ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയൻ ബജറ്റ് വിമാനക്കമ്പനിയായ ബോൻസ, അപ്രതീക്ഷിതമായി സ്വമേധയാ പ്രഖ്യാപിത (പാപ്പരത്ത നടപടികൾ) ആരംഭിച്ചു. ഇതോടെ ഓസ്‌ട്രേലിയയിലുടനീളം ബോൻസയുടെ വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയും നിരവധി യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്തു.
2024 ഏപ്രിൽ 30 ന് ആണ് ബോൻസ ഈ നടപടി സ്വീകരിച്ചത്. നിക്ഷേപക പങ്കാളികളുമായുള്ള തർക്കം മൂലം വിമാനങ്ങൾ പിൻവലിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
യാത്രക്കാർക്ക് മുൻകൂർ അറിയിപ്പൊന്നും നൽകാതെയായിരുന്നു സർവീസുകൾ നിർത്തിവെച്ചത്. ഇതോടെ, നിരവധി യാത്രക്കാർ വിഷമത്തിലായി. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് ബോൻസ സർവീസുകൾ പുനരാരംഭിക്കുമോ എന്നതിൽ വ്യക്തതയില്ല.
“ബോൻസയെ സഹായിക്കുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ല”: ഗതാഗത മന്ത്രി
ഓസ്‌ട്രേലിയൻ ബജറ്റ് വിമാനക്കമ്പനിയായ ബോൻസയുടെ സാമ്പത്തിക പ്രതിസന്ധിയിൽ ഇപ്പോൾ സർക്കാർ സഹായം ഉണ്ടാകില്ലെന്ന് ഫെഡറൽ ഗതാഗത മന്ത്രി കാതറിൻ കിംഗ് വ്യക്തമാക്കി. എബിസി റേഡിയോ മെൽബൺ ഡ്രൈവ് പരിപാടിയിൽ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചു.
ഓസ്‌ട്രേലിയയിലെ വിമാന സർവീസ് മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എന്നാൽ ബോൻസയെ സഹായിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി, “ഈ നിമിഷം ബോൻസയെ സാമ്പത്തികമായി സഹായിക്കാൻ കഴിയില്ല. അക്കാര്യം സർക്കാരിന് മുന്നിലില്ല”.
ബോൻസയുടെ നാല് വിമാനങ്ങൾ സർവീസ് തുടരുമോ എന്നത് പൂർണ്ണമായും അഡ്‌മിനിസ്‌ട്രേറ്റർമാരുടെ തീരുമാനമായിരിക്കുമെന്നും എന്നാൽ അതിന് സാധ്യത കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
“അഡ്മിനിസ്ട്രേറ്റർമാരുമായി സർക്കാർ ചർച്ച നടത്തും. എന്നാൽ, ചെറിയ വിമാനക്കമ്പനികൾ വിപണിയിൽ പ്രവേശിക്കുകയും സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്യുന്നത് പതിവാണ്. വിമാനഗതാഗത രംഗം വെല്ലുവിളി നിറഞ്ഞതാണ്. ഓസ്‌ട്രേലിയ പോലെയുള്ള ചെറിയ വിപണിയിൽ അത് കൂടുതൽ ബുദ്ധിമുട്ടും” മന്ത്രി പറഞ്ഞു.
പ്രധാന അറിയിപ്പുകൾ
വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി ഞങ്ങളുടെ തത്സമയ റിപ്പോർട്ടിംഗ് ഇവിടെ അവസാനിപ്പിക്കുകയാണ്. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
- ബോൻസയുടെ വിമാനസർവീസുകൾ മെയ് 2 വ്യാഴാഴ്ച വരെ നിർത്തിവെച്ചിരിക്കുകയാണ്. ഈ സമയത്ത് വിമാനത്താവളങ്ങളിലേക്ക് പോകരുതെന്ന് അഡ്മിനിസ്ട്രേറ്റർമാരായ ഹാൾ ചാഡ്‌വിക്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
- ബോൻസയുടെ സർവീസ് റദ്ദാക്കൽ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിൽ, ഗതാഗത വകുപ്പ് സ്ഥാപിച്ച ഹോട്ട്‌ലൈനിൽ വിളിക്കാവുന്നതാണ്. ഇന്നു രാത്രി 10 മണി വരെയാണ് ഹോട്ട്‍ലൈന്‍ പ്രവര്‍ത്തിക്കുക: 1800 069 244
- അഡ്മിനിസ്ട്രേഷൻ നടപടിക്രമങ്ങളെയും വിമാനക്കമ്പനിയുടെ ഭാവിയെപ്പറ്റിയുമുള്ള അന്വേഷണങ്ങൾക്ക് അഡ്മിനിസ്ട്രേറ്റർമാർ സ്ഥാപിച്ച ഹോട്ട്‌ലൈനിലും ബന്ധപ്പെടാം: 03 8678 1600
- സഹായത്തിനായി ക്വാൻറാസ്, ജെറ്റ്സ്റ്റാർ, വിർജിൻ എന്നിവയുടെ കസ്റ്റമർ സർവീസ് ലൈനുകളിലും ഉപഭോക്താക്കൾക്ക് വിളിക്കാം.
