ഞാൻ ബസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. എനിക്കെതിരെ റോഡിനപ്പുറത്തുള്ള വഴിവിളക്കിലെ മന്ദിച്ച വെട്ടത്തിൽ കാണുന്ന സിമന്റടര്‍ന്നു തുടങ്ങിയ ഇരിപ്പിടങ്ങളെ ഇരുട്ടു മൂടിയിരുന്നു.
ഏഴുമണിക്കാണ് നാട്ടിലേക്കുള്ള സെന്റ് ജോര്‍ജ് ബസ് വരേണ്ടത്. അവസാന ട്രിപ്പിന് ഒരിക്കലും കൃത്യ സമയം പാലിക്കാത്ത സെന്റ് ജോര്‍ജ് പത്തോ പതിനഞ്ചോ മിനിറ്റ് വൈകിയാണെങ്കിലും എത്തും. കുഗ്രാമത്തിലേക്കുള്ള അവസാനവണ്ടിയായതിനാല്‍ വൈകിയോടുന്നതാണ് അവര്‍ക്കും ലാഭം. എനിക്കും വൈകിയെത്തുന്നതായിരുന്നിഷ്ടം. പഴയ വീട്ടില്‍ ചെന്നിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
ഒരു ഗ്രാമം മുഴുവനായാണ് വൈകുന്നേരം ആ ബസിലുണ്ടാവുക. വില്ലേജ് ഓണ്‍ വീല്‍സ്. സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസില്‍ സീസണ്‍ കഴിഞ്ഞ് മടങ്ങുന്ന ദേശാടനപക്ഷിക്കൂട്ടം പോലെ നിറച്ചാളുണ്ടാവും. ജോലി കഴിഞ്ഞു മടങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കയറ്റിറക്ക് തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ലോട്ടറികച്ചവടക്കാര്‍, ഗ്രാമത്തിന്റെ പരിച്ഛേദം തന്നെ ബസ്സിലുണ്ടാകും.
നാട്ടില്‍ നിന്നും പട്ടണത്തിലേക്ക് പണിക്കു പോകുന്ന കൂലിപ്പണിക്കാരാണ് വൈകുന്നേരവണ്ടിക്കുള്ള യാത്രക്കാരിലേറെയും. തുണിക്കടകളിലും മൊബൈല്‍ ഷോപ്പുകളിലും ജോലിക്കു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ നേരത്തെയുള്ള ബസുകളില്‍ വീടെത്തും. അപൂര്‍വമായി വൈകി വന്ന് സെന്റ് ജോര്‍ജില്‍ കയറുന്ന പെണ്ണുങ്ങളുടെ മുഖത്ത് എത്ര മറച്ചാലും മറയാത്ത പരിഭ്രമമുണ്ടാവും. വില കുറഞ്ഞ മദ്യത്തിന്റെയും ബീഡിപ്പുകയുടെയും വിയർപ്പിന്റെയും വാടയും തെറി വാക്കുകളുടെ അകമ്പടിയോടെയുള്ള സംസാരവും നിറഞ്ഞു നില്‍ക്കുന്ന ബസില്‍ പെണ്ണുങ്ങള്‍ കയറുന്നത് തീരെ നിവൃത്തിയില്ലാത്തപ്പോഴാണ് .
സ്വന്തമായി കാറുണ്ടെങ്കിലും ഇടയ്ക്ക് പട്ടണത്തില്‍ നിന്ന് രാത്രി വണ്ടിക്ക് നാട്ടില്‍ ചെന്നു മടങ്ങുന്നത് മുന്‍പും എനിക്കൊരു വിനോദമായിരുന്നു. നഗരത്തിലേക്ക് താമസം മാറ്റിയ ശേഷം നാട്ടിലേക്ക് പോയിട്ട് കുറച്ചു നാളായി . ഭാര്യ മരിച്ചതില്‍പ്പിന്നെ വീട്ടിലെ കാര്യങ്ങളെല്ലാം താളം തെറ്റി. മക്കളില്ലാത്തതിനാൽ ഒറ്റയ്ക്ക് ജീവിക്കാന്‍ പെന്‍ഷന്‍ തന്നെ ധാരാളം.
