സിൽക്ക് റോഡിലെ ഒറ്റ ഗോപുരം
കിർഗിസ്ഥാനിൽ എത്തിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളു. എന്നാൽ, ഏറെക്കാലമായി അനന്തമായ കാലത്തിലൂടെ സഞ്ചരിക്കുന്നു എന്ന തോന്നലാണ്. നഗര വീഥികൾ, തെരുവുകൾ, പഴയ വിപണികൾ, പ്രതിമകൾ തലയുയർത്തി നിൽക്കുന്ന ചത്വരങ്ങൾ, അനാഥമായ ഒരു പൂച്ചക്കുഞ്ഞു, തീവണ്ടിക്കു പുറത്തു അസ്തമിക്കുന്ന സൂര്യൻ. റഷ്യൻ നാടോടിക്കഥയിൽ നിന്ന് പുറത്തുവന്നപോലെ തോന്നുന്ന ഒരു കൊച്ചു പെൺകുട്ടി. കണ്ട ചിത്രങ്ങളും ഓർമകളും സ്വപ്നത്തിലെന്ന വണ്ണം തുടർച്ചയായി പ്രവഹിക്കുന്നു. അപ്പുറത്തു ജന്നതിലെ കൂട്ടുകാരികളുടെ അമർത്തിയുള്ള ചിരി കേൾക്കാം. തണുപ്പ് കൂടി വരുന്നുണ്ട്. രാവിലെ ഈ വഴിയൊക്കെ ഒന്ന് നടന്നുനോക്കണം.
രാത്രി വളരെ താമസിച്ചാണ് കിടന്നതെങ്കിലും ഞാൻ നേരത്തെ ഉണർന്നു.
വോഡ്കയുടെ ലഹരി വിടാത്ത കൂട്ടുകാരികൾ പ്രധാന മുറിയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ഉറക്കമാണ്. ഞാൻ ഓവർ കോട്ടിട്ട് പതുക്കെ പുറത്തേക്കിറങ്ങി. ടോക്‌മോക്ക് പട്ടണത്തിൽ നിന്ന് കുറച്ചു ഉള്ളിലേക്കാണ് ജന്നത് എന്ന ഈ ഹോംസ്റ്റേ എന്ന് തോന്നുന്നു. ജന്നത് എന്നാൽ മുസ്‌ലിം വിശ്വാസികളുടെ സ്വർഗമാണ്. ഇന്നലെ രാത്രി ഞങ്ങൾക്കും ഇതൊരു സ്വർഗമായിരുന്നു.
പുറത്തു ഒഴിഞ്ഞ വലിയ വഴികളാണ്. മറ്റു വീടുകളോ കടകളോ കാണാനില്ല. ചെറിയ ഒരു അരുവി ഒഴുകുന്നുണ്ട്. ഒരു ചെറിയ പാലം കടന്ന് ഞാൻ മുന്നോട്ട് നടന്നു. അരുവിയുടെ കരയിലുള്ള പാടത്തു ഒരു കൂട്ടം കാക്കകൾ കലപില കൂട്ടുന്നുണ്ട്.
കാക്ക എന്ന് പറഞ്ഞെങ്കിലും നമുക്ക് പരിചിതമായ കാക്കയെക്കാൾ വലുപ്പം തോന്നി. വെളുത്ത ചുണ്ടാണ്. ഇതാണോ രേവൻ എന്ന് പറയുന്ന വലിയ കാക്ക? തിരിച്ചെത്തുമ്പോൾ കരുണാകരനോട് ചോദിക്കാം. സാകോണിലെ (Salim Ali Centre for Ornithology and Natural History) കരു ആണ് ഞങ്ങളുടെ പക്ഷി ശാസ്ത്ര സംശയങ്ങൾ തീർക്കാനുള്ള സുഹൃത്ത്. തൊട്ടപ്പുറത്തു ഇതേപോലെ തന്നെ നമുക്ക് പരിചിതമായ വാലാട്ടിപ്പക്ഷിയുടെ ഇരട്ടി വലിപ്പമുള്ള മാഗ്‌പൈ റോബിൻ കൂടി ഇരിപ്പുണ്ട്.
അകലെ ടിയാൻ ഷാൻ മലനിരകൾ കാണാം. തജിക്കിസ്ഥാനിന്റെ ഭാഗമായി പാമിർ മലനിരകളുടെ തുടർച്ചയാണ് ടിയാൻ ഷാൻ. ഈ മലനിരകളിൽ നിന്ന് താഴോട്ടൊഴുകുന്ന സിർ ദാരിയ, അമു ദാരിയ എന്നീ രണ്ടു പ്രധാന നദികളാണ് മധ്യേഷ്യയിലെ ഊഷരഭൂമികൾക്ക് കൃഷിക്കും കുടിക്കാനും ജലം നൽകുന്നത്. പർവ്വതങ്ങളിൽ നിന്ന് താഴോട്ടൊഴുകി ഇവ ഇസിക് കൂൾ, ചുയി എന്നീ താഴ്വരകളിലേക്ക് പരക്കുന്നു. ടിയാൻ ഷാനിൽ നിന്ന് ഉത്ഭവിക്കുന്ന നാരിൻ എന്ന നദിയാകട്ടെ കിർഗിസ്ഥാനിലൂടെ ഒഴുകി സിർ ദരിയയിൽ ചെന്നുചേരു ന്നത് ഉസ്ബക്കിസ്ഥാനിൽ വച്ചാണ്. ഇവിടെ കാണുന്ന ചെറിയ അരുവികൾ നാരിൻ നദിയുടെ പോഷക നദികളാവാം.
