എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ഹോസ്റ്റലിൽ ഫൗസിയയുടെ മുറിയിൽ ജനലരികിലേക്ക് നീക്കിയിട്ട കസേരയിൽ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. മതിലിന് പുറത്ത് വൈകുന്നേരങ്ങളിൽ മാത്രം തുറക്കുന്ന തട്ടുകടയിൽ നിന്നും ചായ കുടിക്കാനെന്ന വ്യാജേന കുറേ കണ്ണുകൾ ഹോസ്റ്റലിലേക്ക് സൂമും ഫോക്കസും ചെയ്യുന്നുണ്ട്. എന്നത്തെയും പോലെ ആ നോട്ടങ്ങളെ ഒളിച്ചു നിന്ന് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോൾ. ഫ്രസ്ട്രേഷന്റെ മൂർദ്ധന്യാവസ്ഥയിലാണ്. ഇതിപ്പൊ ആദ്യമായിട്ടൊന്നുമല്ല, ഞാനെന്തെങ്കിലും പറഞ്ഞാൽ ഇവരെല്ലാം കൂടി അത് നിസാരമാക്കുന്നത്. ഇവരെന്ന് പറഞ്ഞാൽ ദേ ഇരുന്ന് ചിരിച്ചു കളിച്ചു ചീട്ടു കളിക്കുന്ന ആ നാല് പേരില്ലേ, അവർ തന്നെ. ഫൗസിയ, രേവതി, ജൂലി, പ്രിയംവദ. ഇവരെല്ലാം എന്റെ അടുത്ത ഫ്രണ്ട്സും റൂം മേറ്റ്സും ഒക്കെയാണ്. എന്നാലും ഗൗരവമുള്ള ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ ഞാൻ ഒറ്റ. ഇന്നും എത്ര പ്രാവശ്യം ഞാൻ പറഞ്ഞു, അയാൾ ആത്മഹത്യ ചെയ്തതല്ല, ആരോ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന്. ആര് സമ്മതിക്കാൻ. കഴുതകളാണെല്ലാം. മാത്രമല്ല എല്ലാത്തിനും ആകെ അറിയാവുന്നതും ഈ കഴുതകളി മാത്രവും. എനിക്കാണേൽ റമ്മിയും ഇരുപത്തെട്ടും അറിയാം.
കളി കഴിയുമ്പോൾ കൈയിൽ ചീട്ട് ബാക്കിയുള്ളയാൾ തോൽക്കുന്ന കളിയാണ് കഴുതകളി. അയാളാണ് ആ കളിയിലെ കഴുത. ആദ്യമാദ്യം ചീട്ട് തീരുന്നവർ വിജയികളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കും. ഞാൻ മിക്കപ്പോഴും ഒന്നാമത്തെയോ രണ്ടാമത്തെയോ സ്ഥാനം കരസ്ഥമാക്കിയിരിക്കും. ഈ ഹോസ്റ്റലിൽ ഇവരുടെ കൂടെ കൂടിയ ശേഷം ഇന്നുവരെ ഞാൻ കഴുത ആയിട്ടില്ല. ആ എന്നോടാണ് ഇവരിങ്ങനെ പെരുമാറുന്നത്. എനിക്ക് ഓർക്കുന്തോറും ദേഷ്യം കൂടിക്കൂടി വരുന്നു.
“ഞാൻ പറയുന്നത് നിങ്ങൾക്കെന്താണ് ഇനിയും മനസിലാകാത്തത്? അതൊരു ആത്മഹത്യ അല്ല. എനിക്കത് നൂറു ശതമാനം ഉറപ്പാണ്.” പറഞ്ഞു കൊണ്ട് എണീറ്റതും രേവതി ബോട്ടിൽ ആർട്ട് ചെയ്ത് ജനൽപ്പടിയിൽ നിരത്തി വച്ചിരുന്ന നാലഞ്ച് കുപ്പികൾ എന്റെ കൈ തട്ടി താഴെ വീണ് ചന്നം പിന്നം ചിതറി. അതിന്റെ ഷോക്കിൽ ചീട്ടുകളി ഒരു ഫോട്ടോ ഫ്രെയിമിലേതെന്ന പോലെ നിമിഷ നേരത്തേക്ക് നിശ്ചലമായി. ഞാനും ഞെട്ടിയെന്നത് സത്യം. പക്ഷെയത് പുറത്ത് കാണിക്കാതെ ഞാൻ ഓരോരുത്തരെയും മാറി മാറി നോക്കിയതേ ഉള്ളൂ. ഇതൊന്നും കാര്യമാക്കണ്ടാ, വരൂ അയാളുടെ മരണത്തെ പറ്റി നമുക്ക് ചർച്ച ചെയ്യാം എന്നാണ് എന്റെ ആ നോട്ടത്തിന്റെ അർത്ഥം.
