ശരിക്കും ഈ രാജ്യത്തേക്ക് നമ്മൾ പോണോ?
കിർഗിസ്ഥാൻ എന്ന് കേട്ടപ്പോൾ ആദ്യം വന്ന പ്രതികരണം അത്ര പ്രോത്സാഹജനകം ആയിരുന്നില്ല. അവിടെ പോയിട്ടുള്ള പലരും ആ രാജ്യത്തെ സുരക്ഷിതത്വത്തെ കുറിച്ചു ആശങ്ക അറിയിച്ചു.
സ്ഥലമൊക്കെ കൊള്ളാം, എന്നാൽ തട്ടിപ്പറിക്കാരെ സൂക്ഷിക്കണം എന്നാണ് വിദേശങ്ങളിൽ ധാരാളം ജോലി ചെയ്തിട്ടുള്ള ചിത്രകാരനും നിഴൽ ചിത്ര കലാകാരനുമായ ഞങ്ങളുടെ പ്രിയ സുഹൃത്ത് സത്യൻ പറയുന്നത്. ഹയാത്ത് ഹോട്ടലിൽ മുറി ബുക്ക് ചെയ്തു. തലസ്ഥാനമായ ബിഷ്കെക്കിൽ എത്തിയ സത്യനെ ഹോട്ടലിന് വെളിയിൽ പൊലീസാണ് എന്ന് അഭിനയിച്ച രണ്ടു പേർ പറ്റിക്കാൻ ശ്രമിച്ച കഥയാണ് ആദ്യം തന്നെ സത്യൻ ഞങ്ങളോട് പറഞ്ഞത്.
ജോർജിയയിൽ യാത്രയിൽ പരിചയപ്പെട്ട ദാവീദിനു കിർഗിസ്ഥാനിൽ ആരെങ്കിലും പരിചയക്കാരുണ്ടോ എന്ന് എസ് ഗോപാലകൃഷ്ണൻ ഒരു സന്ദേശം അയച്ചിരുന്നു.
‘ആ നാട്ടിൽ എനിക്ക് ആരെയും വിശ്വാസമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യാത്രക്ക് മുൻപ് വരുന്ന അന്താരാഷ്ട്ര വാർത്തകളും അത്ര പ്രചോദനപരം ആയിരുന്നില്ല:
“കിർഗിസ്ഥാൻ-തജിക്കിസ്ഥാൻ അതിർത്തിയിൽ സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഇതുവരെ 27 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ദിവസത്തെ സംഘർഷത്തിനിടെ ടാങ്കുകളും മോർട്ടാറുകളും ഉൾപ്പെടെയുള്ള പടക്കോപ്പുകൾ പ്രയോഗിക്കപ്പെട്ടതായി ഇരു രാജ്യങ്ങളും പരസ്പരം ആരോപിച്ചു.” അന്ന് രാവിലെ വന്ന പത്രവാർത്തയാണ്
അതിർത്തിയിലെ 1,000 കിലോമീറ്റർ മേഖലയെച്ചൊല്ലി കിർഗിസ്ഥാനും തജി ക്കിസ്ഥാനും തമ്മിൽ കുറേക്കാലമായി തർക്കമുണ്ട്. സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് ഉച്ച കോടിയിൽ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ പങ്കെടുക്കുകയാണ്.
മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ഇരു രാജ്യങ്ങളും തമ്മിൽ ദീർഘ കാലമായി നിലനിൽക്കുന്ന അതിർത്തി തർക്കമാണ് ഇപ്പോൾ സംഘർ ഷങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ, പെട്ടെന്ന് സ്വാതന്ത്ര്യം നേടിയതിനാൽ ഈ രാജ്യങ്ങളുടെ അതിർത്തികൾ ശരിയായിട്ടല്ല നിർണയിക്കപ്പെട്ടിരിക്കുന്നത്. ഇതിനാൽ, അതിർത്തിയിൽ സംഘർഷങ്ങൾ സാധാരണമാണ്. അഞ്ച് സ്ഥാനുകളാണ് മധ്യേഷ്യയിൽ ഉള്ളത്. തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ഖസക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവ.
