കണ്ണുതുറന്ന് തല ചെരിച്ച് തൊട്ടപ്പുറത്തുള്ള മൊബെലെടുത്ത് സുസ്മേഷ് നെറ്റോണാക്കി. പത്തഞ്ഞൂറ് മെസ്സേജുകൾ പല ഗ്രൂപ്പുകളിലായ് വന്നുനിറഞ്ഞു. ഒന്നോടിച്ച് നോക്കി ഫോണിന്റെ തല കമിഴ്ത്തി എഴുന്നേറ്റ് മുണ്ടുടുത്ത് കാൽ നിലത്തുവെച്ചതും ചത്തു കിടക്കുന്ന എന്തിനെയോ ചവിട്ടിപ്പോയതുപോലെ അയാൾ കട്ടിലിലേക്ക് തെള്ളി ഇരുന്നുപോയി. പെട്ടെന്ന് തന്നെ ചവിട്ടിപ്പോയ സാധനത്തിലേക്ക് നോക്കിയതും ഇതുവരെ ചവിട്ടിയിട്ടില്ലാത്തൊരു തീട്ടത്തിന്റെ മണം നെഞ്ചിലേക്കിരച്ചുകേറി. സംശയിച്ച് സുസ്മേഷ് വേഗത്തിൽ മുണ്ട് വലിച്ച് മാറ്റി. മുറിഞ്ഞ് ചോരവറ്റി കറുത്തുകിടക്കുന്ന തന്റെ ആണത്തത്തിന്റെ ഇടിഞ്ഞ കുരിശ് കണ്ട് രണ്ട് കീരികൾ അണ്ണാക്ക് മാന്തി കടന്നുപോയി. നിലത്ത് വീണുകിടക്കുന്ന മുപ്പത്തിനാലുകാരന്റെ ശിശ്നം, ചത്തുമലച്ച ഒരു കൂറ്റൻ ചേരട്ടയെപ്പോലെ അയാളെ നോക്കി ബാക്കിയുള്ള ജീവനിലേക്ക് ആവികേറ്റി. സുസ്മേഷ് പതിയെ ഇരുന്നു.
ഭൂമിയിലേക്ക് എല്ലായ്‌പ്പോഴും തൂങ്ങിക്കൊണ്ടിരുന്ന വാൾ അതിന്റെ ചില്ലയിൽ നിന്ന് ഒടിഞ്ഞു വീണിരിക്കുന്നു. തൊട്ടുമുമ്പിൽ കിടക്കുന്ന തന്റെ തന്നെ കേന്ദ്ര ഭരണപ്രദേശകളിലൊന്നായിരുന്ന ആ മാംസകഷ്ണത്തെ തൊട്ടതും എന്തെന്നില്ലാത്ത ഒരെരിച്ചിൽ അടിവയറ്റിനു താഴെയുണ്ടായി.
എന്നാലും എന്തായിരിക്കും സംഭവിച്ചത്?
ആരാണിത് മുറിച്ച് കളഞ്ഞത്?
ഇത്രയും പോന്നൊരു ഭാഗം മുറിഞ്ഞുവീണിട്ടും ഞാനറിയാതെ പോയതെന്താണ്?
ഇങ്ങനെയൊരു അത്യാഹിതം നടന്നിട്ടും പുതപ്പിലോ കിടക്കിയിലോ അധികം ചോരപോലും വന്ന് വീഴാത്തതെന്താണ്?
ചോളാപ്പൊരിപോലെ വിരിഞ്ഞിറങ്ങുന്ന കുറേയധികം ചോദ്യങ്ങളെ നേരിടാനാവാതെ സുസ്മേഷ് ഒരിടർച്ചയോടെ അവിടെത്തന്നെ നിന്നുപോയി.
