“നിന്റെയേകാന്തതയ്ക്കുള്ളി- ലാകാശങ്ങൾ, കൊമ്പുകൾ വീശും മരങ്ങൾ, നീല സമുദ്രങ്ങൾ, നീ വിട്ട കൂട്ടുകാർ ഏതേതഗാധം അഗാധം?” വി.എം.ഗിരിജ എഴുതിയ കവിത
എന്റെയേകാന്തത പൊങ്ങിയും താണും
പറന്നും പരന്നൊഴുകുന്നൂ,
ഇല്ല മറ്റൊന്നും ഇരുണ്ട നട്ടുച്ചകളി-
ലെന്നുടൽ താണുപോകുന്നൂ.
അമ്മക്ക് തൊണ്ണൂറ്റിമൂന്ന് കഴിഞ്ഞുവോ?
ഇന്നടുത്തില്ലൊച്ച പോലും,
കുഞ്ഞുനാളിൽച്ചന്തമുള്ള പാവാടയി –
ട്ടങ്ങനെ നടക്കുന്നു പാവം,
അച്ഛന്റെ കയ്യിൽപ്പിടിച്ച്, നമ്പീശന്റെ-
സ്വച്ഛ സ്വരം ഒഴുകുന്നൂ!
ഒറ്റയ്ക്ക് കാറുമോടിച്ച് മൂവിയ്ക്ക് പോ-
യെത്തവേ പാതിരാച്ചന്ദ്രൻ
ഒപ്പമുണ്ടമ്മേ, യേകാകിയല്ലെന്നവൾ
പൊട്ടിച്ചിരിക്കുന്നു ഫോണിൽ.
എന്റെ കൈനീട്ടിയാൽ പേനയും പുസ്തകവു-
മമ്മയ്ക്കു വീടും പണിയും;
നിന്റെയേകാന്തതയ്ക്കുള്ളി-
ലാകാശങ്ങൾ, കൊമ്പുകൾ വീശും മരങ്ങൾ,
നീല സമുദ്രങ്ങൾ, നീ വിട്ട കൂട്ടുകാർ
ഏതേതഗാധം അഗാധം?