“ഇന്നലെ ഉച്ചയ്ക്കത്തെ ഈ അപൂര്‍വ്വഫ്രെയിമിലേക്ക് ഒരു കരിയിലപോലും വീണ് ശല്യമുണ്ടാക്കിയില്ല.ഭാഗ്യം! “നിഷ നാരായണന്‍ എഴുതിയ കവിത
അതൊരു പൂച്ചയും
എലിയും തമ്മിലുള്ള നോട്ടമായിരുന്നു.
പൂച്ച, ആ പറമ്പിലെ യമണ്ടനും
എലി ചെറിയോനൊരു
വെള്ളെലിയുമായിരുന്നു.
അത് മരത്തിലും
പൂച്ച താഴെയൊരിരുമ്പുപാത്രത്തിന്റെ
പുറത്തുമായിരുന്നു.
അതൊരു കണ്ണുകോര്‍ക്കലായിരുന്നു.
മഴ ചാറിയിരുന്നു,
ഒരു കാക്കക്കൂട്ടം
പറന്നിറങ്ങിയിരുന്നു,
അപ്പുറത്തെ തടിയറുപ്പ് മില്ല്
മുറുമുറുശബ്ദമുണ്ടാക്കിയിരുന്നു,
ഒരു പേരയ്ക്ക
പഴുത്തുവീഴാറായിരുന്നു,
നോക്കിനോക്കി
ഒരു നിഗൂഢനിമിഷത്തില്‍
എലി,
മരം വിട്ടുതാഴോട്ടുവീണിരുന്നു,
പൂച്ച,
ഇരുമ്പുപാത്രം വിട്ട്
മുകളിലോട്ടുപോയിരുന്നു,
പ്രപഞ്ചത്തിലെവിടെയോ അവര്‍
ഏറെനേരം
കോര്‍ത്തുകിടന്നിരുന്നു.
ഇന്നലെ ഉച്ചയ്ക്കത്തെ
ഈ അപൂര്‍വ്വഫ്രെയിമിലേക്ക്
ഒരു കരിയിലപോലും വീണ്
ശല്യമുണ്ടാക്കിയില്ല.ഭാഗ്യം!