വൈകുന്നേരത്തിന്റെ മഞ്ഞയിൽ തൊട്ട് ബസ് വളവ് തിരിയുമ്പോൾ ഇരുവരുമൊന്ന് കുളിർന്നു. വീഴാനാഞ്ഞില്ലെങ്കിലും വനജ ഭർത്താവിന്റെ ഇടത് കൈത്തണ്ടയിൽ പതുക്കെ പിടിച്ചു. അയാൾ, അവരെ ശ്രദ്ധയോടെ നോക്കി. പിറകിൽ ഇറങ്ങാനുള്ള കുട്ടികളുടെ ബഹളം. അവരുടെ വൈകുന്നേരങ്ങൾ എപ്പോഴും ഉത്സാഹത്തിന്റെ വട്ടത്തിലാണ്
ബസ് ചെറിയൊരു ശബ്ദത്തോടെ വേഗത കുറച്ചു. അന്നേരം റോഡിനപ്പുറത്ത്, ഉള്ളിൽ നാറിച്ചിക്കാടുകൾ വളർന്ന ഒരു കോൺക്രീറ്റ് റിങ്ങിലെ നീളത്തിലുള്ള എഴുത്തിലേക്ക് അയാൾ ശ്രമപ്പെട്ടു നോക്കി. കണ്ണട നന്നാക്കാൻ കൊടുക്കേണ്ടിയിരുന്നില്ലെന്ന, നിരാശയോടെ ഭാര്യയെ വിളിച്ചു കാണിച്ചു. കണ്ടതുപോലെ, അവർ തലയാട്ടി. കുറച്ചു മുന്നിലേക്കായി ബസ് നിർത്തിയപ്പോൾ, എഴുത്ത് റിങ്ങിന്റെ പിന്നിലേക്ക് മാറി.
അതിന്റെ മുൻ ഭാഗത്ത് എഴുതിയ കോൺടാക്ട് നമ്പർ അവർ വേഗം ഫോണിലാക്കി വച്ചു. എഴുത്ത് പോലെ ചെറുതായിരുന്നില്ല നമ്പർ.
കറുപ്പിൽ വലിയ അക്കങ്ങൾ.
കുട്ടികളെ ഇറക്കി ബസ്സ് വിടും മുൻപ്, ഇരുവരും ഒരു വട്ടം കൂടി റോഡിനപ്പുറത്തെ നമ്പറിലേക്കും ഫോണിലേക്കും നോക്കി ശരിയെന്നുറപ്പിച്ചു.
“നീയും അങ്ങനെത്തന്നെയല്ലേ വഞ്ചേ, കണ്ടത്? ഇങ്ങനെയൊക്കെ എഴുതി വെക്കുവോ ആളുകൾ?”
അയാൾ ഭാര്യയെ നോക്കി. രണ്ടു ഭാഗത്തും വണ്ടിയില്ലെന്ന് കണ്ട്, കുട്ടികൾ റോഡ് മുറിച്ചു കടക്കുന്നതിലേക്ക് പെട്ടന്നവരുടെ ശ്രദ്ധ പോയി.
“അത്, നമ്മൾ വായിച്ചതിലെ തെറ്റായിരിക്കൊ?”
റിങ്ങിലെ അക്ഷരങ്ങൾ വ്യക്തമായും അവരെക്കടന്ന് പോയിരുന്നെങ്കിലും,
അയാളെ പോലെ ഒരു പഴയ,തീർച്ചയില്ലാത്ത ശബ്ദമായിരുന്നു അവർക്കും.
“നമ്പർ എടുത്തു വച്ചിട്ടുണ്ടല്ലോ. വീട്ടിൽ പോയിട്ട് വിളിച്ചു നോക്കാ.”
അയാൾ പുറത്തേക്ക് നോക്കി പറഞ്ഞു. അവർ തലയാട്ടി. കുട്ടികൾ ഇറങ്ങിപ്പോയപ്പോൾ ബസ് ഏറെക്കുറെ ഒഴിഞ്ഞു നിന്നു. തങ്ങളെ പോലെ, ധൃതിയൊന്നുമില്ലാത്ത കുറച്ചുപേർ അങ്ങിങ്ങായി ബാക്കിയുണ്ട്. ബസ്സിലെ പാട്ട് അയാൾക്ക് ഇഷ്ടമായി. പുതിയ പാട്ടാണ്. അത് മുൻപ് കേട്ടിട്ടുണ്ട്. ഭാര്യയെ നോക്കിയപ്പോൾ അവർ അനിഷ്ടത്തോടെ മുഖം വീർപ്പിച്ച പോലെ നടിച്ചു. അയാൾക്ക് ചിരി വന്നു.
