അച്ഛച്ഛൻ
അച്ഛനായി വന്ന്
എന്റെ
കുഞ്ഞിനെത്തല്ലുന്നു.
അച്ഛച്ഛന്റെ
അച്ഛച്ഛൻ
അച്ഛച്ഛനെ
തല്ലിയതിനേക്കാൾ
പൊതിരെ .
വാട്സാപ്പിൽ
വന്നപ്പോൾ
പതിനഞ്ചുകാരൻ
ചിരിച്ചു കൊണ്ട്
പറഞ്ഞു:
“സ്റ്റഡിറൂമിലെ
ലൈറ്റ്
ഓഫാക്കാത്തതിന് .
വിശക്കുന്നില്ലാ
എന്ന് പറഞ്ഞു
അത്താഴം
സ്കൂട്ടാക്കിയതിന് . “
അച്ഛൻ
ചെറുപ്പത്തിൽ
പുറപ്പെട്ടു പോയത്
തീവണ്ടിയിലെങ്കിൽ
ഞാനും അവളും
വിമാനത്തിൽ .
” വേദനിച്ചോടാ?
“ഗുഡ് നൈറ്റ് അച്ഛാ ! “
എത്ര കൊണ്ടാലും
നിലവിളിക്കാതിരിക്കാനുള്ള
ബാറ്റൺ
കൈമാറിക്കൈമാറി
പേരക്കുട്ടിയുടെ
കുട്ടിയിലെത്തിയത്
അച്ഛച്ഛൻ
അറിഞ്ഞിട്ടില്ലേ ?
അടി കൊണ്ട
കുഞ്ഞുങ്ങളുടെ
മൂത്രം വീണാൽ
മുറിവൊഴികെ
എന്തും കരിയുമെന്ന്
ബാബുമാഷ്
പഠിപ്പിച്ച
അന്നു മുതൽ
പറമ്പിലെ
ഓരോ
കുരുമുളകു
ചെടിയുടെ ചോട്ടിലും
ഞാൻ എന്നെ ഒഴിച്ചു.
അ മുതൽ റ വരെ,
വായുവിൽ
ഞാൻ
ഉരുട്ടിയെഴുതി.
സ്ലേറ്റിലേക്കാൾ
വടിവിൽ !
വള്ളിത്തണ്ടായിരുന്നു
അച്ഛച്ഛന്റെ വടി .
ദ്രുതവാട്ടം വന്ന്
കരിഞ്ഞ
ആയിരം മൂട്
കുരുമുളകു കണ്ട്
പിതാമഹന്
തിമിരം വന്നു.
മധുരയിൽ
കൊണ്ടു പോയി
“ഓപ്രഷം” ചെയ്യാൻ
സമ്മതിക്കാത്ത
കണ്ണു തടഞ്ഞ്
ഒരു സന്ധ്യക്ക്
അച്ഛച്ഛൻ വീണു.
രണ്ടു ലോറി
കറുത്തപൊന്ന്
ഉണക്കാനിടാറുണ്ടായിരുന്ന
മുറ്റത്ത് .
പിന്നെ എണീറ്റില്ല.
പിറ്റേന്ന്
എസ്സ് എസ്സ് എൽ സി ക്കാരൻ
വീണ്ടും സ്ക്രീനിൽ വന്നു.
എന്റെ വാക്കുകൾ
സമൂലം കേട്ടു.
ട്യൂഷൻ ആപ്പിലേക്കാൾ
ശ്രദ്ധയിൽ .
വെക്കേഷന്
ചെന്നപ്പോൾ
ഞാനും അവളും
ആദ്യം നോക്കിയത്
തെക്കേ മുറ്റത്തെ
ചെമ്പരത്തിയെ .
നിറയെ
മൊട്ടുകൾ
നിറയെ പൂക്കൾ
നിറയെ ഇലകൾ
നിറയെ വടികൾ !
കുട്ടികളെപ്പോലെ
അവരുടെ മൂത്രവും
കാലക്രമത്തിൽ
നേർത്തു പോയോ ?
വീടും
മുറ്റവും
പറമ്പും
അയൽപക്കങ്ങളും
ചുമരിലെ കാരണവന്മാരും
മച്ചിലെ ഭഗവതിയും
ഉറക്കം പിടിച്ചപ്പോൾ
ബെർലിൻ –
നെടുമ്പാശ്ശേരി യാത്രയുടെ
മൂത്രവുമായി
അവൾ വാതിൽ
തുറന്ന്
പുറത്തിറങ്ങി.
മകനു വേണ്ടി
ഒരിക്കൽകൂടി
അവളുടെ
നിറവയർ
വേദനിച്ചു.
പലപ്പോഴായി
പലവിധം
അവളെ
തല്ലിച്ചതച്ച
തറവാടും
കുറ്റിച്ചെടിക്കൊപ്പം
വാടിക്കരിയുമോ
എന്ന് ഭയന്നപ്പോൾ
ഞാൻ പറഞ്ഞു.
“മതി.
ബാക്കി
ബാത്ത് റൂമിൽ
ഒഴിച്ചാൽ പോരേ ?”
കാലം
പിന്നെയുമേറെക്കാലം
മൂത്രമൊഴിച്ച്
ക്ഷീണിച്ചു.
അച്ഛച്ഛനായ
ഞാനിപ്പോൾ
ഒന്നര വയസ്സുകാരിയുടെ
സ്ഥിരം മൂത്രപ്പുര !
അപ്പു
ഭാര്യയോട് പറഞ്ഞ
തല്ലുകഥകൾ
അവൾ
ഗർഭത്തിൽ
മൂളിക്കേട്ടിരിക്കുമോ ??