ഈ കലാസൃഷ്ടി തീർത്തും സാങ്കല്പികവും ഇതിന്റെ സ്രഷ്ടാവിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞതുമാണ്. ഇതൊരു വിനോദോപാധിയായി മാത്രം ഉദ്ദേശിച്ചിട്ടുള്ള സൃഷ്ടിയാണ്. ഇതിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, ജനസമൂഹങ്ങൾ, സമുദായങ്ങൾ എന്നിവയെല്ലാം പൂർണമായും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ യഥാർത്ഥ വ്യക്തികളുമായോ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, ചിഹ്നങ്ങൾ, ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുക്കളുമായോ ഏതെങ്കിലും തരത്തിലുള്ള സാമ്യം തോന്നിയാൽ അത് തീർത്തും മനപൂർവ്വമല്ലാത്തതും യാദൃശ്ചികവുമാണ്.
അക്കാലത്തെ എല്ലാ ചലച്ചിത്രപ്രദർശനങ്ങളും ആരംഭിച്ചിരുന്നത് മേല്പറഞ്ഞ രീതിയിലുള്ള ഒരു സത്യപ്രസ്താവനയോടെയായിരുന്നു. യഥാർത്ഥ സംഭവങ്ങളാൽ ബന്ധപ്പെട്ട അപൂർവ്വം ചലച്ചിത്രങ്ങളിലാവട്ടെ അതിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ചിത്രം ആരംഭിക്കുന്നതും പതിവായിരുന്നു. എന്നാൽ യൂട്യൂബിൽ പെരുമാൾ അന്വേഷിച്ചു പോയ ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന ചലച്ചിത്രം തുടങ്ങുന്നത് ‘ഈ ചിത്രത്തിൻറെ സൗണ്ട് ട്രാക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു; സൗണ്ട് ട്രാക്ക് കൈവശമുള്ളവർ ബന്ധപ്പെടുക’ എന്ന അറിയിപ്പോടെയാണ്.
സിനിമയ്ക്ക് ആധാരമായ നോവൽ അടുത്തിടെയാണ് പെരുമാൾ വായിച്ചത്. അരനൂറ്റാണ്ട് മുമ്പെങ്കിലും എഴുതപ്പെട്ട ആ നോവലിന് മലയാളി സ്ത്രീയുടെ പ്രണയകമാനകളെ അത്രമാത്രം ധൈര്യത്തോടെ സമീപിക്കാൻ അക്കാലത്ത് കഴിഞ്ഞത് പെരുമാളിനെ അത്ഭുതപ്പെടുത്തിയ സംഗതിയായിരുന്നു. അതുകൊണ്ടായിരുന്നു അതിൻറെ ചലച്ചിത്ര രൂപം കാണണമെന്ന് അയാൾക്ക് താൽപ്പര്യം തോന്നിയത്. അത് നിരാശയിൽ കലാശിക്കുകയും ചെയ്തു.
സിനിമ സംസാരിക്കാൻ തുടങ്ങുന്ന കാലഘട്ടത്തിനു മുൻപ് ഇറങ്ങിയ സിനിമ പോലെ. എല്ലാവരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഒന്നും കേൾക്കാൻ കഴിയുന്നില്ല. അങ്ങനെയൊരു സിനിമ സ്ക്രീനിൽ കാണാനിടവന്നതോർത്തപ്പോൾ പെരുമാളിന് എന്തെന്നില്ലാത്ത നിരാശ തോന്നി.
ആദ്യകാല നിശബ്ദ സിനിമകളിൽ രൂപങ്ങൾ തിരശ്ശീലയിൽ നിറഞ്ഞാടുമ്പോൾ തൊട്ടടുത്ത് നിന്ന് ഒരാൾ കഥ ഉച്ചത്തിൽ വിളിച്ചു പറയുമായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കും അങ്ങനെയൊരു ആവിഷ്കാരം വേണ്ടി വരുമെന്നും ഓർത്തു.
പിന്നീടുള്ള ജീവിതത്തിന്റെ ഒഴുക്കിൽ അതിനെക്കുറിച്ചുള്ള ചിന്തയുടെ ശക്തി കുറഞ്ഞതായിരുന്നു. അങ്ങനെയിരിക്കയാണ് ചെങ്ങന്നൂരിനടുത്ത് ചെങ്ങന്നൂർ പെരുമ എന്ന സിനിമാപ്രേമികളുടെ നേതൃത്വത്തിൽ ഗൃഹാതുരത്വസ്മരണകൾ ഉണർത്തി പഴയ മാതിരിയുള്ള സന്തോഷ് ടാക്കീസ് എന്ന സിനിമാക്കൊട്ടക നിർമ്മിച്ച് ചലച്ചിത്രപ്രദർശനം നടത്തുന്നത് പെരുമാൾ വായിച്ചത്. പ്രൊജക്ടർ റൂമും ടിക്കറ്റ് നൽകാനുള്ള കൗണ്ടറും പാട്ടുപുസ്തകം വിൽക്കുന്ന കടയും മറ്റുമായി എഴുപതുകളുടെ ഒരു സിനിമാ കാലഘട്ടത്തിന്റെ വീണ്ടെടുപ്പായിരുന്നു അത്.
“അങ്ങനെയെങ്കിൽ അവർക്ക് സൗണ്ട് ട്രാക്ക് നഷ്ടപ്പെട്ട വാടകയ്ക്ക് ഒരു ഹൃദയം പ്രദർശിപ്പിക്കാമായിരുന്നു.” പെരുമാൾ ഇതളിനോട് പറഞ്ഞു. “കഥ പറഞ്ഞുകൊടുക്കാൻ ഒരാളെയും നിർത്താം. അപ്പോൾ കാലത്തെ കുറച്ചുകൂടി പിന്നോട്ട് ഓടിക്കാം.”
ഇതളും പെരുമാളും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരാണ്. ഒരു സിനിമയുടെ വർക്കിനിടെ പരസ്പരം പരിചയപ്പെടലിൽ “ഞാൻ ഇതൾ;” “ഞാൻ പെരുമാൾ”എന്നിങ്ങനെ ‘ൾ’ എന്ന അക്ഷരത്തിൽ നാവുകൾ ആശ്ളേഷബദ്ധരായപ്പോൾ പ്രണയത്തിലേക്ക് വഴുതിവീണ അവർ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.
അക്കാലം ഒരു വെബ് സീരീസിന്റെ വർക്ക് തീർന്ന ഒഴിവുസമയത്തിലായിരുന്നു പെരുമാൾ. അടുത്ത ഒരു പ്രോജക്റ്റിലേക്ക് പോകുന്നതിനു മുൻപ് വിചാരിച്ചിരിക്കാതെ ഒരു ഗ്യാപ്പ് .
“സൗണ്ട് ട്രാക്ക് തേടി ഒരു യാത്ര പോയാലോ എന്നാണ്…”
പെരുമാൾ പറഞ്ഞത്: സൗണ്ട് ട്രാക്ക് ലഭിക്കുകയാണെങ്കിൽ അത് കൂട്ടി ചേർത്ത് റീമസ്റ്ററിംഗ് ചെയ്ത് ഒരു പ്രിൻറ് ഇറക്കാം. ഡിജിറ്റൽ ക്വാളിറ്റിയോടെ റീ റിലീസിംഗ് ചെയ്യാം. അതാണ് മനസ്സിലുള്ള പദ്ധതി.
