽ നിന്ന് സുഖം പ്രാപിച്ച കുട്ടികൾക്കിടയിൽ ഏറ്റവും സാധാരണമായ കാണുന്ന ലക്ഷണങ്ങൾ ഇവയാണ്:
1. ക്ഷീണം:
മുതിർന്നവർ നേരിടുന്ന കൊവിഡിന്റെ ഏറ്റവും വലിയ അനന്തരഫലമാണ് ക്ഷീണം. കുട്ടികളിലും അത് അങ്ങനെ തന്നെ ആണെന്നാണ് പഠനം പറയുന്നത്. കുട്ടികൾക്ക് ക്ഷീണത്തിന് പുറമെ സന്ധികൾ, തുടകൾ, തല, കൈകൾ, കാലുകൾ എന്നിവക്ക് കനത്ത വേദന ഉണ്ടാകുമെന്നും അണുബാധ വളരെക്കാലം നില നിൽക്കുമെന്നും ഗവേഷകർ പുതിയ പഠനങ്ങളിൽ പറയുന്നു. ചില സന്ദർഭങ്ങളിൽ, ക്ഷീണം 5 മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കും.
2. ഉറക്കത്തിലെ അസ്വസ്ഥതകൾ:
ഉറക്കത്തിലുള്ള ആസ്വസ്ഥതകൾ 2 മുതൽ 16 വയസ്സിനിടയിലുള്ള കുട്ടികളിൽ പല പ്രശനങ്ങളും ഉണ്ടാക്കും. വളർച്ച കുറവും, ബുദ്ധിയുടെ ശരിയായ രീതിയിലല്ലാത്ത വികാസവുമെല്ലാം ഇതുമൂലം ഉണ്ടാകാം. കുട്ടികൾ കോവിഡ് മൂലം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഉറക്കമില്ലായ്മ. കൊവിഡ് 19 ഉള്ള 7% കുട്ടികൾക്ക് പല തരത്തിലുള്ള ഉറക്ക സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട്. അണുബാധയുമായി ബന്ധപ്പെട്ട ഉത്കണ്ഠയും സമ്മർദ്ദവും, ഒറ്റപ്പെടലും നീണ്ടുനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കോവിഡ് ബാധിച്ച അഞ്ചിലൊന്ന് കുട്ടികളിൽ ഉറക്കമില്ലായ്മ കണ്ടുവരുന്നുണ്ട്. മുതിർന്നവരിലും ഇതൊരു പ്രധാന ലക്ഷണമാണ്.
3. ഇന്ദ്രിയങ്ങളിലെ വൈകല്യം:
കുട്ടികളിലെ പോസ്റ്റ്-കൊവിഡ് ലക്ഷണങ്ങളെക്കുറിച്ച് ലണ്ടൻ ആസ്ഥാനമായി നടന്ന ഒരു പഠനം അനുസരിച്ച്, ചെറിയ കുട്ടികൾക്ക് കോവിഡ് മൂലം ഇന്ദ്രിയ വൈകല്യം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ചെവി വേദന, രുചി ഇല്ലായ്മ, മോശം അല്ലെങ്കിൽ മങ്ങിയ കാഴ്ച, സ്പർശന ശേഷി നഷ്ടപ്പെടൽ, മണം ഇല്ലാത്ത അവസ്ഥ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
4. മൂഡ് സ്വിംഗ്സ് :
പോസ്റ്റ് കൊവിഡ് സിൻഡ്രോം അനുഭവിക്കുന്ന കുട്ടികൾക്ക് മൂഡ് സ്വിങ് സാധ്യതകൾ ഉണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇവർ പതിവിലും കൂടുതൽ പ്രകോപിതരാകാൻ സാധ്യതയുണ്ട്. അവരുടെ മാനസികാവസ്ഥയിൽ മാറ്റം സംഭവിക്കുന്നു. ഏകദേശം 10% കുട്ടികൾ മെമ്മറി പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് കഴിയില്ല. ഇത് ജീവിത നിലവാരത്തെ മോശമായി സ്വാധീനിക്കുകയും ചെയ്യും.
5. ദഹനനാളത്തിെൻറ പ്രശ്നങ്ങൾ:
കുട്ടികളിൽ അണുബാധയുടെ ലക്ഷണ ഘട്ടത്തിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമാണ് ദഹനനാളത്തിലെ അസുഖങ്ങൾ. കുടലിലെ പ്രശ്നങ്ങൾ കാരണം വയറുവേദന, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും കോവിഡ് അണുബാധയുടെ അനന്തരഫലങ്ങളായി ഉണ്ടാകുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.
6. തലവേദനയും തലകറക്കവും:
തലകറക്കവും മറ്റ് ചില ന്യൂറോളജിക്കൽ പ്രശ്നങ്ങളും ചെറിയ കുട്ടികൾക്ക് കൊവിഡ് ആക്രമണത്തിന് ശേഷം ഉണ്ടാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കടുത്ത തലവേദന, തലകറക്കം, ക്ഷീണം എന്നിവ ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങളാണ്.