അനിത്യതയുടെ ആധാരമില്ലായ്മയിൽ ഊയലാടുമ്പോൾ
കോച് കോർ യാത്രികരുടെ ഒരു ട്രാൻസിറ്റ് പട്ടണമാണ്. ഇവിടെ നിന്നാണ് സോങ് കൂൾ തടാകത്തിലേക്കുള്ള യാത്ര. ഇവിടെ നിന്ന് അൻപത് കിലോമീറ്റർ ദൂരമേയുള്ളൂ. അങ്ങോട്ടുള്ള യാത്രയ്ക്ക് സഹായിക്കുന്ന ഏജൻസികളുണ്ട്. ഞങ്ങൾ ആദ്യം ശ്രമിച്ചത് നമ്മുടെ ബെൽജിയൻ പെൺകുട്ടികൾ നിർദേശിച്ച കമ്മ്യൂണിറ്റി ബേസ്‌ഡ് ടൂറിസം എന്ന കമ്പനി വഴിയാണ്. ഈ കമ്പനിയുടെ ഓഫീസ് അന്വേഷിച്ച് കുറെ നടന്നു. ആർക്കും ഒരു പിടിയുമില്ല. ഒടുവിൽ കണ്ടെത്തിയപ്പോഴാകട്ടെ ഓഫീസ് തുറന്നിട്ടുമില്ല. നിരാശരായി തിരിച്ച് നടക്കുമ്പോഴാണ് ജയ്‌ലൂസ് എന്നൊരു ട്രാവൽ ഏജൻസിയുടെ ബോർഡ് കാണുന്നത് .
വളരെ മുതിർന്ന ഒരു സ്ത്രീയാണ് ഈ ട്രാവൽ ഏജൻസി നടത്തുന്നത്. വളരെ പ്രത്യേകതയുള്ള ഒരു മുഖം. മാത്രമല്ല എന്തത്ഭുതം. അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കും. ജയ്‌ലൂസ് എന്നാൽ സ്റ്റെപ്പികളിലെ വിസ്തൃതമായ പുൽപ്പരപ്പുകളാണ്. അവർ വിശദീകരിച്ചു. ഈ യാത്ര നിങ്ങൾക്ക് അപൂർവമായ ഒരു അനുഭവം ആയിരിക്കും, അവർ ഉറപ്പ് തന്നു. ഇത്തരം ഒരു കാഴ്ചയോ ഇങ്ങനെ ഒരു യാത്രയോ ജീവിതത്തിൽ അപൂർവമായേ കിട്ടൂ. അവർ പറഞ്ഞതിന്റെ വ്യാപ്തി മനസ്സിലാക്കാൻ ഞങ്ങൾക്ക് പിറ്റേ ദിവസം വരെ കാത്തിരിക്കേണ്ടി വന്നു.
രാവിലെ ഒൻപത് മണിക്കാണ് സോങ് കുളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും മുപ്പത് കിലോമീറ്റർ അകലെയാണ് കിസാർട്ട് എന്ന ചെറിയ ഗ്രാമം. അവിടെ നിന്നും കുതിരപ്പുറത്തു യാത്ര. മൊത്തം ചെലവ് ഒരാൾക്കു 7000 സോം. ഇതിൽ ടാക്സിയും ഭക്ഷണവും കുതിരയും ഗൈഡും യെർട്ടിന്റെ വാടകയും ഉൾപ്പെടും. അവർ വിശദീകരിച്ചു.
വലിയ മലനിരകൾക്കിടയിൽ മഞ്ഞുരുകി ഉണ്ടാകുന്ന തടാകമാണ് സോങ് കുൾ. കിർഗിസ്ഥാനിലെ ഏറ്റവും വലിയ തടാകം ഇസിക് കുൾ ആണ്. ഈ യാത്രയിൽ അങ്ങോട്ട് പോകണം എന്ന് പലരും പറഞ്ഞിരുന്നു. അതിന് അവസരം കിട്ടുമോ എന്നറിയില്ല. എന്തായാലും പോകുന്ന സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവിടാനാണ് ഞങ്ങളുടെ ആഗ്രഹം.
കിർഗിസ്ഥാനിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമാണ് സോങ് കുൾ. 270 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള തടാകം. സമുദ്ര നിരപ്പിൽ നിന്ന് 3012 മീറ്റർ ഉയരത്തിൽ. അതായത് പതിനായിരത്തോളം അടി. ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന കോച് കോർ 1800 മീറ്റർ ഉയരത്തിലാണ്. അപ്പോൾ ഇവിടെനിന്നു ആയിരത്തി അഞ്ഞൂറോളം മീറ്റർ മുകളിലേക്ക് കയറണം, ഞങ്ങൾ കണക്കുകൂട്ടി.
പണം അഡ്വാൻസ് നൽകി പിറ്റേന്ന് കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. സത്യത്തിൽ യാത്രയുടെ വിശദാംശങ്ങൾ അപ്പോൾ ചോദിച്ചുമില്ല. ഹോംസ്‌റ്റേയിൽ ചെന്നപ്പോൾ ഞങ്ങളുടെ കൂടെയുള്ള ബെൽജിയൻ കുട്ടികൾക്ക് സോങ് കുളിൽ രാത്രി താമസത്തിനു യെർട്ട് കിട്ടിയിട്ടില്ല. അവർക്ക് അവിടെ പോയി തടാകം കണ്ട് അന്ന് തന്നെ തിരിച്ചു വരേണ്ടിവരും. ഞങ്ങളുടെ ട്രാവൽ പ്ലാൻ കേട്ടപ്പോൾ അവർക്ക് സ്വാഭാവികമായും സങ്കടമായി.
പിറ്റേ ദിവസം കൃത്യ സമയത്തുതന്നെ ഞങ്ങൾ ഷെയർ ടാക്സി കിട്ടുന്ന സിറ്റി സെന്ററിലെത്തി. അവിടെനിന്നും രണ്ടു മണിക്കൂറിൽ ടാറിടാത്ത ഏറെ വഴിയിലൂടെ സഞ്ചരിച്ചു കിസാർട്ടിലുമെത്തി. നേരത്തെ പറഞ്ഞതനുസരിച്ചു മീര എന്ന് പേരുള്ള ടൂർ ഓർഗനൈസർ സമൃദ്ധമായ സസ്യാഹാരം ഒരുക്കി വച്ചിരുന്നു.