പക്ഷേ എന്താണ് ഇക്കാലഘട്ടത്തിൽ ആ ചലച്ചിത്രത്തിനുള്ള പ്രസക്തി എന്ന് ഇതളിന് മനസ്സിലായില്ല.
“ഇതളിന് അറിയാഞ്ഞിട്ടാണ്. ആ സിനിമയിലെ നായിക കേശവൻകുട്ടിയിൽ അനുരക്തയായിരുന്നെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ അവൾക്ക് പരമേശ്വരൻ പിള്ളയെ വിവാഹം കഴിക്കേണ്ടി വന്നു. പരമേശ്വരൻപിള്ളയുടെ ലൈംഗിക ബലഹീനത അസംതൃപ്തയാക്കിയപ്പോൾ അവൾ തന്റെ കാമുകനായ കേശവൻകുട്ടിയിലേക്ക് വീണ്ടും തിരിച്ചു പോവുകയും കേശവൻകുട്ടിയോടൊപ്പം ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. പക്ഷെ കാലം അവളെ കേശവൻകുട്ടിയുടെ ഹൃദയത്തിൽ നിന്നും അകറ്റിക്കളഞ്ഞിരുന്നു എന്ന് പിന്നീട് മനസ്സിലായപ്പോൾ, കേശവൻകുട്ടിയോടോപ്പമുള്ള ജീവിതവും സന്തോഷകരമാകുന്നില്ലെന്ന തിരിച്ചറിവിൽ, അപ്പോഴും അവളെ സ്നേഹിച്ചിരുന്ന സദാശിവൻപിള്ളയിലേക്ക് അവളുടെ ജീവിതം ഒഴുകിപ്പോയി. സദാശിവൻപിള്ളയിൽ അവൾക്ക് എല്ലാം തികഞ്ഞ ഒരു ജീവിതം ലഭിച്ചുവെങ്കിലും ഒരു കുറ്റബോധം പോലെ പരമേശ്വരൻപിള്ളയോടോ കേശവൻ കുട്ടിയോടോ സദാശിവൻ പിള്ളയോടോ താൻ നീതി കാണിച്ചില്ല എന്ന വേദന അവളിലെരിഞ്ഞു.”
മൂന്ന് പുരുഷൻമാരെ പ്രണയിച്ച്, ഒരിക്കലും ജീവിതത്തിൽ പ്രണയമെന്നത് അനുഭവിക്കാൻ കഴിയാതെപോയവളുടെ കഥയാണ് മലയാളസിനിമയിൽ ഒരു പെണ്ണിന്റെ പ്രണയമെന്താണെന്ന് തിരിച്ചറിയാൻ നടത്തിയ ആദ്യത്തെ പരിശ്രമം എന്നു തോന്നിയതു കൊണ്ടായിരുന്നു പെരുമാളിന് ആ സിനിമയിൽ നിന്നും മോചനം ലഭിക്കാതെ പോയത്.
“അതിന് പഴയ സിനിമയുടെ സൗണ്ട് ട്രാക്ക് തന്നെ വേണമെന്നെന്താണ്?”
അതായിരുന്നു ഇതളിന്റെ സംശയം. ഇപ്പോൾ നിർമ്മിത ബുദ്ധിയുടെ കാലമല്ലേ? സൗണ്ട് ട്രാക്ക് പുനഃസൃഷ്ടിച്ച് മിക്സ് ചെയ്യാൻ സാധിക്കില്ലേ?അതിന്റെ സാധ്യാസാധ്യതകളെക്കുറിച്ച് അന്വേഷിക്കേണ്ടിയിരുന്നു. ഒരുപക്ഷെ അത് സാധ്യമാണെങ്കിൽക്കൂടി അത് സിനിമയോട് ചെയ്യുന്ന വഞ്ചനയാകുമെന്ന് പെരുമാൾ ഭയന്നു. യഥാർത്ഥ നടീനടന്മാർ നൽകിയ ശബ്ദം തന്നെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അതിൽ ഒരു നിർമ്മലതയുണ്ട്. നിഷ്കളങ്കതയും സത്യസന്ധതയുമുണ്ട്.
ദയവായി സൗണ്ട് ട്രാക്ക് ഉള്ളവർ ബന്ധപ്പെടുക എന്ന അഭ്യർത്ഥനയിലെ ദയനീയത മറികടന്നു പോകാൻ പെരുമാളിന് കഴിഞ്ഞില്ല.
“പ്രമോട്ടർമാരെ കിട്ടുമോ?” പെരുമാൾ ചോദിച്ചു.
ശ്രമിക്കണം; ചിലപ്പോൾ കിട്ടിയേക്കും എന്ന് ഇതൾ പറഞ്ഞു. ഇതളിന് വിപുലമായ സുഹൃദ് വലയമുണ്ട്.
“പ്രമോട്ടറെ കിട്ടുന്നതിനെക്കുറിച്ചല്ല; പ്രേക്ഷകനെ കിട്ടുന്നതിനെക്കുറിച്ച് ചിന്തിക്ക്.” ഇതൾ പറഞ്ഞു. പ്രേക്ഷകനുണ്ടെങ്കിൽ പ്രമോട്ടർ താനേ വന്നുകൊള്ളും. അൻപതോളം വർഷങ്ങൾക്ക് മുൻപുള്ള സിനിമ ഇന്നത്തെ പ്രേക്ഷകന്റെ അഭിരുചികളോട് ഒത്തുപോകുമോ എന്നതായിരുന്നു ഇതളിന്റെ സംശയം.
പെരുമാൾ പറഞ്ഞത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സ്വന്തം ജീവിതത്തെപ്പറ്റിയായിരുന്നു. ശബ്ദങ്ങൾ ഇല്ലാത്ത സിനിമയുടെ ദൃശ്യങ്ങളിലൂടെ ഇതിനകം എത്രവട്ടം അയാൾ കടന്നുപോയെന്ന് അയാൾക്ക് തന്നെ അറിയില്ല. അതേപോലെ എത്രയോ പ്രേക്ഷകർ സൗണ്ട്ട്രാക്കില്ലാത്ത സിനിമയ്ക്കുതാഴെ സൗണ്ട് ട്രക്കിനുവേണ്ടിയുള്ള സന്ദേശങ്ങൾ അയച്ചിരിക്കുന്നു. പ്രേക്ഷകൻ ഉണ്ട്. അപ്പോൾ പ്രൊമോട്ടറും ഉണ്ടാവും. പക്ഷേ ശബ്ദരേഖ?
രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പെരുമാളിന് പനിക്കാൻ തുടങ്ങി. ശരീരം ആകെ തിണിർത്തു പൊന്തി. ഉറക്കത്തിൽ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. കൂടെക്കൂടെ “വെള്ളം… വെള്ളം” എന്ന് ദാഹിച്ചുകൊണ്ടിരുന്നു. ഇതൾ പരിഭ്രമിച്ചു.