അതിരാവിലെ കുട്ടികൾ പുസ്തക സഞ്ചിയുമായി സ്കൂളിലേക്ക് പോകുന്നത് കാണാം. ആട്ടിൻപ്പറ്റത്തെ കുതിരപ്പുറത്തിരുന്നു നിയന്ത്രിക്കുന്ന വൃദ്ധനായ കർഷകനെയും കണ്ടു. ഏറെ സ്ത്രീകൾ റോഡിലുണ്ട്. മർഷ്‌റൂക്ക കാത്തുനിക്കുകയാണ് പലരും. തൊട്ടടുത്തുള്ള മാഗസിനിൽ നിന്ന് ഞാൻ കുറച്ചു യോഗർട്ടും ക്രോയിസൺറ്റും വാങ്ങി. മൂന്ന് ദിവസമായി പട്ടിണി യാത്രയിലുള്ള സഹജീവികൾക്ക് രാവിലെ എന്തെങ്കിലും നൽകണമല്ലോ.
കഴിഞ്ഞ ദിവസത്തെ അലച്ചിലിന് ശേഷം അടുത്ത ദിവസം ടോക്‌മോക്കിൽ രാവിലെ വെറുതെ കറങ്ങാം എന്നായിരുന്നു തീരുമാനം. രാവിലെ നൂർലാനെ വിളിച്ചു വീണ്ടും നന്ദി പറഞ്ഞു. വൈകിട്ട് ഞങ്ങളെ ഇവിടെയുള്ള ബുറാന ടവറിലേക്ക് കൊണ്ടുപോകണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നൂർലൻ എന്തിനും റെഡി. ഇത്ര ബുദ്ധിശൂന്യരായ യാത്രക്കാർക്ക് തന്റെ സ്ഥലത്ത് ഒരു അപകടവും പറ്റാതെ നോക്കുക എന്നത് ഇനി അദ്ദേഹത്തിന്റെ കൂടി ആവശ്യമാണല്ലോ.
എന്തായാലും പ്രാതൽ അതായത് റൊട്ടിയും ബട്ടറും കഴിച്ച ശേഷം ഞങ്ങൾ മർഷ്‌റൂക്കയിൽ ടോക്‌മോക് സിറ്റി സെന്ററിലേക്ക് പോയി. ഇവിടെ എല്ലാ ചെറിയ പട്ടണങ്ങൾക്ക് പോലും സിറ്റി സെന്റർ എന്നൊരു സങ്കല്പനം ഉണ്ട് എന്ന് തോന്നുന്നു. സൂപ്പർ സ്റ്റോറുകൾ, പലതരം റസ്റ്റോറന്റുകൾ, ബേക്കറികൾ, പെട്രോൾ പമ്പ്, പലചരക്ക്-പച്ചക്കറി കടകൾ, പാർക്കുകൾ ഒക്കെ ചേർന്ന് സാമാന്യം ചെറിയ ടൗൺ. ധാരാളം ചായക്കടകളുണ്ട്. കിർഗിസുകാർ വലിയ ചായ കുടിക്കാരാണ്. ബെറീസ് ടീ, ഹെർബൽ ടീ തുടങ്ങി വിവിധ തരം ചായകൾ.
ബെറീസ് ചായയിൽ സ്ട്രോബറി (Strawberry) അടക്കം പലതരം പഴങ്ങൾ. ഇവർ വലിയ കെറ്റിലിൽ നിന്ന് ചായ പകർന്നു കുടിച്ചുകൊണ്ടേയിരിക്കും
സിറ്റി സെന്ററിൽ പ്രധാനമായുമുള്ളത് ഒരു വലിയ പാർക്കാണ്. അവിടെ കുറച്ചുനേരം കറങ്ങിയപ്പോഴേക്കും വീണ്ടും വിശപ്പായി. ഇനി ഇവിടെ എന്താണോ കിട്ടുക? നോക്കിയപ്പോൾ അവിടെ വലിയൊരു സൂപ്പർ സ്റ്റോറുണ്ട്. അവിടെ പലതരം ആഹാരങ്ങൾ ഫ്രീസറിൽ നിരത്തി വച്ചിരിക്കുന്നു. നോക്കിയപ്പോൾ അതാ ഇരിക്കുന്നു ധാരാളം സാലഡുകൾ. അതിൽ കുറെ വെജിറ്റബിൾ സാലഡുകൾ തിരഞ്ഞെടുത്തു. കുറച്ചു സ്പാഗെറ്റിയും വാങ്ങി.
അതാ, ഒരു കോർണർ മുഴുവൻ പലതരം മദ്യങ്ങളുടെ ശേഖരമുണ്ട്. ഇന്നലെ വോഡ്‌ക കഴിക്കാൻ ഓഫർ ഉണ്ടായിട്ടും കഴിക്കാതിരുന്നതിന്റെ ഖേദം മാറ്റാൻ രണ്ടു കാൻ ബിയർ കൂടി വാങ്ങി. ഇനി ഇതൊക്കെ എവിടെയിരുന്നു കഴിക്കും? എല്ലാമെടുത്ത് ഞങ്ങൾ പാർക്കിലേക്ക് തന്നെ പോയി. ഫ്രീസറിൽ നിന്ന് നേരിട്ടെടുത്ത തണുത്ത സലാഡും സ്പാഗെറ്റിയും ബിയർ ഉപയോഗിച്ച് ഇറക്കി. പാർക്കിൽ വേറെ ആരും തന്നെയില്ല. അതുകൊണ്ട് കുറച്ചുനേരം തണലിലിരുന്ന് വിശ്രമിക്കുകയും ചെയ്തു.