തട്ടുകടയിൽ നിന്നും ഏതാനും തലകൾ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി നിൽക്കുന്നു. നൈറ്റ് വാച്ച്മാൻ വരുന്നതും കാത്ത് അക്ഷമയോടെ കാലുകൾ ചലിപ്പിച്ച് ഇരുന്നിരുന്ന വയസൻ സെക്യൂരിറ്റി ഇപ്പോൾ അതേ പൊസിഷനിൽ അനങ്ങാതിരിക്കുന്നു. അയാളും മരിച്ചിരിക്കുവാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി.
രേവതി, ഞാൻ കേൾക്കുന്നില്ലാ എന്ന ധാരണയിൽ എന്നെ പറ്റി എന്തോ പിറുപിറുക്കുന്നുണ്ട്. സംഘത്തിലെ ബാക്കി മൂന്ന് പേരും എന്നെ ഇവളിതെന്ത് ഭാവിച്ചാണ് എന്ന ഭാവത്തിൽ ഇടക്കിടെ നോക്കുന്നുണ്ട്. ബോട്ടിൽ ആർട്ട് പൊട്ടിച്ചതിന് ക്ഷമ യാചിക്കുന്നൊരു തരം അന്ധാളിപ്പ് കൃത്രിമമായി വരുത്തി ഞാൻ രേവതിയെ നോക്കി. ശരിക്കും എനിക്കതിൽ വിഷമമൊന്നും തോന്നിയിരുന്നില്ല. അവളൊരു മെലിഞ്ഞ സുന്ദരിയാണ്. അധികം സംസാരിക്കില്ല. സംസാരിച്ചാലും പതിഞ്ഞ ശബ്ദത്തിൽ രഹസ്യം പറയുന്ന പോലെയാണ്. എപ്പോഴും ചിത്രം വര തന്നെ. എല്ലാം ഒരുതരം നരച്ച ചിത്രങ്ങൾ. എനിക്കതൊന്നും ഇഷ്ടമല്ല.
“അത് സാരമില്ലെടീ. അല്ലെങ്കിലും ഞാനത് കളഞ്ഞതായിരുന്നു. അപ്പൊഴാ ഈ ഫൗസി അതെടുത്ത് ഇവിടെക്കൊണ്ട് വച്ചത്” ആരും ആരെയും വെട്ടാതെ കഴിഞ്ഞു പോയ ആ റൗണ്ട് ചീട്ട് മടക്കിക്കൊണ്ടാണ് രേവതിയത് പറഞ്ഞത്.
“കയ്യിലെ ചീട്ട് ആദ്യമേ തീർന്നതാണ് നിന്റെ പ്രശ്നം. അതാണിങ്ങനെ പുലമ്പിക്കൊണ്ടിരിക്കുന്നേ.” ഫൗസിയ അടുത്ത റൗണ്ടിലേക്ക് ക്ലോവറിന്റെ ഒമ്പതിറക്കുന്നതിനിടയിൽ പറഞ്ഞു. ഫൗസിയയുടെ കൈയിലാണിപ്പൊൾ ഏറ്റവും കൂടുതൽ ചീട്ടുകൾ ഉള്ളത്. കളിയുടെ ഗതി കണ്ടിട്ട് ഈ ഗെയിമിലും ഫൗസിയ തന്നെയാണ് കഴുതയെന്ന് ഏതാണ്ട് ഉറപ്പാണ്. അതു ശരിവയ്ക്കും വിധം ഒമ്പതിന് മുകളിൽ രേവതി ക്ലോവറിന്റെ എട്ട് ഇറക്കി. ഒരു സെക്കന്റ് വൈകാതെ പ്രിയംവദ ഡയമണ്ടിന്റെ ക്വീനിറക്കി കൈയോടെ വെട്ടി ഫൗസിയയ്ക്ക് തന്നെ കൊടുത്തു.
“നിളക്കുട്ടീ, ചക്കരേ, ഇപ്പൊഴും അതുതന്നെ ഓർത്തോണ്ടിരിക്കാതെ എന്റെയീ ചീട്ട് പിടി. ഞാനൊന്ന് മൂത്രിച്ചിട്ട് വരാം.” ജൂലി എഴുന്നേറ്റ് അവളുടെ ചീട്ടുകൾ എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ അതൊന്നും കേട്ട ഭാവം പോലും നടിക്കാതെ നിലത്ത് കിടന്ന കുപ്പിച്ചില്ലുകൾ ഒരു ചൂല് കൊണ്ട് ജനലരികിലെ മൂലയിലേക്ക് നീക്കിക്കൂട്ടി. എന്നെക്കൊണ്ട് ഇത്രയേ പറ്റൂ. വാരിക്കളയുന്ന ജോലി മുറിയുടെ മുതലാളിയായ ഫൗസിയ തന്നെ ചെയ്യട്ടെ. ഞാനൊരു കസേര, കളി നടക്കുന്ന മേശയോട് ചേർത്തിട്ടുകൊണ്ട് പറഞ്ഞു. ജൂലി അഞ്ചിന്റെ ലവ് ഇറക്കി ഫൗസിയയെ വീണ്ടും വെട്ടിക്കൊണ്ട് ഇടപ്പെട്ടു,
“എടീ ചത്തയാള് നമ്മുടെയാരുമല്ലല്ലോ. ശരിക്കുള്ള പേരുപോലും ഇന്നിപ്പഴാണ് അറിയുന്നത്. അയാൾടെ ഫ്രണ്ട്സിനും റിലേറ്റീവ്സിനും ഇല്ലാത്ത ദണ്ണം നിനക്കെന്തിനാണ്?.”
അത് കേട്ടപ്പോൾ ഉണ്ടായ ദേഷ്യം ഞാൻ കടിച്ചമർത്തി. ജൂലിയോട് തർക്കിക്കാൻ പോയില്ല. എന്തെങ്കിലും ആവശ്യത്തിന് ഉപകരിക്കുന്ന ഒരുത്തിയാണ്. പക്ഷെ, ഞാനെന്തെങ്കിലും പറയും മുമ്പേ ഫൗസിയ പറഞ്ഞു, “മനുഷ്യരൊന്ന് റിലാക്സ് ചെയ്യാനാണ് ചീട്ടുകളിക്കാമെന്ന് കരുതിയത്. ഇപ്പൊഴെങ്കിലും ഈ ആത്മഹത്യയും കൊലപാതകവും ഒന്ന് നിർത്താമോ. മൂഡ് കളയാനായിട്ട്.”
നിനക്ക് ഇതല്ലാതെ വേറെന്ത് കളിയറിയാം കള്ളി ഫൗസി, ഞാൻ മനസിൽ ചോദിച്ചതേയുള്ളു. ബാഡ്മിന്റൺ കളിക്കാൻ വരില്ല. ഡാൻസറിയില്ല. ദേഹമനങ്ങിയുള്ള ഒന്നും ചെയ്യില്ല. എന്നിട്ടാണ്. നാലാമത്തെ കളിയിലും തുടർച്ചയായി കഴുതയാവുന്നതിന്റെ ഫ്രസ്ട്രേഷനാണ് അവൾക്ക്. രേവതിയുടെ കൈയിലെ അവശേഷിച്ച രണ്ടിന്റെ ക്ലോവർ കൂടി ചോദിച്ചു വാങ്ങിയ ഫൗസിയ, അടുത്ത് അതു തന്നെ ഇറക്കി. കളിയുടെ ഗതി മാറ്റി വിടാനുള്ള ഒരു വിഫലശ്രമം.
ഞാൻ തുടർന്നു, “നിങ്ങളും കണ്ടതല്ലേ, അയാളുടെ മുട്ടു വരെ തറയിൽ മുട്ടുന്നുണ്ടായിരുന്നു. നാക്കു തള്ളിയിട്ടില്ല. കണ്ണുന്തിയിട്ടില്ല. കൈകൾ കോച്ചിയിട്ടില്ല. മലമൂത്ര വിസർജനം നടന്നതിന്റെ യാതൊരു എവിഡൻസുമില്ല. പിന്നെങ്ങനെയത് ആത്മഹത്യയാവും?”
എനിക്ക് ആ വിഷയം വിടാൻ ഭാവമില്ലാന്ന് കണ്ട് പ്രിയംവദ ഏറ്റു പിടിച്ചു. “എല്ലാ മരണത്തിലും ഇതൊക്കെ കാണണമെന്ന് നിർബന്ധമൊന്നുമില്ല. നീ വലിയ ഷെർലക് ഹോംസ് ആവാൻ നോക്കണേന്റ കുഴപ്പമേ ഇവിടൊള്ളൂ!”
പറഞ്ഞിട്ടവളൊരു നാലിന്റെ സ്പേയ്ഡിറക്കി ചീട്ട് മടക്കി. എനിക്ക് പിന്നെയും ദേഷ്യം വന്നു.
“തൂങ്ങി മരണമാണെങ്കിൽ ഇതൊക്കെ കാണും. ഉറപ്പാണ്…”
ഞാൻ വലതു കൈ മേശപ്പുറത്ത് അടിച്ചു കൊണ്ടാണത് പറഞ്ഞത്. എന്നിട്ട്, പ്രിയംവദയെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ജൂലിയാണതിന് മറുപടി പറഞ്ഞത്,
“നീ പഠിച്ചതൊക്കെ തന്നെയാണ് ഞങ്ങളും പഠിച്ചത്. എല്ലാം കാണണമെന്ന് ഒരു നിർബന്ധവുമില്ല. വെറുതെ തർക്കിക്കണ്ടാ…”
സംസാരിക്കുന്നതിനിടയിൽ ഉദ്ദേശിച്ച ചീട്ടല്ലാ താനിറക്കിയതെന്ന് കണ്ട് ‘ഓ നാശം’ എന്നൊരു ശബ്ദം കൂടി ജൂലിയിൽ നിന്നുണ്ടായി. നിനക്ക് അങ്ങനെ തന്നെ വേണം, ഞാൻ മനസിലോർത്തു. ഞാൻ കസേരയിൽ നിന്നും ചാടിയെണീറ്റു.
“തർക്കിക്കുന്നത് ഞാനല്ലാ, നിങ്ങളാണ്. മണ്ടികൾ. മണ്ഡൂകങ്ങൾ. വെറും കഴുതകൾ.”
അപ്പോൾ ഫൗസിയ പറഞ്ഞു, “അതേയ്, കുറേ നേരമായി സഹിക്കുന്നു. വാക്കുകളൊക്കെ സൂക്ഷിച്ച് ഉപയോഗിക്കണം. കേട്ടല്ലോ.” എന്നിട്ട് ആത്മഗതം പോലെ തുടർന്നു, “അവളു പിന്നെ കുറേ തൂങ്ങിച്ചത്ത് ശീലമുള്ളതല്ലേ.”
എനിക്കത് കേട്ടപ്പോൾ കാലിൽ നിന്നും ഒരു വിറയൽ തലയിലേക്ക് കയറുന്ന പോലെ തോന്നി. എൻ്റെ മുഖമാകെ ചുവന്നു. രേവതി, എന്റെ കൈയിൽ പിടിച്ച് തിരികെ ഇരുത്താൻ വെറുതേ ശ്രമിക്കുന്നുണ്ടായിരുന്നു.
“എനിക്ക് തൂങ്ങിച്ചത്ത് ശീലമൊന്നുമില്ല. പക്ഷെ ചത്തവരെ കണ്ട് നല്ല ശീലമാണ്. കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന അച്ഛന്റെ കാൽക്കീഴിൽ ഒരു രാത്രി മുഴുവൻ ഇരുന്ന് ശീലിച്ച് തുടങ്ങിയതാണ്. അതും എനിക്കേഴ് വയസുള്ളപ്പൊ.”
ചീട്ടുകളി വേദി പെട്ടെന്ന് നിശബ്ദമായി. പലരും പരസ്പരം നോക്കിയും നോക്കാതെയും ഞാൻ പറഞ്ഞതിൽ അതിശയപ്പെടുന്നത് കണ്ടു. ഞാൻ ശബ്ദം താഴ്ത്തി തുടർന്നു,
“എനിക്കും ചേട്ടനും കുറേ ഉള്ളിവടയും വാങ്ങി വന്നതാണന്ന് അച്ഛൻ. കഴിച്ചിട്ട് പോയി കളിക്ക് മക്കളേയെന്ന് പറഞ്ഞ് അകത്തേക്ക് പോകുന്ന കണ്ടു. കുറച്ചു കഴിഞ്ഞ് നോക്കുമ്പോ…”
എന്റെ കഴുത്തിന് മുന്നിലെ ശ്വാസനവാഹി കുഴൽ വായു കിട്ടാതെയോ വാക്ക് കിട്ടാതെയോ മേലേക്കും താഴേക്കും ചലിച്ചുകൊണ്ടിരുന്നു. കഷ്ടപ്പെട്ട് ശ്വാസമെടുത്തിട്ട് ഞാൻ തുടർന്നു,
“അന്ന് ഞാനും ചേട്ടനും നേരം വെളുക്കും വരെ അച്ഛന്റെ കാൽക്കീഴിൽ ആ മൂത്രത്തിൽ കുതിർന്ന് കാവലിരുന്നു. എനിക്കാദ്യം പേടിയായിരുന്നു. അപ്പൊ ചേട്ടൻ പറഞ്ഞു, നമ്മുടെ അച്ഛനല്ലേ. പേടിക്കണ്ടാന്ന്..”
ഇപ്പോൾ എന്റെ നേർത്ത കിതപ്പ് മാത്രം വാചാലമായി ആ മുറിയിൽ തങ്ങി നിൽക്കുന്നത് എനിക്കറിയാം. അത്രയും നിശബ്ദത. കളിക്കാർക്കിടയിൽ അടുത്താരാണ് ചീട്ടിറക്കേണ്ടതെന്നൊരു ആശങ്കയും അൽപ്പനേരം താളം ചവിട്ടി.
“നമുക്കീ വിഷയം വിടാം.” കളി പുനരാരംഭിച്ചു കൊണ്ട് ജൂലി പറഞ്ഞു.
“അതെ. സോറി നിള. ഇതൊന്നും ഇവിടാർക്കും അറിയില്ലായിരുന്നു. നിന്നെ വിഷമിപ്പിക്കാനൊന്നും പറഞ്ഞതല്ല. നീ വാ നമുക്ക് മറ്റെന്തെങ്കിലും പറയാം.”
പ്രിയംവദ എന്റെ തോളിൽ കൈയിട്ട് ചേർത്തു പിടിച്ചു. പക്ഷേ, എന്റെ മുഖം പതിവിലധികം ചുവന്നു.
“അല്ലെങ്കിലും ഞാനെന്തെങ്കിലും കാര്യം പറഞ്ഞു വരുമ്പോ നിങ്ങളെല്ലാം എന്നും ഇങ്ങനെ തന്നെ. ഉടനെ വിഷയം മാറ്റും.”
അതുകേട്ട ഫൗസിയയും ജൂലിയും നെറ്റിയിൽ കൈവച്ചു. പ്രിയംവദ നിസഹായയായി നെടുവീർപ്പെട്ടു.
“എന്റെ പൊന്നു നിളാ, മരണത്തെ പറ്റിയല്ലാതെ വേറൊന്നും നിനക്ക് പറയാനില്ലല്ലോ. അതു കേൾക്കാനും ചർച്ച ചെയ്യാനും ഇവിടാർക്കും താൽപ്പര്യമില്ല. അത്രേയുള്ളൂ.”
ഏത് കലപില സദസിലും സൈലന്റായിരിക്കാറുള്ള രേവതിയാണത് പറഞ്ഞത്. പറഞ്ഞിട്ടവൾ എഴുന്നേറ്റ് ജനൽ പടിയിൽ വച്ചിരുന്ന കൂജയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം പകർന്ന് വേഗത്തിൽ കുടിക്കുകയും ചെയ്തു. നിനക്കിത്രയും ശബ്ദമുണ്ടോ ഞാഞ്ഞൂലേ, ഞാൻ മനസ്സിൽ ചോദിച്ചു.
അപ്പോൾ പ്രിയംവദ പറഞ്ഞു, “ശരി, നീ കണ്ടിട്ടുള്ള ഒരു സംഭവം അങ്ങനെയായിരുന്നു. അതിലാർക്കും തർക്കമില്ല. പക്ഷേ, എല്ലാ സൂയിസൈഡിലും അങ്ങനെ ആവില്ലെന്നാണ് നമ്മളീ പറയുന്നത്. മാത്രമല്ല ഇതൊരനാവശ്യ ചർച്ചയാണ്. സോ ലീവ് ഇറ്റ്.”
“അനാവശ്യ ചർച്ചയോ? ഒരു സംഭവമോ? അതുകൊള്ളാം.” ഞാൻ പിന്നെയും ചാടിയെണീറ്റു. എന്നിട്ട് ശബ്ദം താഴ്ത്തി പതിയെ തുടർന്നു,
“കളിപ്പാട്ടക്കടകളിൽ കഴുത്തിൽ കുരുക്കിട്ട് ഒരേ നൂലിൽ കോർത്തിട്ടേക്കുന്ന പാവകളെ കണ്ടിട്ടില്ലേ? ഏതാണ്ട് അതുപോലെ തന്നെയുള്ളൊരു കാഴ്ച. ആരാന്നറിയാമോ? എന്റെ ചേട്ടനും അവന്റെ കൂട്ടുകാരനും. രണ്ടാളും കൂടി ഒരു മുണ്ടിന്റെ രണ്ടറ്റത്ത്. ആ കാഴ്ച ആദ്യം കണ്ടതും ഞാനാണ്. അതൊരു അപൂർവ്വമായ കാഴ്ച തന്നെയായിരുന്നു.”
പറഞ്ഞു നിർത്തിയിട്ടും ഞാൻ പ്രിയംവദയെ തന്നെ നോക്കിയിരുന്നു. അവൾ പെട്ടെന്ന് മുഖം വെട്ടിച്ചു.
നിമിഷങ്ങൾ കഴിഞ്ഞിട്ടും ആരുമൊന്നും മിണ്ടാത്തതിനാൽ ഞാൻ ഹോസ്റ്റൽ മുറിയുടെ മൊസൈക്ക് തറയിലേക്ക് നോക്കി പറഞ്ഞു,
“ചേട്ടനത് ചെയ്യുമെന്ന് ഞാൻ നേരത്തേ ഊഹിച്ചതാ. അമ്മയും ഇടയ്ക്കിടെ പറയുമായിരുന്നു, അവനച്ഛന്റെ തനിപ്പകർപ്പാന്ന്.”
“അയ്യോ, ഒന്ന് നിർത്തെന്റെ നിളാ. എനിക്കിമ്മാതിരി കാര്യങ്ങൾ കേൾക്കുന്നത് തന്നെ ഇറിറ്റേഷനാണ്. ഇതുപോലുള്ള വാർത്തകൾ ടിവിയിൽ കണ്ടാൽ പോലും എന്റെ മൂഡ് പോവും.”
രേവതിയുടെ ശബ്ദം സ്വതവേ നേർത്തതാണ്. ഇതു പറയുമ്പോൾ അത് നേർത്ത് നേർത്ത് അങ്ങില്ലാതാവുന്നതു പോലെയായി. പക്ഷെ ആ നേർത്ത ശബ്ദത്തിലും അവൾ തുടർന്നു,
“എന്റെ അച്ഛനും ഇങ്ങനെയാണ് മരിച്ചത്. അന്ന് ഞാൻ കുഞ്ഞായിരുന്നു. അച്ഛൻ ഗൾഫിലായിരുന്നതിനാൽ ബോഡി പോലും ഞങ്ങളാരും കണ്ടില്ല. അച്ഛന്റെ ഒരു അനിയനുണ്ടായിരുന്നു, ഇതുപോലെ ശ്രമിച്ച് പരാജയപ്പെട്ട് കുറേക്കാലം കിടന്ന് നരകിച്ചിട്ടാണ് മരിച്ചത്. അതുകൊണ്ട് എനിക്കിതൊക്കെ കേൾക്കുമ്പോ തന്നെ സങ്കടമാണ്. ഇങ്ങനെ വല്ലാതെ എക്സ്പ്ലേയ്ൻ ചെയ്ത് പറയുന്നത് കേൾക്കുമ്പോ അതുപോലങ്ങ് മരിച്ചാലോന്ന് വരെ തോന്നിയിട്ടുണ്ട്.”
അവളിപ്പൊ കരയുമെന്ന് തന്നെ എല്ലാവർക്കും തോന്നി. അതുകൊണ്ട് പിന്നീടുള്ള ഏതാനും നിമിഷങ്ങൾ എല്ലാവരും സൈലന്റായിരുന്നു. അൽപ്പം കഴിഞ്ഞ് പ്രിയംവദ കൃത്രിമമായ ഒരുത്സാഹത്തോടെ പറഞ്ഞു,
“ഫ്രണ്ട്സ് ഇതെന്റെ ലാസ്റ്റ് ചീട്ടാണ്. അപ്പൊ ഈ കളിയിലും കഴുത ഫൗസിയ തന്നെ. ചില ദിവസം ചിലരുടേതാണ് ഫൗസി. വി ആർ ഹെൽപ് ലെസ്.”
പ്രിയംവദ ചിരിച്ചുകൊണ്ട് ഫൗസിയയുടെ തോളിൽ തട്ടി. എല്ലാവരും ആ ചിരിയിൽ പങ്കു ചേർന്നു, ഞാനും രേവതിയും ഒഴികെ. ഞാൻ തറയിലേക്ക് തന്നെ നോക്കിയിരുന്നു. എന്നിട്ടാരോടെന്നില്ലാതെ പറഞ്ഞു.
“എനിക്കുറപ്പാണ്, ആ ഓട്ടോക്കാരൻ അങ്ങനല്ല മരിച്ചത്.”
ആരും ഒന്നും മിണ്ടിയില്ല. ഫൗസിയ കാർഡുകൾ എല്ലാമെടുത്ത് വെറുതേ ഷഫിൾ ചെയ്തു കൊണ്ടിരുന്നു. ജൂലി മൂത്രമൊഴിക്കാൻ പോയി. പ്രിയംവദ ഫോണിലെന്തോ തെരഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് രേവതിയൊരു കസേര വലിച്ചിട്ട് എനിക്ക് അഭിമുഖമായിട്ടിരുന്നു. ഞാൻ തലയുയർത്തിയപ്പോൾ അവൾ കണ്ണു ചിമ്മാതെ എന്നെ തന്നെ നോക്കിയിരിക്കുന്നു. എന്നിട്ട് പതിയെ ചോദിച്ചു,
“നീ കണ്ടിട്ടുണ്ടോ, ആരെങ്കിലും സൂയിസൈഡ് ചെയ്യുന്നത്?”
ഫൗസിയയും പ്രിയംവദയും ഞെട്ടലോടെയാണ് ആ ചോദ്യം കേട്ടത്.
“ഉണ്ട്.”
അങ്ങനൊരു ചോദ്യം തീരെ പ്രതീക്ഷിച്ചില്ലെങ്കിലും ഞാൻ കൂസലില്ലാതെ പറഞ്ഞു. എന്റെ മറുപടിയിൽ മൂന്ന് പേരും ഞെട്ടിയതു പോലെ എനിക്ക് തോന്നി. ജൂലി അപ്പോഴേക്കും തിരിച്ചെത്തിയിരുന്നു.
“നീയിനി അടുത്ത കഥ പറയാൻ പോകുവാണോ?”
പ്രിയംവദ ദേഷ്യത്തിൽ എന്നെ നേരിട്ടു.
“ഇതൊന്നും കഥയല്ലാ. ഇല്ലാക്കഥ പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നത്ര ചീപ്പല്ല നിള. അത്രയ്ക്ക് ധൈര്യമില്ലാത്തവർ കേൾക്കണ്ടാ.”
“നീ പറ” രേവതി എന്നെ കേൾക്കാൻ ശ്രദ്ധയോടെ മുന്നോട്ടാഞ്ഞിരുന്നു. മറ്റുള്ളവരുടെ മുഖഭാവങ്ങൾ ഞാൻ ശ്രദ്ധിക്കാൻ പോയില്ല. ഞാൻ ഒന്ന് ശ്വാസമെടുത്തിട്ട് പറഞ്ഞു തുടങ്ങി.
“ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ്. ഓണപ്പരീക്ഷകൾ തുടങ്ങിയ സമയം. ഞാൻ വീട്ടിലെന്റെ മുറിയിലിരുന്ന് പഠിക്കുവായിരുന്നു. രാവിലെ ഒരു പത്തു മണി ആയിട്ടുണ്ടാവും. അപ്പോഴുണ്ട് ഒരു ബഹളം കേൾക്കുന്നു. എന്റെ വീടിന് കുറച്ചപ്പുറത്തെ വീട്ടിലെ രണ്ടു പയ്യന്മാരാണ്. ചേട്ടനും അനിയനും. അവർ തമ്മിൽ എന്തോ പറഞ്ഞ് വഴക്ക് കൂടുകയാണ്. അനിയൻ എന്റെ കൂടെ പഠിക്കുന്നതായിരുന്നു. എന്റെ ജനലിലൂടെ നോക്കിയാൽ അവിടെ നടക്കുന്നതെല്ലാം വ്യക്തമായി കാണാം. അവർ പറയുന്നത് അവ്യക്തമായി കേൾക്കാം. ഏതോ ഉടുപ്പ് മാറിയെടുത്തതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു എന്നാണ് ഓർമ്മ. അനിയന്റെ ഉടുപ്പ് ചേട്ടനെടുത്തതോ തിരിച്ചോ ആണ്. കുറേ നേരത്തെ തർക്കത്തിനൊടുവിൽ അനിയൻ ചേട്ടന്റെ മുഖത്തടിച്ചു. അവൻ താഴെ വീണു. എന്നിട്ടും ദേഷ്യത്തിലായിരുന്ന അനിയൻ കൈയിലിരുന്ന ഷർട്ട് തറയിലെറിഞ്ഞ് വേഗത്തിൽ പുറത്തേക്ക് പോകുന്നത് കണ്ടു. പിടഞ്ഞെണീറ്റ ചേട്ടൻ അതിലും വേഗത്തിൽ എന്തോ പറഞ്ഞുകൊണ്ട് വീടിനകത്തേക്കു കയറിപ്പോയി. അവന്റെ മുറിയിൽ ചെന്ന് വെപ്രാളത്തിൽ ഒരു സാരിയോ കൈലിയോ മറ്റോ കൊണ്ടൊരു കുടുക്കുണ്ടാക്കി. കസേരയിൽ കയറി അത് സീലിംഗിലെ ക്ലാമ്പിൽ കെട്ടി. എന്നിട്ടാ കുടുക്കിനുള്ളിലേക്ക് കയറി. ഠും! ഒരു പിടച്ചിൽ. ഏതാനും നിമിഷങ്ങൾ കൊണ്ട് എല്ലാം കഴിഞ്ഞു. വാതിലുകളില്ലാത്ത അവരുടെ ജനലിലൂടെ എനിക്കെല്ലാം കാണാമായിരുന്നു. പക്ഷെ ഞാനനങ്ങിയില്ല. കുറേനേരം ഞാനവനെ തന്നെ നോക്കിയങ്ങനെ നിന്നു. രണ്ട് ജനലുകൾക്ക് അപ്പുറവും ഇപ്പുറവും അവനും ഞാനും മാത്രം. ഒരു അരമണിക്കൂർ എങ്കിലും ഞങ്ങൾ അങ്ങനെ നിന്നു കാണും. അവന്റെ അമ്മ ചന്തയിലോ മറ്റോ പോയിട്ട് നടന്നു വരുന്നത് കണ്ടപ്പോൾ ഞാനെന്റെ ജനാല വാതിൽ പെട്ടെന്ന് വലിച്ചടച്ചു. എന്നിട്ട് അവിടുന്ന് നിലവിളി കേൾക്കുമ്പോൾ അങ്ങോട്ടേക്ക് ഓടാനായി മുഷിഞ്ഞ ഡ്രസൊക്കെ മാറ്റി, മുടിയൊക്കെ കെട്ടി റെഡിയാവാൻ തുടങ്ങി.”
ഞാൻ പറഞ്ഞു നിർത്തി. ആരും മിണ്ടിയില്ല. ആരും അനങ്ങുന്നു പോലുമില്ല. ഒരു ശ്വാസോച്‌ഛ്വാസം കൊണ്ടുപോലും മുറിയിലെ നിശബ്ദതയെ ഉണർത്തരുതെന്ന വാശിപോലെ.
“എന്നിട്ട്?”
രേവതി വീണ്ടും പതിയെ ചോദിച്ചു.
“എന്നിട്ട് ഞാൻ…”
“കോപ്പ് ഇതൊന്ന് നിർത്താമോ?”
ഫൗസിയ കൈയിലിരുന്ന ചീട്ടുകെട്ട് മേശപ്പുറത്തേക്കെറിഞ്ഞു കൊണ്ട് ശബ്ദമുയർത്തി. ഒരു മുട്ടൻ തെറിയുടെ അകമ്പടിയോടെയാണ് അവളത് പറഞ്ഞതും. ഏയ്സും ജോക്കറും മേശപ്പുറത്തൂന്ന് പാറിവന്ന് എന്റെ കാൽക്കൽ വീണു. രേവതി പെട്ടെന്ന് ചാടിയെണീറ്റു.
“അതിന് നീയെന്തിനാ തെറി വിളിക്കുന്നെ ഫൗസിയാ? മര്യാദയ്ക്ക് സംസാരിക്കണം. കളിയിൽ തോറ്റതിന്റെ ദേഷ്യം എന്നോട് കാണിക്കരുത്.”
ഇന്നോളം സൗമ്യമായി മാത്രം സംസാരിച്ചിരുന്ന രേവതിയുടെ ആ പ്രതികരണം ആരും പക്ഷെ പ്രതീക്ഷിച്ചില്ലായിരുന്നു. അതിന്റെ നടുക്കത്തിൽ ഫൗസിയയും എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങി. എങ്കിലും അവൾ പറഞ്ഞു,
“നീയല്ലേ പറഞ്ഞത് നിനക്കിതൊക്കെ കേൾക്കുമ്പോ ഇറിറ്റേഷനാണ്, ടെംപ്റ്റേഷനാണ് തേങ്ങയാണെന്നൊക്കെ. എന്നിട്ടിപ്പൊ…”
രേവതി ഫൗസിയയ്ക്ക് നേരെ കൈ ചൂണ്ടി നിന്ന് വിറച്ചു. വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല.
“അതിന്? അതിന് നിനക്കെന്താ?”
രേവതിക്ക് ദേഷ്യപ്പെടാൻ പോലും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അവളുടെ മെലിഞ്ഞ കൈകൾ ബ്രഷ് പിടിച്ച് ചിത്രം വരയ്ക്കുന്നത് പോലെ വിറയ്ക്കുന്നത് എനിക്ക് കാണാം. അവൾ കാലുകൊണ്ട് പിറകിലോട്ട് ചവിട്ടി താനിരുന്നിരുന്ന കസേര മറിച്ചിട്ടിട്ട് ആ മുറിയിൽ നിന്നും വേഗത്തിലിറങ്ങി പോയി. രേവതിയുടെ മുറിയുടെ വാതിൽ ഉച്ചത്തിൽ അടയുന്ന ശബ്ദം ആ കെട്ടിടത്തെ ആകെ പ്രകമ്പനം കൊള്ളിച്ചു. ഇപ്പോഴും പുറത്തെ തട്ടുകടയിൽ നിന്നും ഹോസ്റ്റലിലേക്ക് നോട്ടങ്ങളെത്തിയിട്ടുണ്ടാവും, ഞാനോർത്തു.
പിന്നെ, ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ഒന്നും ചോദിക്കാനുമുണ്ടായിരുന്നില്ല. ഞാനൊഴികെ മൂവരും പരസ്പരം മാറിമാറി നോക്കി മിണ്ടാതിരുന്നു. ഞാൻ രേവതി തട്ടിമറിച്ചിട്ടു പോയ തടി കസേരയിലേക്ക് തന്നെ നോക്കിയിരുന്നതേയുള്ളു. വീഴ്ചയിൽ അതിന്റെ കാലൊന്ന് ഇളകിയിട്ടുണ്ട്. കുറേ നേരം കഴിഞ്ഞപ്പൊ പ്രിയംവദ ചോദിച്ചു,
“വെറുതെയിരിക്കാതെ, ഒരു കഴുത കൂടി ആയാലോ?”
“അയ്യോ, ഞാനിനി ഇല്ലേ.” ഫൗസിയ തൊഴുതു.
“എന്നാ സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞ് അഞ്ചാറ് ബിയർ വാങ്ങിപ്പിച്ചാലോ.” ജൂലി മൊബൈൽ ഫോൺ തള്ള വിരലിനും നടുവിരലിനും ഇടയിൽ പിടിച്ച് കറക്കിക്കൊണ്ട് ചോദിച്ചു.
“അതുകൊള്ളാം. ഗുഡ് ഐഡിയ. വേണ്ടാത്തതൊക്കെ കേട്ട് മനുഷ്യന്റെ തലയാകെ മരവിച്ചിരിക്കുവാ. ബിയറോ ഹോട്ടോ ഉള്ള ബോധം കളയുന്ന എന്ത് കുന്തമായാലും മതി.” ഫൗസിയയും പിന്താങ്ങി.
“ഞാൻ പണ്ടേ റെഡി.” പ്രിയംവദ കൂട്ടിച്ചേർത്തു.
“നിളാ നിനക്കേതാ? ബിയറ് തന്നെ പോരേ?”
ജൂലി എന്റെ നേർക്ക് തിരിഞ്ഞത് ഞാനറിയുന്നുണ്ട്. പക്ഷെ ഞാനപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ച്, കാതു കൂർപ്പിച്ചിരിക്കുകയാണ്. എന്റെ മനസിലൂടെ സമയസൂചി പതിയെ, വളരെ പതിയെ ശബ്ദമുണ്ടാക്കി നീങ്ങുന്നു. ഞാൻ പ്രതീക്ഷയോടെ നിമിഷങ്ങൾ എണ്ണിക്കൊണ്ടിരുന്നു. ടിക് ടിക് വൺ, ടിക് ടിക് ടൂ, ടിക് ടിക്…