“ചിതയിലെരിയുന്നത് ഞാനല്ല എന്നിലെരിയുന്നത് ഞാൻ.” കല്പറ്റ നാരായണൻ എഴുതിയ കവിത
1
ഞാൻ
എന്റെ വാസസ്ഥലമാണോ?
2
സാമാന്യഭാഷയിലല്ല
സദൃശവാക്യങ്ങളിലാണ്
അവൻ സംസാരിച്ചത്
വാതിലിലൂടെയല്ല
അവൻ വന്നത്
അവൻ കന്യകാപുത്രൻ.
3
എനിക്ക്
വിവർത്തനത്തെ പേടിയാണ്.
കവിത വിവർത്തനം ചെയ്യുമ്പോൾ
ഗദ്യമാവും .
എന്റെ മകളുടെ ആട്ടിൻകുട്ടിയെ
അറവുകാരന് വിറ്റപ്പോൾ
കിട്ടിയ പണം
അവൾക്കൊപ്പം തുള്ളിച്ചാടിയില്ല
അവളുടെ കയ്യിൽ നിന്ന്
തളിരുകൾ തിന്നില്ല
അവളുടെ മടിയിൽ
തലചായ്ച്ച് കിടന്നില്ല.
4
ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രവൃത്തി
അദ്ധ്യാനമറിയുന്നില്ല
രതി പോലെ .
കയറിയിട്ടും
കയറിയിട്ടും
മതിവരാത്ത കയറ്റങ്ങൾ.
5
സ്ത്രീയാണ് ആദ്യം
അവൾ പുലർച്ചയെണീറ്റ്
തീ കണ്ടുപിടിക്കുന്നു
6
സൂര്യൻ എന്നും അതേ സൂര്യൻ
ചന്ദ്രൻ എന്നും മറ്റൊരു ചന്ദ്രൻ
7
നിന്നെക്കാണുമ്പോൾ
തോന്നാത്ത സ്നേഹം
നിന്റെ ഛായയുള്ള ഒരുവളെ
കണ്ടപ്പോൾ
നിന്നോട് തോന്നി
അവളകന്നകന്ന്
പോകുകയായിരുന്നു.
8.
സ്ത്രീ
സുന്ദരിയാണ്
ആത്മവിശ്വാസമുള്ള സ്ത്രീ
കൂടുതൽ സുന്ദരിയാണ്
ഇത് പുരുഷന്മാരും
അവളൊഴിച്ചുള്ള സ്തീകളും
തിരിച്ചറിയുന്നതിന് മുമ്പുള്ള കാലത്തിന്റെ
അന്ത്യദശയിലാവാം നമ്മൾ
9
ചിതയിലെരിയുന്നത്
ഞാനല്ല
എന്നിലെരിയുന്നത്
ഞാൻ.
10
യേശുദാസാണ്
മലയാള സിനിമയിലെ
ഏറ്റവും മികച്ച മേക്കപ്പ്മാൻ
നമ്മുടെ കാമുകനടന്മാരെ
ഇത്രമേൽ ആകർഷണീയരാക്കിയത്
മറ്റാരുമല്ല.