മനാസിന്റെ ശില്പമാണ് എന്നാണ് തോന്നിയതെങ്കിലും സൂക്ഷ്മമായി നോക്കിയപ്പോൾ മനാസ്സിന്റെ പിന്തുടർച്ചക്കാരനായ ഒരു യോദ്ധാവിന്റെ വലിയ പ്രതിമയാണ് എന്ന് മനസ്സിലായി. കിർഗിസ് സംസ്കാരത്തിൽ പ്രതിമകൾക്ക് വലിയ പ്രാധാന്യമുണ്ട്. . ചെറിയ പട്ടണങ്ങളിൽ പോലും അവിടെ ജീവിച്ചിരുന്ന ധാരാളമാളുകളുടെ ചെറിയ പ്രതിമകൾ കാണാം. ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കാനിരുന്ന പാർക്കിലും ഇത്തരം ധാരാളം പ്രതിമകൾ ഉണ്ടായിരുന്നു. ഇത് ആരുടെയാണ് എന്ന കൗതുകത്തിൽ നോക്കി നടന്ന ഞങ്ങളെ അതിൽ ഒരു പ്രതിമ സ്തബ്ധരാക്കികളഞ്ഞു.
ഉയർന്ന നെറ്റിയും ഒരല്പം നീണ്ട മൂക്കും തീക്ഷ്ണമായ നോട്ടവുമുള്ള ഒരാളിന്റെ ശില്പമാണ്. അതിന് താഴെ ഇങ്ങനെ എഴുതിയിരുന്നു:
സുൽത്താൻ ഇബ്രായിമോവ്. 1927 ൽ ജനിച്ചു, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാവായി വളർന്നു. 1975 ൽ തെറ്റായ കുറ്റങ്ങൾ ആരോപിച്ചു വെടിവച്ചുകൊന്നു.
ഇൻക്വിസിഷന്റെ കാലത്ത് ഇതേപോലെ കുരിശിലേറ്റപ്പെട്ട ഒരു വികാരിയെക്കുറിച്ച് വോൾട്ടയർ എഴുതിയതാണ് ഓർമ്മ വന്നത്. ഇത്തരം പ്രതിമകൾ കിർഗിസ്‌ഥാന്റെ പല ഭാഗങ്ങളിലും പലപ്പോഴായി ഞങ്ങൾ കണ്ടു. ഈ രാജ്യങ്ങളുടെ അറിയപ്പെടാത്ത ചരിത്രം യാത്രകളിൽ ചിതറിക്കിടക്കുന്നത് ഞങ്ങൾ കണ്ടു.
ടോക്‌മോക്കിന്റെ ജനസംഖ്യ 70000 വരും. കിർഗിസ്ഥാനിലെ താരതമ്യേന അപ്രധാനമായ ഒരു ചെറു പട്ടണം ആണെങ്കിലും ഈ പട്ടണം സഞ്ചാരികളെ ആകർഷിക്കുന്നത് ബുറാന ടവറിലൂടെയാണ്.
നൂർലൻ ആണ് ഞങ്ങളെ ബുറാന ടവർ കാണാൻ കൊണ്ടുപോയത്. കുതിരകൾ മേയുന്ന വിശാലമായ പാടങ്ങളാണ് ചുറ്റും. കാറിന്റെ അതേ വേഗത യിൽ കുതിരപ്പുറത്ത് പാഞ്ഞുപോകുന്ന ചെറുപ്പക്കാരനെയും യാത്രയ്ക്കിടയിൽ ഞങ്ങൾ കണ്ടു. കുതിരപ്പുറത്തിരുന്ന് ആടുകളെ മേക്കുന്ന കുട്ടികളേയും.
മധ്യേഷ്യൻ യാത്രകളിൽ നമ്മളെ ഏറ്റവും ആകർഷിക്കുന്ന വാക്ക് സിൽക്ക് റോഡ് എന്നതാണ്. ഈ ചെറിയ പട്ടണത്തിൽ നിൽക്കുമ്പോൾ ആയിരം വർഷം പഴക്കമുള്ള ആ പഴയ വ്യാപാര പാതയിലാണ് നിൽക്കുന്നത് എന്ന തോന്നൽ നമ്മളെ കോരിത്തരിപ്പിക്കാതിരിക്കില്ല. ടിയാൻ ഷാൻ മലനിരകൾക്ക് കീഴിൽ പ്രാചീനമായ സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്ന ബാലസാഗുൻ എന്ന നഗരത്തിന്റെ അവശേഷിക്കുന്ന ഏക ഭാഗമാണ് ബുരാനാ ടവർ.