വൈകിയെങ്കിലും ഒന്ന് ഉച്ചത്തിൽ നിലവിളിച്ചാലോ എന്നൊരു മുട്ട് അയാളുടെ ഉള്ളിൽ കിടന്ന് കറങ്ങിത്തിരിഞ്ഞു. അങ്ങനെയെങ്കിൽ സംസ്ഥാനതലത്തിൽ തന്നെ നാണക്കേടേറ്റ് വാങ്ങേണ്ടി വരുമെന്നും, വരുന്നവർക്കും പോകുന്നവർക്കുംവരെ കൂട്ടിലിട്ട തത്തയെ പുറത്തെടുത്ത് കാട്ടുംപോലെ മുറിഞ്ഞതിന്റെ ബാക്കി കാണിച്ചു കൊടുക്കേണ്ടിവരുമെന്നും പണ്ടെങ്ങോ വിഴുങ്ങിയ പൂച്ചക്കൊല്ലിയുടെ മുള്ള് സുസ്മേഷിന്റെ നട്ടെല്ലിൽ കുത്തിപ്പറഞ്ഞു. എന്തെങ്കിലും കുറച്ച് കിട്ടിയാൽ നാട്ടുകാരുണ്ടാക്കാൻ സാധ്യതയുള്ള മുഴുവൻ മഹാഭാരതവും ആലോചിച്ചുറപ്പിക്കാൻപോലും തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് അയാൾക്കറിയാമായിരുന്നു. പുറത്തറിയിക്കാതെ എത്രനാൾ ഒളിപ്പിച്ചുവെക്കുമെന്നും പുറത്തായാൽ നിരോധിച്ച നോട്ടിന്റെ വിലപോലുമുണ്ടാവില്ലെന്നും സുസ്മേഷ് ഹരിച്ചുകൂട്ടി.
തൊട്ടടുത്ത നിമിഷം അമ്മ ആർത്തു.
“എന്താ നിനക്കിന്ന് പോണ്ടേ?”
തിരിച്ചൊന്നും പറയാനാവാതെ അയാൾ നിലത്ത് സുഖമായുറങ്ങുന്ന തന്റെ കുറ്റിയറ്റ വംശവർദ്ധനനെ കൈയ്യിലെടുത്തു. പെറ്റുവീണ ഒരെലിക്കുട്ടിയെ പ്പോലെ ഇപ്പഴും അതിനുള്ളിൽ നിന്ന് ജീവൻ പിടക്കുന്നെന്ന് ആ മുപ്പത്തിനാ ലുകാരന് തോന്നി.
രാത്രി ഒരാരോഗ്യപ്രശ്നവുമില്ലാതെ കിടന്നുറങ്ങിയ ഒരു യുവാവിൻ്റെ ശിശ്നം ഒരൊച്ചയും വേദനയുമില്ലാതെ മുറിച്ചുകളഞ്ഞവൻ ആരാവും?
സുസ്മേഷ് പാതിതുറന്ന ജനവാതിലിലൂടെ നോക്കി.
ഇന്നലെ ഇതുവഴി വല്ല വെട്ടുകിളികളങ്ങാൻ വന്നു കാണുമോ? അതുമല്ലെങ്കിൽ ചുക്കുമണികൾ തന്നത്താൻ മുറിഞ്ഞുവീഴുന്ന വിചിത്രമായ അസുഖം വല്ലതും നാട്ടിൽ തുടങ്ങിയോ?
സുസ്മേഷ് മുറിഞ്ഞുവീണ ഇറച്ചിക്കഷ്ണം പതിയെ കിടക്കയിൽ വെച്ച് കൈയ്യേന്തി മൊബൈലെടുത്ത് ഗൂഗിൾ ചെയ്തു. രണ്ടു ദിവസം മുമ്പു കൂടി പത്രം വായിച്ചതാണ്. ഇത്തരത്തിലൊരു ദുരന്തവും കണ്ണിൽ പെട്ടിട്ടില്ല. ഇനി ആളുകൾ അത്യാഹിതം നടന്നുകഴിഞ്ഞിട്ടും പുറത്തറിയിക്കാതെ ഒളിപ്പിക്കുന്നതാകുമോ? നാട്ടിലിത് നഷ്ടപ്പെട്ടവർ വേറെയും കാണുമോ?