സ്റ്റോപ്പ് എത്തിയപ്പോൾ ക്ലീനർ അവരെ തിരക്ക് കാണിക്കാതെ വിളിച്ചോർമിപ്പിച്ചു. പിറകിലെ വാതിലിലൂടെ അവരിറങ്ങി.
ബാക്കിയുള്ളവരെയും കൂട്ടി ബസ് പിന്നെയും മുന്നോട്ട് പോയി. അവരിറങ്ങിയെടുത്ത് തന്നെ കുറച്ചു നേരം നിന്ന്, കോൺക്രീറ്റ് റിങ്ങിന്റെ ഒരു ഭാഗത്ത് നീളത്തിലെഴുതിയ വരികൾ കൗതുകത്തോടെ ഓർത്തു ചിരിച്ചു.
2
നേരത്തെ കുളിച്ച്, നേരത്തെ കഴിച്ച് ഇരുവരും അകത്ത് കട്ടിലിൽ ഇരുന്നു. കൊറേ കാലത്തിനു ശേഷം, അവർക്ക് മിണ്ടിത്തുടങ്ങാൻ, ഒരു വാക്കും കിട്ടാത്ത പോലെ പരസ്പരം നോക്കാതെ ഇരിക്കേണ്ടി വന്നു.
“വിളിച്ചു നോക്ക്. വൈകിയാൽ അവർക്കും ഉറക്കം വരില്ലെ?”
അയാൾ മൂളിക്കൊണ്ട് ഫോൺ എടുത്ത് പിന്നെയും ഭാര്യയെ നോക്കി. അവർ തലയാട്ടിയപ്പോൾ അയാൾ ആ പുതിയ നമ്പറിൽ വിളിച്ചു. ബെല്ലിനൊപ്പം പെട്ടെന്ന് തന്നെ അപ്പുറത്തു ശബ്ദം വന്നു.
” അതെ, ഞാൻ…തായത്തുപടി പാലത്തിനു മുൻപ് ഒരു എഴുത്തു വച്ചില്ലേ? വളവു കഴിഞ്ഞ്? ആ, അത് കണ്ടാണ് വിളിക്കുന്നത്…”
ഹലോ കേട്ട ഉടനെ അയാൾ കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തീർത്തു.
“ഓക്കേ സർ. അതിലെ നമ്പർ കണ്ടു വിളിച്ചതാണ് അല്ലേ? താഴത്തു പടിയിൽ നിന്ന് ഇത് ആദ്യത്തെ കോളാണ് സർ. സത്യം പറഞ്ഞാൽ ഇവിടെക്കുള്ള ആദ്യത്തെ കോൾ.”
യുവാവാണ്. ശബ്ദത്തിലറിയാം. അയാൾ ശബ്ദം ഉച്ചത്തിൽ ആക്കി വെച്ചു. അവളും കൂടി കേൾക്കട്ടെ.
“ഓ, സാർ എന്നൊന്നും വിളിക്കണ്ട. അതെ, ഞങ്ങൾക്ക് സന്തോഷമാണ് നിങ്ങൾ വരുന്നത്. പിന്നേ, ഞങ്ങൾ ആദ്യമായിട്ടാണ് പരിചയമില്ലാത്ത ഒരാളെ വിരുന്നിന് വിളിക്കുന്നത്.”
അപ്പുറത്ത് ഒച്ച നിന്നു. മറുപടിയൊന്നും വരാഞ്ഞപ്പോൾ അയാൾ തുടർന്നു.
“വിരുന്നിനു വിളിക്കുക എന്ന് എഴുതിയിട്ടില്ലെ? ഇവൾ പറഞ്ഞു വായിച്ചപ്പോൾ തെറ്റിയതാണെന്ന്. പ്രായത്തിന്റേതായ പ്രശ്നങ്ങളൊക്കെ ഉണ്ട്. എന്നാലും വായിച്ചത് ശരിയാണെന്ന് തന്നെ തോന്നി.”
വനജ അയാൾക്കൊപ്പം തലയാട്ടി. അവര് പറഞ്ഞാലും അങ്ങനെ തന്നെ പറയുമായിരുന്നു. അയാളുടെ താളമായിരുന്നു അവർക്കും.