ബാക്കിയെല്ലാം പന്ത്രണ്ടാം നൂറ്റാണ്ടിൽ മംഗോൾ ആക്രമണത്തിൽ തകർന്നു. സിൽക്ക് റോഡിന്റെ ചരിത്രമെഴുതിയ പീറ്റർ ഫ്രാൻകോപാൻ ഇസ്താൻബുളിൽ വച്ച് ഈ ഗോപുരത്തിന്റെ ചിത്രം കണ്ട് അമ്പരന്നതിനെക്കുറിച്ച് എഴുതുന്നുണ്ട്. ഒരുകാലത്ത് ലോകത്തിന്റെ കേന്ദ്രമായി തന്നെ കരുത്തപ്പെട്ട നഗരമായിരുന്നു ബാലസാഗുൺ. ചൈന മുതൽ പിൽക്കാലത്ത് അപ്രത്യക്ഷമായിപ്പോയ അറാൽ കടൽ വരെ നീണ്ടുകിടന്നിരുന്ന ഈ സാമ്രാജ്യം സ്ഥാപിച്ചത് ബ്ലാക്ക് ഖാൻസ് എന്ന് അറിയപ്പെട്ടിരുന്ന കരാഖനിറ്റ്‌സ് ആണ്. ഈ നഗരം പിന്നീട് പൂർണമായ വിസ്മൃതിയിൽ ആണ്ടുപോവുകയായിരുന്നു.
ഞങ്ങൾ നിൽക്കുന്ന ഈ വിശാലമായ ഒഴിഞ്ഞ പ്രദേശത്ത് ഒരു കാലത്ത് ധാരാളം കോട്ടകളും മോസ്‌കുകളും കത്തീഡ്രലുകളും പൊതു സ്ഥാപനങ്ങളും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനേ വയ്യ. ചെങ്കിസ് ഖാന്റെ ആക്രമണവും തുടർന്നുണ്ടായ നിരന്തരമായ ഭൂകമ്പങ്ങളും ഈ പ്രദേശത്തെ തകർത്തു. ഇപ്പോൾ ബാക്കിയുള്ളത് ഞങ്ങളുടെ മുൻപിൽ ഉയർന്നു നിൽക്കുന്ന ഈ ഗോപുരം മാത്രം. ഒരുകാലത്ത് ആയിരക്കണക്കിന് കാരവനുകളിൽ സിൽക്ക് റോഡിലൂടെ സഞ്ചാരികൾ വന്നിരുന്ന ഒരു പ്രദേശം. 1970 ൽ സോവിയറ്റ് കാലത്താണ് ഇത് പുതുക്കി പണിയുന്നത്. മൊനാർ എന്ന അറബി വാക്കിൽ നിന്നാണ് മിനാറെറ്റ് ഉണ്ടാകുന്നത്. അതാണ് പിന്നീട് ബുറാന ടവർ ആയത്.
മധ്യേഷ്യയിലെ ഏറ്റവും പഴക്കമുള്ള ഗോപുരത്തിന് മുൻപിലാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. 60 സോമിന്റെ ടിക്കറ്റ് എടുത്തുവേണം അകത്തേക്ക് കയറാൻ. നൂർലൻ തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ഞങ്ങൾ ടവറിന്റെ മുകളിലേക്ക് കയറി. ഒരുകാലത്ത് നാല്പത് മീറ്റർ ഉയരം ഉണ്ടായിരുന്ന ഈ ടവർ ഇപ്പോൾ 25 മീറ്റർ മാത്രമേ അവശേഷിച്ചിട്ടുള്ളൂ.
ഉയരം ഏറെ ഇല്ലെങ്കിലും ഇതിലേക്കുള്ള കയറ്റം വലിയ ദുഷ്‌കരമാണ്. ഒരു ഇരുമ്പ് ഏണിയിൽ ഒന്നാമത്തെ നിലയിലെത്തിയാൽ അവിടെനിന്നു ഒരു തുരങ്കത്തിലൂടെ നൂഴ്ന്ന് എന്ന പോലെ മുകളിലേക്ക് കയറണം. ഒടിഞ്ഞ കയ്യും വളഞ്ഞ മുതുകും പ്രശ്നമാകുന്ന സമയം. കൂടാതെ വല്ലാത്ത ക്ളോസ്ട്രോഫോബിയയും. എന്നാൽ ഇരുട്ടിലൂടെ ഇഴഞ്ഞ് മുകളിലെത്തിയാൽ കാണുന്നത് അതിമനോഹരമായ ടിയാൻ ഷാൻ മലനിരകളും താഴ്വരകളുമാണ്.
ഞങ്ങൾക്കൊപ്പം ഫ്രാൻസിൽ നിന്ന് വന്ന ഫോട്ടോഗ്രാഫർ ആയ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അബുവിനെപ്പോലെ യാഷിക്ക ഫിലിം ക്യാമറയിൽ അയാൾക്കും വലിയ താത്പര്യമുണ്ട്. അബുവും അയാളും ടവറിന് മുകളിൽ നിന്ന് ഫിലിമിന്റെ അസാധ്യ സാദ്ധ്യതകൾ ചർച്ച തുടങ്ങി.
ഞാനും ബിന്ദുവും ക്ഷീണം മാറ്റാൻ, കാറ്റുകൊണ്ടുകൊണ്ട് അപാരതയിലേക്ക് നോക്കി ചരിത്രത്തിന്റെ ആകസ്മിതകൾ ആലോചിച്ച് അന്തംവിട്ട് നിന്നു.
ഒരു രസകരമായ ഐതിഹ്യമുണ്ട് ഈ ഗോപുരത്തിന്. ഭരണാധികാരിയായ ഖാനിന് സുന്ദരിയായ ഒരു പെൺകുട്ടി പിറന്നു. അവളുടെ പിറന്നാൾ ആഘോഷത്തിന് രാജാവ് നാട്ടിലുള്ള എല്ലാ ജ്യോതിഷികളെയും ഗുരുക്കന്മാരെയും വരുത്തി. മറ്റ് ജ്യോതിഷികൾ ഇവൾക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകും എന്ന് പറഞ്ഞുവെങ്കിലും ഒരു ജ്യോതിഷി ഈ പെൺകുട്ടി തന്റെ പതിനാറാമത്തെ വയസ്സിൽ ചിലന്തി കടിച്ചു മരിക്കും എന്നാണ് പ്രവചിച്ചത്.