- അടുത്ത കുറച്ച് ദിവസങ്ങളിലായി കമ്പനിയുടെ ഭാവി അഡ്മിനിസ്ട്രേറ്റർമാർ അന്വേഷിച്ച് പതിവായി അപ്ഡേറ്റുകൾ നൽകും. വിമാനത്താവള, എയർലൈൻ ജീവനക്കാർക്ക് ഇത് വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അഡ്മിനിസ്ട്രേറ്റർമാർ ബോധവാന്മാരാണെന്ന് പ്രസ്താവനയിലുണ്ട്.
- താഴെയുള്ള ലൈവ് അപ്‌ഡേറ്റുകൾ വായിച്ചോ അനുബന്ധ ലേഖനങ്ങൾ വായിച്ചോ ഇന്നത്തെ സംഭവവികാസങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാം.
ബോൻസയുടെ പ്രതിസന്ധിക്ക് കാരണം യുഎസ് പിന്തുണക്കാരായ 777 പാർട്ണേഴ്‌സ്; വിദഗ്ധൻ്റെ വിലയിരുത്തൽ
ബോൻസയുടെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം വിമാനക്കമ്പനിയെ പിന്തുണയ്ക്കുന്ന യുഎസ് കമ്പനിയായ 777 പാർട്‌ണേഴ്‌സുമായുള്ള പ്രശ്‌നങ്ങളാണെന്ന് ട്രാവൽ എഴുത്തുകാരനായ ജെഫ്രി തോമസ് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും, ബോൻസയുടെ യുഎസ് ആസ്ഥാനമായുള്ള പിന്തുണക്കാരായ 777 പാർട്ട്ണേഴ്‌സുമായുള്ള പ്രശ്‌നങ്ങളാണ് കാരണമെന്ന് തോമസ് എബിസി ന്യൂസ് ചാനലിനോട് പറഞ്ഞു.
“ബോൻസയുടെ നാല് വിമാനങ്ങളുടെ ഉടമസ്ഥാവകാശം മാറിയിട്ടുണ്ടെന്നും പുതിയ ഉടമ ഇന്ന് രാവിലെ വിമാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും ഞങ്ങൾക്ക് അറിയാം,” തോമസ് പറഞ്ഞു.
അഡ്മിനിസ്ട്രേറ്റർമാർ അന്വേഷണം നടത്തിയാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമെന്നും എന്നാൽ “സാമ്പത്തിക നില തകരാറിലാണെന്ന് തോന്നുന്നു” എന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് മറ്റ് പലയിടങ്ങളിലും ബോൻസയുടെ ബിസിനസ് മോഡൽ വിജയിച്ചിട്ടുണ്ടെന്നും ഓസ്ട്രേലിയയിൽ പ്രാദേശിക യാത്രയ്ക്കുള്ള പ്രിയപ്പെട്ട സർവീസായി വളരുന്നതായി തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കമ്പനിയുടെ മോഡലിലോ സാമ്പത്തിക സ്ഥിതിയിലോ 777 പാർട്ണേഴ്സ് സന്തുഷ്ടരല്ലെന്ന് തോന്നുന്നുവെന്നും തോമസ് വ്യക്തമാക്കി.
മറ്റ് എയർലൈനുകൾ പാപ്പരത്വം തരണം ചെയ്ത് പ്രവർത്തനം തുടരാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, ബോൻസയുടെ കാര്യം അൽപ്പം വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം, സമീപകാലത്ത് ബോൻസയ്ക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ ഉത്തേജകവും നേരിടേണ്ടി വന്നിരിക്കുന്നു. ഇത് അതേ ബ്രാൻഡിങ്ങിൽ വിമാനക്കമ്പനി തുടരുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തക്ക് കടപ്പാട് : മനു , ടൗൺസ്‌വില്ലേ