ചീത്ത കൊളസ്‌ട്രോൾ രക്തക്കുഴലുകളിൽ ഫലകങ്ങൾ സൃഷ്ടിച്ചുകൊണ്ട് സ്വഭാവിക രക്തചക്രമണത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ ഈ കൊളസ്‌ട്രോളിന്റെ വർദ്ധനവ് നിയന്ത്രിക്കേണ്ടതുണ്ട്.
അല്പമൊന്ന് ശ്രദ്ധിച്ചാൽ കൊളസ്‌ട്രോൾ നമുക്ക് വീട്ടിലിരുന്ന് പരിഹരിക്കാം. അതെ, അതിനുള്ള ചേരുവകൾ നിങ്ങളുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. അതിനായി, നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കുന്നത് പ്രധാനമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും അത് നിയന്ത്രിക്കാൻ കൃത്യമായി എന്താണ് കഴിക്കേണ്ടതെന്നും മനസിലാക്കുക എന്നതാണ്.
ഭക്ഷണം നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവിനെ എങ്ങനെ ബാധിക്കും?
ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന കൊഴുപ്പ് പോലുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) മോശം കൊളസ്ട്രോൾ എന്നും എച്ച്ഡിഎൽ (ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) നല്ല കൊളസ്ട്രോൾ എന്നും അറിയപ്പെടുന്നു. ഒരാളുടെ രക്തക്കുഴലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്ന അവസ്ഥയ്ക്ക് ഇടയാക്കുന്ന മോശം കൊളസ്ട്രോൾ ആണ് എൽഡിഎൽ. ഇത് ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. എച്ച്ഡിഎൽ നല്ല കൊളസ്ട്രോൾ ആയി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഒരാളുടെ ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.
നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവിനെ വലിയ തോതിൽ ബാധിക്കുമെന്ന കാര്യം അറിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ഞെട്ടും. കൊഴുപ്പ് കൂടിയ മാംസം, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോൾ നില വർദ്ധിപ്പിക്കും. അതിനാൽ, പച്ചക്കറികൾ, പഴങ്ങൾ, ബീൻസ്, ഓട്സ് തുടങ്ങിയ ഭക്ഷണങ്ങളിലൂടെ ധാരാളം നാരുകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന്റെ ആവശ്യകതയാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുക, ശരീര ഭാരം ശരിയായി നിലനിർത്തുക, പുകവലി ഉപേക്ഷിക്കുക, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. മധുരപലഹാരങ്ങൾ, സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
കൊളസ്ട്രോളിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ പരിചയപ്പെടാം.
1. ഓട്സ്: രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരുതരം ലയിക്കുന്ന ഫൈബർ അവയിൽ അടങ്ങിയിട്ടുണ്ട്.
2. ബീൻസ്: ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.
3. വെണ്ടയ്ക്ക: ഇതിൽ കലോറി കുറവാണ്, ഉയർന്ന അളവിൽ ലയിക്കുന്ന നാരുകൾ ഉണ്ട്, ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
4. നട്ട്സ്: ബദാം, വാൾനട്ട്, കപ്പലണ്ടി എന്നിവ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് നല്ലതാണ്, പക്ഷേ ഒരു വിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം ഒരു നിശ്ചിത അളവിൽ കഴിക്കുമ്പോൾ മാത്രമാണ് ഇത് ഗുണം ചെയ്യുക എന്ന കാര്യം പ്രത്യേകം ഓർക്കുക. നിങ്ങളുടെ എൽഡിഎൽ നിലയും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ പോലും അവ സഹായിക്കും.
5. പയർവർഗ്ഗങ്ങൾ: വെള്ളക്കടല പോലുള്ള ഇനങ്ങൾ സസ്യ അധിഷ്ഠിത പ്രോട്ടീനുകളും ലയിക്കുന്ന നാരുകളും കൊണ്ട് സമ്പന്നമാണ്. നിങ്ങളുടെ കൊളസ്ട്രോൾ നില കുറയ്ക്കാൻ അവ സഹായിക്കുന്നു.
6. പഴങ്ങൾ: ആപ്പിൾ, സ്ട്രോബെറി, മുന്തിരി എന്നിവയിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാൻ സഹായിക്കുന്ന ഒരുതരം ലയിക്കുന്ന നാരുകളാണ്.
7. സോയാബീൻസ്: ടോഫു അല്ലെങ്കിൽ സോയാ പാലിൽ പ്രോട്ടീനും ഫൈബറും കൂടുതലാണ്, ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
8. കൊഴുപ്പുള്ള മത്സ്യം: ചെമ്പല്ലി, മത്തി, അയല തുടങ്ങിയ ഇനങ്ങൾ മാംസത്തിന് പകരമായി കഴിക്കാം. എൽഡിഎൽ നിയന്ത്രിക്കുന്ന പൂരിത കൊഴുപ്പുകൾ അവയിൽ അടങ്ങിയിരിക്കുന്നതിനാലാണിത്. കൊഴുപ്പ് നിറഞ്ഞ മത്സ്യത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്.