ഖാൻ അതീവ ദുഃഖിതനായി. മകളെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കാനാണ് ഈ ഗോപുരം പണിതത്. അവിടെ അവൾക്ക് വേണ്ടതെല്ലാം, ഭക്ഷണം അടക്കം, എത്തിച്ചു. പതിനാറാം വയസ്സ് വരെ ഒരു പ്രശ്നവും ഉണ്ടായില്ല. ജ്യോതിഷിയുടെ പ്രവചനം തെറ്റിയതിൽ സന്തോഷിച്ച് അവൾക്ക് സ്നേഹത്തോടെ അയാൾ ഒരു മുന്തിരിപ്പഴം നൽകി. എന്നാൽ, ആരുമറിയാതെ അതിൽ ഒളിഞ്ഞിരുന്ന ചിലന്തി കടിക്കുകയും മകൾ അപ്പോൾ തന്നെ മരിക്കുകയും ചെയ്തു. ഖാൻ ഉറക്കെ ഉറക്കെ കരഞ്ഞു. അയാളുടെ കരച്ചിലിൽ ഗോപുരം കുലുങ്ങി പകുതി തകർന്നു വീണു.
ഇത്രയും ദുഃഖകരമായ കഥ കേട്ടപ്പോൾ ഞങ്ങൾക്ക് നമ്മൾ പണ്ടുകേട്ട ഒരു കഥയുമായി അപ്രതീക്ഷിതമായ ഒരു സാദൃശ്യം തോന്നി. അതെ, മഹാഭാരത ത്തിലെ പരീക്ഷിത്ത് രാജാവിന്റെ കഥ. പതിനാറാം വയസ്സിൽ പാമ്പിന്റെ കടിയേറ്റ് മരിക്കും എന്ന ശാപം ഉണ്ടാവുകയും അതിനെ തടയാൻ എന്തൊക്കെ ചെയ്തിട്ടും ഒടുവിൽ താന്‍ അവസാനമായി കഴിച്ച ആപ്പിളിൽ ഒളിച്ചിരുന്ന ഒരു പുഴു പാമ്പായി മാറി പരീക്ഷിത്ത് രാജാവിനെ കടിച്ചുകൊല്ലുകയും ചെയ്ത കഥ.
ചരിത്രത്തിൽ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന അന്യോന്യ ബന്ധമില്ലാത്ത ജനതതികൾ. അവരുടെ വിശ്വാസങ്ങളിലെയും ഐതിഹ്യങ്ങളിലെയൂം സമാനതകൾ നമ്മോട് ചരിത്രത്തെക്കുറിച്ച് എന്താണ് പറയുന്നത്?
മുകളിൽ നിന്ന് നോക്കിയാൽ താഴെ വിശാലമായ മൈതാനത്ത് കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളായി നിർമിച്ച സ്മാരകശിലകൾ കാണാം. ബൽബൽസ് എന്നാണ് ഇവയുടെ പേര്. ടർക്കിക് ഭാഷയിൽ ബൽബൽസ് എന്നാൽ പിതാമഹൻ എന്നാണർത്ഥം. മരിക്കുന്ന വ്യക്തികളുടെ ഓർമ്മയ്ക്കായി നിർമ്മിക്കുന്ന സ്മാരകശിലകൾ.
ടവറിൽ നിന്ന് താഴെയിറങ്ങി ഞങ്ങൾ ഈ ഓർമ്മകളുടെ ശവപ്പറമ്പിലൂടെ നടന്നു. നൂറ്റാണ്ടുകൾ ഒന്നൊന്നായി ഞങ്ങളെ കടന്നുപോവുകയാണ്. പതിനൊന്നാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള സ്മാരകശിലകൾ (Steles/Grave Markers). ആയിരം വർഷം മുൻപ് ഈ പ്രദേശത്തെത്തിയ അധിനിവേശ ശക്തികൾ പിൽക്കാല തലമുറകൾക്കായി അവശേഷിപ്പിച്ച ഓർമ്മകുറിപ്പുകൾ. അപ്പോഴാണ് ഒരു കാര്യം ഞങ്ങൾ ശ്രദ്ധിച്ചത്. നൂറ്റാണ്ടുകൾ കഴിയുന്നതോടെ ഇതിൽ കൊത്തിയ രൂപങ്ങളുടെ വേഷവിധാനങ്ങളും മാറി വരുന്നു. അവസാന കാലത്ത് കൂടുതൽ ആധുനികമായ വേഷങ്ങൾ. ചിലർ ചുരുട്ട് വലിക്കുന്നു. ചിലർ വീഞ്ഞിന്റെ ഗ്ലാസ്സുമായി നിൽക്കുന്നു. ചിലർ ചിരിക്കുകയും മറ്റു ചിലർ അനന്തതയിലേക്ക് നോക്കി ജീവിതത്തിന്റെ അനിത്യതയെക്കുറിച്ച് ഓർത്തു നിൽക്കുകയും ചെയ്യുന്നു.