ഭക്ഷണത്തിന് ശേഷമാണ് ആ സ്തോഭകരമായ വാർത്ത ഞങ്ങൾ കേൾക്കുന്നത്. ഇനിയുള്ള യാത്ര കുതിരപ്പുറത്താണ്. ആയിരത്തിയഞ്ഞൂറു മീറ്റർ മുകളിലേക്ക്, ഇരുപത്തി അഞ്ചു കിലോമീറ്റർ, അഞ്ചു മണിക്കൂർ, കുതിരപ്പുറത്തു യാത്ര ചെയ്യണം.
പൊതുവെ ഏതു സന്നിഗ്ധ ഘട്ടങ്ങളെയും സ്ഥിത പ്രജ്ഞതയോടെ നേരിടുന്ന ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു ഞെട്ടി. യാതൊരു സാധ്യതയുമില്ല. ഞങ്ങൾ ഇതേവരെ കുതിരപ്പുറത്തു കേറിയിട്ടുപോലുമില്ല. കേറിയത് തന്നെ കോവളം കടപ്പുറത്തു അഞ്ചു മിനിറ്റോ മറ്റോ ആണ്.
“ഞാനില്ല.” ബിന്ദു തീർത്തു പറഞ്ഞു. “നിങ്ങൾ പോയിട്ട് വരൂ. ഞാൻ തിരിച്ചു ഹോട്ടലിലേക്ക് പോകാം. എനിക്ക് ഈ ഒടിഞ്ഞ കയ്യുമായി കുതിരയെ നിയന്ത്രിക്കാൻ കഴിയില്ല.” ബിന്ദുവിന്റെ മുഖം വിളറി വെളുത്തിരുന്നു. കണ്ണുനീർ തുളുമ്പി നിന്നു.
ഞങ്ങൾ കുറച്ചുനേരം അമ്പരന്നുനിന്നു. എന്തുചെയ്യും. യാത്രയുടെ സ്വഭാവം ഇന്നലെ ചോദിച്ചില്ലല്ലോ. തടാകത്തിന്റെ അടുത്തുവരെയെങ്കിലും കാർ പോകും എന്ന് കരുതിയതാണ്. അതുകഴിഞ്ഞ് തടാകത്തിന്റെ കരയിലെത്താൻ ചെറിയ ഒരു കുതിര സവാരി എന്നേ കരുതിയുള്ളൂ. ഇതിവിടെ അഞ്ചു മണിക്കൂർ പർവതങ്ങളിലൂടെ കുതിരപ്പുറത്ത്. ഇല്ല, സാധ്യമല്ല.
ഞങ്ങളുടെ അമ്പരപ്പൊന്നും മീര ശ്രദ്ധിച്ചില്ല. അവർ ഞങ്ങളെ തൊട്ടടുത്ത കുതിര ലായത്തിലേക്കു ക്ഷണിച്ചു. അവിടെ ഞങ്ങളെ കാത്ത് ഘനഗംഭീരരായ മൂന്നു കുതിരകൾ ഞങ്ങളെ കരുണയോടെ നോക്കി. കുതിരയെ കണ്ടയുടനെ അബു പറഞ്ഞു, “ഞാൻ പോകും.”
ഞാനും പോകും… ഞാൻ പറഞ്ഞു
“ഞാനില്ല.” ബിന്ദുവിന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.
“എന്താ പ്രശ്നം?” മീര ചോദിച്ചു.
ബിന്ദുവിന്റെ കൈ ഒടിഞ്ഞിരുന്നു. കൂടാതെ മുതുകിൽ ഒടിവുണ്ടായിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ രണ്ടു ദിവസമായി പനിയുണ്ട്. കുതിരയെ നിയന്ത്രിക്കാൻ കഴിയില്ല, ഞങ്ങൾ വിശദീകരിച്ചു.
“എത്ര പേർ ഇങ്ങനെ ഈ വഴിയിൽ കുതിരപ്പുറത്തു പോയിരിക്കുന്നു. ഒരു പ്രശ്നവും ഉണ്ടാവില്ല. മാത്രമല്ല ഇതാണ് ഖാഖു. ഞങ്ങളുടെ ഏറ്റവും നല്ല ഗൈഡ്. ഖാഖു നിങ്ങളുടെ കുതിരയെ നിങ്ങൾക്ക് വേണ്ടി നിയന്ത്രിക്കും. ധൈര്യമായി പോകൂ,” മീര മധുരമായി ചിരിച്ചു.
ജീവിതത്തിൽ ചിലപ്പോൾ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. അതിന്റെ ശരിതെറ്റുകൾ അപ്പോൾ ആലോചിക്കാൻ കഴിയില്ല. ഞങ്ങളുടെ ജീവിതത്തിൽ ചെയ്തിട്ടുള്ള ഏറ്റവും അപകടകരമായ യാത്രയിൽ ഒന്നാണ്. നിശ്ചയ ദാർഢ്യം ജീവിതത്തിൽ പ്രധാനമാണ് എന്ന് പണ്ട് സ്കൂൾ മാഷന്മാർ പറഞ്ഞുതന്നിട്ടുണ്ട്.
അടുത്ത നിമിഷം കാണുന്നത് കുതിരപ്പുറത്തു ചാടിക്കയറുന്ന ബിന്ദുവിനെയാണ്. ഇതേവരെ കണ്ട മുഖമല്ല. നിശ്ചയദാർഢ്യം തിളങ്ങുന്ന മുഖം. ഏതൊക്കെ വഴികൾ താണ്ടിയവളാണ് എന്ന ഭാവം.
ഞങ്ങൾക്ക് പിന്നീട് മടിച്ചു നിൽക്കാനായില്ല. മൂന്നുപേരും കുതിരപ്പുറത്തു കേറി.
ഖാഖു മൂന്നു കുതിരകളെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി. എന്റെ കുതിര കഷ്‌ക. അബുവിന്റെ കുതിര കരകഷക്ക്, ബിന്ദുവിന് ബുരു എന്ന സുന്ദരി.