അയാൾ ഫോണവിടെ വെച്ച് തിരിഞ്ഞതും നോട്ടം ചുമരിൽ സഭാകമ്പത്തോടെ ചിരിച്ചുനിൽക്കുന്ന രശ്മിയുടെ ഫോട്ടോയിൽ ചെന്നുതട്ടി. ഫോൺ വിധുപ്രതാപായ് പാടി. അയാൾ വീണ്ടും ഫോൺ കൈയിലെടുത്തു.
“ഇണീറ്റോ?”
“ഉം.”
“എനിക്കെന്തോ പോലെ. ദിവസം കയ്യുന്തോറും… സെമൻ അനാലിസിസ് ചെയ്തപ്പോഴും കൗണ്ട് കുറവല്ലേ?”
“ഉം.”
“നിങ്ങളെന്താ ഒന്നും പറയാത്തത്?”
“ഒന്നുല്ല. ബാക്കി ചെയ്താലല്ലേ അറിയൂ. നമുക്ക് നോക്കാം.”
“ഉം. ചായ കുടിച്ചോ?”
“ഇല്ല.”
“ന്നാ ചെന്ന് കുടിച്ചോ? ഞാൻ പിന്നെ വിളിക്കാം.”
അവൾ ഫോൺ വെച്ചതും ഓർമയുടെ ഹോട്ട്സ്പോട്ട് അടിവയറ്റിലേക്കും ഉരുണ്ടു ചെന്നു.
രണ്ടാഴ്ച. കൃത്യം പറഞ്ഞാൽ വരുന്ന മൂന്നാം ശനിയാഴ്ച ഓപ്പറേഷനാണ്.
ആറു കൊല്ലം കഴിഞ്ഞിട്ടും കുട്ടികളാവാത്തതിന്റെ കാരണമറിയാനാണ് സുസ്മേഷ് രശ്മിയെ കാണിച്ചുതുടങ്ങുന്നത്. പി സി ഒ ഡിയുടെ ചില തലതിരിയൻ പ്രശ്നങ്ങൾ അവൾക്കുണ്ടായിരുന്നു. അങ്ങനെ വല്ലതുമായിരിക്കുമെന്നാണ് അയാളും അവളുടെ വിശേഷത്തിൽ പി എച്ച് ഡി ചെയ്യുന്ന സമൂഹവും കരുതിയത്. അതിനും വേണ്ടി രശ്മി കുറേ മരുന്നുകൾ കുടിക്കുകയും ചെയ്തു. എന്നിട്ടും പരിഹരിക്കപ്പെട്ടില്ല. അങ്ങനെയാണ് സുസ്മേഷിനെ കാണിക്കുന്നത്. സെമൻ അനാലിസിസ് ചെയ്തപ്പോഴാണ് കാര്യം വ്യക്തമാകുന്നത്. കൗണ്ട് കുറവാണ്. അങ്ങനെ മരുന്ന് കുടിച്ചു. ഒടുക്കം ഐ വി എഫ് എന്ന വഴി മുമ്പിൽ വന്നു നിന്നു. അതിനുവേണ്ടി ബീജമെടുക്കാനുള്ള ഓപ്പറേഷനാണ്.
സുസ്മേഷ് പതിയെ എഴുന്നേറ്റു. അനക്കാതെ വെച്ച കാലിൽ കുറേയധികം നേരമായി കടിച്ചോണ്ടിരിക്കുന്ന കൊതുക് കാലിളക്കിയതും ചെറുതായ് പറന്ന് നിലത്ത് വന്ന് നിന്നു. അതിന്റെ വയറ്റിൽ എ പോസിറ്റീവ് രക്തം മുന്തിരി ജൂസ് പോലെ മയങ്ങിക്കിടക്കുന്നു.