“ഇതൾ, എനിക്ക് പേടിയാവുന്നു.” പനി കുറഞ്ഞു തുടങ്ങിയപ്പോൾ പെരുമാൾ പറഞ്ഞു. അയാളുടെ കണ്ണുകളിൽ എന്തോ പിടികിട്ടാത്തത് വലിഞ്ഞുമുറുകുന്നതായി സൂക്ഷിച്ചു നോക്കിയപ്പോൾ ഇതളിന് തോന്നി.
“എന്താണ് സ്ത്രീ ഒരു പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത്? കാമം? കരുതൽ? ചേർത്തുപിടിക്കൽ? അക്കാലത്തും ഇക്കാലത്തും? ഒരിക്കലും തൃപ്തിപ്പെടാത്ത ഒന്നാണോ സ്ത്രീയുടെ പ്രണയം? ഓ…” പെരുമാൾ പുലമ്പിക്കൊണ്ടിരുന്നു. “എനിക്ക് ഭ്രാന്തുപിടിക്കുന്നു…”
“നിന്റെ ഉള്ളിൽ നിന്ന് ആ സിനിമ ഇറങ്ങിപ്പോകാത്തതു കൊണ്ടാണ്.” കുറ്റപ്പെടുത്തുന്നതു പോലെ ഇതൾ പറഞ്ഞു. “നീ ഈ കാലത്തിലേക്ക് തിരിച്ചു വാ.”
പനിയുടെ ക്ഷീണമെല്ലാം മാറി ആരോഗ്യം വീണ്ടുകിട്ടിയെന്നായപ്പോൾ സിനിമയുടെ സൗണ്ട് ട്രാക്ക് തേടി പോവുകയാണെന്ന് പെരുമാൾ വീണ്ടും പറഞ്ഞു. ഇതൾ എതിർത്തില്ല. ഒരു യാത്ര പെരുമാളിന്റെ ആരോഗ്യം വീണ്ടു കിട്ടാൻ സഹായകമായേക്കുമെന്നും തോന്നി.
“എന്റെ അഭിപ്രായത്തിൽ ഭൂതകാലത്തെ ചലച്ചിത്രം തന്നെ ഒരു വ്യാജ നിർമ്മിതിയാണ്.” റേഡിയോനിലയത്തിലെ സ്റ്റേഷൻ ഡയറക്ടർ പറഞ്ഞു. “നടീനടന്മാർ അഭിനയിക്കുന്നത് ഓരോരോ ഫിലിമിലായി പകർത്തി അത് പ്രൊജക്ടറിൽ തല തിരിച്ചിട്ട് സെക്കൻഡിൽ ഇരുപത്തിനാല് ഫ്രെയിമെന്ന കണക്കിൽ ലെൻസിലൂടെ പ്രകാശം കടത്തിവിടുമ്പോൾ വീണ്ടും തിരശ്ശീലയിൽ യഥാർത്ഥ രൂപത്തിലുള്ള ചലന ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് വ്യാജമല്ലെങ്കിൽ മറ്റെന്താണ്?”
ശബ്ദരേഖ അന്വേഷിച്ച് ഒരാൾ വന്നിരിക്കുന്നു എന്ന് സെക്രട്ടറി അറിയിച്ചപ്പോൾ അത് പെരുമാൾ ആയിരിക്കുമെന്ന് സ്റ്റേഷൻ ഡയറക്ടർക്ക് മനസ്സിലായി. ഇതളിന്റെ ഒരു സുഹൃത്ത് അക്കാര്യം ഡയറക്ടറോട് സൂചിപ്പിച്ചിരുന്നു.
“ഇപ്പോൾ ചലച്ചിത്രങ്ങളുടെ ശബ്ദരേഖ, റേഡിയോ സംപ്രേഷണം ചെയ്യാറില്ല.” ഡയറക്ടർ പറഞ്ഞു. “ടിവിയൊക്കെ പ്രചാരം നേടിയതോടെ അതെല്ലാം നിർത്തി.”
ഒരു കുന്നിൻ മുകളിലായിരുന്നു റേഡിയോ സ്റ്റേഷൻ. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഡയറക്ടറുടെ മുറി. മൂർച്ച കുറഞ്ഞ വെയിലിന്റെ നിറമുള്ള സാരിയും കൈമുട്ടുനിറയുന്ന വെള്ള ബ്ളൗസുമായിരുന്നു ഡയറക്ടറുടെ വേഷം. അവരുടെ കണ്ണുകളിൽ നിശ്ശബ്ദത നിഴലിച്ചുകിടന്നു. കൈകളിലെ കുപ്പിവളകൾ പഴയ പുറംചട്ടയുള്ള ഒരു പുസ്തകത്തെ ഓർമ്മിപ്പിച്ചു. മുഖം, കേട്ടുമാത്രമുള്ള അറിവുകൾ വെച്ച് ഏതോ ചിത്രകാരൻ വരച്ചെടുത്ത അപൂർണ്ണമായ ഒരു ചിത്രത്തിനെയും.
ജനലുകൾക്കപ്പുറം ആകാശം നീല പുതച്ച് ഉറങ്ങിക്കിടന്നു. ഇടയ്ക്കിടെ പഞ്ഞിക്കെട്ടുകളെ ഗർഭം ധരിച്ച മേഘങ്ങൾ കാഴ്ചയുടെ അതിരിൽ കൂടി ശബ്ദമില്ലാതെ ഒഴുകി. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള വിനിമയത്തിന്റെ ശബ്ദവീചികൾ അതിൽ കൂടി അദൃശ്യമായി പറന്നുകൊണ്ടിരുന്നു. തരംഗാവൃത്തി തെറ്റിയ രണ്ടു സ്റ്റേഷനുകളിൽ നിന്നുള്ള സംഗീതം ഏതോ വാഹനത്തിലെ ഓൺ ചെയ്തു വെച്ചിരിക്കുന്ന റേഡിയോയിൽ തമ്മിൽക്കലർന്ന് പൊട്ടിത്തെറിക്കുന്നതും വാഹനം സംഗീതത്തിൻറെ പുകയിൽ മുങ്ങിപ്പോവുന്നതും പെരുമാൾ സ്വപ്നം കണ്ടു. ഉയരങ്ങൾ സ്വപ്നങ്ങളെ നിർമ്മിച്ചു കൊണ്ടിരുന്നു.
“നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്?”
അപ്രതീക്ഷിതമായി ഡയറക്ടർ ബൈബിൾ വാചകം പറയവേ എന്താണുദ്ദേശിച്ചതെന്നറിയാതെ പെരുമാൾ അവരെ ഉറ്റുനോക്കി.
“എല്ലാവരും മറന്ന ഭൂതകാലം തിരഞ്ഞിട്ട് ഇനിയെന്തിനാണെന്ന്?” ഡയറക്ടർ ചിരിച്ചു.
‘മനുഷ്യന് ഭൂതകാലം എന്നും തിളക്കമുള്ളതാണ്. വർത്തമാനം, അത് എത്ര തന്നെ പ്രകാശപൂർണമാണെങ്കിലും ഇരുണ്ടതായേ തോന്നൂ.’