കഴിഞ്ഞ വർഷം, അതിർത്തി തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ചെറിയ യുദ്ധത്തിലേക്ക് നയിച്ചിരുന്നു. തജിക്കിസ്ഥാനും കിർഗിസ്ഥാനും റഷ്യയുമായി അടുത്ത ബന്ധമാണുള്ളത്. ഇരു രാജ്യങ്ങൾക്കും റഷ്യൻ സൈനിക താവളങ്ങളുണ്ട്. സഖ്യകക്ഷികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മോസ്കോയുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.” പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതൊന്നും കൂടാതെ ഈ രാജ്യങ്ങളെക്കുറിച്ചു ആദ്യം വായിച്ചത് അശാന്തമായ താഴ്വര: മധ്യേഷ്യയിൽ വിപ്ലവം, കൊലപാതകം, ഗൂഢാലോചന എന്ന ഒരു പുസ്തകവുമാണ്. ഇത് വായിച്ചതോടെ അതോടെ വലിയ ഉത്സാഹത്തിൽ ആയിരുന്ന ബിന്ദുവിന് ശരിക്കും വട്ടായി. ഞങ്ങൾ നോക്കുമ്പോൾ ചേച്ചി വലിയ ഗ്ലാനിയിൽ ചിന്തയിൽ ആണ്ടിരിക്കുന്നു.
“ശരിക്കും ഈ രാജ്യത്തേക്ക് നമ്മൾ പോണോ?” ബിന്ദു ചോദിച്ചു.
എന്നാൽ ഈ പ്രതിസന്ധികളൊന്നും നമ്മളെ പിന്തിരിപ്പിച്ചില്ല എന്ന് പറയേണ്ടതില്ലല്ലോ
ഇതൊക്കെ ചാടികടന്നവനാണീ കെ കെ ജോസഫ് എന്ന മട്ടിൽ ഞങ്ങൾ യാത്രയുടെ പ്ലാനിങ്ങിൽ മുഴുകി. ആദ്യം വിക്കിപീഡിയയിൽ നിന്ന് ഈ രാജ്യത്തിന്റെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു.
ആദ്യം കിർഗിസ്ഥാൻ
രാജ്യത്തിൻറെ മൊത്തം വലിപ്പം കേരളത്തിന്റെ ആറിരട്ടി വരും
ജനസംഖ്യ കേരളത്തിന്റെ ആറിൽ ഒന്ന്: ഏകദേശം അറുപതു ലക്ഷം
കിർഗിസ് ജനത, കൂടാതെ ഉസ്‌ബക്ക്, റഷ്യൻ, ഡങ്കൻ, വിഗുർ (Uighur), താജിക്, ടർക്കിഷ് എന്നിവരുമുണ്ട്. നമുക്ക് പരിചിതമായ സ്ഥലങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് പലപ്പോഴും മറ്റൊരു രാജ്യത്തെ മനസ്സിലാക്കാൻ എളുപ്പം എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
സംസാരിക്കുന്ന ഭാഷകൾ കിർഗിസ് കൂടാതെ ഉസ്‌ബക്ക്, വിഗുർ, റഷ്യൻ, കിപ്ച്ചക് തുടങ്ങിയവയാണ്.
90 ശതമാനവും മുസ്ലിം ജനതയാണ്. ഏഴ് ശതമാനം ക്രിസ്ത്യൻ ഏറ്റവും മനോഹരമായ കാര്യം ഇതൊരു മതേതര രാഷ്ട്രമാണ് എന്നതാണ്. അതെങ്ങനെ സംഭവിച്ചു എന്ന് വഴിയേ പറയാം.
മധ്യേഷ്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളിൽ ഒന്നാണിത് വടക്ക് ഖസക്കിസ്ഥാൻ, പടിഞ്ഞാറ് ഉസ്‌ബെക്കിസ്ഥാൻ, തെക്ക് തജികിസ്ഥാൻ, കിഴക്ക് ചൈന. ഈ കഥാകഥനം വായിക്കുന്നവർ മധ്യേഷ്യയുടെ ഭൂപടം മുന്നിൽ നിവർത്തി വച്ച് കുറച്ചുകാര്യമായി ആ സ്ഥലങ്ങൾ പഠിക്കണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന.
