അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി: എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, അമിതമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ഒരു പാർശ്വഫലത്തിനും കാരണമാകില്ലെങ്കിലും, പതിവായി ഇത് ചെയ്താൽ, നിങ്ങളുടെ ഭാരം, കൊഴുപ്പ് സാന്ദ്രത, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ ബാധിക്കും. മാത്രമല്ല, അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ പ്രധാന അപകടസാധ്യത ഉയർന്ന കലോറി ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ അപകടസാധ്യതയും വർദ്ധിപ്പിക്കും.
അതിനാൽ, അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, നിങ്ങൾ ശ്രദ്ധിക്കേണ്ട ആറ് ദോഷകരമായ ഫലങ്ങൾ അറിഞ്ഞിരിക്കണം.
1. അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നു
നിങ്ങൾ പതിവായി അമിതമായി ഭക്ഷണം കഴിക്കുകയാണെങ്കിൽ, കാലക്രമേണ, ഇത് നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കും, ഇത് ഭക്ഷണം നിങ്ങളുടെ വയറ്റിൽ കൂടുതൽ നേരം സൂക്ഷിക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2012 ലെ ഒരു പഠനമനുസരിച്ച്, ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ പോഷകങ്ങൾ ലഭിക്കുകയും ചെയ്യുന്നത് അനാവശ്യ ശരീരഭാരം, അമിതവണ്ണം എന്നിവയിലേക്ക് നയിക്കുന്നു.
2. ഇത് പ്രമേഹത്തിലേക്ക് നയിച്ചേക്കാം
അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ അമിതഭാരമുണ്ടാകുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യതയ്ക്ക് പിന്നിലെ ഏറ്റവും വലിയ ഘടകമാണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ അഭിപ്രായപ്പെടുന്നു. കാരണം, നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുമ്പോൾ, അത് രക്തകോശങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് തടയുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രയാസമാക്കുകയും അതുവഴി പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
3. നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്നു
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരാൾക്ക് അലസത അനുഭവപ്പെടുത്തുകയും ഉറക്ക രീതിയെ ബാധിക്കുകയും ചെയ്യുന്നു. കാരണം അമിതമായി ഭക്ഷണം കഴിക്കുന്നതിനെ മറികടക്കുവാൻ ഒരാൾ ഉണർന്നിരിക്കുകയും, അത് ഭക്ഷണം കഴിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
4. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാം
അമിതമായി ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള സാധ്യത വർദ്ധിക്കാൻ കാരണമായേക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത് സ്ട്രെസ് ഹോർമോണായ ‘നോർപിനെഫ്രിൻ’ പുറത്തുവിടുകയും അത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുകയും ചെയ്യും. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പഠനമനുസരിച്ച്, ഇതിനകം തന്നെ ഹൃദ്രോഗമുള്ള ആളുകൾക്ക്, ഈ കാരണം കൊണ്ട് ഹൃദയാഘാത സാധ്യത നാല് മടങ്ങ് ഉയർന്നു എന്നാണ്.
5. ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു
അമിതമായി ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കും. അസിഡിറ്റി അഥവാ ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, വയറിളക്കം, അമിതമായ വയർ വീക്കം, വായുകോപം എന്നിവ പോലുള്ള ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവപ്പെടാം. വിശപ്പ് ഉത്തേജിപ്പിക്കുന്ന ഗ്രെലിൻ, വിശപ്പ് നിയന്ത്രിക്കുന്ന ലെപ്റ്റിൻ എന്നിവ പോലുള്ള വിശപ്പ് ഹോർമോണുകളെ ശല്യപ്പെടുത്തുന്നതിലൂടെ ഇത് നിങ്ങളുടെ വിശപ്പ് നിയന്ത്രണത്തെയും ബാധിക്കും.
6. തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം
അമിതമായി ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും, കാരണം ഉയർന്ന അളവിൽ കലോറി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ഓർമ്മശക്തി നഷ്ടപ്പെടുന്നതിനും മാനസിക ആരോഗ്യം കുറയുന്നതിനും കാരണമാകുന്നു. വാസ്തവത്തിൽ, ഒരു പോഷകാഹാര, പ്രമേഹ പഠനത്തിൽ, അമിതമായി ഭക്ഷണം കഴിക്കുന്നത് തലച്ചോറിലേക്ക് പൂർണ്ണതയുടെയും സംതൃപ്തിയുടെയും സിഗ്നലുകൾ കൈമാറാൻ സഹായിക്കുന്ന യുറോഗുവാനൈലിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനുള്ള പൊടികൈകൾ
* നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ശരിയായ ശ്രദ്ധ നൽകുക. തങ്ങൾ എന്താണ് കഴിക്കുന്നതെന്ന് പരിശോധിക്കാത്തതിനാലാണ് പലരും അമിതമായി ഭക്ഷണം കഴിക്കുന്നത്.
* എളുപ്പത്തിൽ ദഹിക്കാൻ സാവധാനം ഭക്ഷണം കഴിക്കുക.
* കൂടുതൽ സമയത്തേക്ക് ആളുകളെ വിശപ്പ് അനുഭവപ്പെടാതെ വയർ പൂർണ്ണമായി അനുഭവപ്പെടുത്തുവാൻ സഹായിക്കുന്നതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
* പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക, ഇത് വിശപ്പ് നിയന്ത്രിക്കുന്ന ഗ്രെലിൻ എന്ന ഹോർമോൺ അളവ് കുറയ്ക്കുന്നു.
അതിനാൽ, നിങ്ങൾ എന്താണ് കഴിക്കുന്നതെന്നും നിങ്ങൾക്ക് വിശപ്പ് മാറുവാൻ എത്രമാത്രം ഭക്ഷണം മതിയെന്നതിനെ കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുക. അതിലൂടെ നിങ്ങൾക്ക് പൂർണ്ണ ആരോഗ്യവും ഊർജ്ജവും അനുഭവപ്പെടുമെന്നത് തീർച്ച!