“ഞാൻ ഇവളെ സ്വെറ്റ്‌ലാന എന്ന് വിളിക്കും, ബിന്ദു പറഞ്ഞു. ഈ രാജ്യത്ത് ഞാൻ കണ്ടതിൽ ഏറ്റവും സ്നേഹമുള്ള വ്യക്തിയുടെ പേരാണത്. അവളെപ്പോലെ ഈ കുതിരയും എന്നെ സ്നേഹിക്കും. ഞാൻ വീഴാതെ ഇവൾ നോക്കും.” ബിന്ദു പറഞ്ഞു.
നാല് കുതിരകളിലായി ഞങ്ങൾ യാത്ര തുടങ്ങി.
കുതിരയെ നിയന്ത്രിക്കുന്നതിന്റെ ബാലപാഠങ്ങൾ ഖാഖു ഞങ്ങൾക്ക് പറഞ്ഞുതന്നു: “ഇടത്തോട്ട് തിരിയാൻ കടിഞ്ഞാൺ ഇടത്തോട്ട് വെട്ടിക്കണം. വലത്തോട്ട് തിരിയാൻ വലത്തോട്ടും. മുന്നോട്ട് പോകാൻ ച്ഛ് ച്ഛ് എന്ന് പറയണം. നിർത്താൻ ബർർർ എന്ന് ശബ്ദമുണ്ടാക്കണം. ഇത്രയും എളുപ്പമാണ് കുതിരയെ നിയന്ത്രിക്കുക.” ഖാഖു ചിരിച്ചു.
ഗ്രാമത്തിന്റെ ഊടുവഴികളിലൂടെ യാത്ര തുടങ്ങിയപ്പോൾ തന്നെ കുതിരയെ നിയന്ത്രിക്കാൻ ഞങ്ങൾ ബുദ്ധിമുട്ടി. ചെറിയ വഴികളിൽ കുതിരകൾ തമ്മിൽ കൂട്ടിമുട്ടി. അവ തമ്മിൽ ചെറുതായി പിണങ്ങി. കുതറിയോടി. വഴിയരികിലെ മുൾവേലികളിൽ ശരീരം ഉരസി ചെറിയ മുറിവുകളുണ്ടായി. ഈ യാത്ര എങ്ങനെ മുന്നോട്ട് പോകും. ഞങ്ങൾ അന്യോന്യം നോക്കി. ക്രമേണ ഗ്രാമം വിട്ടു. വിശാലമായ പാടങ്ങളിലെത്തി.
ഉരുളക്കിഴങ്ങും ചോളവും വിളയുന്ന പാടങ്ങൾ പിന്നിട്ട് ഞങ്ങൾ പതുക്കെ മുന്നോട്ട് പോയി. വഴിയിൽ പുരാതനമായ ഒരു മുസ്‌ലിം ഖബറിസ്ഥാനുണ്ട്. മണ്ണിൽ പണിത ശവകുടീരങ്ങൾ മഴയിലും വെയിലിലും പാതി തകർന്നു കിടക്കുന്നു. വഴിയിൽ ചെറിയ ധാരാളം അരുവികൾ കടക്കാനുണ്ട്. ചെറിയ കുറ്റിക്കാടുകൾ. കരിങ്കൽക്കെട്ടുകൾ. പുൽമേടുകൾ. കുതിരകളും ഞങ്ങളും പതുക്കെ താളം കണ്ടെത്തി എന്ന് തോന്നുന്നു.
“എനിക്ക് രസമീ
നിമ്നോന്നതമാം
വഴിക്ക്
തേരുരുൾ പായിക്കൽ.” ഇടശ്ശേരിയുടെ കവിത ഞാനോർത്തു.
അകലെ മേഞ്ഞുനടക്കുന്ന ധാരാളം കുതിരകളെ കാണാം. ഇവിടെ കുതിരകളെ വളർത്തി പിന്നീട് പട്ടണത്തിലെത്തിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. അതിനായുള്ള ലായങ്ങളും ഞങ്ങൾ കണ്ടു. എന്നാൽ അകലെ കുന്നിൽ ചെരുവിൽ കാണുന്നത് കാട്ടുകുതിരകൾ ആണ് എന്നും തോന്നി.
പാടങ്ങൾക്കപ്പുറം ഉയർന്നു നിൽക്കുന്ന പർവത നിരകൾ കാണാം. ശൈത്യ കാലത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട് മേലാപ്പിൽ വെളുത്ത മഞ്ഞിൻ പാടകൾ രൂപപ്പെട്ടു വരുന്നുണ്ട്. കുതിരകൾ കയറ്റം കയറി തുടങ്ങി.
ഗ്രാമം കണ്മുന്നിൽ നിന്ന് മറഞ്ഞു. ചുറ്റും ഭീമാകാര രൂപികളായ കിർഗിസ് സ്‌റ്റെപ്പി മലനിരകൾ മാത്രം. ശരത്കാലമെത്തിയതുകൊണ്ടാവും പച്ചയുടെ കണിക പോലുമില്ല. ഫെബ്രുവരി മാസത്തിൽ വന്നാൽ ഇവിടം പൂർണമായും പച്ചപുതച്ചു കിടക്കുകയാവും. ഞങ്ങൾ യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത് നല്ല സമയം ആയിരുന്നില്ല എന്ന് ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. എന്നാൽ തവിട്ടും ചാരവും ചിലപ്പോൾ ചുവപ്പു രാശിയും കലർന്ന വിസ്തൃതമായ പുൽപ്പരപ്പുകൾ വലിയ കൗതുകമായി തോന്നി. ഒരു മരമോ പൂവോ ഇവിടെ കാണാനില്ല. ഒരു ശബ്ദവും കേൾക്കാനില്ല. കുതിരയുടെ കാൽപ്പാദങ്ങൾ തറയിൽ ഉരയുന്ന ശബ്ദം. കുതിരയെ നിയന്ത്രിക്കുന്ന ച്ഛ് ച്ഛ് ശബ്ദങ്ങൾ. ഞങ്ങളുടെ തന്നെ ഭീതി കലർന്ന നാഡിമിടിപ്പ്.