കണ്ണാടിയിൽ എന്തെങ്കിലും കുറവ് ഇപ്പോഴും തനിക്കുള്ളതായി തോന്നുന്നില്ലെന്നത് സുസ്മേഷിൽ ആത്മവിശ്വാസം നിറച്ചു.
എങ്ങനെയും ഈ മൂല്യച്യുതിയെ നേരിട്ടേ പറ്റൂ. വീട്ടിൽ ആരോടെങ്കിലും പറഞ്ഞാലോ?
ഇങ്ങനെയൊന്ന് വിശ്വസിക്കാൻ എന്തൊക്കെ കൂടുതലായ് പറയേണ്ടിവരും. അമ്മ ശിശ്നം മുറിഞ്ഞുപോയ മകനെയോത്ത് എത്ര ദിവസങ്ങൾ കരയും. രശ്മിയോട് പറഞ്ഞാൽ ചികിത്സയ്ക്കുള്ള മുന്നൊരുക്കത്തിനായ് സ്വന്തം വീട്ടിലേക്ക് പോയ അവൾ പിന്നെയൊരിക്കലും ഭർതൃവീട്ടിലേക്ക് വരാതിരിക്കുമോ?
ഒരിക്കലും ചേരാത്ത മുന്നാളുകാരായിരുന്നു സുസ്മേഷും രശ്മിയും. സുസ്മേഷിന്റെ മൂലവും രശ്മിയുടെ അനിഴയും തലമുറകളായ് അടുപ്പിക്കാൻ കൊള്ളാത്ത നക്ഷത്രജാതികളായിരുന്നു. കുട്ടികൾക്ക് ക്ഷാമമുണ്ടാവുമെന്ന് അത്യാവശ്യം ജാതകപരിചയമുള്ള സുഹൃത്ത് പറഞ്ഞപ്പോഴും അതൊക്കെ അപ്പഴല്ലേ ആദ്യം കല്യാണം എന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഒടുക്കം തലതിരിഞ്ഞ് അവിടെത്തന്നെ എത്തുകയും ചെയ്തു. എന്നിട്ടും മൂലത്തിനും അനിഴത്തിനും ഇതിലൊന്നും പ്രത്യേക താത്പര്യമില്ലെന്ന് സുസ്മേഷ് ഉറച്ചു വിശ്വസിച്ചു. പക്ഷേ ഇപ്പോഴത്തെ ദുരന്തം കൂടി സംഭവിച്ചു കഴിഞ്ഞതും സുസ്മേഷ് ശരിക്കും കുഴഞ്ഞു.
അവളോട് എങ്ങനെ വിശദീകരിക്കും?
വേണ്ട, ഇങ്ങനെ എവിടെയും തൊടാതെ പറഞ്ഞാൽ അവൾ വിശ്വസിക്കില്ല. അതല്ല, ഇനി സമയം കളയാതെ വേഗത്തിൽ ആശുപത്രിയിൽ ചെന്നാൽ തുന്നിക്കിട്ടുമോ? അപ്പൊഴും ആരുമറിയാതെ കഴിക്കാനാവില്ലെന്നോർത്ത പ്പോൾ അയാൾക്ക് എക്കിട്ടെടുക്കാൻ തുടങ്ങി.
സുസ്മേഷ് തലേന്ന് ഒഴിച്ചു വെച്ച ഗ്ലാസിലെ വെള്ളം ഒരിറക്ക് കുടിച്ച് കിടക്കയിലുള്ള ആ എലിക്കുട്ടിയെ തൊട്ടുനോക്കി. അതിൽ ബാക്കിയായ രക്തം തണുത്തുതുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടോ അയാൾക്കത് എടുത്ത് കളയാൻ അപ്പോൾ തോന്നിയില്ല. പിടിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല എന്നത് തന്നെയാണ് സത്യം. എഴുന്നേറ്റ് അലമാര തുറന്ന് പണയത്തിൽ കിടക്കുന്ന പൊന്നിന്റെ തിളക്കമുള്ള ജ്വല്ലറിപ്പെട്ടിയിൽ കിടക്കയിൽ നിന്നെടുത്ത് അതിനെ അൽപം ശ്രദ്ധയോടെ പ്രതിഷ്ഠിച്ചു. വാതിലടച്ച് പതിവുകളിലേക്ക് കേറി.