കേട്ടപ്പോൾ എവിടെയോ വായിച്ചുമറന്നതുപോലെ ഡയറക്ടർക്ക് തോന്നി. പെരുമാൾ സ്വന്തമായി പറഞ്ഞതല്ലെന്നും.
“വാടകയ്ക്ക് ഒരു ഹൃദയം നോവലിലെ നായികയുടെ വാക്കുകൾ.” പെരുമാൾ വിശദീകരിച്ചു.
പഴയകാലത്തെ സിനിമകൾ വ്യാജമാണെന്ന് പറയുന്നത് അക്കാലത്തെ സിനിമാക്കാഴ്ചകളുടെ ക്ളേശം ഓർത്തിട്ടുകൂടിയാണെന്ന് ഡയറക്ടർ പറഞ്ഞു. സീറ്റുകൾ ഉറപ്പിച്ച പ്രതലം നേരെയായതിനാൽ തൊട്ടുമുമ്പിലുള്ള കാണിയുടെ തലമറഞ്ഞും, കൊട്ടകയുടെ തൂണു മറഞ്ഞും, കാഴ്ചകൾ തടസ്സപ്പെട്ടത്; ഓർക്കാപ്പുറത്ത് ഫിലിം പൊട്ടുമ്പോൾ മുഖത്തടിയേറ്റ പോലെ സ്ക്രീനിൽ വെളിച്ചം നിറഞ്ഞത്; ജനറേറ്റർ ഒരോർമ്മ പോലുമല്ലാതിരുന്ന കാലത്ത് കറന്റ് പോകുമ്പോൾ തടവുപുള്ളികളെ ജാമ്യത്തിൽ വിടുന്നതു പോലെ നാളെ വരാൻ പറഞ്ഞ് കാണികളെ സിനിമയിൽ നിന്നിറക്കി വിട്ടത്…
“പക്ഷെ പിറ്റേന്നും അവർ വന്നു!” പെരുമാൾ പറഞ്ഞു.
വന്നു. പക്ഷെ കഥ അറിയാൻ മാത്രം. അന്നത്തെ സിനിമ, കാഴ്ചയല്ലായിരുന്നു. കഥ പറച്ചിലായിരുന്നു. അതായിരുന്നു സിനിമയുടെ വ്യാജം.
ഒടിടികാലത്തും മുറിച്ചു മുറിച്ച് സിനിമ കാണുന്നവരുണ്ടെന്ന് പെരുമാൾ സൂചിപ്പിച്ചു.
“അത് സിനിമയുടെ വ്യാജമല്ല. കാണിയുടെ വ്യാജമാണ്.” ഡയറക്ടർ പറഞ്ഞു.
പെരുമാൾ അന്വേഷിക്കുന്ന സിനിമയുടെ സൗണ്ട് ട്രാക്ക്, നിലയത്തിൽ ഉണ്ടാവാൻ സാധ്യതയില്ലെന്ന് ഡയറക്ടർ പറഞ്ഞു. സംപ്രേഷണാവകാശം തീർന്നതൊന്നും സൂക്ഷിക്കാറില്ല. അവകാശികൾക്ക് തിരിച്ചു കൊടുക്കുകയാണ് പതിവ്. “എന്തായാലും ഞാൻ അന്വേഷിക്കാം. വിവരം കിട്ടിയാൽ അറിയിക്കാം.” ഡയറക്ടർ പറഞ്ഞു.
പെരുമാൾ പോയിക്കഴിഞ്ഞിട്ടും കുറെ നേരം ഡയറക്ടർ അതൊക്കെത്തന്നെയും ഓർത്തുകൊണ്ടിരിക്കുകയായിരുന്നു. റേഡിയോ മാത്രമുണ്ടായിരുന്ന കാലത്ത് ദൃശ്യങ്ങൾ ഇല്ലാതെ ശബ്ദരേഖ മാത്രമായി ചലച്ചിത്രങ്ങൾ ആളുകളിലേക്ക് എത്താൻ ശ്രമിച്ചത്. നാളുകൾക്ക് ശേഷം സൗണ്ട് ട്രാക്ക് ഇല്ലാതെ ദൃശ്യം മാത്രമായി ഒരു ചലച്ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത്. സിനിമ എന്നും അടക്കമില്ലാത്ത ഒരു കൊച്ചുകുട്ടിയുടെ ചാപല്യം കാട്ടിക്കൊണ്ടിരിക്കുന്നു.
വൈകിട്ട് കോഫി ഹൗസിൽ കയറി ഒരു ചായ കുടിക്കാം എന്ന് വിചാരിച്ചു ഇതൾ അവിടെ ചെന്നപ്പോൾ പെരുമാളുണ്ട് അവിടെ.
“സ്റ്റേഷന്‍ ഡയറക്ടർ എന്തു പറഞ്ഞു?”
“ഞാൻ മെസ്സേജ് ഇട്ടിരുന്നല്ലോ.” പെരുമാൾ പറഞ്ഞു. “ഭൂതകാലം തിരയുന്നതെന്തിന്? എല്ലാവരും അതാണ് ചോദിക്കുന്നത്.”
“റേഡിയോ നിലയത്തിലെ സ്റ്റേഷൻ ഡയറക്ടർമാർക്ക് വർത്തമാനകാലം മാത്രമേയുള്ളൂ. അവർ പറയുന്നത് മാത്രമേ അവർ കേൾക്കുന്നുള്ളൂ. വർത്തമാനത്തിൽ മാത്രം ജീവിച്ചിരിക്കുന്നവരോട് ഭൂതകാലം പറഞ്ഞിട്ടെന്ത്?”
പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോൾ പെരുമാളിന്റെ നമ്പറിലേക്ക് സ്റ്റേഷൻ ഡയറക്ടറുടെ വിളിയെത്തി.
“സിനിമാപറമ്പ് വരെ ഒന്നു പോകുന്നോ?” ഡയറക്ടർ ചോദിച്ചു.
“സിനിമാപറമ്പ്?” അങ്ങനെയൊരു സ്ഥലം പെരുമാൾ കേട്ടിട്ടില്ലായിരുന്നു.
“കുറച്ചുനാളുകൾക്കു മുൻപ് ഇതേ സിനിമയുടെ സൗണ്ട് ട്രാക്ക് തേടി നിങ്ങളെപ്പോലെ ഒരാൾ വന്നിരുന്നുവെന്ന് ആർക്കൈവ്സിൽ നിന്നറിഞ്ഞു. അയാളുടെ വശം ഈ സിനിമയുടെ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു. അയാൾ ഇതിനകം അതു കരസ്ഥമാക്കിക്കാണുമെന്നുറപ്പാണ്. അത്രമാത്രം അയാൾ അതിനുവേണ്ടി പണിപ്പെട്ടിരുന്നു. പക്ഷെ ഇതുവരെയും അയാൾ അതുപയോഗപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നാണ് മനസ്സിലാവാത്തത്.”
“അയാളുടെ പേര് എന്താണ്?”
“പ്രഭു.” ഡയറക്ടർ പറഞ്ഞു.
“ഫോൺ നമ്പർ?” പെരുമാൾ ചോദിച്ചു.