ടവറിന് താഴെ ചെറിയ ഒരു മ്യൂസിയം ഉണ്ട്. അവിടെ ബാലസാഗുണിൽ ജീവിച്ചിരുന്ന നെസ്‌റ്റോറിയൻ ക്രിസ്ത്യൻസിന്റെ ചരിത്രവുമുണ്ട്. ഞങ്ങൾ മ്യൂസിയത്തിൽ നിന്ന് ബൽബൽസിന്റെ മാതൃക വാങ്ങി. അതിപ്പോൾ സ്വീകരണ മുറിയിൽ ഇരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നു.
അക്കാലത്തെ ഏറ്റവും നല്ല ശില്പികളാണ് ഇത് പണിതത്. എങ്കിലും മരിച്ചുപോയ വ്യക്തികളുടെ മുഖങ്ങൾക്ക് ഒരല്പം കോമിക് ഛായ നൽകിയതെന്താവാം? ഇത്തരം ബൽബൽസ് മധ്യേഷ്യയിൽ പല ഭാഗങ്ങളിലും കാണാം. അതിനപ്പുറം പ്രഷ്യ എന്ന ഇന്നത്തെ ജർമനിയിലും സൈബീരിയയിലും ഉക്രൈനിലും ദക്ഷിണ റഷ്യയിലുമെല്ലാം ബൽബൽസ് കണ്ടിട്ടുണ്ട്.
നൂർലാനൊപ്പം ഞങ്ങൾ തിരിച്ച് സിറ്റി സെന്ററിൽ എത്തി. അപ്പോഴാണ് തമാശ. അബുവിന്റെ പേഴ്സ് കാണാനില്ല. പൊതുവെ പേഴ്സിൽ അവന് വിശ്വാസമില്ല. പലപ്പോഴും അവനിട്ടിരിക്കുന്ന പലാസോയിൽ നിന്ന് അത് പകുതി പുറത്തു ചാടി നിൽക്കുകയും ചെയ്യും.
ബുറാന ടവറിൽ മറന്നതാവാനേ വഴിയുള്ളൂ. അതിൽ പണം മാത്രമല്ല ചില കാർഡുകളുമുണ്ട്. ശരി, നൂർലനോടൊപ്പം ഒന്നുകൂടി അവിടെ പോയിനോക്ക്, ഞങ്ങൾ പറഞ്ഞു.
അങ്ങനെ ആയിരം സോം അധികം കൊടുത്ത് അവൻ തിരിച്ചുപോയി. അവിടെ ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്നു, അവന്റെ പൊളിഞ്ഞ പേഴ്സ്. പണം ആരോ എടുത്തു. കാർഡുകൾ അതേപോലെ ഇരിപ്പുണ്ട്. നല്ലവനായ കള്ളൻ. നൂർലന് എന്തായാലും ഞങ്ങളെ കൂടുതൽ ഇഷ്ടമായി. ഇത് പോലെ വട്ടന്മാരെ കാണുക എളുപ്പമല്ല.
അന്ന് വൈകിട്ടും ഞങ്ങൾ ടോക്‌മോക്കിന്റെ സിറ്റി സെന്ററിൽ വെറുതെ കറങ്ങി. ഈ നഗരങ്ങളിൽ ഞങ്ങൾ ശ്രദ്ധിക്കുന്ന ഒരു കാര്യം പദ യാത്രികരോടുള്ള അനുഭാവമാണ്. നടക്കാനുള്ള പാതകൾ ധാരാളം. പാത മുറിച്ചു കടക്കേണ്ട സീബ്രാ ക്രോസിങ്ങുകളിൽ എപ്പോഴും പ്രാധാന്യം നടന്നുപോകുന്നവർക്കാണ്. എല്ലാവരും വണ്ടികൾ നിർത്തി ഞങ്ങൾ കടന്നുപോകുന്നത് കാത്തിരിക്കും.
മറ്റൊരു കാര്യം എവിടെയും വണ്ടികൾ ഹോണടിക്കുന്നത് കേൾക്കുന്നില്ല എന്നതാണ്. റോഡുകളിലെ ഈ ജനാധിപത്യ സംസ്കാരം എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇല്ലാത്തത്. ഒരുപക്ഷെ ഇത്രയും ജനസാന്ദ്രത കൂടിയ നമ്മുടേതുപോലുള്ള സ്ഥലങ്ങളെ മറ്റേതൊരു രാജ്യവുമായി താരതമ്യം ചെയ്യുന്നതിൽ ഒരു ശരിയില്ലായ്‌മ ഉണ്ടാവാം. എങ്കിലും സമൂഹം എന്ന നിലയ്ക്ക് നമ്മൾ തീർച്ചയായും ആർജിച്ചെടുക്കേണ്ട കാര്യങ്ങൾ എന്ന് ഞങ്ങൾക്ക് തോന്നി.
റോഡരികിൽ വിശ്രമ കേന്ദ്രങ്ങളിൽ കുന്തിച്ചിരിക്കുന്ന മനുഷ്യർ ഇവിടെ ഒരു സ്ഥിരം കാഴ്ചയാണ്.
“Squatting Slavs in Tracksuits എന്ന് അച്ഛൻ കേട്ടിട്ടുണ്ടോ?” അബു ചോദിച്ചു.