മിനുട്ടുകൾ പതുക്കെ മണിക്കൂറുകളായി. ക്രമേണ ഞങ്ങൾ ഞങ്ങളുടെ കുതിരകളുമായി ഒരു ആത്മബന്ധം സ്ഥാപിച്ചത് പോലെ. ഓരോരുത്തർക്കും കിട്ടിയത് അവരവരുടെ സ്വഭാവത്തിനനുസരിച്ചുള്ള കുതിരയാണ് എന്നും തോന്നി. അബുവിന്റെ കുതിര ഒരു അനാർക്കിസ്റ്റാണ്. അവനു തോന്നിയ വഴിയേ അവൻ പോകും. ആരുടെയും പിറകെ പോകാൻ അവനു ഇഷ്ടമല്ല. ചെറിയ പാതകളിൽ നിന്ന് വിട്ട് കുന്നുകളിൽ കയറിയും ഇറങ്ങിയും നടക്കും. അവന്റെ സ്വഭാവം ഖാഖുവിന് ഇഷ്ടമാവുന്നില്ല. എന്നാൽ അബുവിന് ഈ സ്വഭാവം ഇഷ്ടക്കേടൊന്നുമില്ല. അബുവും ഒരു അനാർക്കിസ്റ്റ് ആണ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
എന്റെ കുതിര വളരെ യാന്ത്രികമായി അവനു നിശ്ചയിച്ച പാതയിലൂടെ നടക്കുന്നു. ഒരു ബഹളവുമില്ല, മറ്റു താൽപ്പര്യങ്ങളുമില്ല. ഒരു അക്കാദമിക് കാഴ്പ്പാടുള്ള കുതിര.
ബിന്ദു പറയുന്നത് സ്വെറ്റ്‌ലാന മദർ തെരേസയുടെ ജന്മം ആണെന്നാണ്. കരുണയാണ് അടിസ്ഥാന ഭാവം. ബിന്ദുവിനെ ഇടയ്ക്കൊക്കെ ഇടക്കണ്ണിൽ നോക്കുമത്രേ. വേദനിക്കുന്നു എന്ന് തോന്നിയാൽ വേഗത കുറയ്ക്കും. ഇടയ്ക്കൊന്ന് വിശ്രമിക്കും. ബിന്ദുവിന്റെ കരച്ചിൽ കേട്ടാൽ നിൽക്കും. പിറകോട്ട് നോക്കും. ‘മോള് പൊക്കോ..’ എന്ന് ബിന്ദു മലയാളത്തിൽ പറയുമ്പോൾ തലയാട്ടി വീണ്ടും മുന്നോട്ട് നടക്കും.അങ്ങനെ മൂന്ന് പേർക്കും അവരവരുടെ സ്വഭാവത്തിന് യോജിച്ച കുതിരകൾ തന്നെ കിട്ടിയത് എന്തൊരു യാദൃച്ഛികത ആയിരുന്നു. അങ്ങനെ ഞങ്ങളും കുതിരകളും സ്റ്റെപ്പിയുടെ കയറ്റം കയറിത്തുടങ്ങി.
ഖസക്കിസ്ഥാൻ മുതൽ നീണ്ടുപരന്നുകിടക്കുന്ന വലിയ വന മേഖലയാണിത്. പുൽമേടുകളും സാവന്നകളും കുറ്റിക്കാടുകളും നിറഞ്ഞു എട്ട് ലക്ഷം ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന ഈ സ്റ്റെപ്പികളിലൂടെയാണ് സഹസ്രാബ്ധങ്ങളായി മധ്യേഷ്യൻ നൊമാഡുകൾ സഞ്ചരിച്ചതും ജീവിച്ചതും. യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന യുറാൽ മലനിരകളുടെ തുടർച്ചയാണിത്.
ഇടയ്ക്ക് ഞങ്ങൾ ഒരരുവിയിൽ വെള്ളം കുടിക്കാനിറങ്ങി. എല്ലാത്തവണയും എന്ന പോലെ ഇപ്പോഴും ഇത്ര ബുദ്ധിമുട്ടുള്ള യാത്രയിലും കുടിക്കാൻ വെള്ളം കരുതാത്ത ബുദ്ധിശാലികളാണ് ഈ യാത്രക്കാർ.
അതൊന്നും പ്രശ്നമല്ല, ഖാഖു പറഞ്ഞു. ഇവിടെ ധാരാളം അരുവികളുണ്ട്. അങ്ങനെ ഒരു അരുവിയിൽ ഞങ്ങൾ വെള്ളം കുടിച്ചു. മുഖം കഴുകി. അരുവിയുടെ മുകളിൽ മഞ്ഞ് കട്ടിപിടിച്ച് തുടങ്ങിയിട്ടുണ്ട്. നല്ല തണുത്ത വെള്ളം. മുഖം കഴുകുകയും കുടിക്കുകയും ചെയ്തതോടെ ക്ഷീണം മാറി. കുതിരകൾക്കും സന്തോഷമായി എന്ന് തോന്നുന്നു. അവരും വെള്ളം കുടിച്ച് കുറച്ചുനേരം വിദൂരതയിലേക്ക് കണ്ണും നട്ട് നിന്നു.
ഒരു പച്ചപ്പും കാണാത്ത ഈ പുൽപ്പരപ്പിലും അപൂർവമായ ജൈവ വൈവിധ്യം ഉണ്ട് എന്നാണ് പറയുന്നത്. പലതരം പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ കൂടാതെ സ്റ്റെപ്പികളിൽ മാത്രം കാണുന്ന കുറുക്കന്മാരും ചെന്നായയും മാനുകളും ഓന്തും ആമയുമൊക്കെ ഇവിടെ കാണും. കനത്ത നിശബ്ദതയിൽ ചുറ്റുപാടും എന്തെങ്കിലും ജീവികളുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഞങ്ങൾ പരതിക്കൊണ്ടിരുന്നു.
എന്റെ കുതിര നല്ല വേഗത്തിലാണ് നടക്കുന്നത്. അബുവിന്റെ കുതിരയുമായി മത്സരത്തിലാണ്. ആരും അവന്റെ മുന്നിൽ കയറുന്നത് ഇഷ്ടമല്ല. പണ്ഡിതനാണ് എന്ന് തോന്നുന്നു.