“സാർ നിങ്ങൾ നേരത്തെ പറഞ്ഞതുപോലെ വായിച്ചതിന്റെ എന്തോ പ്രശ്നം പറ്റിയിട്ടുണ്ട്! ഇത്…”
ആ വൃദ്ധരുടെ പുഞ്ചിരി അടപ്പിച്ചുകൊണ്ട് യുവാവ് എന്തോ പകുതിക്ക് വച്ച് മുറിച്ച് ഫോൺ വെച്ചു.
ഫോൺ പെട്ടെന്ന് കട്ട് ആയപ്പോൾ അയാൾ നിരാശയോടെ ഭാര്യയെ നോക്കി. അവരും പെട്ടെന്നൊരു ഇടർച്ചയുടെ മുഖമുയർത്തി നോക്കി.
“അല്ലെങ്കിലും ഇക്കാലത്ത് ആരെങ്കിലും വിരുന്നിനു വിളിക്കുക എന്നും പറഞ്ഞ് പരസ്യം വയ്ക്കുമോ! നമ്മക്ക് തെറ്റിയതാ.”
നേർത്ത നിരാശയെ തട്ടി അയാൾ ചിരിച്ചു. വനജയും തലയാട്ടി. അവർക്കൊന്നും പറയാനില്ലായിരുന്നു. ലൈറ്റ് അണച്ച് അയാളുടെ അടുത്ത് തന്നെ അവർ ചേർന്ന് കിടന്നു.
” ഇവിടെ ആരെങ്കിലും വന്നു പോയിട്ട് എത്ര കാലായി.”
ആശ്വാസങ്ങളൊന്നും അവളെ തൊടില്ലെന്ന് തോന്നിയത് കൊണ്ട് അയാൾ അവരുടെ ചുമലിൽ പതുക്കെ തട്ടിക്കൊണ്ടിരുന്നു.
“പാട്ട് വെക്കണോ ടേപ്പിൽ?”
“വേണ്ട. ഒറക്കം വരുന്നുണ്ട് തോന്നുന്നു.”
അയാളെ നോക്കി കിടക്കുമ്പോൾ എപ്പോഴും കേൾക്കുന്ന ഏതൊക്കെയോ പാട്ടുകൾ ഓർമ്മയിൽ വന്നെങ്കിലും അവർ കണ്ണടച്ച് കിടന്നു.
3
“വല്യച്ചാ. ഇത് ഞാനാ.
നിങ്ങൾ ഇന്നലെ വിളിച്ചില്ലേ വിരുന്നിന്റെ കാര്യം പറയാൻ? ഇന്നലെ ഞാനൊരു തിരക്കിൽ പെട്ടുപോയി. ചുറ്റും ആൾക്കാരായിരുന്നു. എനിക്ക് കൂടുതൽ ഒന്നും മിണ്ടാൻ പറ്റിയില്ല. അതാ, സോറി…”
ചായ കുടി കഴിഞ്ഞ് വെറുതെ ടിവി ഓണാക്കി ഇരിക്കുന്നതിനിടയിൽ ആയിരുന്നു അവൻ ഇങ്ങോട്ട് വിളിച്ചത്. അയാൾ ആദ്യം ഒന്നും മിണ്ടിയില്ല.
“വഞ്ചേ, വഞ്ചേ”ന്ന് രണ്ടുമൂന്നു വട്ടം പുറത്തേക്ക് നോക്കി വിളിച്ചു. മുഖത്ത് ഉത്സാഹം വന്നു തുടങ്ങിയിരുന്നു. അവർ ധൃതിയിൽ അകത്തേക്ക് വന്ന് അയാളോട് ചേർന്ന് നിന്ന് എന്താണെന്ന് ചോദിച്ചു.
” അവൻ വരുന്നൂന്ന്. വിരുന്നിന്.”
അയാൾ പതുക്കെ ഫോൺ താഴ്ത്തി പറഞ്ഞു. അത് അവരുടെ മുഖത്തും ഉത്സാഹം കൊടുത്തു. അവർ ചിരിച്ചു. ബാക്കിക്ക് ചെവിയോർത്തു.
“വല്യച്ചാ, ഞാനും ഗ്രീഷ്മയും മോനും ഉണ്ടാകും.”
