നാം മാലാഖമാര്‍ എന്ന പേരില്‍ വിശേപ്പിയ്ക്കുമ്പോഴും ഇവരും മനുഷ്യരാണെന്ന കാര്യം പലരും ഓര്‍ക്കാറില്ല. രോഗങ്ങളും ദുരിതങ്ങളും കണ്‍മുന്നില്‍ കണ്ടാണ് ഇവരുടെ പ്രവര്‍ത്തന മേഖല. എത്ര വലിയ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതെല്ലാം മറന്ന് രോഗികള്‍ക്ക് സാന്ത്വനവും സമാധാനവും പ്രതീക്ഷയും നല്‍കാന്‍ വിധിയ്ക്കപ്പെട്ടവരാണിവര്‍. രാവും പകലുമില്ലാതെ, ഇപ്പോഴത്തെ കൊവിഡ് കാലത്ത് ചിലപ്പോള്‍ കുടുംബാംഗങ്ങളുമായി ഏറെക്കാലം ഫോണില്‍ മാത്രം ബന്ധപ്പെട്ടു ജീവിയ്‌ക്കേണ്ടി വരുന്ന നഴ്‌സുമാരും ഏറെയാണ്. കൊവിഡ് കാലത്ത് രോഗികളെ കയ്‌മെയ് മറന്ന് സംരക്ഷിയ്‌ക്കേണ്ടി വരുന്ന ഇവരുടെ ജീവനും ഭീഷണികള്‍ ഏറെയാണ്. പ്രത്യേകിച്ചും സമ്മര്‍ദമുള്ള അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം മാസ്‌കും പിപിഇ കിറ്റും ധരിച്ചു ജോലി ചെയ്യേണ്ടി വരുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ നിസാരമല്ല.
ഇവരുടെ മുഖത്തെ ചിരിയൊന്നു മങ്ങിയാല്‍, സ്വരത്തില്‍ അല്‍പമൊരു കാഠിന്യം കടന്നു കൂടിയാല്‍ ഇവരെ ദുര്‍മുഖത്തോടെ കാണുന്നവരാണ് പലരും. ഇവരുടെ ഇത്തരം അവസ്ഥകള്‍ തിരിച്ചറിയാന്‍ മനസു കാണിയ്ക്കാത്തതിന്റെ പ്രശ്‌നമാണിത്. പലരും കുറഞ്ഞ വേതനത്തിലും പരിമിതികളുടെ അന്തരീക്ഷത്തിലും വീര്‍പ്പു മുട്ടുന്നവരാണ്. പുറം നാടുകളില്‍ കാവല്‍ മാലാഖയുടെ ജോലിയ്ക്ക് പൊതുവേ പ്രധാന്യമേറും. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇവര്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിയ്‌ക്കേണ്ടി വരുന്നുവെന്നതാണ് വാസ്തവം. മലയാളി നഴ്‌സുമാര്‍ കൂടുതല്‍ പുറംനാടുകളില്‍ പോകുന്നതിന്റെ കാരണവും ഇതാണ്. ഇവര്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിയ്ക്കുന്നുവെന്നതാണ് കാരണം.
മാലാഖമാരേയും മനുഷ്യനായി കാണാനുള്ള, അവര്‍ക്കും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടെന്ന് തിരിച്ചറിയാനുളള ഒരു മനസ് നമ്മളോരോരുത്തരും കാണിയ്ക്കണം. അവരുടെ ജോലിയുടെ ബുദ്ധിമുട്ടുകളും അവരുടെ പ്രധാന്യവും തിരിച്ചറിയണം. കൊവിഡ് കാലത്ത് കയ്‌മെയ് മറന്നു പ്രവര്‍ത്തിയ്ക്കുന്ന ഇവരുടെ സേവനത്തെ മനസു കൊണ്ട് കുമ്പിടുക. ആദരം നല്‍കുക.