“ഫോണൊന്നും ഉപയോഗിക്കാറില്ല എന്നാണ് ഞാൻ അറിഞ്ഞത്. മേൽവിലാസം മാത്രമാണ് ലഭ്യമായിട്ടുള്ളത്. നേരിട്ട് പോകേണ്ടിവരും.”
“റഫറൻസ് താങ്കളുടെത് പറഞ്ഞാൽ മതിയാവുമോ?”
സ്റ്റേഷൻ ഡയറക്ടർ ഒന്നാലോചിച്ചു.
“അശ്വതി പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞാൽ മതി.”
“അശ്വതി?” പെരുമാൾ വീണ്ടും സംശയിച്ചു.
“അശ്വതിയെ അറിയില്ലേ? നിങ്ങൾ തെരഞ്ഞു നടക്കുന്ന സിനിമയിലെ നായിക?”
പക്ഷെ പെരുമാളിന്റെ യാത്ര സിനിമാപറമ്പിലെത്തിയില്ല. സിനിമാപറമ്പ് എന്ന ലൊക്കേഷൻ നോക്കി ഗൂഗിൾ മാപ്പിലൂടെ വന്ന യാത്ര, സിനിമയുടെ വിശേഷണങ്ങളഴിച്ചുവെച്ച വെറും പറമ്പിലെത്തി അവസാനിച്ചു. യുവർ ഡെസ്റ്റിനേഷൻ ഹാസ് അറൈവ്ഡ് എന്ന് ഗൂഗിൾ മാപ്പ് നിശ്ചലമായി. സിനിമയില്ലാത്ത പറമ്പ്. ഒരിക്കൽ ഒരുപക്ഷെ സിനിമയുണ്ടായിരുന്ന പറമ്പ്. ഒരുപക്ഷെ ഇനിയൊരിക്കലും സിനിമയുണ്ടാവാനിടയില്ലാത്ത പറമ്പ്. ഇതുതന്നെയാണോ താൻ തിരഞ്ഞുവന്ന സ്ഥലം എന്നറിയാതെ പെരുമാൾ ഒറ്റപ്പെട്ടു നിന്നു
“ഇപ്പോൾ ആരും സിനിമാപറമ്പെന്ന് പറയാറില്ല” ഒരു വഴിപോക്കൻ പറഞ്ഞു. “ഇവിടെയെത്തുമ്പോൾ ബസ്സുകാർ പറമ്പിറങ്ങാനുണ്ടോ എന്നേ വിളിച്ചുചോദിക്കാറുള്ളൂ. കവലയ്ക്ക് പോയിട്ട് വരുന്നവർ പോലും എവിടെപ്പോയെന്ന് ചോദിച്ചാൽ പറമ്പ് വരെ എന്നേ പറയാറുള്ളൂ. പഴയതെല്ലാം ആളുകൾ മറന്നു.”
ഞായറാഴ്ചയായിരുന്നു. പെരുമാൾ സിനിമാ പറമ്പിലെത്തുമ്പോൾ പീടികകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. തിരക്കില്ലാത്ത നിരത്തിലൂടെ വാഹനങ്ങൾ നിർബാധം പാഞ്ഞുകൊണ്ടിരുന്നു. വഴിപോക്കരും ഉണ്ടായിരുന്നില്ല. ഒട്ടുവളരെ നേരം നിന്നതിനുശേഷമാണ് വഴി ചോദിക്കാനൊരാളെ കണ്ടെത്താൻ കഴിഞ്ഞത്.
“ആരെക്കാണാനാണ്?” വഴിപോക്കൻ ചോദിച്ചു.
“പ്രഭുവിനെ.” പെരുമാൾ പറഞ്ഞു.
“പ്രഭു?” അയാൾ ഞെട്ടലോടെ ചോദിച്ചു.
നിറം മങ്ങി, കുമ്മായം അടർന്ന് ചെങ്കല്ലുകൾ തെളിഞ്ഞ് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടായിരുന്നു പ്രഭുവിന്റേത്. സപ്പോട്ട മരത്തിന്റെ ഇലകളും പഴുത്ത തൊണ്ടുകളും മുറ്റം നിറഞ്ഞുകിടന്ന് ചീഞ്ഞളിഞ്ഞ ഗന്ധം പരത്തി. കാറ്റ് വീശുന്നുണ്ടായിരുന്നു. ഓരോ കാറ്റ് വീശുമ്പോഴും വൃക്ഷങ്ങളിൽ ഇലകൾ ഭയന്നുവിറച്ച് കൂനിക്കൂടിയിരുന്നു. മഴ പെയ്തിട്ട് നാളുകളായിരുന്നിട്ടും മണ്ണിൽ നനവുണ്ടായിരുന്നു. പശുക്കൾ ഇല്ലാത്ത തൊഴുത്തിന്റെ മുന്നിൽ ഒരു നായയെ തുടലിൽ കെട്ടിയിട്ടിരുന്നു. പെരുമാളിനെക്കണ്ടതും അത് ദയനീയമായി മോങ്ങി.
“ആരാണ്?” മുറ്റത്ത് ആളനക്കം കേട്ടാവണം അകത്തുനിന്നും ആരോ വിളിച്ചു ചോദിച്ചു.
“ഞാനാണ്. “സ്വയം പരിചയപ്പെടുത്തി പെരുമാൾ പറഞ്ഞു “ഒരു സിനിമയുടെ സൗണ്ട് ട്രാക്ക് കിട്ടുമോ എന്നറിയാൻ വന്നതാണ്.”
“അതിനിവിടെയെന്താണ്?”
“ഇവിടെ വന്ന് അന്വേഷിക്കാൻ പറഞ്ഞു.”
“ആര്?”
പെരുമാൾ സംശയിച്ചു. പെരുമാൾ പറഞ്ഞു “അശ്വതി.”
നീണ്ട നിശബ്ദതയ്ക്കുശേഷം കിരുകിരാ ശബ്ദത്തോടെ വാതിൽ തുറക്കപ്പെട്ടപ്പോൾ ഭൂതകാലം ഇടിഞ്ഞിറങ്ങി വന്നതുപോലെ പെരുമാളിന് തോന്നി. അല്ലെങ്കിൽ ശക്തിമത്തായ ഒരു കാറ്റു വന്നു അയാളെ പഴമയിലേക്ക് കൂട്ടിക്കൊണ്ടു പോയതുമാവാം. വാതിൽ തുറന്നുവന്ന പ്രഭുവിന്റെ മഞ്ഞച്ച കണ്ണുകളിൽ കാലം ശബ്ദങ്ങളില്ലാതെ കിടന്നു.
പ്രഭുവിന് അസാധാരണമായ നീളമുണ്ടായിരുന്നു. നീണ്ടു കൂർത്ത മുഖത്ത് നിർവ്വികാരതയായിരുന്നു ഭാവം. ഷേവ് ചെയ്ത് മിനുസമാക്കി വെച്ച മുഖത്ത് ബ്ലേഡ് കൊണ്ടു മുറിഞ്ഞ വടുക്കൾ ഉണങ്ങിക്കിടന്നു. മുടിയിഴകൾ വൈദ്യുതാഘാതമേറ്റ പോലെ പൊങ്ങിനിന്നിരുന്നു. അയാൾ പെരുമാളിനെ ഉറ്റുനോക്കി.
