സഞ്ചാര സാഹിത്യത്താൽ സമ്പുഷ്ടമാണ് മലയാളം. യാത്രാവിവരങ്ങളുടെ കാര്യത്തിൽ എസ് കെ പൊറ്റക്കാടും രവീന്ദ്രനും മുസഫർ അഹമ്മദുമെല്ലാം വാക്കുകൾ കൊണ്ട് വിവിധ ലോകങ്ങളിലേക്ക് മലയാളിയെ കൊണ്ടുപോയി. നേരിട്ടോ യാത്രവിവരണങ്ങളിലൂടെയോ മലയാളികൾക്ക് അധികം പരിചിതമല്ലാത്ത നാടുകളിലൂടെ ഒരു കുടുംബം നടത്തിയ യാത്രയിലെ കാഴ്ചയും അനുഭവവുമാണ് “മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ.”
അധ്യായം ഒന്ന്
കിർഗിസ്ഥാൻ, അങ്ങനെ ഒരു രാജ്യമുണ്ടോ?
“ഡോക്ടറെ, അമ്മയ്ക്ക് കിർഗിസ്ഥാനിൽ പോകാൻ കഴിയുമോ?” എമെർജൻസി റൂമില്‍നിന്നു അബു ഡോക്ടറോട് ചോദിച്ചു.
“ഇപ്പോഴാണോ നിന്റെ കിർഗിസ്ഥാൻ…” ഡോക്ടർ ദേഷ്യപ്പെട്ടു.
കിർഗിസ്ഥാൻ യാത്രയ്ക്ക് കൃത്യം നാൽപ്പത് ദിവസം മുൻപാണ് ബിന്ദു നിന്ന നിൽപ്പിൽ വീഴുകയും കയ്യിൽ അഞ്ചു ഫ്രാക്ച്ചർ സമ്പാദിക്കുകയും ചെയ്തത്
സർജറി കഴിഞ്ഞു ബോധം വന്നയുടനെ ബിന്ദു ഡോക്ടറോട് ചോദിച്ചു “ഡോക്ടറേ, കിർഗിസ്ഥാനിൽ പോകാൻ പറ്റുമോ?”
ഡോക്ടർ പൊട്ടിച്ചിരിച്ചു. അടുത്തുണ്ടായിരുന്ന നേഴ്സ് നിഷ്കളങ്കമായി ചോദിച്ചു “കിർഗിസ്ഥാൻ, അങ്ങനെ ഒരു രാജ്യമുണ്ടോ?”
എന്തായാലും ഈ രാജ്യത്തോടും ഈ യാത്രയോടും ഞങ്ങൾക്കുള്ള സ്നേഹം എല്ലാവർക്കും മനസ്സിലായിക്കാണുമല്ലോ.
ഇതിനുമുൻപ് ജോർജിയയോടായിരുന്നു ഈ സ്നേഹം. എന്നാൽ അവർക്ക് നമ്മളോട് അത്ര സ്നേഹം ഉണ്ടായിരുന്നില്ല. വിസ കിട്ടാൻ സാമാന്യം ബുദ്ധിമുട്ടിച്ചു. എങ്കിൽ കിർഗിസ്ഥാൻ എന്ന് ഞങ്ങൾ തീരുമാനിച്ചു. കൂടെ തൊട്ടടുത്ത ഉസ്ബകിസ്ഥാനും.