ഇപ്പോൾ എത്തിയിരിക്കുന്നത് വലിയൊരു പർവതത്തിന്റെ മുകളിലാണ്. ഇവിടെ നിന്ന് നോക്കിയാൽ ചുറ്റും വിശാലമായ മല നിരകൾക്ക് കീഴെ അനന്തമായ സമതല പ്രദേശങ്ങൾ കാണാം. സ്റ്റെപ്പികളുടെ നിറം മാറിയും മറിഞ്ഞും വരുന്നു. ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ ചെമ്പിന്റെ എന്നപോലെ തവിട്ട്, പച്ചയുടെ പലവിധ ലാഞ്ചനകൾ. ഇപ്പോൾ സമയം എത്രയായി കാണും? നമ്മൾ എത്ര ഉയരത്തിലെത്തി? ഇനിയും എത്ര നേരം യാത്രയുണ്ട്. ശരീരം നന്നായി വേദനിച്ചു തുടങ്ങി. തണുപ്പ് കൂടിക്കൂടി വരുന്നു. എപ്പോഴാണ് ലക്ഷ്യസ്ഥാനത്തു എത്തിച്ചേരുക?
വഴിയിൽ മഞ്ഞുപാളികൾ കണ്ടുതുടങ്ങി. അഗാധമായ കൊക്കയുടെ വശംചേർന്നു ഒറ്റയടിപ്പാതയിൽ ഓരോ ചുവടും ശ്രദ്ധിച്ചാണ് കുതിരകൾ നടക്കുന്നത്. ഒരു ചുവട് തെറ്റിയാൽ ആയിരക്കണക്കിന് അടി താഴെയാണ് പതിക്കുക. ഇവിടെനിന്നും ശരീരം എങ്ങനെയാണ് നാട്ടിലെത്തിക്കുക?
ലക്ഷ്യമല്ല യാത്രയാണ് പ്രധാനം എന്ന് പറയാറുണ്ട്. ഈ യാത്രയിൽ മറ്റൊന്നും പറയാൻ സാധിക്കില്ല. ഇത് ധ്യാനത്തിന്റെ മാർഗമാണ്. ശരീരമോ മനസ്സോ ഇല്ല. ശബ്ദങ്ങളില്ല. വിശപ്പോ ദാഹമോ ഇല്ല. ഭയമോ അനിശ്ചിതത്വമോ ഇല്ല. പൂർണമായും നിർമമമായ ഒരവസ്ഥ.
ക്രമേണ അടുത്ത മലയുടെ മുകളിലേക്ക് ഞങ്ങൾ കയറി. ഒരിറക്കവും ഇറങ്ങി . അപ്പോഴാണ് മലനിരകളുടെ വ്യാപ്തിക്കപ്പുറം അനന്തമായ പുൽമേടുകൾക്കപ്പുറം ഒരു ബിന്ദു പോലെ ഒരു നീലത്തടാകം. ഈ കാഴ്ചയെ വാക്കുകൾ കൊണ്ട് വിസ്തരിക്കാൻ വയ്യ എന്ന് പറഞ്ഞാൽ ക്ലിഷേ ആണ് എന്ന് തോന്നും. എന്നാൽ അപ്പോഴത്തെ ഞങ്ങളുടെ അവസ്ഥയിൽ മനസ്സും ശരീരവും ഒരു പെൻഡുലത്തിൽ എന്ന പോലെ അനിത്യതയുടെ ആധാരമില്ലായ്മയിൽ ഊയലാടുമ്പോൾ ഈ കാഴ്ച തന്ന സൗന്ദര്യം അനുഭവിച്ചേ അറിയാൻ കഴിയൂ.
ഒരുപക്ഷേ, ഇനിയും ഏറെ സഞ്ചരിക്കാനുണ്ടാവാം. എന്നാൽ ഇനി ഈ യാത്ര ഞങ്ങൾക്ക് പ്രശ്നമേ അല്ല. ഞങ്ങൾ അതാ അവിടെ എത്തിപ്പോയി.
ശൈത്യത്തിൽ ഈ പ്രദേശമെല്ലാം മഞ്ഞുകൊണ്ട് നിറയും. വേനലിൽ മഞ്ഞുരുകി തടാകം നിറയും. നാലു ചെറിയ നദികളാണ് തുടർച്ചയായി ഈ തടാകത്തെ പോഷിപ്പിക്കുന്നത്.
അവസാനത്തെ മണിക്കൂർ ഞങ്ങൾ കൂടുതൽ ഉത്സാഹഭരിതരായി. മാത്രമല്ല സീസൺ ഏകദേശം കഴിഞ്ഞതുകൊണ്ടു വിശാലമായ തടാക തീരത്തു നാലോ അഞ്ചോ യെർട്ടുകൾ മാത്രമേ ബാക്കിയുള്ളു. ഈ വിശാലതയും നിശബ്ദതയും തണുപ്പും ഞങ്ങൾക്കായി മാത്രം ഒരുക്കി വച്ചതുപോലെ.
തടാക തീരത്തു ഞങ്ങളെത്തുമ്പോൾ ഞങ്ങൾക്ക് മുൻപേ എത്തിയ രണ്ടു ഫ്രഞ്ച് യാത്രികരും രണ്ടു ബെൽജിയൻ യാത്രികരും അവരെ അനുഗമിച്ചെത്തിയ കിർഗിസ് ഗൈഡുകളും മാത്രമേ ഉള്ളൂ.
സമയം ഏകദേശം അഞ്ചു മണി ആയിരിക്കുന്നു. സൂര്യാസ്തമയതിന്റെ ചുവപ്പും തടാകത്തിന്റെ നീലയും പുൽപ്പരപ്പിന്റെ തവിട്ടും ചേർന്ന് അഭൗമമായ ഒരു രംഗലീലയാണിത്. ഞങ്ങൾ ഈ മായാവിലാസം കണ്ടു മുഗ്ദ്ധരായി നിശബ്ദരായി തടാകത്തിന്റെ തീരത്തിരുന്നു. അരയന്നങ്ങളെപ്പോലെ തോന്നുന്ന വെളുത്ത പക്ഷികൾ ജലത്തിൽ നീന്തുകയും കുത്തിമറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞങ്ങൾ വെള്ളത്തിൽ വിരൽ തൊട്ട് തണുപ്പിൽ ഞെട്ടിയതുപോലെ കൈതിരിച്ചെടുത്തു.
അസ്തമയത്തിന്റെ നിറഭേരിയാണ് ആകാശത്ത്.
“ഇമ ചിമ്മിചിമ്മി നോക്കി നിന്നുപോയ് ഞാൻ മൂവന്തിക്കാ മഹനീയ മഹാ നടനലീല…” ജി യുടെ വരികൾ അകലെനിന്ന് കേൾക്കുന്നത് പോലെ.