ആലോചിച്ചിരിക്കെ ബസ് ഷെല്‍റ്ററിലേക്കോടിക്കയറി വന്ന പെണ്‍കുട്ടി കിതപ്പടക്കി ചോദിച്ചു “സെന്റ് ജോര്‍ജ് പോയോ ചേട്ടാ?”
ഇല്ലെന്നുള്ള എന്റെ മറുപടി കേട്ട് നാട്ടിലേക്കുള്ള ഓട്ടോറിക്ഷക്കൂലി ലാഭിച്ച ആശ്വാസത്തോടെ അവള്‍ റോഡിനഭിമുഖമായി മുഖം തിരിച്ചിരുന്നു മൊബൈല്‍ നോക്കാന്‍ തുടങ്ങി. ഇരുട്ടിൽ തെളിഞ്ഞ മൊബൈൽ വെളിച്ചത്തിൽ കണ്ട പെൺകുട്ടിയുടെ മുഖത്ത് നേരിയ പുഞ്ചിരി വിടരുന്നത് ഞാൻ നോക്കിയിരുന്നു.
വൈകിയെത്തുന്ന വണ്ടിയില്‍ കയറിയാലുള്ള ഏറ്റവും വലിയ മെച്ചം നാട്ടിലുണ്ടാകുന്ന സംഭവങ്ങളുടെ പെരുപ്പിച്ചു പറയുന്ന വിവരങ്ങള്‍ അറിയാമെന്നുള്ളതാണ്.
തിങ്ങി നിറഞ്ഞ അവസാന ബസില്‍ കയറുന്നവര്‍ നാട്ടിലെ അവിഹിതങ്ങളുടെയും അതിര്‍ത്തി വഴക്കുകളുടെയും , ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി കിട്ടിയതിന്റെയും വിവരങ്ങള്‍ കെട്ടഴിക്കും.
അവര്‍ പറയുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ബസിനുള്ളിലുണ്ടാവാമെന്ന കാര്യങ്ങളൊന്നും അവരെ അലട്ടാറേയില്ല.
“മുറിക്കുന്നോ?”
പഴക്കം ചെന്ന ഇരുമ്പു ഗേറ്റ് തുറക്കുന്ന ശബ്ദത്തില്‍ റോഡു മുറിച്ച് തൊട്ടടുത്തേക്കു വന്ന അപരിചിതന്റെ ചോദ്യം കേട്ട് ഞാന്‍ മുഖമുയർത്തി നോക്കി. മുഷിഞ്ഞ വേഷവും ചീകിയൊതുക്കാത്ത തലമുടിയുമുള്ള മധ്യവയസ് പിന്നിട്ട ഒരു മനുഷ്യനാണ്. അയാളെന്താണുദ്ദേശിക്കുന്നതെന്ന് എനിക്കു പിടി കിട്ടിയില്ല. പോക്കറ്റില്‍ നിന്ന് നൂറു രൂപ നോട്ടെടുത്ത് അയാളെന്നെ കാട്ടി.
“നൂറ് ഷെയറിട്.”
ഞാനൊന്നും മിണ്ടാതെ നിന്നിട്ടാവാം അയാളെന്നെ പുച്ഛത്തോടെ നോക്കി. മുഖത്തടിക്കുന്ന മദ്യഗന്ധത്തില്‍ നിന്നൊഴിവാകാന്‍ ഞാന്‍ മൊബൈലെടുത്ത് കുറച്ചു കൂടി വെളിച്ചമുള്ള ഇടം തേടാനെന്ന മട്ടില്‍ ഇരിപ്പിടം മാറിയിരുന്നു.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന പേരില്‍ ഫേസ്ബുക്കിലിട്ട പഴയ നാട്ടിന്‍പുറച്ചിത്രത്തിന് നാല് കമന്റും കുറച്ചു ലൈക്കുകളും കിട്ടിയിട്ടുണ്ട്.
നേരത്തെ ഓടി വന്ന പെണ്‍കുട്ടി മൊബൈലില്‍ നിന്നും കണ്ണെടുത്ത് എന്നെ നോക്കി ചിരിച്ചു. തിരിച്ചറിയലിന്റെ സ്പര്‍ശമുള്ള ചിരി. അവളാരാണെന്നറിയില്ലെങ്കിലും ഞാനും ചിരിച്ചു. സെന്റ് ജോര്‍ജ് ബസില്‍ കേറുന്നവരെല്ലാം എന്റെ പഴയ നാട്ടുകാരാണല്ലോ.