ഈ രാജ്യങ്ങൾ ഡബിൾ ലാൻഡ് ലോക്ക്ഡ് എന്നാണ് പറയുക. സമുദ്രത്തിലെത്താൻ രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ കടക്കണം എന്നർത്ഥം. വലിയ മരുഭൂമികളും പുൽമേടുകളും സ്റ്റെപ്പികളും നിറഞ്ഞ ഭൂപ്രദേശം.
എന്തായാലും ഈ രാജ്യത്തെ സംബന്ധിച്ച് ഏറ്റവും കൗതുകകരമായ ചോദ്യം സോവിയറ്റ് കാലവും അതിനു പിന്നിലുള്ള ചരിത്രവും പോസ്റ്റ് സോവിയറ്റ് കാലത്തെ അവസ്ഥയുമാണ്.
ലോക ചരിത്രത്തിലെ ഏറ്റവും സമഗ്രമായ ആസൂത്രിതമായ ഒരു സാമൂഹിക മാറ്റമായിരുന്നു 1917 ലെ വിപ്ലവത്തിന് ശേഷം സോവിയറ്റ് റഷ്യയിൽ നടന്നത്. ഈ പരീക്ഷണത്തിന്റെ എന്തൊക്കെ ബാക്കിയുണ്ട് എന്നതാണ് പ്രധാനമായും അറിയാൻ ആഗ്രഹം.
ഇത്തിരി ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ പഠിച്ചും പലവിധ പ്രതിസന്ധികൾ തരണം ചെയ്തും ഞങ്ങൾ അങ്ങനെ യാത്ര ആരംഭിച്ചു
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള യാത്രയിൽ തന്നെ ആദ്യ പ്രശ്നം വന്നു. ബിന്ദുവിന്റെ കയ്യിനുള്ളിൽ സർജറി കഴിഞ്ഞു ഘടിപ്പിച്ചിരിക്കുന്ന ലോഹം മെറ്റൽ ഡിറ്റക്ടർ കണ്ടെത്തുമെന്നും സി ഐ എസ് എഫിനെ കൺവിൻസ് ചെയ്യാൻ എക്സ് റേ കൈവശം വെക്കണം എന്നും ആദ്യം പറഞ്ഞത് സുധിയാണ്. അങ്ങനെ എന്തിനും തയ്യാറെടുത്താണ് ഞങ്ങൾ സെക്യൂരിറ്റി ചെക്കിന് എത്തിയത്. ബിന്ദു പക്ഷേ പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലാതെ പുറത്തുവന്നു.
“അവർ ഒന്നും കണ്ടുപിടിച്ചില്ലേ?” എന്റെ ചോദ്യം കുറച്ചു ഉയർന്നുവെന്നും മൊത്തം സി ഐ എസ് എഫുകാർ അലർട്ടായി എന്നുമൊക്കെയാണ് അബു പിന്നീട് കഥയുണ്ടാക്കിയത്.
‘ചിന്ന ചിന്ന ആശൈ’ എന്ന് മധുരമായി പാടുന്ന ഒരു തമിഴ് സി ഐ എസ് എഫ് ഉദ്യോഗസ്ഥയായിരുന്നുവത്രേ ബിന്ദുവിനെ പരിശോധിച്ചത്. പാട്ടിന്റെ മാധുര്യത്തിൽ അവൾ ബിന്ദുവിനെ വേഗം തന്നെ പരിശോധിച്ച് വിട്ടു.
2022 ഒക്ടോബർ മാസത്തിലാണ് യാത്ര. അവിടെ ശരത്കാലത്തിന്റെ ആരംഭമാണ്. തണുപ്പ് പതുക്കെ സിരകളിലേക്ക് അരിച്ചുകയറുന്നതേയുള്ളൂ.
കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരിട്ട് വിമാനമില്ല. ഖസക്കിസ്ഥാന്റെ പ്രധാന നഗരങ്ങളിൽ ഒന്നായ അൽമാട്ടിയിൽ നിന്ന് മാറിക്കയറണം.
ഡൽഹിയിൽ നിന്ന് എയർ അസ്താനയിൽ അൽമാട്ടി വഴി ബിഷ്കെക്കിലേക്ക്. അങ്ങനെയാണ് യാത്ര.
അന്താരാഷ്ട്ര വിമാനത്തിൽ അബുവിന്റെ ആദ്യത്തെ യാത്രയാണ്. ഇവിടെ ബിയറും വൈനും മറ്റു പലതരം മദ്യങ്ങളും കിട്ടും എന്ന കാര്യം അവനെ ഏറെ ആകർഷിച്ചു.