ഇന്ത്യയിൽ നിന്നും എത്രയോ അകലെ മറ്റേതോ ഒരു ഭൂപ്രദേശത്തു ഏതോ ഒരു സന്ധ്യയിൽ അനിർവാച്യമായ ഒരനുഭവം. യുക്തിയിൽ വിശദീകരിക്കാനാകാത്ത ഒരു ഭാവം. സൂര്യൻ അസ്തമിച്ചു. കറുപ്പ് പടർന്നു. ആകാശം താരമനോഹരമായി.
ഒരു യെർട്ടിൽ തീ കൂട്ടിയിട്ടുണ്ട്. തണുപ്പ് അസഹനീയമായി തുടങ്ങി. ഞങ്ങൾ അടുപ്പിനോട് ചേർന്നിരുന്നു. അടുപ്പും അടുക്കളയുമുള്ള യെർട്ട് യാത്രികരുടെ ഒരു കമ്മ്യൂൺ പോലെയാണ്. എല്ലാവരും തണുപ്പ് മാറ്റാൻ അടുപ്പിലേക്ക് ചാഞ്ഞിരിക്കുകയാണ്. ഇരുപത് കിലോമീറ്റർ ചുറ്റളവിൽ വൈദ്യുതി ഇല്ല. അടുപ്പിൽ കത്തിക്കാൻ കുതിര ചാണകമാണ്. പുരാതനമായ അടുപ്പ്. ഒരു അൻപത് വർഷമെങ്കിലും പഴക്കം തോന്നും. ഇതിനുവേണ്ട ചാണകം ശേഖരിക്കലാണ് ഖാഖുവിന്റെയും സുഹൃത്തുക്കളുടെയും ആദ്യത്തെ പണി.
ഭാഗ്യവശാൽ കോച് കോറിൽ നിന്ന് വാങ്ങിയ ഒരു കുപ്പി ജോർജിയൻ ചാച്ച ഞങ്ങളുടെ കൈവശമുണ്ട്. ഖാഖു ഇതൊക്കെ മുൻകൂട്ടിക്കണ്ട് ഒരു കുപ്പി വോഡ്‌ക കൊണ്ടുവന്നിട്ടുമുണ്ട്. ചെറിയ ഗ്ലാസിൽ വോഡ്‌ക നിറച്ചു വായിലോട്ട് കമഴ്ത്താനാണ് ഖാഖു ഉപദേശിക്കുന്നത്. അതുകഴിഞ്ഞാൽ ഒരു സ്പൂൺ ആപ്രിക്കോട്ട് ജാം. ഇതിങ്ങനെ തുടരണം.
രണ്ടോ മൂന്നോ ഷോട്ട് വോഡ്‌ക കിട്ടിയതോടെ ശരീരം കുറച്ചൊന്ന് ചൂടുപിടിച്ചു എന്ന് തോന്നുന്നു. ഒപ്പം പലതരം ഇറച്ചികൾ വേവിച്ചതും ചുട്ടതും പലതരം നോനും മേശമേൽ നിരന്നു. ഞങ്ങളുടെ ചാച്ചാ ഫ്രഞ്ചുകാർക്കും ബെൽജിയൻകാർക്കും ഏറെ ഇഷ്ടപ്പെട്ടു. അടുപ്പിൽ വീണ്ടും വീണ്ടും കുതിരച്ചാണകം നിറച്ചും ഞങ്ങളുടെ സംഗീതത്തിൽ പങ്കുചേർന്നും ഖാഖുവും ഒപ്പം കൂടി. തണുപ്പും വോഡ്കയും ധാരാളം ഭക്ഷണവും കിട്ടിയതോടെ എല്ലാവരും ചേർന്നിരുന്നു അവരവരുടെ രാജ്യങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ പാടാൻ തുടങ്ങി. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, കിർഗിസ് പാട്ടുകൾക്കൊപ്പം ഞാൻ എല്ലാ ധൈര്യവും സംഭരിച്ചു പാടി.
“വെള്ളി നക്ഷത്രമേ നിന്നെ നോക്കി…”
മദ്യവും തണുപ്പും ചേർന്ന അന്തരീക്ഷത്തിൽ പാട്ടിന്റെ സൗകുമാര്യമൊന്നും പ്രധാനമായിരുന്നില്ല. പല ഭാഷകൾ. പലതരം സംഗീതങ്ങൾ. മാനവികതയുടെ അതുല്യമായ ചില നടന വേദികൾ. കിട്ടാവുന്ന ഭക്ഷണമെല്ലാം കഴിച്ചും ധാരാളം വോഡ്‌ക കുടിച്ചും എല്ലാവരും തളർച്ച തീർത്തു.
എനിക്ക് പുറത്തിറങ്ങി നക്ഷത്ര ഖചിതമായ ആകാശം കാണണം എന്ന് തോന്നി. ഹോ, അതെന്തൊരു കാഴ്ചയായിരുന്നു. നഗരങ്ങളും സംസ്കാരങ്ങളും സൃഷ്ടിക്കുന്ന വെളിച്ചത്തിന്റെ മലിനീകരണമില്ലാതെ ശുദ്ധ സ്വതന്ത്രമായ ആകാശം നിറയെ ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന നക്ഷത്രങ്ങൾ. അവയുടെ വെളിച്ചം തടാകത്തെ പ്രഭാപൂരിതമാക്കി.
ഞങ്ങൾ ചെന്ന രാത്രിയാകട്ടെ വളരെ പ്രത്യേകതയുള്ളതുമായിരുന്നു. വ്യാഴവും ശനിയും പ്രത്യേക രീതിയിൽ സംഗമിക്കുന്ന അപൂർവ ദിനം. കൂടുതൽ നേരം നക്ഷത്ര നിരീക്ഷണം നടത്തണം എന്നും സെല്ലേറിയം എന്ന മനോഹരമായ ആപ്പുപയോഗിച്ചു ഇതേവരെ കണ്ടിട്ടില്ലാത്ത ഈ നക്ഷത്രങ്ങളുടെ പേരുകൾ കണ്ടെത്തണം എന്നുമൊക്കെയുള്ള ആഗ്രഹം ഉപേക്ഷിച്ചു ഞാൻ യെർട്ടിലേക്കു മടങ്ങി.