“നീയെന്താ ആലോചിക്കുന്നത്?” ചായ കുടിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു.
“ഒന്നുമില്ല.” സുസ്മേഷ് വേഗത്തിൽ എഴുന്നേറ്റ് വീട്ടിൽ നിന്നിറങ്ങി.
പണിയെടുത്ത് തീർത്ത വീടിന്റെ വീട്ടുതാമസമായിരുന്നു അയാളുടെ അന്നത്തെ പരിപാടി. പക്ഷേ എന്തുകൊണ്ടോ പോവാൻ തോന്നിയില്ല. ടൗണിലേക്കുള്ള വണ്ടി വന്നുനിന്നുപ്പോൾ അയാൾ അതിൽക്കയറിയിരുന്നു. നാട്ടുകാരെയോ സുഹൃത്തുക്കളെയോ കണ്ട് സംസാരിക്കാൻ സുസ്മേഷിന് തീരെ ഉത്സാഹമുണ്ടായില്ല. ടൗണിലെത്തി പല വഴിക്കു നടക്കുന്നതിനിടയിൽ ഐ വി എഫ് ചെയ്യാനിരിക്കുന്ന ഹോസ്പിറ്റലിന് മുന്നിലൂടെ രണ്ടുമൂന്ന് തവണ തലങ്ങും വിലങ്ങും നടന്നത് പോലും ഒരു മങ്ങിയ ഓർമ പോലെയേ സുസ്മേഷിൽ അനുഭവപ്പെട്ടിരുന്നുള്ളൂ. സംഭവിച്ച ദുരന്തം ചെന്ന് പറഞ്ഞാലോ എന്നാതായിരിക്കാം അതിന്റെ അടിയൊഴുക്കുകളിലൊന്ന്. ധൈര്യമുണ്ടായില്ല. നേരെ രശ്മിയുടെ വീട്ടിലേക്ക് ചെന്നു.
“വരുംന്ന് പറഞ്ഞില്ലല്ലോ?” അവളുടെ മുഖം തെളിഞ്ഞു.
“ടൗണിൽ വന്നപ്പോൾ ഇതുവഴി വരാമെന്ന് വെച്ചു.” അവൾ അയാൾക്കുള്ള ചായയെടുത്തു. അൽപ്പം കഴിഞ്ഞ് ഇരിപ്പുറക്കാതെ സുസ്മേഷ് പറഞ്ഞു.
“ഇന്ന് നിക്കുന്നില്ല. പോണം.”
“അയ്യോ… നാളെ പോയാപ്പോരെ.”
“പോര, രാവിലെ പണിക്കുപോണം.”
അവളുടെ തിളക്കം നഷ്ടപ്പെട്ടു. സുസ്മേഷ് പതിയെ ഇറങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ അയാൾ തീർത്തും അശ്രദ്ധനായി. വീട്ടിലേക്ക് കയറുന്നതിന് പകരം പണിയും കഴിഞ്ഞ് അയൽപക്കത്തേക്ക് ചെന്നുകേറി. അരിക്കുപകരം അഞ്ചുകിലോ പഞ്ചസാര വാങ്ങിവന്നു. ഏതൊക്കയോ സ്റ്റോപ്പുകളിൽ മാറിയിറങ്ങി. ചില ദിവസങ്ങളിൽ പണിസ്ഥലം കാണുന്നില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു.
സുസ്മേഷിനെ വിളിച്ചിരുത്തി ചോദിക്കണമെന്ന് അവന്റെ അമ്മയ്ക്കുണ്ടായിരുന്നു. പക്ഷേ അതിന് നിന്നുതരാത്ത വിധം അയാൾ ഒഴിഞ്ഞുമാറി. അതിനിടയിലാണ് രശ്മി പലവട്ടം അമ്മയെ വിളിക്കുന്നത്.