അതേസമയം വേട്ടാളന്‍ തുളച്ചതു പോലെയുള്ള മുഖവുമായി ബസ് ഷെല്‍ട്ടറിലേക്കു വന്ന ലോട്ടറിക്കാരന്റെ കണ്ണില്‍ എന്നെ തിരിച്ചറിഞ്ഞ തിളക്കം തെളിഞ്ഞു. അടുത്തിരിക്കാന്‍ തുടങ്ങിയ അയാളെ അമ്പരപ്പിച്ച് ഞാന്‍ ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ നൂറു രൂപയെടുത്തു നീട്ടി.
“മുറിക്കാന്‍ ചോദിച്ചപ്പം നിന്റെ കൈയില് കാശില്ലാഞ്ഞല്ലോടാ നാറി.”
പഴക്കം ചെന്ന ഇരുമ്പ് ഗേറ്റ് ശബ്ദം മുരണ്ടു. ഞാനത് കേട്ടില്ലെന്ന് നടിച്ചു.
ലോട്ടറിക്കാരൻ ഇരുമ്പ് ഗേറ്റിനെ അനുനയിപ്പിച്ചു. വീര്യം കൂടിയ കുറേ തെറികള്‍ ലോട്ടറിക്കാരന് കേള്‍ക്കേണ്ടി വന്നു. തെറികള്‍ പറയുന്നതിനിടയില്‍ അയാൾ മൊബൈലില്‍ നോക്കിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ നോക്കി അശ്ലീല ആംഗ്യങ്ങള്‍ കാട്ടി. അവള്‍ വെറുപ്പോടെ മുഖം വെട്ടിച്ചു.
“നീ ചക്കമറിയത്തിന്റെ കൂട്ടല്ലേ? പത്തു രൂപ വെടി. ഫൂ…”
അതേനേരം തന്നെ സെന്റ് ജോര്‍ജ് ഇരപ്പിച്ചെത്തി.
ഹോണ്‍ മുഴക്കി വന്ന സെന്റ് ജോര്‍ജില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ തിരക്കുണ്ടായിരുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സീറ്റില്‍ രണ്ടു ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിലൊരുവന്‍ എനിക്കു വേണ്ടി സീറ്റൊഴിഞ്ഞു തന്നു. ചെറുപ്പക്കാരനെ മനസു കൊണ്ട് അഭിനന്ദിച്ച് ഞാന്‍ ഞെരുങ്ങിക്കയറിയിരുന്നു.
ബസില്‍ സ്ഥിരമായി അയമോദക ഗുളികകളും പുറംമാന്തികളും ചെവിയടപ്പുകളും വില്‍ക്കുന്ന ആളായിരുന്നു സീറ്റൊഴിഞ്ഞു തന്ന ചെറുപ്പക്കാരന്‍. നേരത്തെ അയാളെ പട്ടണത്തിലുള്ള മറ്റു ചില ബസുകളിലും കണ്ടിട്ടുണ്ട്. അയമോദകത്തിന് പകരം ഞരമ്പെണ്ണയാണ് അന്നയാള്‍ വിറ്റിരുന്നത്. ഒരു വഷളന്‍ ചിരിയോടെ അടുത്തു വന്ന് ഒരിക്കല്‍ വാജീകരണത്തിനുള്ള മരുന്ന് തരാന്‍ ശ്രമിച്ച ഓര്‍മ്മ ഓരോ വട്ടവും അയാളെ കാണുമ്പോള്‍ തികട്ടിവരും.
ബസ് മുന്നോട്ടെടുത്തപ്പോള്‍ ഈര്‍പ്പവുമായി വന്ന കാറ്റ് മുഖത്തടിച്ചു. ആശ്വാസത്തോടെ ഞാന്‍ ഷര്‍ട്ടിന്റെ ബട്ടനുകള്‍ രണ്ടെണ്ണം ഊരിയിട്ടു. ഇനി പട്ടണത്തിന്റെ തൊട്ടടുത്തുള്ള സ്റ്റോപ്പുകളില്‍ നിന്നും കയറാനുള്ള ആളുകള്‍ മാത്രമേയുണ്ടാവുകയുള്ളു. പുഴുങ്ങിയെടുക്കുന്ന തിരക്കില്‍ ബസ് നാട്ടിന്‍പുറത്തെത്തുമ്പോള്‍ നേരെ തിരിച്ചാവും സ്ഥിതി. സ്ഥിരം സ്‌റ്റോപ്പുകളില്‍ അവനവന് കാത്തുവച്ച വിധിപോലെ ഓരോരുത്തരായി തങ്ങളുടെ ഇടങ്ങളില്‍ ഇറങ്ങാന്‍ തുടങ്ങും.
ഒട്ടകം സൂചിക്കുഴയിലൂടെയെന്ന ബൈബിള്‍ വചനത്തെ ഓര്‍മ്മിപ്പിച്ച് തിങ്ങിഞെരുങ്ങി നിന്ന കണ്ടക്ടര്‍ എങ്ങോട്ടെന്ന് ചോദിക്കാതെ തന്നെ ടിക്കറ്റു മുറിച്ചു നീട്ടി. എനിക്കിറങ്ങേണ്ട കൃത്യസ്ഥലം അയാള്‍ക്കറിയാം. മൂന്നോ നാലോ സ്റ്റോപ്പുകള്‍ കഴിഞ്ഞ് തിരക്കൊഴിയുമ്പോള്‍ എന്തെങ്കിലും വിശേഷം ചോദിക്കുന്നതിനിടെ അയാള്‍ പണം വാങ്ങും.
വിയര്‍പ്പും, ചൂടും, വാടിയ മുല്ലപ്പൂ മണവും പട്ടാളറമ്മിന്റെ നാറ്റവും ഇടകലര്‍ന്ന ബസിന്റെ സൈഡ് സീറ്റില്‍ ഓക്‌സിജനെടുക്കുന്ന കാസരോഗിയെ പോലെ ഞാന്‍ ശുദ്ധവായുവിനായി പുറത്തേക്ക് നോക്കി. പിന്നോട്ടു പായുന്ന മങ്ങിയ കാഴ്ചകള്‍ക്കിടെ ബസ് അടുത്ത സ്റ്റോപ്പില്‍ നിന്നു.
പിന്നില്‍ ബഹളം നടക്കുകയാണ്. ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞു പോയതിന് കണ്ടക്ടറോട് കയര്‍ത്ത ഒരു യാത്രക്കാരന്റെ പൂര്‍വ ചരിത്രം കെട്ടഴിക്കാന്‍ തുടങ്ങുകയായിരുന്നു ചിലര്‍.
“അപ്പനൊണ്ടാക്കി വച്ചതൊക്കെ നശിപ്പിക്കാനൊണ്ടായ സര്‍പ്പസന്തതിയാ. അപ്പന്‍ ബെന്‍സ് കാറിലായിരുന്നു യാത്ര. മകനും ബെന്‍സിലാ. ബസാണെന്നു മാത്രം.”
കൂട്ടച്ചിരിക്കിടയില്‍ ബസ് മുന്നോട്ടെടുത്തു.
ബസ് വളവെടുത്ത് കേറ്റം കയറാന്‍ തുടങ്ങി. പതിഞ്ഞ ശബ്ദത്തില്‍ എഞ്ചിന്റെ ശബ്ദമുയര്‍ന്നപ്പോള്‍ പിന്നില്‍ നിന്ന് ‘എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം’ എന്ന് ആരോ പാടിയ പാട്ടിന് പിന്നണിയായി കൈയടികളുയര്‍ന്നു. അതിലുമുച്ചത്തില്‍ ശബ്ദമുയര്‍ത്തിക്കൊണ്ട് മുന്‍സീറ്റില്‍ ചാരി നിന്ന ഒരാള്‍ മൊബൈലില്‍ ആരെയോ തെറി വിളിച്ചു.
കയറ്റം കയറി നിന്ന കവലയില്‍ ഏറെ ആളുകള്‍ ഇറങ്ങാനുണ്ടായിരുന്നു.
“ഫുട്‌ബോള്‍ കളിക്കാന്‍ സ്ഥലമുണ്ടല്ലോ.”കുടുംബശ്രീയുടെ മീറ്റിങ്ങ് കഴിഞ്ഞ് മുന്നില്‍ പുതിയതായി കയറിയ പെണ്ണുങ്ങളോട് കണ്ടക്ടര്‍ പിന്നോട്ടു നീങ്ങി നില്‍ക്കാന്‍ പറഞ്ഞു. പെണ്ണുങ്ങളെ ശ്രദ്ധിച്ചു നിന്ന യാത്രക്കാര്‍ ഇറങ്ങിപ്പോയവരെക്കുറിച്ച് പറയാന്‍ വന്ന കാര്യങ്ങള്‍ വിട്ടു പോയിരുന്നു.
തിരക്കില്‍ പിന്നോട്ടുവന്ന പെണ്‍കുട്ടിയുടെ കൈ എന്റെ കൈയില്‍ മുട്ടി. ചിരിച്ചു കൊണ്ട് സോറി പറഞ്ഞ അവളെ ചിരി കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞു. നേരത്തെ കാത്തിരിപ്പുകേന്ദ്രത്തില്‍ വച്ച് കണ്ട പെണ്‍കുട്ടി .
“കുറച്ചായി പാമ്പ് ശല്യം കൂടുതലാണ്.” മുന്‍സീറ്റിലെ യാത്രക്കാരന്‍ കണ്ടക്ടറോട് പരിഭവം പറഞ്ഞു.
അയാള്‍ മറുപടി ഒരു ചെറു പുഞ്ചിരിയിലൊതുക്കി മുന്നോട്ടുനീങ്ങുമ്പോള്‍ അടുത്തിരുന്ന യാത്രക്കാരന്‍ ഇടപെട്ടു. അയാള്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന ലോട്ടറിക്കാരനെ ചൂണ്ടിപ്പറഞ്ഞു.
“ഈ ലോട്ടറീം ഞങ്ങള്‍ കൂലിപ്പണിക്കാരുടെ സര്‍പ്പയഞ്ജവും കൊണ്ടാ നിനക്കൊക്കെ നക്കിത്തിന്നാന്‍ ശമ്പളം കിട്ടുന്നത്. അവന്റെമ്മേന്റെ പാമ്പു ശല്യം.”
യാത്രക്കാരന്‍ അയാളെ ശ്രദ്ധിക്കാതെ കൈയിലുള്ള വാരികയിലേക്ക് നോക്കി വായന തുടര്‍ന്നു. ഇതിനിടെ മുന്‍ഭാഗത്തെ തിരക്കിനിടയിലേക്ക് തള്ളിക്കയറിയ ജീന്‍സുധാരിയെ ഉദ്ദേശിച്ച് പിന്‍ ഭാഗത്തു നിന്നും പൂച്ച കരയുന്ന ശബ്ദത്തിലുള്ള കമന്റുയര്‍ന്നു: “ജാക്കിചന്ദ് സിങ്ങ് ഫോര്‍വേഡ് കളിക്കാനെറങ്ങീട്ടൊണ്ട്. സൂക്ഷിച്ചോളണേ.”
ബസ് മുന്നോട്ടു നീങ്ങുമ്പോള്‍ തിരക്ക് കുറഞ്ഞു വന്നു. രണ്ടോ മൂന്നോ സ്റ്റോപ്പ് കഴിഞ്ഞാല്‍ തിരക്കൊഴിയും. ഒടുവില്‍ ബസില്‍ പത്തോ പന്ത്രണ്ടോ സ്ഥിരം യാത്രക്കാര്‍ മാത്രമാകും ബാക്കി. തൊട്ടുമുന്‍പ് ബസില്‍ നിന്ന് ഇറങ്ങുന്നയാളുടെ ചരിത്രം ചികയലാണ് അവരുടെ ജോലി. അവസാന സ്റ്റോപ്പുകളിലിറങ്ങുന്നവരുടെ ആനന്ദമാണത്.
തിരക്കൊഴിഞ്ഞ സമയം നിശബ്ദനായി തൊട്ടടുത്തിരിക്കുന്ന യാത്രക്കാരനെ ഞാന്‍ ശ്രദ്ധിച്ചു. വെട്ടാന്‍ കൊണ്ടു പോവുമ്പോള്‍ പോലും വിന്‍ഡോ സീറ്റിന് വാശി പിടിക്കുന്ന കാലത്ത് ആരാണ് സീറ്റിന്റെ തുഞ്ചത്തിരിക്കുന്നത്?
അത് ജോസഫ് ആയിരുന്നു. എന്റെ പഴയ അയല്‍ക്കാരന്‍. ഞാന്‍ ശരീരം കഴിയാവുന്നത്ര ചുരുക്കി ബസിന്റെ പുറം തകിടിനോടു ചേര്‍ന്നിരുന്നു.
അയാള്‍ എന്നോടു കുറച്ചു കൂടി ചേര്‍ന്നിരുന്നോ എന്ന സംശയത്തില്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. അകത്തേക്ക് വീശിവന്നകാറ്റ് വിയര്‍പ്പാറ്റാന്‍ മതിയാവില്ലായിരുന്നു.
വേറേതോ നാട്ടില്‍ നിന്നും വന്നതാണ് ജോസഫ്. വീടിന് തൊട്ടടുത്തുള്ള ബന്ധുക്കളുടെ വീടും പറമ്പും വാങ്ങി താമസം തുടങ്ങിയ ജോസഫുമായി ഞങ്ങള്‍ വേഗം അടുത്തു. ഞങ്ങള്‍ക്കിടയില്‍ വേലിയോ മതിലുകളോ ഇല്ലായിരുന്നു. പിന്നെ എപ്പോഴാണ് അതിരുയര്‍ന്നത്?
രണ്ടു പറമ്പുകള്‍ക്കുമിടയില്‍ കാടു പിടിച്ച് കിടന്ന അദൃശ്യമായ അതിര് പതിയെ പതിയെ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ പാകത്തിലുള്ള വന്മതിലായി മാറിയിരുന്നു.
എതിരെ വന്ന കാറുകാരനെ തല പുറത്തേക്കിട്ട് ചീത്ത വിളിച്ചു കൊണ്ട് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. മുന്നോട്ടുള്ള ആയലില്‍ ചേര്‍ന്നു വന്ന ജോസഫിന്റെ മടിക്കുത്തിലെ കഠാരയുടെ ലോഹത്തണുപ്പ് എന്നിലേക്ക് ഭീതിയായി പടര്‍ന്നു. ജോസഫ് പഴയതൊന്നും മറന്നിട്ടില്ലേ? അയാള്‍ രണ്ടും കല്‍പ്പിച്ചു തന്നെയാവും. അയമോദക ഗുളികക്കാരനെ ഞാന്‍ കണ്ണുകള്‍ കൊണ്ട് പരതി. അയാളെ കാണാനില്ലായിരുന്നു. അയാള്‍ ഇറങ്ങിപ്പോയ താണോ പിന്നിലെ തിരക്കില്‍ എന്റെ വിധിയും കാത്ത് നില്‍ക്കുകയാണോ എന്നറിയാതെ ഞാനുഴറി.
ജോസഫിന് യാത്രക്കാരെല്ലാം ചേര്‍ന്ന് സൗകര്യമൊരുക്കുകയാണന്ന് എനിക്കു തോന്നി. തൊട്ടപ്പുറത്തിരിക്കുന്ന അയാള്‍ക്കും മുന്‍ സീറ്റിനുമിടയിലൂടെ പുറത്തുകടന്നാലും രക്ഷപ്പെടാനാവില്ല. പിൻ ഭാഗത്ത് വാതിലിനോടു ചേർന്ന് നിറച്ചും മനുഷ്യരാണ്. വിയര്‍പ്പും ചൂടും കുഴച്ചു ചേര്‍ത്തു പണിത മനുഷ്യമതില്‍പോലെ ആളുകള്‍ എന്നെ അപകടപ്പെടുത്താന്‍ നില്‍ക്കുകയാണ്.
ജോസഫിന്റെ കഠാരത്തണുപ്പിന്റെ സ്പര്‍ശമോര്‍ത്ത് ഭീതിയോടെ ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. അടുത്ത സ്റ്റോപ്പാണ് എനിക്കിറങ്ങേണ്ട സ്ഥലം. അയാള്‍ക്കിറങ്ങേണ്ടതും അവിടെയാണ്. പുറംകാഴ്ച നോക്കിയിരുന്ന് ഞാന്‍ മനസില്‍ കണക്കുകൂട്ടി. സ്റ്റോപ്പ് മാറി അടുത്ത ആലിന്‍ചുവട് സ്റ്റോപ്പിലിറങ്ങാം. തിരികെ കുറച്ചു നടക്കണമെന്നേയുള്ളു.
ആലോചിച്ചിരിക്കെ, പെട്ടെന്നൊരു ധൈര്യം വന്നെന്നെ തൊട്ടു. ഇടതു നെഞ്ചിലേക്ക് അറിയാതെ എന്റെ കൈ വിരലുകൾ നീണ്ടു. പലവട്ടം പണിമുടക്കിയ ഹൃദയത്തിന് മീതെയുള്ള പോക്കറ്റിലെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വിയർപ്പിൽ നനഞ്ഞൊട്ടിയിരുന്നു.
തല കുനിച്ച് ഞാൻ മനസ്സിലോർത്തു.അവസാനത്തെ ബസ് യാത്രയിൽ ഇനിയെനിക്കെന്താണവശേഷിക്കുന്നത്?
ബസ് നിർത്തിയപ്പോള്‍ തിരക്കിട്ട് പുറത്തിറങ്ങിയ ആളുകളെ തെരുവ് വിളക്കിന്റെ വെട്ടത്തില്‍ എനിക്ക് വ്യക്തമായി കാണാമായിരുന്നു. തിക്കിത്തിരക്കി പുറത്തിറങ്ങിയ പെണ്‍കുട്ടി ജോസഫിന്റെ വീട്ടിലേക്കുള്ള ഗേറ്റ് തുറക്കുന്നതു കണ്ട് ഞാന്‍ അമ്പരപ്പോടെ പുറത്തേക്കു നോക്കി.
“പാലുകാരന്‍ ജോസഫിന്റെ മോളാ. ചക്ക മറിയേടെ സന്തതി ജെസ്മി. ചത്തേപ്പിന്നെ ഒറ്റയ്ക്കാ താമസം…”
പിന്നില്‍ നിന്ന് അയമോദക ഗുളികക്കാരന്‍ ആരോടോ പറഞ്ഞു .
“നല്ല വരശാ.” മറ്റാരോ ഉച്ചത്തില്‍ പറഞ്ഞു.
“അവളിപ്പോ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാ. നമുക്കൊന്നും തരൂല്ലെടാ. സിറ്റീലൊള്ള വര്‍ക്കേ കൊടുക്കൂ.”
കൂട്ടച്ചിരിക്കിടെ ബസ് മുന്നോട്ടു നീങ്ങി. ഞെട്ടലോടെ ഞാന്‍ തൊട്ടടുത്ത സീറ്റിലേക്ക് നോക്കി. തൊട്ടടുത്തിരുന്ന ജോസഫ്, അയാൾ കരയുകയായിരുന്നു. തൊട്ടു തൊട്ടിരുന്നിട്ടും എനിക്ക് തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം അയാള്‍ ശബ്ദമില്ലാതെ കരഞ്ഞു. കരഞ്ഞു കരഞ്ഞ് അയാള്‍ ഘനീഭവിച്ചു. ഈര്‍പ്പം. അയാളുടെ ചുറ്റിനും ഈര്‍പ്പമായിരുന്നു. ജോസഫിന്റേത് പ്രതികാരത്തിന്റെ കഠാരത്തണുപ്പല്ലായിരുന്നു. മറിച്ച് വിഷാദത്തിന്റേതായിരുന്നു. മരിച്ചിട്ടും വിട്ടുപോകാത്ത നിറഞ്ഞ വിഷാദത്തിന്റെ.
നോക്കിയിരിക്കെ, ലാഘവത്തോടെ ജോസഫ് എന്നെ വിട്ട് പുറത്തേത്തേക്കൂര്‍ന്നു. ഞാന്‍ തല വെട്ടിച്ച് ജാലകവാതിലിലൂടെ ജോസഫിനെ നോക്കി. എന്റെ ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം നിലച്ചുപോയ നേരം ഏകനായും നിശബ്ദനായും ഒരു പഴങ്കഥയുടെ ഓര്‍മ്മ പോലെ പുറത്തെ ഇരുട്ടിലേക്കയാള്‍ അലിഞ്ഞുചേരുകയായിരുന്നു. ജീവിച്ചിരിക്കുന്ന മകൾക്ക് എന്നേക്കും കാവലായി.