“നിങ്ങൾ ആവശ്യപ്പെട്ട ശബ്ദരേഖ അശ്വതിയുടെ സിനിമയുടേതല്ലേ?” അയാൾ ചോദിച്ചു.
അയാൾ ഉച്ചരിച്ച ‘നിങ്ങൾ ആവശ്യപ്പെട്ട’ എന്ന വാക്ക് പെരുമാളിനെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ റേഡിയോയ്ക്ക് മുന്നിൽ കാത്തിരിക്കുന്ന ഒരു കുട്ടിയെ ഓർമ്മയിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവരികയും ചെയ്തു. ആ കുട്ടി തന്നെയാണോ റേഡിയോ നിലയത്തിൽ ശബ്ദരേഖ തിരഞ്ഞുപോയതെന്നും പെരുമാൾ സംശയിച്ചു. ഒരുപക്ഷെ അന്നുമുഴുവൻ പെരുമാളിന്റെ ഉള്ളിലെ ഭൂതകാലത്തോടായിരിക്കും സ്റ്റേഷൻ ഡയറക്ടർ സംസാരിച്ചിട്ടുണ്ടാവുകയെന്നും.
“എന്നെങ്കിലും ഒരിക്കൽ അശ്വതിയുടെ സിനിമയുടെ ശബ്ദരേഖ തിരഞ്ഞ് ആരെങ്കിലും വരുമെന്ന് എനിക്കറിയാമായിരുന്നു.” പ്രഭു പറഞ്ഞു.
“ശബ്ദരേഖ തന്നാൽ എനിക്ക് എന്ത് പ്രയോജനം?” അയാൾ വീണ്ടും ചോദിച്ചു. പെട്ടെന്ന് മറുപടി പറയാൻ പെരുമാളിന് സാധിച്ചില്ല.
“ശബ്ദരേഖ തന്നാൽ അശ്വതി എന്റേതാവുമോ?” അയാൾ ചോദിച്ചു.
“മനസ്സിലായില്ല.” പെരുമാൾ പറഞ്ഞു.
“വിക്രമാദിത്യൻ പതിവുപോലെ വേതാളത്തെയും തോളിലേറ്റി നടന്നുകൊണ്ടിരുന്നപ്പോൾ വേതാളം പറഞ്ഞു; രാജാവേ നടപ്പിന്റെ വിരസതയകറ്റാൻ ഞാൻ ഒരു കഥ പറയാം. ഒരിക്കൽ ഒരു ദേശത്ത് പാർത്തിരുന്ന സുന്ദരിയായ ഒരു കന്യകയെ വേൾക്കാനാഗ്രഹിച്ച മൂന്നു കാമുകന്മാർ ഉണ്ടായിരുന്നു. ഓരോരിക്കലായി അവർ ഓരോത്തരും കന്യകയുടെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും സഹോദരനിൽ നിന്നും കന്യകയെ തനിക്ക് വിവാഹം ചെയ്തുതരാമെന്നുള്ള ഉറപ്പും വാങ്ങിയിരുന്നു.
കന്യകയ്ക്ക് വിവാഹപ്രായമായപ്പോൾ മൂന്നു കുമാരന്മാരും അവകാശവാദവുമായി വന്നു. താൻ കാരണം തന്റെ അച്ഛനുമമ്മയ്ക്കും സഹോദരനും വന്ന ദുർഗതിയോർത്ത് വിഷമിച്ച കന്യകയാവട്ടെ, ആരെയും പിണക്കാൻ കഴിയില്ലെന്നോർത്ത് നദിയിൽച്ചാടി സ്വയം മരണം പ്രാപിക്കുകയും ചെയ്തു. അവളുടെ മരണശേഷം അന്ത്യകർമ്മങ്ങൾ കഴിഞ്ഞപ്പോൾ ഒന്നാമത്തെ കാമുകൻ കന്യകയുടെ ചിതാഭസ്മം സൂക്ഷിച്ച് ശ്മശാനഭൂമിയിൽത്തന്നെ ഒരു കുടിൽകെട്ടി അവളെയും ഓർത്ത് പാർപ്പായി.
രണ്ടാമത്തെ കാമുകനാവട്ടെ അവളുടെ അസ്ഥിയും മറ്റും ശേഖരിച്ച് അതുമായി വനാന്തരങ്ങളിൽ അലഞ്ഞുനടന്നു. മൂന്നാമത്തെ കാമുകൻ എങ്ങോട്ടെന്നില്ലാതെ ഒരു ദീർഘയാത്ര പോയി. ദേശാടനത്തിനു പോയ മൂന്നാമത്തെ കാമുകൻ യാത്രയിൽ മന്ത്രവിദ്യയിൽ മരിച്ചവരെ ജീവിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അയാൾ അവരിൽ നിന്നും മരിച്ചവരെ ജീവിപ്പിക്കുന്ന മന്ത്രം മനസ്സിലാക്കി. പക്ഷേ മരിച്ചവരെ ജീവിപ്പിക്കുന്നതിന് മരിച്ചയാളുടെ അസ്ഥിയും ചിതാഭസ്മവും വേണമായിരുന്നു. അങ്ങനെ അയാൾ തിരിച്ചു വന്നു. മറ്റ് രണ്ട് കാമുകന്മാരുടെ സഹായത്തോടെ അസ്ഥിയും ചിതാഭസ്മവും ചേർത്തുവെച്ച് താൻ സ്വായത്തമാക്കിയ മന്ത്രം ജപിച്ച് കന്യകയ്ക്ക് ജീവൻ വെയ്പ്പിച്ചു. കന്യക ജീവനോടെ ഉയർത്തെഴുന്നേറ്റതോടെ വീണ്ടും മൂന്നുപേരും തമ്മിൽ തർക്കമായി. ആരാണ് അവളുടെ ഭർത്താവ് എന്നും പറഞ്ഞ്…”
“ആരാണ് അവളുടെ ഭർത്താവ്?” പെരുമാൾ ചോദിച്ചു.
“ആരാണ് അവളുടെ ഭർത്താവെന്നതല്ല; വേതാളത്തിന്റെ ചോദ്യത്തിന് വിക്രമാദിത്യ രാജാവ് പറഞ്ഞ ഉത്തരം എന്തെന്നതാണ്” പ്രഭു തിരുത്തി.
“എന്തായിരുന്നു രാജാവിന്റെ ഉത്തരം?” പെരുമാൾ ചോദിച്ചു.
“എന്തായിരുന്നു വിക്രമാദിത്യന്റെ ഉത്തരം എന്നല്ല; ശബ്ദരേഖ കിട്ടിയാൽ, ആ സിനിമയ്ക്ക് നിങ്ങൾ ജീവൻവെയ്പ്പിച്ചാൽ അശ്വതി എന്റേതായി തീരുമോ എന്നതാണ്…” അയാൾ വീണ്ടും പറഞ്ഞു.
ഒന്നും നടക്കാൻ പോകുന്നില്ലെന്ന് പെരുമാളിന് തോന്നി.