“എന്താ കാര്യം?” രശ്മി ചുറ്റും നോക്കി മൂക്കു ചൊറിഞ്ഞു.
“ശ്യാമളേച്ചി വിളിച്ചിരുന്നു. നമ്മുടെ വീട്ടിൽ നിന്ന് എന്തോ മണം. അമ്മ ഒന്ന് നോക്കണേ.”
അതുകേട്ടതും സുസ്മേഷിന്റെ അമ്മയ്ക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി. തൊട്ടടുത്തായിട്ടും അയൽക്കാരി ശ്യാമളയ്ക്ക് തന്നോട് പറയാൻ തോന്നിയില്ലല്ലോ എന്നതായിരുന്നു അതിലൊന്ന്. എന്നിട്ടും ആ മണം താൻ മാത്രമറിഞ്ഞില്ലല്ലോ എന്നതായിരുന്നു അടുത്തത്.
ഏതായാലും അന്ന് പണി കഴിഞ്ഞ് സുസ്മേഷിന്റെ അമ്മ വീടാകെ അടിച്ചുതുടച്ചു. പഴയ വസ്ത്രങ്ങളും കടലാസുകളും പ്ലാസ്റ്റിക്കുകളും ചാക്കുകളിലാക്കി. ഏന്തിനോക്കിയ ശ്യാമളയോട് ചെറുതല്ലാത്ത ചിരി ചിരിച്ചു.
പക്ഷേ, എന്തുകൊണ്ടോ പിറ്റേന്നും രശ്മിയുടെ വിളി വന്നു. വിഷയം ഇന്നലെ സംസാരിച്ച് വെച്ചതു തന്നെയാണെന്ന് അറിഞ്ഞതോടെ സുസ്മേഷിന്റെ അമ്മയ്ക്ക് ദേഷ്യം പിടിച്ചു. പകുതിക്ക് വെച്ച് അവർ ഫോൺ വെച്ചു. ബാക്കിയുണ്ടായിരുന്ന മുകളിലെ സുസ്മേഷിന്റെ മുറിയിലേക്ക് കോണികേറി വാതിലിൽ മുട്ടി.
സുസ്മേഷ് വാതിൽ തുറന്നു.
“ഞാനൊന്ന് അടിച്ചു തുടക്കട്ടെ.” സുസ്മേഷ് കൂടുതലൊന്നും പറയാതെ ഒരു ഷർട്ടെടുത്തിട്ട് പുറത്തേക്കിറങ്ങി.
അതിനകത്ത് കയറിയതിനു ശേഷമാണ് എന്തോ ചത്തുനാറുന്നതിന്റെ ഗന്ധം അയാളുടെ അമ്മയുടെ ചെറുകുടലിൽ കയറിപ്പിടിക്കുന്നത്. പക്ഷേ എത്ര അടിച്ചുതുടച്ചിട്ടും മണം പോയില്ല.
കറങ്ങിത്തിരിഞ്ഞ് അന്ന് രാത്രി അയാൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഏറെ വൈകിയിരുന്നു. മൂത്രമൊഴിക്കുമ്പോഴുള്ള ചെറിയ വേദനയല്ലാതെ മറ്റൊരു പ്രശ്നവും ആ സ്വകാര്യ ദുരന്തത്തിൽ അയാൾക്കനുഭവിക്കേണ്ടി വന്നിരുന്നില്ല. പക്ഷേ വരാനിരിക്കുന്ന ദിവസം അങ്ങനെയല്ലെന്ന് അയാൾക്കറിയാമായിരുന്നു. എല്ലാ അശ്രദ്ധകൾക്കിടയിലും ഓപ്പറേഷന്റെ ഓർമ അയാളുടെ നാഭിയൽ കൊളുത്തി വലിച്ചു.
“എന്തോ നിന്റെ മുറീല് ചത്തിട്ട്ണ്ട്?”
കേറി വന്ന ഉടനെ അയാളുടെ അമ്മ പറഞ്ഞുവെച്ചു.
“കൊറേ നോക്കിയിട്ടും ഞാനൊന്നും കണ്ടില്ല. ഞ്ഞ് അലമാരേലങ്ങാൻ തിന്നാലുള്ള വല്ലതും എടുത്ത് വെച്ചിക്കോ?”
സുസ്മേഷ് ഒന്നും പറയാൻ നിന്നില്ല. വേഗത്തിൽ മുകളിൽ കേറി വാതിലടച്ചു.
രശ്മി അയാളെ വിളിച്ചുകൊണ്ടിരുന്നു.
“പൈസ തൽകാലം ഞാനാക്കീറ്റ്ണ്ട്. ങ്ങള് നേരത്ത് വന്നാ മതി.’”
കുറച്ച് ദിവസമായുള്ള അയാളുടെ സ്വഭാവത്തിന്റെ അടിതെറ്റലിൽ രശ്മിക്ക് നല്ല സങ്കടമുണ്ടായിരുന്നു. എന്തെങ്കിലും പറഞ്ഞ് തുടങ്ങുന്നതിനുമുമ്പെ ഫോൺവെക്കുക സുസ്മേഷ് പതിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ കൂടുലൊന്നും ചോദിക്കാനും പറയാനും നിൽക്കാതെ അവൾ അടുത്ത ദിവസത്തിനു വേണ്ടി കാത്തുനിന്നു.
ബീജം ഒരു ചെറിയ ഓപ്പറേഷനിലൂടെ കുത്തിയെടുക്കുകയാണെന്ന് അയാൾക്കറിയാമായിരുന്നു. അതു സംഭവിക്കുന്നതോടെ പുറത്തിതുവരെ അറിഞ്ഞിട്ടില്ലാത്ത തന്റെ നഷ്ടം ലോകത്തിലേക്ക് പടരുമെന്ന് സുസ്മേഷ് കണക്കുകൂട്ടി.
പിറ്റേന്ന് വളരെ നേരെത്തെ എഴുന്നേറ്റ് ഭക്ഷണം കഴിച്ചെന്ന് വരുത്തി അയാൾ വീട്ടിൽ നിന്നിറങ്ങി. കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു പറഞ്ഞ രണ്ട് കാര്യങ്ങളും അയാൾ ഭംഗിയായ് ചെയ്ത് കഴിഞ്ഞിരുന്നു. ഗുഹ്യഭാഗത്തെ രോമങ്ങൾ വടിച്ചു കളയുകയായിരുന്നു അതിലൊന്ന്. മറ്റൊന്ന് യാതൊരു തരത്തിലുള്ള സുഗന്ധ ലേപനങ്ങളും ഉപയോഗിക്കാതിരിക്കുക എന്നതായിരുന്നു.
അവിടെയെത്തിയതും രശ്മി കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾ സുസ്മേഷിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. സുസ്മേഷ് ഒരിടത്തിരുന്നു. അയാൾ എത്തിയോന്ന് നേഴ്സ് അന്വേഷിച്ചിരുന്നതായും ആവശ്യമായ പണം അടച്ചു കഴിഞ്ഞതായും അവൾ അറിയിച്ചു.
അടുത്ത നിമിഷം നഴ്സ് വന്ന് അയാളെ വിളിച്ച് കൊണ്ടുപോയി. ഓപ്പറേഷന്റെ ഭാഗമായുള്ള യൂണിഫോം ധരിപ്പിച്ച് ഒരു സൂചിയും വെച്ച് അവർ അപ്രത്യക്ഷയായ്. തന്റെ ഊഴത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ എഴുന്നേറ്റ് ഓടിയാലോ എന്നൊരു തോന്നൽ വന്നെങ്കിലും ഒന്നും ചെയ്യാതെ അടങ്ങിക്കിടക്കാൻ തന്നെ അയാൾ തയ്യാറായി. ഇന്നത്തോടെ തന്റെ ദാമ്പത്യം അവസാനിക്കുമെന്നും ഇനി നാട്ടിൽ തലയുയർത്തി നടക്കാൻ പോലുമാവില്ലെന്നും അയാൾ കണക്കുകൂട്ടി.
ഏതാണ്ട് ഒന്നര മണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം അയാളുടെ ശരീരം ഉരുണ്ടുരുണ്ട് ഓപ്പറേഷൻ മുറിയിലേക്ക് ചെന്നെത്തി.
“എന്താ ഇപ്പം പണിയൊക്കെണ്ടോ?”
ആ ചോദ്യത്തിനുള്ള തലയാട്ടലായിരുന്നു ഓപ്പറേഷനുമുമ്പുള്ള സുസ്മേഷിന്റെ അവസാനത്തെ ഓർമ. ഏങ്ങോട്ടോ ഉരുളുന്നതും ചില നിർദ്ദേശങ്ങൾ പകുതിബോധത്തിലൂടെ തുളഞ്ഞുകേറുന്നതും കഴിഞ്ഞ് കണ്ണുതുറക്കുമ്പോൾ രശ്മി അടുത്തുണ്ടായിരുന്നു. കേറുമ്പോൾ കണ്ട ചിരി അവളുടെ മുഖത്തുണ്ടായിരുന്നില്ല. സുസ്മേഷ് എന്തോ പറയാനാഞ്ഞു. നാവു പൊങ്ങുന്നില്ല. എന്തെന്നില്ലാത്ത തളർച്ച. മരുന്നിന്റേതാണ്.
നാലഞ്ച് മണിക്കൂറുകൾക്ക് ശേഷം ഡോക്ടറുടെ മുറിയിലേക്ക് പോകുമ്പോൾ കണ്ട നഴ്സുമാരിൽ ചിലർ തന്നെ നോക്കി ചിരിക്കുന്നത് സുസ്മേഷിന്റെ ചങ്ക് കൊളുത്തി.
“ഇരിക്കൂ…സംഗതി സക്‌സാണ്. സുസ്മേഷിന് വേദനയൊന്നുമില്ലല്ലോ?”
“ഇല്ല.”
“ഇനി നെക്റ്റ് സ്റ്റേജാണ്. ധൈര്യമായിട്ട് പോയിക്കോളു… പിന്നെ ഒന്നു രണ്ടു ദിവസം വേണ്ട. തേഡ് ഡേ മുതൽ ഇന്റർകോഴ്സ് ആവാം.”
രശ്മി ഡോക്ടറെ നോക്കി ചിരിച്ചു. എഴുന്നേൽക്കുന്നതിന് മുമ്പ് സുസ്മേഷ് നാഭിയിൽ ഒന്ന് തടവി നോക്കി. ഒരു വിറ വന്ന് കൈ പിടിച്ചു.
തിരികെ വണ്ടിയിലേക്ക് കേറുന്നതിനിടയിൽ രശ്മി പറഞ്ഞു.
“ഇന്ന് എന്റെ വീട്ടിലേക്ക് വാ. ഒരാഴ്ച വിശ്രമിച്ചിട്ട് പോവാം.”
ദുരന്തം അകലെയല്ല എന്ന് സുസ്മേഷ് അസ്വസ്ഥതപ്പെട്ട ആ സമയത്ത് സുസ്മേഷിന്റെ അമ്മ മകന്റെ മുറിയിലെ അലമാരയുടെ താക്കോൽപ്പഴുതിൽ മൂക്ക് വെച്ച് ശക്തമായ് വലിച്ചതും സ്വന്തം ശവക്കുഴിയുടെ മണമടിച്ച് അവരിരുന്നു പോയതും ഉള്ളിലെ തിളങ്ങുന്ന സ്വർണപ്പെട്ടിയിലെ അഴുകിക്കൊണ്ടിരിക്കുന്ന ആൺകുരിശ് അറിഞ്ഞതേയില്ല.