അവിടെ ഉണ്ടായിരുന്ന എല്ലാ രജായിയും ശരീരത്തിന് മുകളിലേക്കിട്ട് മൂക്ക് മാത്രം വെളിയിലാക്കി കിടന്നു. കുറച്ചുകഴിഞ്ഞപ്പോൾ ബിന്ദുവുമെത്തി. അബു പുതുതായി കിട്ടിയ സുഹൃത്തുക്കളുമായി സല്ലാപം തുടരുകയാണ്.
ഞങ്ങൾ മലർന്നുകിടന്ന് യെർട്ടിന്റെ ഭംഗി ആസ്വദിക്കുക കൂടിയാണ്. പണ്ടുമുതലേ നൊമാഡുകൾ ജീവിച്ചിരുന്നത് ഇത്തരത്തിൽ ഫെൽറ്റ് കൊണ്ട് നിർമിച്ച യെർട്ടുകളിലാണ്. മധ്യേഷ്യൻ ജീവിതത്തിന്റെ സജീവമായ പ്രതീകമാണിത്. മുളകൊണ്ടാണ് സ്ട്രക്ച്ചർ പണിയുന്നത്. കോണിന്റെ ആകൃതിയിൽ മുകളിൽ മുളയുടെ കമ്പുകൾ ചേർന്ന് സൃഷ്ടിച്ച അതിമനോഹരമായ പാറ്റേൺ കാണാം. ഈ പാറ്റേൺ ആണല്ലോ കിർഗിസ്താന്റെ ദേശീയ പതാകയിൽ കാണുന്നത്, ഞങ്ങൾ വിസ്മയത്തോടെ ഓർത്തു. യെർട്ടിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ദിശയിലാണ് കിടപ്പ് ഒരുക്കേണ്ടത്. അതേക്കുറിച്ച് ഞങ്ങളുടെ കിർഗിസ് ഗൈഡുകൾ ഇടയ്ക്ക് വന്നു നിർദേശം നൽകി.
പുറത്തു പാട്ടുകൾ തുടരുന്നുണ്ട്. തിരിച്ചറിയാൻ കഴിയാത്ത മറ്റു ചില ശബ്ദങ്ങളും കേൾക്കാം. എങ്കിലും നിശബ്ദതയാണ് ഇന്നത്തെ നിശാവസ്ത്രം. വോഡ്‌കയും സംഗീതവും പ്രകൃതിയുടെ നിശബ്ദ സ്വനങ്ങളും നിറച്ച സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിലേക്ക് ഞാൻ ക്രമേണ വഴുതി വീണു.
രാവിലെ എല്ലാവരും എണീക്കുന്നതിനു മുൻപ് തന്നെ ഞാൻ പുറത്തിറങ്ങി. തണുപ്പിന് ചെറിയ കുറവുണ്ട്. സൂര്യൻ ഉദിച്ചുവരുന്നു. തടാകത്തിന്റെ തീരത്തേക്ക് നടക്കാം. പതുക്കെ എല്ലാവരും എണീറ്റ് വന്നു.
പ്രഭാത ഭക്ഷണത്തിന് ശേഷം കുതിരപ്പുറത്തു ഇതേവഴിയിൽ മടങ്ങണം. അതിനുമുൻപ് എല്ലാവരും ഒരുമിച്ച് നിന്ന് ധാരാളം ചിത്രങ്ങൾ എടുക്കുകയും ഫോൺ നമ്പറുകൾ കൈമാറുകയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. ചെറിയ കാലയളവിൽ ഉണ്ടാവുന്ന അതിതീവ്ര സൗഹൃദങ്ങൾ. ഇവയിൽ ചിലത് അപ്രതീക്ഷിതമായി ഏറെക്കാലം നീണ്ടുനിന്നു എന്നും വരാം.
വീണ്ടും എല്ലാവരും അവരവരുടെ കുതിരപ്പുറത്ത് തന്നെ കയറി. പതുക്കെ മല കയറിത്തുടങ്ങി. നീല തടാകവും യെർട്ടുകളും പതുക്കെ അപ്രത്യക്ഷമായി. ഒരു സ്വപ്നം പോലെ ഒരു രാത്രി അവസാനിച്ചു. ഇപ്പോൾ കുതിരസവാരി ശീലമായതുപോലെ തോന്നുന്നു. കുതിരകൾക്കും ഞങ്ങളെ ശീലമായി എന്ന് തോന്നുന്നു. എങ്കിലും തിരിച്ചുള്ള യാത്രയിലാണ് വേദന കലശലായത്.
കുതിരകളെ നിയന്ത്രിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടായി. അബുവിന്റെ അരാജകവാദിയായ കുതിര അവനു തോന്നുന്ന വഴിലിയൂടെയൊക്കെ പോകാൻ തുടങ്ങി. ആരും ഉണ്ടാക്കിയ വഴി അവനു ഇഷ്ടമല്ല. അവന് സ്വന്തം വഴി ഉണ്ടാക്കണം. ചിലപ്പോൾ ഞങ്ങളിൽ നിന്ന് വളരെ അകലെയാകും. ഖാഖു ഉറക്കെ വിളിക്കും, “അബൂ… അബൂ ലെഫ്റ്റ് ലെഫ്റ്റ്…” അബുവിന്റെ കുതിര ഇതൊന്നും മൈൻഡ് ചെയ്യില്ല. ഇടയ്ക്ക് മഞ്ഞിലൂടെ കയറാനായി ശ്രമം. കാലിടറി ഇടയ്ക്ക് താഴേക്ക് പോകുന്നുണ്ട്. ഖാഖു പോലും പേടിച്ചു എന്ന് തോന്നുന്നു. “അബൂ… അബൂ ലെഫ്റ്റ് ലെഫ്റ്റ്…” ഖാഖുവിന്റെ ശബ്ദം ഒരു രോദനം പോലെ തോന്നി. അബു എങ്ങനെയൊക്കെയോ അവനെ നിയന്ത്രിച്ച് ശരിയായ വഴിയിൽ എത്തി.
യാത്ര തുടങ്ങിയ വഴികളിലേക്ക് ഞങ്ങൾ പതുക്കെ തിരിച്ചെത്തി. കുതിരലായങ്ങളും ശ്മശാനങ്ങളും പാടങ്ങളും പിന്നിട്ട് ഗ്രാമത്തിൽ മീരയുടെ വീട്ടിലെത്തി. മീര സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു. ഖാഖുവിനോട് വികാരനിർഭരമായി വിട പറഞ്ഞ് ടാക്സിയിൽ ഞങ്ങൾ കൊച്ചുകോറിലേക്ക് മടങ്ങി.
