യേശുക്കൊച്ചേ,
കഴിഞ്ഞ ദിവസം
പുലർച്ച കുർബാനക്ക് മുട്ടേനിന്ന്
വേദനിക്കുമ്പോഴാന്ന്,
ഒരു കാര്യം ഓർത്തത്.
പണ്ട് തോട്ടിൽ അലക്കാനിറങ്ങുമ്പോഴാ
501 ന്റെ അളിര് പതിപ്പിച്ചതിൽ
തെന്നിയലച്ച് ഞാൻ വീണത്.
“എന്റെ പൊന്നു മാതാവേ” ന്ന്
ഒറ്റ വിളിയായിരുന്നു.
അടിവയറ്റീന്ന് വന്ന മിന്നലിന്റെ
ചമക്കത്തില് പുള്ളിക്കാരിയെ കണ്ടു
തുണിക്കെട്ട് വെള്ളത്തിൽ പോയെങ്കിലും
മുട്ടൊന്ന് ഇടിച്ചതല്ലാതെ
ഓപ്പക്കേട് ഒന്നും ഒണ്ടായില്ല .
ഇപ്പോഴും മുട്ട് വേദന നേരത്ത്
ഞാൻ മറിയത്തിനെ ഓർക്കും.
എന്തോരും വേദന തിന്ന പെണ്ണാ
പെറ്റുവളർത്തിയമോനൊരുത്തനെ
ചാട്ടവാറിന് അടിച്ച്,
മുൾക്കിരീടം വച്ച്,
കുരിശിക്കേറ്റണത്
കണ്ട് സർവ്വാഗം
അണിപ്പഴുതായിക്കാണും.
പിള്ളപോയതള്ളമാര് എന്നുമെന്നും
ഓർമ്മയെ പ്രസവിക്കും.
ഊട്ടി ഉറക്കി വളർത്തും.
എങ്കിലും എന്റെ യേശു കൊച്ചേ!
“സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു”
ഏതുനേരത്തും പ്രാർത്ഥിക്കുന്നത്
എനിക്കങ്ങ് ബോധ്യമാവുന്നില്ല.
അവളുടെ അനുഗ്രഹവും ആശ്വാസവും നീയല്ലേ.
നീ മൂന്നിന്റയന്ന് പോയില്ലേ?
എനിക്ക്
അവളെയൊന്നിറുക്കെ കെട്ടിപ്പിടിക്കാൻ തോന്നും
”എന്റെ വ്യാധികളുടെ മരുന്നേ”
എന്നാണ് മറിയത്തെ വിളിക്കുന്നത്.