അവന്റെ ശബ്ദവും തെളിഞ്ഞിരുന്നു. ഫോൺ ഇടത്തെ ചെവിയിൽ ഉറപ്പിച്ചു കൊണ്ട് അയാൾ സന്തോഷത്തോടെ പുറത്തേക്ക് നടന്നു.
” അതിനെന്താ അവരും വരണമല്ലോ. എപ്പോഴാണെന്ന് പറഞ്ഞാൽ മതി.
ആ…”
അയാൾക്കൊപ്പം അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ മെനക്കെടാതെ വാതിൽക്കൽ നിന്ന് വനജ കാര്യങ്ങൾ കേട്ടോണ്ടിരുന്നു. അവരായിരുന്നുവെങ്കിലും അതൊക്കെ തന്നെയാവും പറയാൻ പോകുന്നത് എന്ന് ഓരോ ഊന്നലിലും തലയാട്ടിക്കൊണ്ട് ശരിവെച്ചു. ഒരു തീരുമാനമായപ്പോൾ അയാൾ ഫോൺ വച്ചു.
4
കൂട്ടിയെടുത്ത വലിയ വരാന്തയും മുറ്റവുമുണ്ടെങ്കിലും വീട് വളരെ ചെറുതാണെന്ന് വനജയ്ക്കൊപ്പം മുറികൾ പൊടി തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ അയാൾക്കാദ്യമായി തോന്നി. കൃത്യം രണ്ടുപേർക്കു വേണ്ടി മാത്രം കെട്ടിയുയർത്തിയതെന്ന്!
അതിഥികൾ വരുമ്പോൾ വീടിനു വലിപ്പം കുറയുന്ന പോലെ തോന്നും,
അതിൽ വല്യ കാര്യമൊന്നുമില്ലെന്ന് പറഞ്ഞ് വനജ പുറത്ത്, തൈത്തടത്തിലേക്ക് പൊടി തട്ടി. നാളേക്ക് വാങ്ങാനുള്ള സാധനങ്ങൾ മനസ്സിൽ താഴെ താഴെ എഴുതിയിടുകയായിരുന്നു അവർ.
“എന്താ അവർക്ക് സ്‌പെഷൽ ആയിട്ട് കഴിക്കാൻ കൊടുക്കാ? നിങ്ങക്ക് എന്തെങ്കിലും വേണോ കൂട്ടത്തിൽ?
മീശയില്ലാത്ത, വെള്ളരോമങ്ങൾ കുത്തി വളർന്നു തുടങ്ങുന്ന മുഖം വെറുതെ കണ്ണാടിയിൽ നോക്കി വരാന്തയിൽ തന്നെ ഇരിക്കുകയായിരുന്ന അയാൾ ഭാര്യയെ നോക്കി.
“നീ ഉണ്ടാക്കുന്നതൊന്നും, ഇതുവരെ അവർ കഴിച്ചിട്ടേയില്ലല്ലോ. അപ്പോപ്പിന്നെ എല്ലാം അവർക്ക് സ്പെഷ്യൽ അല്ലെ. ചിക്കൻ വാങ്ങാം. കുഞ്ഞിന് നെയ്യിട്ട് പൊരിച്ചു കൊടുക്കാ. നിന്റെ ഒരു സ്റ്റൈൽ ഇല്ലേ. അത് മതി.”
അവർക്കും അങ്ങനെ തോന്നി. പറച്ചിലിനിടയിൽ അവസാനം ലിസ്റ്റ് ചെയ്ത ഒന്നോ രണ്ടോ സാധനങ്ങൾ മറന്നെന്നു തോന്നിയപ്പോൾ, അപ്പൊത്തന്നെ പേപ്പറിലാക്കാൻ അകത്തേക്ക് നടന്നു. ഉരുളിയിൽ പോർന്ന അപ്പവും, കോഴിക്കറിയും ചായയ്ക്ക് കൊടുക്കാമെന്ന് ആ നടത്തത്തിൽ ഉറപ്പിച്ചു.
ഉച്ച തിരിഞ്ഞ് ഒന്നിച്ച് സൂപ്പർ മാർക്കറ്റിലേക്ക് പോയി, തുണിക്കടയിൽ കയറി, കറും കാപ്പി ഫ്രയിമിട്ട കണ്ണട മാറ്റി വാങ്ങി, തിയേറ്റർ ഉള്ള പുതിയൊരു മാൾ വന്നതും പോയി കണ്ടു. കഫെയിലെ കുഷ്യൻ സീറ്റിലിരുന്നു ചായ കഴിക്കുന്നതിനിടയിൽ ഇരു ഭാഗത്തും ചാരി വച്ച ബാഗുകളിൽ വനജ ഓർത്തു വാങ്ങി വച്ച സാധനങ്ങളുടെ എണ്ണമെടുത്തു.