എർലീന സ്വാദിഷ്ടമായ ഭക്ഷണങ്ങളുമായി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഇതൊരു ഗംഭീര യാത്രയായിരുന്നു, ഞങ്ങൾ പറഞ്ഞു. ഞങ്ങൾ യാത്രയുടെ കഥകൾ പറഞ്ഞതുകേട്ട് എർലീന ചിരിച്ചു. അവരുടെ ചെറുപ്പ കാലത്ത് കുതിരപ്പുറത്തു കറങ്ങിയിരുന്ന കഥകൾ ഞങ്ങളെ കേൾപ്പിച്ചു.
ഞങ്ങളുടെ യാത്രാനുഭവം ഫേസ്ബുക്കിൽ എഴുതിയപ്പോൾ പ്രിയ സുഹൃത്ത് സംഗീത ചേനംപുല്ലി അതിമനോഹരമായ കവിത ഞങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് അയച്ചു തന്നു.
മഞ്ഞുതൊപ്പിയിട്ട കഥകൾ തേടി
ജമീലയുടെ നാട്ടിലൂടെ
അന്തിയോളം ഇരുണ്ട പകലിൽ
തണുപ്പിലുറഞ്ഞ പാതകൾ താണ്ടി
മഞ്ഞു പുരണ്ട നക്ഷത്രങ്ങൾ പോലെ
കുതിര സവാരി ചെയ്യുന്ന യാത്രക്കാരേ
ഹിമാനികൾ അതിരിട്ട പാതകൾക്കരികെ
മലയിടുക്കിൽ നിന്നൊരു
കുതിരച്ചിനപ്പ് കേൾക്കാനുണ്ടോ?
ഒരു ജീവിതത്തിന്റെ ഭാരം മുഴുവൻ പേറി –
ത്തളർന്ന കാലുകളിടറി
ഹിമപാളിയിൽത്താണു പോയ വയസ്സൻ കുതിര
ഗുൽസാറി *യുടെ ചിനപ്പാവണമത്
വാർദ്ധക്യത്തിന്റെ തളർച്ചയ്ക്ക്
മരണമല്ലാതെ മറുപടിയുണ്ടോയെന്ന്
അതിന്റെ യജമാനൻ
തൊട്ടടുത്ത് ഇടറി നിൽപ്പുണ്ടാകണം
യുദ്ധത്തിന്റെ പുത്രിമാരും
വിധവകളുമായ സ്ത്രീകൾ
ഇളം കൈയിൽ അരിവാളും കലപ്പയുമേന്തി
അന്നത്തിന്റെ പടനയിച്ച വയലുകൾ
മുന്നേ നിങ്ങൾ കടന്നുപോയിട്ടുണ്ടാകും
തങ്ങളിലുമനേകമിരട്ടി ഭാരം ചുമന്നിട്ടും തളരാത്ത
ജീഗീത്തുകളായ ‘ജെനെ’മാർ
തന്റേടക്കാരികളായ ജമീലമാരെ
ആരാധനയും പ്രണയക്കുശുമ്പും പൂണ്ട്
നോക്കിനോക്കി നിൽക്കുന്നുണ്ടോ, ഇപ്പോഴും
കൊയ്ത്തുപാടങ്ങളിലും മെതിക്കളങ്ങളിലും
അധ്വാനത്തിന്റെ ഞരക്കങ്ങൾക്കുമേൽ
കരളുറപ്പിന്റെ പാട്ടുകൾ ഇന്നുമാരൊക്കെയോ
ഉറക്കെ പാടാതിരിക്കുന്നുണ്ടാവില്ല
ഋതുക്കൾ ഉടയാടകൾ മാറ്റുന്ന സ്റ്റെപ്പിയിൽ
ചിത്രങ്ങൾ തുന്നുന്ന വസന്തത്തിന്റെ
മക്കളായ ഹോളിഹോക്കും, സ്നോ ഡ്രോപ്പും ത്രിപർണിയും *
ഇപ്പോഴും വിടർന്നു നിൽപ്പുണ്ടോ?
യുദ്ധത്തിന്റെ വിധവകളായ മരുമക്കളെ
പുതിയ പ്രണയത്തിലേക്ക്
ആശീർവദിച്ചയക്കുന്ന അമ്മമാർ
ഇന്നിപ്പോൾ പഴങ്കഥയായിക്കാണുമോ ?
ഒരിക്കലുപേക്ഷിച്ച പ്രണയിനിയെത്തേടി
ടിയാൻ ഷാൻ മല കയറുന്ന പട്ടാളക്കാരനെ *
ഇനിയും നിങ്ങൾ പരിചയപ്പെട്ടില്ലെന്നോ
അൽത്തിനായ് സുലയ്മാനോവ്ന
സഖാവായ അധ്യാപകനൊപ്പം *
അറിവും പ്രണയവും പങ്കിട്ട കുന്നിലെ
ഇരട്ട പോപ്ളാർ മരങ്ങളെ
നിങ്ങളൊന്ന് കണ്ടുപോരുമോ
മഞ്ഞുപുരണ്ട സ്റ്റെപ്പിയിലൂടെ
തളരാതെ നീങ്ങുന്ന യാത്രക്കാരേ
മലകളുടേയും സ്റ്റെപ്പികളുടേയും പുതുകഥകൾ
നിങ്ങളൊന്ന് പറഞ്ഞു തരാമോ”
(സൂചന : ചിംഗീസ് ഐത്മാതോവിന്റെ ആദ്യത്തെ അദ്ധ്യാപകൻ, ജമീല, വയലമ്മ, ചുവന്ന തൂവാലയണിഞ്ഞ പോപ്ലാർ തൈ തുടങ്ങിയ കഥകളും, പോകൂ ഗുൽസാറി എന്ന നോവലും)
സമർപ്പണം: ബിന്ദുചേച്ചിക്കും സാജൻ മാഷക്കും
ഈ അവിസ്മരണീയമായ യാത്രയ്ക്ക് ഇതേക്കാൾ മനോഹരമായ എന്ത് സമ്മാനമാണ് കിട്ടാനുള്ളത്.