ഭൂമിയിൽ നിന്ന് 30000 അടി മുകളിൽ വച്ച് ബിയർ കഴിക്കാനുള്ള അസുലഭമായ അവസരം. എല്ലാവരും മുതലാക്കി എന്ന് പറയേണ്ടതില്ലല്ലോ. ഒറ്റ ബിയറിൽ അബു ഓഫായി. എന്നാൽ അപ്പോഴാണ് താഴെ ഹിന്ദുക്കുഷ് മലനിരകൾ കണ്ട് അവൻ യഥാർത്ഥത്തിൽ വാ പൊളിച്ചുപോയത്.
ഇന്ത്യയിൽ നിന്ന് തുടങ്ങി പാക്കിസ്ഥാൻ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ, തുർക്മെനിസ്ഥാൻ എന്നിവ കടന്ന് ഖസക്കിസ്ഥാന്റേയും കിർഗിസ്താന്റെയും അതിരിലേക്ക് നീളുന്ന മഞ്ഞണിഞ്ഞ ഹിന്ദുക്കുഷ് മലനിരകൾ. അവ അങ്ങനെ തലയുയർത്തി പരന്നുകിടക്കുകയാണ്. സൂര്യാസ്തമയ സമയത്തുള്ള അപാരമായ ഈ ദൃശ്യ ഭംഗിയും ബിയറിന്റെ ലഹരിയും ചേർന്ന് ഞങ്ങൾ മറ്റൊരു ലോകത്താണ് എന്നൊരു തോന്നലിലായി.
വിമാനം മുഴുവൻ മധ്യേഷ്യൻ രാജ്യങ്ങളിൽ എം ബി ബി എസ്സിന് പഠിക്കുന്ന ഇന്ത്യൻ കുട്ടികളാണ്. അൽമാട്ടിയിൽ ഇറങ്ങി ബിഷ്കെക്കിലേക്കുള്ള വിമാനം കാത്തുനിൽക്കുമ്പോൾ ഇവരിൽ പലരും ഞങ്ങളോട് കഥകൾ പറയാനെത്തി. അവർക്കൊക്കെ ഈ രാജ്യങ്ങൾ വളരെ പ്രിയങ്കരം. ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ഇത്തരം രാജ്യങ്ങളിൽ മെഡിസിൻ പഠിക്കാനുള്ള സൗകര്യം ചെയ്യുന്ന ഏജൻസികൾ ഉണ്ട്. താരതമ്യേന ചെലവ് കുറവാണ്. എന്നാൽ തിരിച്ചെത്തിയാൽ ഒരു പരീക്ഷ പാസാവണം. എഴുതുന്നതിൽ 20 ശതമാനം പേർ മാത്രമേ ഈ പരീക്ഷ ജയിക്കുന്നുള്ളുവത്രേ. എന്തായാലും ഭാവിയിലെ ഈ പ്രതിസന്ധിയൊന്നും ഈ കുട്ടികളെ ഇപ്പോൾ അലട്ടുന്നതായി തോന്നിയില്ല.
അൽമാട്ടി ചെറിയ ഒരു എയർപോർട്ടാണ്. പല വിമാനങ്ങളിൽ എത്തിയ ട്രാൻസിറ്റ് യാത്രികരെ നിയന്ത്രിക്കാൻ ഒരു ലേഡി ഓഫീസർ മാത്രമേ ഉള്ളൂ. അവരാകട്ടെ ഈ കൺഫ്യൂഷൻ ഒക്കെ താൻ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ യാതൊരു സംഭ്രമവും കൂടാതെ ഓരോ ഗ്രൂപ്പിനേയും വാഷ്‌റൂം പോലുമില്ലാത്ത ഒരു മുറിയിൽ കുറച്ചുനേരം അടച്ചിടുകയും തുടർന്ന് അതാതിടങ്ങളിലേക്ക് നയിക്കുകയും ചെയ്തു.
ചോദിച്ചപ്പോൾ ബിഷ്കെക്ക് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിൽ പഠിക്കുന്ന കുട്ടികളാണ് ഇവരിൽ പലരും. അമേരിക്കയിൽ നിന്നുള്ള മറ്റൊരു സംഘം കുട്ടികളും ഈ കൺഫ്യൂഷൻ ആസ്വദിച്ച് ഞങ്ങൾക്കൊപ്പം കൂടി.
അവരും കിർഗിസ്ഥാനിലേക്കാണ്. അവിടെ ആറ് മാസം താമസിക്കും. കിർഗിസ് കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കും. അങ്ങനെ വട്ടചിലവിനുള്ള പണമുണ്ടാക്കും. ഇരുപതു വയസ്സുപോലുമില്ലാത്ത പത്തോളം അമേരിക്കൻ കുട്ടികൾ. എത്ര ആത്മവിശ്വാസത്തോടെ അവർ അപരിചിതമായ ഒരു രാജ്യത്തേക്ക് പോകുന്നു. അവിടെ മാസങ്ങളോളം താമസിക്കുന്നു. പണി ചെയ്തു പണമുണ്ടാക്കി ജീവിക്കുന്നു. നമ്മുടെ കുട്ടികളും പതുക്കെ ഈ പ്രവണത കണ്ടെത്തി തുടങ്ങിയിട്ടുണ്ട് എന്നത് വളരെ സന്തോഷകരമായ ഒരു കാര്യമാണ്.
ചിലർക്ക് യാത്ര എന്നാൽ കുറച്ചു സമയം കൊണ്ട് കഴിയുന്നത്ര സ്ഥലങ്ങൾ കാണുക എന്ന രീതിയാണ്. എത്ര രാജ്യങ്ങൾ കവർ ചെയ്തു എന്നൊരു മത്സരം പോലെ. പലപ്പോഴും യാത്രയ്ക്കിടയിൽ അഞ്ചു മിനിറ്റ് ഉറങ്ങിയാൽ ഒരു രാജ്യം മിസ്സാവും എന്ന മട്ടിലുള്ള സ്പീഡിലാണ് ചില ടൂർ യാത്രകൾ കാണുമ്പോൾ തോന്നുക. ഒരു രാജ്യത്ത് കഴിയുന്നത്ര കാലം താമസിക്കുകയും അവരുടെ ഭാഷയും സംസ്കാരവും പഠിക്കുകയും ചെയ്യുക എന്നതുമൊന്നും ഇപ്പോഴും നമ്മുടെ സഞ്ചാരികൾ ആലോചിച്ചു തുടങ്ങിയിട്ടില്ല. ‘സ്ലോ ജേണി’ എന്നൊരു ആശയം വികസിപ്പിക്കേണ്ട സമയമായി. ഞങ്ങളുടെ ഈ യാത്ര കുറച്ചൊക്കെ അതിന് പ്രചോദനമാകും എന്നൊരു പ്രതീക്ഷയുമുണ്ട്.
ബിഷ്കെക്കിലെ മനാസ് എയർപോർട്ടിൽ എത്തുമ്പോൾ സമയം രാത്രി ഒൻപത് മണിയായി. ഇന്ത്യയുമായി വലിയ സമയ വ്യത്യാസമില്ല. അര മണിക്കൂർ മുന്നോട്ട്. അത്ര മാത്രം.
എയർപോർട്ടുകളുടെ പേരുകൾ രാജ്യത്തിന്റെ ചരിത്രവുമായി വലിയ ബന്ധമുള്ളതാവും. അപ്പോൾ എന്താണ് ഈ മനാസ് എന്ന് ഒന്ന് അന്വേഷിക്കണമല്ലോ. കിർഗിസ്ഥാന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ കഥ എല്ലാവരും പറഞ്ഞുതരും.
ഏഴോ എട്ടോ നൂറ്റാണ്ടിൽ മനാസ് എന്നൊരു യോദ്ധാവ് ആധുനിക ചൈനയിലെ ഗോത്രങ്ങളുമായി പോരാടി ഐക്യ കിർഗിസ് രൂപീകരിച്ചു എന്നാണ് ചരിത്രവും ഐതിഹ്യവും കൂടിക്കുഴഞ്ഞ കഥകൾ പറയുന്നത്. ഇതേക്കുറിച്ചുള്ള പുസ്തകമാണ് ആയിരത്തിലേറെ വർഷം പഴക്കമുള്ള ‘ഹീറോയിക്ക് എപിക് ഓഫ് മനാസ്.’
കിർഗിസ് ജനതയുടെ പൗരാണിക ബോധം നിർണയിക്കുന്നതിൽ ഈ ഇതിഹാസത്തിന് വലിയ പ്രാധാന്യമുണ്ട്. അഞ്ചു ലക്ഷം ശ്ലോകങ്ങളുള്ള വലിയ ഇതിഹാസമാണ്. മഹാഭാരതത്തേക്കാളും ഒഡിസിയെക്കാളും ഇലിയഡിനേക്കാളും വലുത്. വളരെക്കാലം പരമ്പരാഗത നാടൻ ശീലുകളിലൂടെ വായ്മൊഴിയിലൂടെയാണ് ഇത് കൈമാറി വന്നത്. ഇത് മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്നവർ ഉണ്ടായിരുന്നുവത്രെ. മനാസ് സ്വപ്നത്തിൽ വന്നാണത്രെ ഇവരെ ഇത് പഠിപ്പിക്കുന്നത്.
സോവിയറ്റ് കാലത്തിനു ശേഷം സ്വന്തം സ്വത്വ പ്രതിസന്ധി മറികടക്കാൻ കിർഗിസ് ജനത മനാസിലേക്ക് തിരിച്ചു പോവുകയായിരുന്നു. ലെനിന്റെ പ്രതിമ മാറ്റി അവർ സ്ഥാപിച്ചത് മനാസിന്റെ അശ്വാരൂഢമായ വലിയ ശില്പമാണ്.
മനാസ് എയർപോർട്ടിൽ അൽമാട്ടിയിൽ നിന്ന് വിഭിന്നമായി ഇമിഗ്രെഷൻ പ്രക്രിയ ശാന്തവും സമാധാനപൂർണവും ആയിരുന്നു. കൺവെയർ ബെൽറ്റിൽ ബാഗുകൾ വരുമ്പോൾ വലിയൊരു പെട്ടി ഇറക്കാൻ സഹായിക്കാമോ എന്ന് ഒരു പെൺകുട്ടി അബുവിനോട് ചോദിച്ചു. അവൻ പെട്ടിയിറക്കാൻ സഹായിച്ചപ്പോൾ അവൾ മധുരമായി ചിരിച്ചുകൊണ്ട് പറഞ്ഞു:
“സ്പാസിബ.” നന്ദി
“പാഷൽസ്ത.” അബു മറുപടി പറഞ്ഞു.
അങ്ങനെ റഷ്യൻ ഭാഷയുടെ ആദ്യപാഠങ്ങൾ പ്രയോജനപ്പെട്ടു തുടങ്ങി.
ഇനിയുള്ള യാത്രയിൽ ഞങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകൾ ഇതാവും.
സ്പാസിബ …സ്പാസിബ …നന്ദി നന്ദി
ഇത്തവണ യാത്രയ്ക്കുള്ള പാക്കിങ് താരതമ്യേന യുക്തിപൂർവമായിരുന്നു. ഡെക്കോതലണിൽ നിന്ന് വാങ്ങിച്ച മനോഹരമായ റക്സാക്കുകള്‍. ഓരോരുത്തരുടെയും തോളിൽ ഓരോന്ന് വീതം.
ഇത്രയേറെ യാത്ര ചെയ്യുന്ന ഒരു കുടുംബം ആയിട്ടും നല്ല ബാഗുകൾ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. പണ്ട് പോർട്ട്ബ്ലയറിൽ പറ്റിയ അമളി ബിന്ദു ഓർമിപ്പിച്ചു. തുണികൾ കുത്തി നിറച്ച കുറേ പകുതി പൊളിഞ്ഞ സഞ്ചികളുമായി ചെന്നൈ സെക്യൂരിറ്റിയിൽ എത്തിയപ്പോൾ അവിടത്തെ ഉദ്യോഗസ്ഥൻ ഞങ്ങളോട് ദേഷ്യപ്പെട്ടു.
“ഇത് ബസ് സ്റ്റാൻഡ് അല്ല. “ അയാൾ പറഞ്ഞു.
പോർട്ട് ബ്ളയറിൽ ഞങ്ങളുടെ ബാഗുകൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ അതാ വരുന്നു അനാഥമായി ഒഴുകിവരുന്ന ഒരു പാൻ്റ്.
ഇത് ഏതു മണ്ടന്റെ പാന്റ്സാണ്? ഞങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. പാൻ്റ് പലവട്ടം കറങ്ങിയിട്ടും ഞങ്ങളുടെ ബാഗ് മാത്രം എത്തിയില്ല.
അപ്പോഴാണ് അബു ആ നഗ്നസത്യം പറയുന്നത്:
“അച്ഛാ, അത് അച്ഛന്റെ പാൻ്റാണ്…”
ഇത്തരം അമളിയൊന്നും ഈ യാത്രയിൽ ഉണ്ടായില്ല. ബാഗുകൾ തോളിൽ തൂക്കി ഞങ്ങൾ പുറത്തിറങ്ങി.
പുറത്തു ഇറങ്ങിയാലുടൻ നിങ്ങൾക്ക് പുതിയ സിം, ആവശ്യത്തിന് കിർഗിസ് സോം എന്നിവ തരാൻ തയ്യാറായി ഒരു സംഘം ചെറുപ്പക്കാരുണ്ട്. O! എന്നൊരു ഡേറ്റ പ്രൊവൈഡർ ആണ് നല്ലത് എന്നൊരു ഉപദേശം അബുവിന് കിട്ടിയിരുന്നു. അതനുസരിച്ചു ഞങ്ങൾ മൂന്നുപേരും പുതിയ സിം കാർഡുകൾ കരസ്ഥമാക്കി. ഒരു കിർഗിസ് സോം ഏകദേശം ഒരു ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. അങ്ങനെ നൂറു ഡോളർ നൽകി 8000 കിർഗിസ് സോമും സംഘടിപ്പിച്ചു.
പുറത്തിറങ്ങുമ്പോൾ സമയം ഒൻപത് കഴിഞ്ഞു. തണുപ്പുണ്ട്. അപരിചിതമായ രാജ്യം. രാത്രി. ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേ വണ്ടി അയക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും സമയം ഇത്ര വൈകിയതിനാൽ ടാക്സി പിടിച്ചുവരൂ എന്നാണ് അവർ ഉപദേശിച്ചത്. താമസ സ്ഥലം വരെ 1000 സോം ആകും എന്നും പറഞ്ഞിരുന്നു.
പുറത്തിറങ്ങിയയുടൻ ഡ്രൈവർമാരുടെ ഒരു സംഘം ഞങ്ങളെ പൊതിഞ്ഞു. വൃദ്ധനായ ഒരു ഡ്രൈവർ എന്നെ ചുമലിൽ പിടിച്ചു വലിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധവും ഉണ്ടായിരുന്നു: ‘വരൂ, എന്റെ കൂടെ വരൂ..നിങ്ങളെ ഞാൻ ഹോട്ടലിൽ എത്തിക്കാം..’ അദ്ദേഹം പറഞ്ഞു.
മറ്റൊരു ചെറുപ്പക്കാരൻ അപ്പോഴേക്കും ഞങ്ങളുടെ ബാഗ് എടുത്ത് പുറത്തേക്കു നടന്നു. ‘വെറും 1000 സോം. നിങ്ങൾ വരൂ.’ അയാൾ നിർദേശിച്ചു.
അയാളെ അനുഗമിക്കുകയല്ലാതെ മറ്റു വഴിയൊന്നും ഉണ്ടായിരുന്നില്ല.
മനാസ് എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് അതിമനോഹരമായ ഒരു റോഡാണ്. പാതയുടെ ഇരുഭാഗത്തും വളർന്നു പടർന്നു നിരനിരയായി നിൽക്കുന്ന മരങ്ങൾ. ഇരുട്ടിൽ ആദ്യനോട്ടത്തിൽ നഗരം വളരെ മനോഹരമായി തോന്നി.
മുപ്പതോളം കിലോമീറ്റർ അകലെയാണ് ഞങ്ങളുടെ താമസസ്ഥലം. ആതിഥേയരായ ബാകിട് ബെക്കും ഭാര്യ സറീനയും ഞങ്ങളെ കാത്തു പൂമുഖത്തുതന്നെ നിൽപ്പുണ്ടായിരുന്നു. അതിമനോഹരമായ ഒരു വീടാണ്. മുകളിൽ നാല് മുറികൾ ഹോംസ്റ്റേക്കായി മാറ്റിവച്ചിരുന്നു. രണ്ടു മുറികൾ ഞങ്ങൾക്കായി നൽകി. വളരെ സൗമ്യമായാണ് ഞങ്ങളെ സ്വീകരിച്ചതെങ്കിലും ഒരല്പം ശബ്ദം താഴ്ത്തി ബാക്റ്റിക് ബക് പറഞ്ഞു:
“ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള സഞ്ചാരികൾക്ക് പൊതുവായി കാണുന്ന ഒരു പ്രശ്നമുണ്ട്. നിങ്ങൾ വളരെ ഉറക്കെ സംസാരിക്കും. മാത്രമല്ല പൊതുവെ വൃത്തി കുറവുമാണ്.’
ദർശൻ നഗറിലെ ഞങ്ങളുടെ വീട്ടിലെ സാധാരണ സംഭാഷണം നഗർ മുഴുവൻ കേൾക്കാം എന്നാണ് പറയുക. ആ ഞങ്ങളോടാണ് പതുക്കെ സംസാരിക്കാൻ ഇദ്ദേഹം അപേക്ഷിക്കുന്നത്. ഞാനും അബുവും വ്യസനത്തോടെ അന്യോന്യം നോക്കി.
ബാത്‌റൂമിൽ ബാത്ത് ടബ് എങ്ങനെ ഉപയോഗിക്കണം, വെള്ളം ടബ്ബിന് പുറത്തുപോകാതെ എങ്ങനെ കർട്ടൻ ഇടണം എന്നിങ്ങനെ ചില പ്രാഥമിക കാര്യങ്ങൾ അദ്ദേഹം വീണ്ടും വിശദീകരിച്ചുതന്നു. പാശ്ചാത്യ ലോകത്തിന്റെ ശീലങ്ങൾ പരിചയമില്ലാത്ത അവികസിത രാജ്യങ്ങളിലെ ജനങ്ങളെപ്പോലെ ഞങ്ങൾ അന്തംവിട്ടുനിന്നു.
ഞാൻ എന്തോ പറയാൻ തുടങ്ങി. പതുക്കെ, പതുക്കെ ..ബിന്ദു ചുണ്ടനക്കി. എന്തായാലും ഇന്ത്യയെയും പാകിസ്താനെയും ബ്രാക്കറ്റ് ചെയ്തത് ഞങ്ങളെ സന്തോഷിപ്പിച്ചു. ഇത് പല സ്ഥലത്തും തുടർന്നു. നിങ്ങൾ ഇന്ത്യയിൽ നിന്നാണോ അതോ പാകിസ്ഥാനിൽ നിന്നാണോ, പലരും ചോദിക്കും. അങ്ങനെ പറയരുത്, ഞങ്ങൾ ദുശ്മൻ ദുശ്മൻ …എന്ന് ജഗതി ശ്രീകുമാർ ‘കിലുക്കം’ സിനിമയിൽ പറഞ്ഞ പോലെ പറയണമെന്നുണ്ടായിരു ന്നെങ്കിലും സത്യത്തിൽ ഈ താരതമ്യം ഏതോവിധത്തിൽ ഞങ്ങളെ സന്തോഷി പ്പിക്കുന്നുണ്ടായിരുന്നു.
രണ്ടായിരം രൂപയാണ് മുറിവാടക. മൂന്നുപേർ ഒരു മുറി ഷെയർ ചെയ്യാം എന്നുപറഞ്ഞത് അദ്ദേഹത്തിന് സ്വീകാര്യവും ആയില്ല. എങ്കിലും ഞങ്ങൾക്ക് കുറച്ചു ബ്രെഡും സോസേജുമായി രാത്രിഭക്ഷണം തന്ന് ഞങ്ങളെ ആശ്വസിപ്പിച്ചു.
അതി വിശാലമായ മുറി. താഴെ പതുപതുത്ത വർണാഭമായ കാർപെറ്റ്. വലിയ കട്ടിലിൽ മൃദുവായ മെത്ത.
കിർഗിസ്ഥാനിൽ ഞങ്ങളുടെ ആദ്യരാത്രി. ഇനി വരാൻ പോകുന്ന വൈചിത്ര്യങ്ങൾ സ്വപ്നം കണ്ട് ഞങ്ങൾ സുഖമായി ഉറങ്ങി.
തുടരും