“ഒരു സിനിമ കാണണോ?”
അയാൾ പ്രണയത്തോടെ ചോദിച്ചു. വേണ്ടെന്ന് അവർ പ്രണയത്തോടെ നിരസിച്ചു.
വല്ലപ്പോഴുമാണെങ്കിലും സിനിമകൾ ഇന്റർവെൽ വരെ മാത്രേ അവർ കാണുമായിരുന്നുള്ളു. അതിന്റെ ബാക്കി കഥ വീട്ടിൽ പോയി, ആലോചിച്ചു കണ്ടെത്തലായിരുന്നു അവർ ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളിലൊന്ന്.
വീട്ടുപണികൾ ഒന്നിച്ച് തീർത്ത്, ചില ദിവസങ്ങൾ അവർ ബാക്കി സിനിമ എഴുതാനിരിക്കും. ഭയങ്കര രസമുള്ള രണ്ട് സിനിമകൾ അന്നേരം ഒന്നോ രണ്ടോ പേപ്പറുകളിൽ ഓടിത്തുടങ്ങും. ഇരുവർക്കും അവരുടേതായ ഒടുക്കങ്ങൾ ഉണ്ടായിരുന്നു.
‘കൊന്നത് തന്റെ ചേട്ടനെ ആണെങ്കിലും സന്ധ്യയ്ക്ക് ശ്രീജനോട് വെറുപ്പൊന്നും തോന്നുന്നില്ല. തന്റെ പ്രണയത്തിന് വേണ്ടി ആയിരുന്നു. ഇത്രയും കാലം മത്സരിച്ചു പ്രണയിക്കുകയായിരുന്നു രണ്ടു കൂട്ടുകാർ. ശ്രീജനും, പവിയും. ഇരുവരും പ്രണയിക്കാൻ യോഗ്യരായിരുന്നു. എന്നാലും സന്ധ്യ ശ്രീജനെ തിരഞ്ഞെടുത്തു. സന്ധ്യയുടെ കുടുംബം ശ്രീജനെ അംഗീകരിച്ചില്ല. പ്രത്യേകിച്ചും അവളുടെ ചേട്ടൻ. ശ്രീജനെ ദ്രോഹിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം അയാളത് ചെയ്തു. അവസാനം ഒരു ഒളിച്ചോട്ടത്തിലേക്ക് ഇരുവരും തീരുമാനമെടുത്തു. അന്ന് രാത്രി നടന്ന സംഘട്ടനത്തിൽ ചേട്ടൻ കൊല്ലപ്പെടുന്നു. അറസ്റ്റിലാകുന്നതിനു മുൻപ്, ശ്രീജൻ പവിയോട് പറയുന്നു “അവളുടെ വീട്ടുകാർക്ക് നീ അവളെ കൊടുക്കരുത്. നീയവളെ നോക്കണം. നിനക്ക് അവളോടുണ്ടായിരുന്ന സ്നേഹം എനിക്ക് അറിയാം. എന്നാലും, ഞാൻ തിരിച്ചു വരുമ്പോൾ നീയെനിക്ക് അവളെ തിരിച്ചു തരണം. അതുവരെ നിങ്ങൾക്ക് ഒന്നിച്ച് ജീവിക്കാം.”
അങ്ങനെ പവിയുടെ ജീവിതത്തിലേക്ക് സന്ധ്യ വരുന്നു. പതുക്കെ പതുക്കെ പ്രണയം അവരിലും സംഭവിക്കുന്നു. പവി ശ്രീജനെ മറക്കുന്നു. സന്ധ്യയെ മാത്രം സ്നേഹിക്കുന്നു. വർഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം, കലണ്ടറിൽ കുറിച്ചിട്ട ഒരു ഡേറ്റ് കണ്ട് പവി സംശയിക്കുന്നു. ശ്രീജൻ തിരിച്ചു വരുന്നുണ്ട് എന്ന് സന്ധ്യ പവിയെ അറിയിക്കുന്നു. പവി ഞെട്ടി വിയർത്ത ഫ്രെയിമിലേക്ക്, ശ്രീജൻ ജയിലിന്നിറങ്ങുന്നു. അവിടെ ഇന്റർവെൽ എന്ന് എഴുതിക്കാണിക്കും.
