സിഡ്നി: ഓസ്ട്രേലിയയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച ഇന്ത്യൻ ചാരന്മാരെ പുറത്താക്കിയതായി ഓസ്‌ട്രേലിയൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് എബിസി റിപ്പോർട്ട്.
ഓസ്ട്രേലിയയുടെ വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും പ്രതിരോധ പദ്ധതികളെയും വിമാനത്താവള സുരക്ഷയെയും കുറിച്ചുള്ള രഹസ്യങ്ങളാണ് ‘നെസ്റ്റ് ഓഫ് സ്പൈസ്’ എന്ന ഇന്ത്യൻ ചാരന്മാർ ചോർത്താൻ ശ്രമിച്ചതെന്ന് ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം കുറ്റപ്പെടുത്തുന്നു.
2020 മുതൽ ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) വിദേശ ചാരന്മാരായ ഇന്ത്യക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
വിദേശ ചാരപ്പണിയെക്കുറിച്ച് എഎസ്ഐഒ ഡയറക്ടർ ജനറൽ മൈക്ക് ബർഗെസ് 2021 ൽ സൂചിപ്പിച്ചിരുന്നെങ്കിലും ഏത് രാജ്യമാണ് പ്രവർത്തനത്തിന് പിന്നിൽ എന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ലെന്ന് എബിസി റിപ്പോർട്ട് ചെയ്യുന്നു.
ചാരന്മാർ രാഷ്ട്രീയക്കാരുമായും വിദേശ എംബസിയുമായും സംസ്ഥാന പോലീസ് സേനയുമായും ബന്ധങ്ങൾ വികസിപ്പിച്ചെടുത്തിരുന്നെന്ന് മൈക്ക് ബർഗെസ് പറഞ്ഞു. ഓസ്‌ട്രേലിയയുടെ വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അവർ തേടി. ഒരു പ്രധാന വിമാനത്താവളത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള വിവരങ്ങൾ ഒരു പൊതുപ്രവർത്തകനോട് ആവശ്യപ്പെട്ടെന്നും ബർഗെസ് വിശദീകരിച്ചു.
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ ‘നെസ്റ്റ് ഓഫ് സ്പൈസ്’ ആണ് ചാരപ്പണിക്ക് ഉത്തരവാദിയെന്ന് ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷ വിഭാഗം എബിസിയോട് സ്ഥിരീകരിച്ചു.
മോറിസൺ സർക്കാർ നിരവധി ഇന്ത്യൻ ഉദ്യോഗസ്ഥരെ ഓസ്‌ട്രേലിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു. 2020 ൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയിയായ റോയിലെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) രണ്ട് അംഗങ്ങളെ എഎസ്ഐഒയുടെ കൗണ്ടർ ഇൻ്റലിജൻസ് ഓപ്പറേഷനെ തുടർന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പുറത്താക്കിയതായി വാഷിംഗ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം ഇന്ത്യയും ക്വാഡ് രാജ്യങ്ങളുടെ പട്ടികയിൽ അംഗമാണ്. ചൈനയുടെ സൈനിക ശേഖരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്തോ – പസഫിക്കിലെ ഒരു നിർണായക പ്രതിരോധ പങ്കാളിയായി ഇന്ത്യ കണക്കാക്കപ്പെടുന്നു.
സൗഹൃദ രാജ്യങ്ങൾ ഓസ്‌ട്രേലിയയ്‌ക്കെതിരെ ചാരപ്രവർത്തനം നടത്താൻ ശ്രമിക്കുന്നത് എങ്ങനെയെന്ന് 2022 ൽ ബർഗെസ് വിശദീകരിച്ചിരുന്നു. ഒന്നിലധികം രാജ്യങ്ങൾ ഞങ്ങൾക്കെതിരെ ചാരപ്രവർത്തനം നടത്താൻ ശ്രമിക്കുന്നു. നമ്മുടെ പരമ്പരാഗത എതിരാളികളായി കണക്കാക്കാവുന്ന രാജ്യങ്ങൾ മാത്രമല്ല സുഹൃത്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
എഎസ്ഐഒ ആസ്ഥാനത്ത് നടന്ന 2024 ലെ വാർഷിക സമ്മേളനത്തിൽ സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഇസ്രായേൽ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരും അംബാസഡർമാരും പങ്കെടുത്തിരുന്നു.
സെപ്തംബറിൽ കാനഡയിൽ നടന്ന കൊലപാതകം ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നടപടികളിൽ പാശ്ചാത്യ സഖ്യകക്ഷികൾ ഇപ്പോൾ കൂടുതൽ ആശങ്കാകുലരാണെന്ന വിലയിരുത്തലും എബിസി നടത്തുന്നു.