“ഇന്റർനെറ്റിലെ പ്രശസ്തമായ മീമുകളിൽ ഒന്നാണ്. പൊളിഞ്ഞ പഴയ സോവിയറ്റ് കെട്ടിടങ്ങളുടെ മുൻപിൽ സിഗരറ്റ് വലിച്ചും വോഡ്ക കുടിച്ചും കുശലം പറഞ്ഞും സൂര്യകാന്തി വിത്തുകൾ പൊളിച്ചു തിന്നും അഡിഡാസ് ട്രാക്ക് സ്യൂട്ടുകളുടെ ഡ്യൂപ്ലിക്കേറ്റ് ഇട്ടു കുത്തിയിരിക്കുന്ന റഷ്യൻ പുരുഷന്മാരെ കളിയാക്കുന്ന മീമുകളാണ്.”
സത്യത്തിൽ പോസ്റ്റ് സോവിയറ്റ് കാലത്തേ കളിയാക്കുന്നതാണെങ്കിലും കുന്തിച്ചിരിക്കുന്ന മനുഷ്യർ ഇവിടെ ഒരു സ്ഥിരം കാഴ്ച തന്നെ.
ടോക്‌മോക്കിൽ രണ്ടു ദിവസവും നൂർലൻ തന്നെ ഞങ്ങളുടെ കൂടെ വന്നു. അടുത്ത ദിവസം തൊട്ടടുത്ത ചെറു പട്ടണമായ കോച്കോറിൽ ഞങ്ങളെ എത്തിക്കുകയും ചെയ്തു. ജന്നത്തിലെ സുന്ദരിമാരോട് യാത്ര പറഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
യാത്രക്ക് മുൻപ് പ്രധാന റോഡിന്റെ വശങ്ങളിൽ ചെറിയ ഡബ്ബകളിൽ വിൽക്കുന്ന പെട്രോളാണ് നൂർലൻ വാങ്ങുന്നത് കണ്ടത്.
“ഇതെന്താണ് സംഭവം? ഞങ്ങൾ ചോദിച്ചു. തൊട്ടടുത്ത് പെട്രോൾ പമ്പുണ്ടല്ലോ?’
ഇതൊക്കെ ഉസ്ബക്കിസ്താനിൽ നിന്ന് കടത്തിക്കൊണ്ടു വരുന്നതാണ്. കുറച്ചു വില കുറവുണ്ട്, നൂർലൻ പറഞ്ഞു.
ഒരുകാലത്തു ഒറ്റ രാജ്യമായി ഒന്നിച്ചു കിടന്നിരുന്ന ഭൂപ്രദേശങ്ങൾ ഇപ്പോൾ വ്യത്യസ്‌ത രാജ്യങ്ങളായി മാറിയിരിക്കുന്നു. എന്നാൽ ഭൂപ്രകൃതിയും ജീവിത രീതികളും സാംസ്കാരികധാരകളും രാഷ്ട്രീയ അതിർവരമ്പുകൾ കൊണ്ടുമാത്രം നിർവചിക്കുക അസാധ്യം. ഞങ്ങൾ പോകുന്ന വഴിക്ക് പലപ്പോഴും തൊട്ടരികെ ഉസ്ബെക്കിസ്താന്റെ അതിർത്തി കാണിക്കുന്ന മുൾവേലികളോ അരുവികളോ മതിലുകളോ കാണാം. ചിലപ്പോൾ നിരന്നു നിൽക്കുന്ന ചില മരങ്ങളാവും ഇത് മറ്റൊരു രാജ്യം എന്ന് പറയുന്നത്.
സോവിയറ്റ് കാലത്തിന് ശേഷം കിർഗിസ്താന്റെ ജീവിത നിലവാരത്തിൽ ഗണ്യമായ ഇടിവുണ്ടായി. ഒരു കാലത്തു ഉറപ്പുണ്ടായിരുന്ന തൊഴിലും വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും ഇപ്പോളില്ല. കുട്ടികൾ തൊഴിൽ തേടി റഷ്യയിലേക്ക് പോകുന്നു.
ഏതെങ്കിലും വിധത്തിൽ വരുമാനമുണ്ടാക്കാനാണ് പാവപ്പെട്ട മനുഷ്യർ ശ്രമിക്കുന്നത്. ഉസ്ബക്കിസ്ഥാനിൽ നിന്ന് ഇരുപതും മുപ്പതും ലിറ്റർ പെട്രോൾ ഡബ്ബകളിൽ കടത്തി ജീവിക്കുന്ന സ്ത്രീകളുണ്ട് എന്ന് പല റിപ്പോർട്ടുകളും പറയുന്നു. ഇങ്ങനെ കടത്തിയാൽ നൂറോ ഇരുനൂറോ സോം ലാഭം കിട്ടിയേക്കും. ഇടയ്ക്ക് പോലീസ് പിടിക്കും. അപ്പോൾ കയ്യിലുള്ള പെട്രോൾ ഡബ്ബ അവിടെയിട്ട് കടന്നുകളയും. പിറ്റേദിവസം വീണ്ടും പോകും.
സോവിയറ്റ് കാലത്തിനു ശേഷമുള്ള കിർഗിസ് ജീവിതം ഞങ്ങളുടെ സവിശേഷ താത്പര്യമുള്ള വിഷയമായിരുന്നു. പ്രതിശീർഷ വരുമാനം 7200 സോം എങ്കിലും ഉണ്ടെങ്കിലേ ഒരു കുടുംബത്തിന് പട്ടിണിയില്ലാതെ ജീവിക്കാനാവൂ എന്നാണ് കിർഗിസ് സർക്കാരിന്റെ കണക്ക് പറയുന്നത്. എന്നാൽ തൊഴിലില്ലായ്‌മ വല്ലാതെ കൂടിയതോടെ ചെറുപ്പക്കാർ നാടുവിടാൻ തുടങ്ങി. ഞങ്ങൾ കാണുന്ന സ്ഥലങ്ങളിലെല്ലാം സ്ത്രീകൾ മാത്രമാണ് കടകളും ഹോട്ടലുകളും ഹോംസ്റ്റേകളും നടത്തുന്നത്.
