മെൽബൺ: പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും ഉയർന്ന പലിശ നിരക്കിന്റെ പിടിയിലമരുന്ന ഓസ്ട്രേലിയയിൽ വീണ്ടുമൊരു നിർമ്മാണ സ്ഥാപനം കൂടി പ്രതിസന്ധിയിലായി.അഡ്മിനിസ്ട്രേ ഷനിലേക്ക് കടന്ന കമ്പനി 2012 ലാണ് സ്ഥാപിതമായത്. മെൽബൺ ആസ്ഥാനമായ ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ പ്രൊപ്രൈറ്ററി ലിമിറ്റഡിന്റെ അഡ്മിനിസ്ട്രേറ്ററായി മാഗ്നെറ്റിക് ഇൻസോൾവൻസിയുടെ പീറ്റർ ഗുഡിനെ നിയമിച്ചു.
മെൽബണിലെ മലയാളികളായ റോമൻ കത്തോലിക്കാ വിഭാഗത്തിലെ വിശ്വാസികളുടെ സ്വപ്ന നിർമ്മാണമായി വിശേഷിപ്പിച്ചിരുന്ന സൗത്ത് ഈസ്റ്റിലെ കാരംഡൗൺസ് ഭാഗത്തുള്ള പള്ളി നിർമ്മാണമാണ് ഇതോടെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ഈ പള്ളിയുടെ പരിപൂർണ്ണ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ഏറ്റെടുത്ത് നിർമ്മാണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ ആയിരുന്നു എന്നത് വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു. എന്നാൽ കാര്യമായ സാമ്പത്തിക നഷ്ടമൊന്നും കൂടാതെ തന്നെ നിർദിഷ്‌ട്ട സമയത്തിനുള്ളിൽ പള്ളിപണി പൂർത്തീകരിക്കാനാകുമെന്നാണ് ബിൽഡിങ് കമ്മിറ്റി വിലയിരുത്തുന്നത്. അതിനുള്ള ഏകോപനങ്ങൾ നടത്തിയിട്ടുള്ളതായി അവർ പറഞ്ഞു.
“കൂടുതൽ ശുഭകരമായ, ഭാവി നിലനിർത്താൻ കഴിയുന്ന ഒരു ഘടനയോടു കൂടി പുറത്തുവരാൻ കമ്പനി പുനഃസംഘടിപ്പിക്കപ്പെടും,” ഡയറക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാഗ്നെറ്റിക് ഇൻസോൾവൻസിയുടെ പീറ്റർ ഗുഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാണിജ്യ നിർമ്മാണ സ്ഥാപനം എങ്ങനെ പ്രവർത്തനം തുടരാനാകും എന്നതിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് ഉണ്ടാകും. കടബാധ്യതകൾ വീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾ തയ്യാറാക്കും. പുതിയ കെട്ടിടങ്ങൾ, നവീകരണങ്ങൾ, കൂട്ടിച്ചേർക്കലുകൾ, ഫിറ്റ് ഔട്ടുകൾ, നവീകരണം എന്നിവയിലായിരുന്നു കമ്പനിയുടെ പ്രധാന ശ്രദ്ധ.
മെൽബണിന്റെ വടക്കൻ മേഖലയിലെ തോൺബറി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ് പ്രധാനമായും പുതിയ മെഡിക്കൽ ക്ലിനിക്കുകൾ, ഡെന്റൽ പ്രാക്ടീസുകൾ, റസ്റ്റോറന്റുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. പവലിയനുകൾ, പൊതു ടോയ്‌ലറ്റുകൾ തുടങ്ങിയ സമൂഹ സൗകര്യങ്ങളും ഇതിനൊപ്പം ചെയ്തിട്ടുണ്ട്.
വാണിജ്യപരമായ താഴ്ന്ന നിലകളുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് വിക്ടോറിയൻ ബിൽഡിംഗ് അതോറിറ്റി ഇവർക്ക് ലൈസൻസ് നൽകിയിരുന്നത്. വെബ്‌സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഗാർഹിക നിർമ്മാണ പ്രവർത്തനങ്ങൾ അവർ നടത്തിയിരുന്നില്ല. ‘ഗാർഹിക ഭവന നിർമ്മാണം നടത്താൻ അവർക്ക് യോഗ്യതയില്ല, അതിനാൽ ഗാർഹിക കെട്ടിട ഇൻഷുറൻസ് പോളിസികൾ ഒന്നും ഉണ്ടാകില്ല,’ ഒരു വക്താവ് മാദ്ധ്യമങ്ങളോട് പ്രസ്താവിച്ചു.
” അക്കാദമിക നേട്ടങ്ങളിലൂടെയും, പുതിയതും നൂതനവുമായ നിർമ്മാണ ആശയങ്ങളെ പരീക്ഷിക്കാനുള്ള സന്നദ്ധതയിലൂടെയും നേടിയെടുത്ത സാങ്കേതിക, പ്രചോദനാത്മകം, സംഘാടന, ഉപദേശപരം, ആശയവിനിമയം, ടീം വർക്ക് തുടങ്ങിയ കഴിവുകളുള്ള ഒരു എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷണലാണ് ഞാൻ” എന്ന് ഡയറക്ടർ മൈക്കൽ ഫിൻ സ്വയം ലിങ്ക്ഡ്ഇനിൽ വിശേഷിപ്പിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ പാപ്പരാകുന്ന കമ്പനികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് നവംബറിൽ 18 മാസത്തിനിടെ പതിമൂന്നാം തവണയും പലിശ നിരക്ക് ഉയർത്തി 12 വർഷത്തെ ഉയർന്ന നിലവാരമായ 4.35 ശതമാനത്തിലെത്തിച്ചു. ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്സ് കമ്മീഷനാണ്, 2012-ൽ സ്ഥാപിതമായ ഈ നിർമ്മാണ കമ്പനിയുടെ പാപ്പരത്തം പ്രഖ്യാപിച്ചത്.
പാപ്പരായ കമ്പനിയുടെ കീഴിൽ നിർമ്മാണപ്രവർത്തനം പൂർത്തീകരിക്കാനാകുമോ എന്ന ആശങ്കയിലാണ് മെൽബണിലെ സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