ഏതായിരുന്നു ആ പടം? നമ്മള് അവസാനം വന്ന് കണ്ടില്ലേ, പഴേതിന്റെ?
വനജ കഥയത്രേം ഓർത്ത്, അയാളെ നോക്കി.
“ഹംസനാദമാണോ?’ അല്ല, ആ രാഗം. സുകുമാരൻ ജയിലിന്ന് ഇറങ്ങുന്ന…”
അയാളോർത്തു. അതാണ് അവസാനം കണ്ടത്. എൺപതുകളിൽ വന്ന ഈ സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമെന്തായിരുന്നുന്ന് വനജ നിരാശപെട്ടിരുന്നു. അന്നത് വലിയ ഹിറ്റ് ഒന്നും ആയിരുന്നില്ല. അതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചെങ്കിലും അവർക്ക് പിന്നെ പറ്റിയതേയില്ല.
വൈകിയെന്ന് തോന്നിയപ്പോൾ, മാളിനകത്ത് ഒരു ചെരുപ്പ് കടയിൽ കൂടി കയറി, അയാൾക്ക് അകത്തേക്കിടാനുള്ള ഒരു വള്ളി ചെരുപ്പും വാങ്ങി അവരിറങ്ങി. വൈകുന്നേരത്തെ വെയിലന്നേരം തീർന്നു പോയിരുന്നു.
5
“അത് ഭയങ്കര ക്ളീഷേ സിനിമ ആയിരുന്നു വല്യച്ചാ. ഞങ്ങള് കണ്ടതാ. ഗ്രീഷ്മ പറഞ്ഞിരുന്നു, ഇന്റർവെല്ല് കഴിഞ്ഞ് വീട്ടിൽ പോവാന്ന്. എന്നാലും ഇരുന്ന് കണ്ടു…”
വനജ കൊടുത്ത വരവര ലുങ്കി മാടിക്കെട്ടി, പപ്പായ കുത്തി താഴെ വീഴും മുൻപ് പിടിച്ച് അലക്കു കല്ലിലേക്ക് വച്ച് ഹരികൃഷ്ണൻ പറഞ്ഞു. അയാൾ അത് നോക്കി ചിരിച്ചു.
“ഒരു ഗ്ലൂക്കോസിന്റെ രുചിയാ ഇതിന്, ഉപ്പും ഉണ്ട് മധുരോം ഉണ്ട്.”
ചെറിയ പറമ്പ് ആണെങ്കിലും അതിലൂടെയൊക്കെ അയാളെ കേട്ടുകൊണ്ട് അവൻ നടന്നു ചുറ്റി കണ്ടു. വലിയ വയസ്സൊന്നുമില്ല പയ്യന്. അയാൾ അവനെക്കൊണ്ട് മൂക്കാറായ ഒരു നേന്ത്രക്കുല കൂടി വെട്ടിച്ചു.
“അന്ന് അതിന്റെ പോക്ക് കണ്ട്, ഞങ്ങൾക്കും അങ്ങനെ തോന്നി. ആ സിനിമയുടെ ക്ലൈമാക്സ് അങ്ങനെ എന്തെങ്കിലും ഒക്കെയേ ആകൂന്ന്… ഇപ്പോഴത്തെ കാര്യല്ല. പണ്ട്. പണ്ടും ഞങ്ങളിത് തിയേറ്ററിൽ കണ്ടിട്ടുണ്ട്, പകുതി!”
ഒരു കവുങ്ങിൻ തൈ വളരുന്ന കുഴി ചാടിക്കടന്ന് അവൻ തിരിഞ്ഞു നോക്കി.
“ആ, അവരുടെ ഇന്റർവ്യൂകളിൽ കണ്ടു, റീമേക്ക് പടം ആണെന്ന്. ഇതെന്താ ഈ പകുതി കണക്ക്? “
അയാൾ കുഴിയുടെ അരികു പിടിച്ച് നടന്നു. വീടിനകത്ത് കുഞ്ഞിന്റെ കരച്ചിൽ കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ, അത് സ്ഥിരം കരച്ചിലാണെന്ന് അവൻ പാകതയോടെ പറഞ്ഞു.
“എനിക്കന്ന് പത്രത്തിൽ പകുതി നേരം പണിയുണ്ട്. അവൾ കോളേജ് അല്ലെ. എപ്പോഴുമൊന്നും കാണാൻ പറ്റില്ല. വല്ലപ്പോഴും രഹസ്യമായി അവളേം കൂട്ടി തിയേറ്ററിൽ പോകും. കോളേജ് വിടുന്ന സമയം കണക്കാക്കി വീട്ടിൽ കേറണ്ടേ. അതോണ്ട് അന്നൊരു സിനിമയും മുഴുവൻ കണ്ടിട്ടില്ല… ഒന്നിച്ചായാപ്പോഴും അതിലൊരു രസം തോന്നി..”
അവർ ചിരിയോടെ തന്നെ അകത്തേക്കു കയറി. പഞ്ചേന്ദ്രിയങ്ങളെ ഉറപ്പിക്കുന്ന ഒരു പാട്ട് കുഞ്ഞിന് പാടിക്കൊടുക്കുകയായിരുന്നു കുഞ്ഞിന്റെ പുതിയ അമ്മമ്മ. അവൻ പാട്ടിനൊത്ത് ചെവി, കണ്ണ്, വായ എന്നിവ ഒട്ടും ആലോചിക്കാതെ തൊട്ടു കാണിക്കുന്നു.
“മുല്ലമൊട്ടു വിരിഞ്ഞെന്ന്
ചൊന്നതാരന്റെ കണ്മണീ
ആരും ചൊല്ലിയതല്ലല്ലോ
മൂക്ക് കൊണ്ട് മണത്തു ഞാൻ…”
ആരും ചൊല്ലിയതല്ലല്ലോയെന്നെത്തും മുന്നേ കുഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് അവരുടെ ചുറ്റും ഒരുവട്ടം ഓടി മൂക്കിൽ പിടിക്കുന്നു. അച്ചാച്ചൻ വന്ന് ബാക്കി പാടിയപ്പോൾ കുഞ്ഞൊന്ന് സംശയിച്ചു നിന്ന് പതിയെ ചെവിയിൽ പിടിച്ച് അവന്റെ അച്ഛനെ നോക്കി. അച്ചാച്ചൻ അല്ലേ എന്ന് ഹരികൃഷ്ണൻ പതുക്കെ പറഞ്ഞു. കുഞ്ഞു ചിരിച്ചു. അയാൾ പിന്നെയും മുല്ലമൊട്ടു വിരിഞ്ഞെന്ന് പാടി. കുഞ്ഞു തലയാട്ടിക്കൊണ്ട് മൂക്കിൽ തൊട്ട് ഉച്ചത്തിൽ ചിരിച്ചു.
അച്ചാച്ചനോടിണങ്ങിയപ്പോൾ കുഞ്ഞ് വീട് മുഴുവൻ അയാൾക്കൊപ്പം ഓടി നടന്നു. പലതും തട്ടി താഴെയിട്ടു. നിലത്തും കട്ടിലിലും മൂത്രൊഴിച്ചു. കനം കുറഞ്ഞൊരു ടോർച്ചെടുത്ത് അയാളെ ഓടിച്ചു കളിച്ചു.
“അച്ചാച്ചനെ ഓടിക്കല്ലേ… കുഞ്ഞാ,” എന്ന് ഹരികൃഷ്ണൻ ഇടയ്ക്ക് ചെറിയ ചെറിയ ഒച്ചകളുണ്ടാക്കി. ഗ്രീഷ്മ വല്യമ്മയ്ക്കൊപ്പം അടുക്കളയിൽ ചില്ലറ സഹായങ്ങളുമായി കൂടി. സിങ്കിലേക്ക് വന്നു കൂടുന്ന പാത്രങ്ങൾ കഴുകി വയ്ക്കുന്നതിനിടയിൽ അവൾ പാട്ടുകൾ മൂളി. വനജ അതിൽ പിടിച്ച് പിന്നെയും പിന്നെയും ഓരോന്ന് പാടിച്ചുകൊണ്ടിരുന്നു.
“ഇവിടെ എനിക്കും, നിന്റെ വല്യച്ഛനും വേറെ വേറെ പാട്ട് കളക്ഷൻസ് ഉണ്ട്. ടേപ്പിൽ.”
അവർ ചിരിച്ചുകൊണ്ട് ഗ്രീഷ്മയെ നോക്കി. അവളും ചിരിച്ചു.
“ഞങ്ങൾക്കും ഉണ്ട്.”
ഉച്ചയോടടുത്തപ്പോൾ കുഞ്ഞ് അച്ചമ്മയോടും വലിയ സൗഹൃദത്തിലായി. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ചുണ്ടു. കുഞ്ഞിനെ മടിയിലിരുത്തി വനജ ചോറ് കൊടുക്കുന്നത് അയാൾ സ്നേഹത്തോടെ നോക്കി നിന്നു.
“പായസം ഗ്രീഷ്മയുടെ സ്റ്റൈൽ ആണ്.”
അവർ ഭർത്താവിനെ നോക്കി പറഞ്ഞു. അയാൾ ചിരിച്ചുകൊണ്ട് തലയാട്ടി. ഗ്രീഷ്മയും ചിരിച്ചു.
കുഞ്ഞ് ഉച്ചയുറക്കം കഴിഞ്ഞ് എണീറ്റ് കരഞ്ഞപ്പോൾ വനജ തന്നെ അവനെ എടുത്തു മുറ്റത്തൂടെ നടന്നു.
പാലും മധുരപ്പത്തലും കൊടുത്തപ്പോൾ അവൻ ഉഷാറായി.
അവന്റെ മേലൊക്കെ ഒന്ന് തുടച്ച്, പുതിയൊരു ഉടുപ്പിടീച്ചുകൊണ്ട് അവർ പുറത്തേക്ക് വന്നു. വെയിലിന്റെ നിറം മാറും മുൻപേ, ഇറങ്ങിയേക്കാം എന്ന് അവൻ പറഞ്ഞു. ഇരുവരും തലയാട്ടി.
ഒരു പഴയ സ്കൂട്ടറിൽ ആയിരുന്നു അവർ വന്നത്. തിരിച്ചു പോകുമ്പോൾ മുന്നിൽ നേന്ത്രക്കുല വച്ച്, മറ്റ് സാധനങ്ങളും വച്ച് കുഞ്ഞിനെ നടുവിലിരുത്തി ഗ്രീഷ്മയാണ് അത് ഓടിച്ചത്. യാത്ര പറഞ്ഞ് അവർ പോയപ്പോൾ വീട് പഴയപോലെ ആയി.
6
“നമ്മക്കാണ് തെറ്റിയത് അല്ലേ?”
നമ്മക്കല്ല. ആദ്യം തെറ്റിയത് നിനക്ക്! നീ പറഞ്ഞത് കൊണ്ടല്ലേ ഞാനും അത് അങ്ങനെ ഒറപ്പിച്ചത്.”
“ഓ എന്നിട്ട് നിങ്ങളും അത് ശരിയാണെന്ന് പറഞ്ഞില്ലേ?”
അതിപ്പോ… നീ പറയുന്നതല്ലേ ഇത്രയും കാലം ഞാനും കേട്ടോണ്ടിരുന്നേ…ഇതും ശരിയായിരിക്കുംന്നു തോന്നി.
” അവനെ… ഹരികൃഷ്ണനേ, ശരിക്കും എന്താ ജോലി? ഞാൻ അത് ചോദിക്കാൻ വിട്ടു? ഗ്രീഷ്മ എൽ. പി സ്കൂളിൽ പോന്നുണ്ട്. പഠിപ്പിക്കാൻ. തൽക്കാലം ആണ്. എന്നാലും നല്ലതല്ലേ. പഠിച്ച കുഞ്ഞോൾ ആണ്.”
ഉം… പറഞ്ഞു അവൻ.
ഹരിക്ക്… നമ്മൾ പരസ്യം കണ്ട റിങ്ങില്ലെ? ആ പരസ്യം എഴുതിയ റിങ് കമ്പനിയിലാ..
“റിങ്ങ്? കിണറിലൊക്കെ ഇടുന്ന റിങ്ങോ?”
ഉം. റിങ്ങിനു വിളിക്കാന്നുള്ളത്, നമ്മളെങ്ങനെയാ വിരുന്നെന്ന് തെറ്റി വായിച്ചേ! രസുണ്ട്.
“ഉം. അവരെ, നമ്മളെപ്പറ്റി കൂടുതൽ എന്തെങ്കിലും ചോദിച്ചോ?”
അവർ തിരിഞ്ഞു കിടന്നു ഭർത്താവിനെ നോക്കി. അയാൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് കിടന്ന് അവരുടെ തോളിൽ തട്ടി. അയാൾക്ക് കുഞ്ഞിനെ മണത്തു.
ഇല്ല. അവർ വിരുന്നുകാരല്ലേ.