ടോക്‌മോക്കിൽ നിന്ന് കോച്ചകോറിലേക്കുള്ള യാത്രയിൽ ഇടയ്ക്ക് ഞങ്ങൾ പ്രഭാത ഭക്ഷണത്തിനിറങ്ങി. ഒരു തെരുവ് മുഴുവൻ ആവി പറക്കുന്ന സമോവറുകൾ നിറഞ്ഞ ചെറിയൊരു ഗ്രാമം. ഈ സമോവറുകൾ ഞങ്ങളുടെ തലമുറയെ പഴയ സോവിയറ്റ് ഓർമകളിലേക്ക് നയിക്കും.
ചുക്കും ഗെക്കും പോലുള്ള കുട്ടിക്കഥകളിലാണ് ഈ വാക്ക് ഞങ്ങളുടെ തലമുറ ആദ്യം കേൾക്കുന്നത്. ഒരു രൂപയോ മറ്റോ വിലയിട്ടിട്ടുള്ള നല്ല കട്ടിയുള്ള വെള്ള കടലാസ്സിൽ മനോഹരമായി അച്ചടിച്ച സോവിയറ്റ് ലാൻഡ് എന്ന മാസിക മധ്യേഷ്യൻ സംസ്കാരവുമായി ഒരു തലമുറയെ അടുപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഈ ദേശത്തേക്കുള്ള ഞങ്ങളുടെ യാത്രയറിഞ്ഞ പലരും അക്കാലത്തെ സോവിയറ്റ് പ്രോപഗൻഡ മാസികകളിൽ കണ്ട തുടുത്ത കവിളുകളുള്ള കൊച്ചു പെൺകുട്ടികൾ ഇപ്പോഴുമുണ്ടോ എന്ന് അന്വേഷിക്കണം എന്നും പറഞ്ഞിരുന്നു. (ഇവിടെ ഇപ്പോഴും ഈ തണുത്ത കാലാവസ്ഥയിൽ ചുവന്നു തുടുത്ത കവിളുകൾ വളരെ സാധാരണമാണ് എന്ന് ആ സുഹൃത്തുക്കളെ ഞങ്ങൾ അറിയിക്കുന്നു).
സാം എന്നാൽ റഷ്യൻ ഭാഷയിൽ സ്വയം എന്നും വർ എന്നാൽ തിളപ്പിക്കുക എന്നുമാണ് അർഥം. തണുപ്പ് കാലത്തു റഷ്യക്കാർക്ക് ദിവസം മുഴുവൻ ധാരാളം കട്ടൻ ചായയോ പാൽചായയോ കുടിച്ചുകൊണ്ടിരിക്കണം. അതിനു വേണ്ടിയാണ് എപ്പോഴും വെള്ളം തിളച്ചുകൊണ്ടിരിക്കുന്ന സമോവറുകൾ റഷ്യക്കാർ ഉണ്ടാക്കിയത്. ഈ മാതൃകയാണ് പിന്നീട് കേരളത്തിലെ ചായക്കടകളിലും എത്തുന്നത്.
നൂർലൻ ഞങ്ങളെ മനോഹരമായി അലങ്കരിച്ച ഒരു ചെറിയ ഭക്ഷണ ശാലയിലേക്ക് ആനയിച്ചു. ഇവിടെ വലിയ മേശക്ക് ചുറ്റും ചെറിയ മെത്തകളിട്ടു ചമ്രം പടിഞ്ഞിരിക്കുന്ന രീതിയാണ്. നമ്മുടെപോലുള്ള കസേരകൾ അല്ല. വർണാഭമായ കാർപെറ്റുകളും മേശവിരികളും സുന്ദരികളായ വെയിറ്റർമാരും ചേർന്ന് പ്രഭാതത്തെ കൂടുതൽ പ്രതീക്ഷാനിർഭരമാക്കി.
ഞങ്ങളുടെ ആഹാര രീതി അപ്പോഴേക്കും മനസ്സിലാക്കിയ നൂർലാൻ പ്രാതലിനായി പരമ്പരാഗത കിർഗിസ് ഭക്ഷണമായ ഖൈമാകും ഖദാമയും മുട്ടയും വെണ്ണയും ചായയും ഓർഡർ ചെയ്തു.
അകലെ കാണുന്ന വിശാലമായ കിർഗിസ് സ്റ്റെപ്പികളുടെ താഴ്വരയിലൂടെ ഇരുവശവും തണൽ വിരിക്കുന്ന വലിയ മരങ്ങളുള്ള പാതയിലൂടെ പോകുമ്പോൾ പണ്ട് ചെങ്കിസ് ഖാൻ കടന്നുപോയ വഴികളാവണം ഇതെന്ന് ഏറെക്കാലം ഉസ്ബക്കിസ്ഥാനിൽ ജീവിച്ചിരുന്ന പ്രിയ സുഹൃത്തും പ്രകൃതി സ്നേഹിയുമായ ദേവൻ വർമ ഓർമിപ്പിച്ചു. ഒമർ ഷെരീഫ് അഭിനയിച്ച ചെങ്കിസ് ഖാൻ എന്ന സിനിമ കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു.