കാൻബറ: ബ്രിട്ടനിലെ ബെൽമാർഷ് ജയിലിലെ കുടുസ്സുമുറിയിൽനിന്നു മോചിതനായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജിന് ഓസ്ട്രേലിയൻ മണ്ണിൽ വികാരനിർഭരമായ സ്വീകരണം.
വിമാനത്താവളത്തിൽ കാത്തുനിന്ന ആരാധകർക്കും മാധ്യമപ്രവർത്തകർക്കും നേരെ കൈകൾ വീശിയും ഭാര്യ സ്റ്റെല്ലയെ എടുത്തുയർത്തി സ്നേഹചുംബനങ്ങൾ നൽകിയും പിതാവ് ജോൺ ഷിപ്റ്റണെ കെട്ടിപ്പിടിച്ചുമാണ് അസാൻജ് തിരിച്ചുവരവിന്റെ ആഹ്ലാദം പ്രകടിപ്പിച്ചത്.
ജയിൽമുറിക്കുള്ളിലല്ലാതെ അച്ഛനെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു 5 വയസ്സുകാരൻ മാക്സും 7 വയസ്സുള്ള ഗബ്രിയേലും.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അസാൻജുമായി ഫോണിൽ സംസാരിച്ചു.
അസാൻജിനെ മോചിപ്പിക്കാൻ വർഷങ്ങളായി പ്രവർത്തിക്കുകയായിരുന്നു ആൽബനീസ്. 14 വർഷം നീണ്ട നിയമപ്പോരാട്ടത്തിനാണ് ഇതോടെ അവസാനമായത്.
2010 ൽ അമേരിക്കയുടെ സൈനിക രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ടതിനെ തുടർന്നാണ് കംപ്യൂട്ടർ എൻജിനീയറായ അസാൻജ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.
അമേരിക്ക ചാരവൃത്തിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും സ്വീഡൻ സ്ത്രീപീഡനക്കുറ്റവും ചുമത്തി കേസെടുത്തതിനെ തുടർന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയ അസാൻജ് 7 വർഷം അവിടെ കഴിഞ്ഞു.
എന്നാൽ, ഇക്വഡോർ രാഷ്ട്രീയാഭയം പിൻവലിച്ചതിനെ തുടർന്ന് ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് അദ്ദേഹത്തെ 5 വർഷം ബ്രിട്ടനിലെ അതിസുരക്ഷാ ജയിലിലടച്ചു. യുഎസും സ്വീഡനും അസാൻജിനെ വിട്ടുകിട്ടാൻ ശ്രമിച്ചെങ്കിലും നിയമനടപടി നീണ്ടു.
അതിനിടെ, സൈനിക രഹസ്യരേഖകൾ ലഭിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം സമ്മതിച്ചുകൊണ്ട് യുഎസുമായി അദ്ദേഹം ധാരണയിലെത്തി.
ഈ ധാരണയനുസരിച്ച്, പസിഫിക് സമുദ്രമേഖലയിലുള്ള യുഎസിന്റെ ഭൂപ്രദേശമായ നോർത്തേൺ മരിയാന ദ്വീപിലെ കോടതിയിൽ ഹാജരാക്കപ്പെട്ട അസാൻജിനെ ഇതുവരെ അനുഭവിച്ച ജയിൽശിക്ഷ കണക്കിലെടുത്ത് മോചിപ്പിക്കുകയായിരുന്നു.
അവിടെ നിന്നുതന്നെ പ്രത്യേക വിമാനത്തിൽ അദ്ദേഹം ഓസ്ട്രേലിയയിലേക്കു മടങ്ങി.
ഇക്വഡോർ എംബസിയിൽ കഴിയുന്ന കാലത്താണ് അസാൻജ് അഭിഭാഷകയായ സ്റ്റെല്ലയുമായി പരിചയത്തിലായത്.