“അകത്തു വരൂ.” വാതിലിന്റെ ഒരുപാളി ഒഴിഞ്ഞുനിന്നുകൊണ്ട് പ്രഭു ക്ഷണിച്ചു.
ശരിക്കും സിനിമാ പറമ്പ് ഉള്ളിലായിരുന്നു. പുറത്തായിരുന്നില്ല. പഴയ ഒരു 16 എംഎം പ്രൊജക്ടറിൽ അപ്പോഴും റീലുകൾ ചുറ്റി വെച്ചിട്ടുണ്ടായിരുന്നു. ഒരുപാട് സിനിമാ നോട്ടീസുകളും പോസ്റ്ററുകളും കെട്ടുകണക്കായി ഒരിടത്ത് അടുക്കി വെച്ചിരുന്നു. ഗ്രാമഫോൺ റെക്കോഡുകൾ മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ടിരുന്നു. പൊട്ടിയ ഫിലിം തുണ്ടുകൾ മൃതശരീരങ്ങളെ പോലെ അവിടവിടെയായി ചിതറി കിടന്നു. പെരുമാൾ അതെടുത്തു നോക്കി. പൊട്ടിയ ഫിലിം തുണ്ടിൽ പ്രേംനസീർ ഒരു കൈ മൈക്കിൽ ചേർത്തുപിടിച്ച് പാട്ടുപാടുന്നു. കൈയ്യിൽ കൊടിയും പിടിച്ച്, തൊഴിലാളികളുടെ ഒരു ജാഥ നയിച്ച് സത്യൻ മുന്നിൽ നടന്നുവരുന്നു. വാൾപ്പയറ്റിൽ ഗോവിന്ദൻകുട്ടി മരിച്ചുവീഴുന്നു. ബഹദൂറിന്റെ കുസൃതി കണ്ട് അടൂർ ഭാസി ഒരുകൈകൊണ്ട് വാപൊത്തിച്ചിരിക്കുന്നു. പാവാടത്തുമ്പ് രണ്ടു കൈകൊണ്ടും പൊക്കിപ്പിടിച്ച് ജയഭാരതി ഒരു കുന്നിറങ്ങി ഓടി വരുന്നു..
“ശബ്ദരേഖ തന്നാൽ സിനിമാ പറമ്പിൽ വീണ്ടും ഒരു കൊട്ടക പണിയാൻ നിങ്ങളെന്നെ സഹായിക്കുമോ?” പലകകൾ ഇളകിയ കസേരയിൽ ചാരിക്കിടന്ന് കണ്ണുകളടച്ചുകൊണ്ട് പ്രഭു ചോദിച്ചു.
“സിനിമ പറമ്പിൽ വീണ്ടും ഒരു കൊട്ടക പണിയണം. കരകര ശബ്ദത്തോടെ ഫിലിം റോളുകൾ ഓടുന്ന, പഴയ മാതിരിയുള്ള പ്രൊജക്ടർ. 35 എംഎം സ്‌ക്രീൻ. വൈ ആകൃതിയിലുള്ള തടിത്തൂണുകൾ. ഓരോ റീലും തീരുമ്പോൾ അടുത്ത റീൽ ചുറ്റുന്നതുവരെ ഇടയ്ക്കിടെ സ്‌ക്രീനിൽ വീഴുന്ന വെളിച്ചം. പാട്ടുപുസ്തകങ്ങൾ വിൽക്കുന്ന കട. കൊട്ടകയിലും വഴിയിലെമ്പാടും അശ്വതിയുടെ പോസ്റ്ററുകൾ…”
സംസാരിച്ചിരിക്കവേ പ്രഭു ഭൂതകാലത്തിൽ മറഞ്ഞു പോയതായി പെരുമാളിനു തോന്നി.
“നിങ്ങൾക്കറിയാമോ സിനിമാ പറമ്പിൽ ആദ്യം സിനിമാക്കൊട്ടക കെട്ടിയത് എന്റെ അച്ഛനാണ്. അന്നൊക്കെ വീട്ടിൽ ഉത്സവമായിരുന്നു. ആഴ്ചതോറും സിനിമ മാറുമ്പോൾ പോസ്റ്ററുകൾ കെട്ടുകണക്കിന് ഇവിടെയെല്ലാം നിറഞ്ഞിരുന്നു. ഇതൊക്കെയും ആ കാലത്തിന്റെ ശേഷിപ്പുകളാണ്.” പൊട്ടിയ ഫിലിം തുണ്ടുകൾ കയ്യിലെടുത്ത് മണപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു നിർത്തി.
പിന്നെ? പെരുമാൾ ചോദിച്ചു.
“അച്ഛൻ പിന്നെ കമ്മ്യൂണിസ്റ്റായി. കൊട്ടക പൊളിച്ചു. സ്വത്തിൽ ഭൂരിഭാഗവും പാർട്ടിക്കെഴുതിക്കൊടുത്തു. അച്ഛൻ ഉപേക്ഷിച്ചെങ്കിലും എനിക്ക് സിനിമയെ മറക്കാൻ കഴിഞ്ഞില്ല. ഞാൻ നാടുവിട്ടു മദ്രാസിലേക്ക് പോയി.”
അന്നേരം സിനിമയെ പ്രണയിച്ച് സിനിമയിൽ മരിച്ച ഒട്ടു വളരെപ്പേരുടെ ദയനീയമായ കരച്ചിൽ ചുറ്റിലും മുഴങ്ങുന്നതായി പെരുമാളിന് തോന്നി. അസ്വസ്ഥതയോടെ പെരുമാൾ എഴുന്നേറ്റു.
“ഞാൻ പിന്നെയൊരിക്കൽ വരാം.” പെരുമാൾ പറഞ്ഞു.
“നല്ലത്.” പ്രഭു പറഞ്ഞു “നിങ്ങൾ അടുത്ത തവണ വരുമ്പോഴേയ്ക്കും ഞാൻ അതെടുത്തുവെച്ചേക്കാം. നിങ്ങൾ ആവശ്യപ്പെട്ട ശബ്ദരേഖ.”
പെരുമാൾ തിരിച്ചിറങ്ങുമ്പോഴേക്കും തൊഴുത്തിൽ കെട്ടിയിട്ടിരുന്ന നായ അപ്രത്യക്ഷനായിരുന്നു. തുടൽ അഴിഞ്ഞു കിടന്നു.
“നിങ്ങളാണോ നായയെ തുറന്നുവിട്ടത്?” പ്രഭുവിന്റെ കണ്ണുകളിൽ ആദ്യമായി കോപം ജ്വലിക്കുന്നത് പെരുമാൾ കണ്ടു. അതുവരെ നിർവ്വികാരമായിരുന്ന മുഖത്ത് ക്രൗര്യവും വെറുപ്പും പുളഞ്ഞു.
“ഞാനല്ല.” എതിർപ്പോടെ കാറിന്റെ ഡോർ വലിച്ചു തുറക്കുമ്പോൾ പെരുമാൾ പറഞ്ഞു.
പെരുമാൾ വാഹനം സ്റ്റാർട്ടാക്കുവോളം പ്രഭു ആ നിൽപ്പ് നിന്നു. പിന്നീട് ഒരാളലോടെ വീടിന്റെ വലതുവശത്തെ വെട്ടുകല്ലുകൾ കൊണ്ടുള്ള പടികളിറങ്ങി ഓടിപ്പോയി. പടികളിറങ്ങിച്ചെല്ലുന്ന പാടത്തുനിന്ന് ഒരു നായയുടെ ദയനീയമായ മോങ്ങൽ കേട്ടു.
ക്ഷേത്രം ചുറ്റിപ്പോകുന്ന റോഡ് കവലയ്ക്കൽ എത്തുമ്പോഴേക്കും നാലഞ്ചു പേർ കാറിന്റെ മുന്നിൽ കയറി നിന്ന് വഴി തടഞ്ഞു.
“എന്താണ്?” പെരുമാൾ ചോദിച്ചു.
“നിങ്ങൾ എന്തിനാണ് പ്രഭുവിനെ കാണാൻ പോയത്?” കൂട്ടത്തിലൊരാൾ ചോദിച്ചു.
“ഇവിടെ വീണ്ടും കൊട്ടക പണിയാൻ പോവുകയാണോ?” മറ്റൊരാൾ ചോദിച്ചു.
അല്ലെന്ന് പെരുമാൾ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യം അന്വേഷിക്കാനാണ് വന്നത്. അത് കഴിഞ്ഞു.
“നല്ലത്.” ഒരാൾ പറഞ്ഞു. “ഞങ്ങൾ ഭൂതകാലത്തിനെതിര് നിൽക്കുന്നവരാണ്. ഭൂതകാലം പ്രിവിലേജ്ഡ് ക്ലാസിന് കുളിരുന്ന ഓർമ്മകളായിരിക്കാം. പക്ഷേ ഞങ്ങൾക്കത് ഒരു സമൂഹം മറ്റൊന്നിന്റെമേൽ അധീശത്വം സ്ഥാപിച്ച; ഷണ്ഡത്വത്തിൽ ജീവിച്ച, കെട്ടകാലമാണ്. അക്കാലത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങൾ എങ്ങിനെയും തേച്ചുമായ്ച്ചു കളയാൻ ഞങ്ങൾ പണിപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് അതു വീണ്ടെടുക്കാനുള്ള നിങ്ങളുടെ വരവ്. നിങ്ങൾ തിരിച്ചു പോകണം. വീണ്ടും വരികയുമരുത്.”
ഒരാഴ്ച കഴിഞ്ഞപ്പോൾ ഇതൾ ഇല്ലാത്ത സമയത്ത് ആരോ വീടിൻറെ കോളിംഗ് ബെൽ അടിച്ചു. പെരുമാൾ ചെന്ന് വാതിൽ തുറന്നു.
ഒരു പോലീസ് ഇൻസ്‌പെക്ടർ അകത്തുകയറി.
“പെരുമാളല്ലേ?” ഇൻസ്പെക്ടർ ചോദിച്ചു. “നിങ്ങൾ ഈയിടെ സിനിമാപറമ്പിൽ പോയത് എന്തിനായിരുന്നു?”
എന്താണ് പറയേണ്ടതെന്ന് പെരുമാൾ ഒരുനിമിഷം ആലോചിച്ചു.
“മരണപ്പെട്ടയാളെ അവസാനമായി കണ്ട ആൾ എന്ന നിലയിൽ ഞങ്ങൾക്ക് നിങ്ങളുടെ മൊഴി ആവശ്യമുണ്ട്.” ഇൻസ്പെക്ടർ പറഞ്ഞു. “അയാളുടെ മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?”
“അയാളുടെ മരണത്തിലല്ലായിരുന്നു ജീവിതത്തിലായിരുന്നു അസ്വാഭാവികത. അസ്വാഭാവികത എന്നാൽ അസാധാരണത്വം.” പെരുമാൾ പറഞ്ഞു.
“ഒരു സിനിമയുടെ സൗണ്ട് ട്രാക്ക് തേടിയാണ് നിങ്ങൾ അവിടെപ്പോയത്. സൗണ്ട് ട്രാക്ക് കൂട്ടിച്ചേർത്ത് ആ സിനിമ പുനർജീവിക്കപ്പെട്ടാൽ അശ്വതി അയാളുടേതായിത്തീരുമെന്ന് അയാൾ വിശ്വസിച്ചിരുന്നു. അശ്വതി പറഞ്ഞിട്ടാണ് നിങ്ങൾ അവിടെപ്പോയത്. ആരാണ് അശ്വതി? എന്താണ് അശ്വതിയും അയാളും തമ്മിലുള്ള ബന്ധം? എന്താണ് അശ്വതിയും നിങ്ങളും തമ്മിലുള്ള ബന്ധം?” ഇൻസ്പെക്ടർ ചോദിച്ചു.
പെരുമാളിന്റെ തലച്ചോറിൽ അന്നേരം പ്രദർശനം കഴിഞ്ഞ സിനിമാഹാളിലെ വെളിച്ചം നിറഞ്ഞു. ജ്വരച്ചൂടിൽ ഇതളിനോട് പ്രണയത്തിന്റെ അർത്ഥം ചൊല്ലി കലഹിച്ച വർത്തമാനങ്ങൾ ഓർമ്മ വന്നു. പഴയ പ്രൊജക്ടർ റൂമിൽ എത്രയോ വട്ടം ആടിത്തീർത്ത കഥയുടെ റീലുകൾ വീണ്ടും ലോഡ് ചെയ്യപ്പെട്ടു. നെഗറ്റീവിൽ നിന്ന് പോസിറ്റീവിലേക്ക് രൂപാന്തരം പ്രാപിച്ച നിശ്ചല ചിത്രങ്ങൾ തലകീഴായി തൊങ്ങിക്കിടന്ന് സെക്കൻഡിൽ ഇരുപത്തിനാലെന്ന കണക്കിൽ പ്രൊജക്ടറിലൂടെ ചുറ്റിത്തിരിഞ്ഞ് സ്ക്രീനിലെ ചലന ചിത്രങ്ങളായി മാറി കഥ പറയാൻ തുടങ്ങി.
“അവളുടെ അസ്ഥി സംഭരിച്ച് സൂക്ഷിച്ചു വെച്ചവന് അവളുടെ മകന്റെ സ്ഥാനം. ദേശാടനം ചെയ്തു മന്ത്രവിദ്യ സ്വായത്തമാക്കി അവളെ ഉയർപ്പിച്ചവന് അവളുടെ പിതാവിന്റെ സ്ഥാനം. എന്നാൽ അവളുടെ ചിതാഭസ്മവും ഓർമ്മകളും സൂക്ഷിച്ച് ധ്യാനവും പ്രാർത്ഥനകളുമായി ചിതയ്ക്കരികെത്തന്നെ കുടിൽകെട്ടി കാത്തിരുന്നവനാരോ അവനാണ് അവളുടെ ഭർത്താവിന്റെ സ്ഥാനം. അവനാകുന്നു അവളുടെ പ്രണയത്തിൻറെ അവകാശി.”
പെരുമാളിന്റെ മറുപടിയിൽ തൃപ്തനായി ഇൻസ്പെക്ടർ തിരികെപ്പോയി.