യാത്ര രക്തത്തിൽ കലർന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. അവസരം കിട്ടിയാൽ പെട്ടി മുറുക്കുകയായി, യാത്ര തിരിക്കുകയായി. കൂടുതൽ യാത്രയും ഇന്ത്യക്ക് ഉള്ളിൽ മാത്രമായിരുന്നു. അതിന് സർക്കാരിന്റെ വക ധാരാളം സഹായവും ലഭിച്ചു എന്ന് പറയാം. ഓരോ മൂന്നു വർഷം കൂടുമ്പോഴും ഈ യാത്രാസ്നേഹികൾ പുതിയ സ്ഥലങ്ങൾ പോയി കാണട്ടെ എന്ന് കരുതിയാവാം ദൂരദർശന്റെ വിദൂര മേഖലകളിലേക്ക് എനിക്ക് സ്ഥലംമാറ്റം തന്നു. ഇതൊരു പണിഷ്മെന്റ് പോസ്റ്റിങ്ങ് എന്ന് ചിലർ വ്യഖ്യാനിച്ചേക്കാം. എന്നാൽ ഞങ്ങൾക്ക് ഓരോ മാറ്റവും അസുലഭമായ യാത്ര അവസരങ്ങൾ ആയിരുന്നു. അങ്ങനെ ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളും നേപ്പാളും ഭൂട്ടാനും കർണാടകയും ഉത്തരേന്ത്യയും ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും പഞ്ചാബും ആൻഡമാൻ നിക്കോബാർ ദ്വീപുകളുമെല്ലാം ഞങ്ങളുടെ ജീവിതത്തിന്റെയും സഞ്ചാരത്തിന്റെയും ഭാഗമായി മാറി.
എന്നാൽ വിദേശ യാത്രകൾ ആഗ്രഹിച്ചതിനനുസരിച്ചു നടന്നില്ല. ഇടയ്ക്ക് മുരളി തുമ്മാരുകുടിയേ പുളിയിഞ്ചി ഉണ്ടാക്കിത്തരാം എന്ന് പ്രലോഭിപ്പിച്ചു സ്വിറ്റ്സർലാൻഡിലും തൊട്ടടുത്ത ഫ്രാൻസിലും ഇറ്റലിയിലും ഇരുപതു ദിവസത്തെ യാത്ര നടത്തി. അതൊരു ഗംഭീര യാത്രയായിരുന്നു. എന്നാൽ ആദ്യത്തെ വിദേശ യാത്ര ആയതിനാൽ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെ കറങ്ങി നടന്നതേയുള്ളൂ.
മുരളി തുമ്മാരുകുടിയായിരുന്നു അന്ന് ഞങ്ങളുടെ ഉപദേശകനും ആതിഥേയനും വഴികാട്ടിയും. മുരളിയുമായുള്ളത് രണ്ടു ദശകത്തിലേറെ പഴക്കമുള്ള ബന്ധമാണ്. അന്ന് അദ്ദേഹം മലയാളിയുടെ പ്രിയപ്പെട്ട ദുരന്തേട്ടൻ ആയിട്ടില്ല. ഫേസ്ബുക് ഒക്കെ സജീവമാകുന്നതിനു മുൻപ് കേരളത്തിൽ രൂപം കൊണ്ട ഫോർത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ജി മെയിൽ കൂട്ടായ്മയിലൂടെ ഉണ്ടായ പരിചയം ക്രമേണ കുടുംബ ബന്ധമായി വളർന്ന കഥയാണ്.
പാരീസിലും വെനീസിലുമൊക്കെ എയർ ബി എൻ ബിയിലായിരുന്നു താമസം. 1500 ഇന്ത്യൻ രൂപയ്ക്കു പാരീസിൽ താമസിച്ചു എന്നൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ അത്ഭുതം തോന്നും.
ജനീവയിൽ മുരളിക്കൊപ്പമാണ് താമസം. കേരളത്തിൽ നിന്ന് ജനീവയിൽ എത്തുന്നവർക്ക് ഒരു അഭയ കേന്ദ്രമാണ് മുരളിയുടെ വീട്. ആരു വന്നു താമസിച്ചാലും മുരളിക്ക് സന്തോഷമാണ് താനും. എങ്കിലും ഒരാഴ്ചയൊക്കെ ഒരാളെ ഇങ്ങനെ കത്തിവെക്കുക എന്ന് പറഞ്ഞാൽ ആവശ്യമില്ലെങ്കിലും ഒരു കൊച്ചു കുറ്റബോധം. അത് മാറ്റാനായാണ് പുളിയിഞ്ചിയുടെ ഓഫർ വച്ചത്.
പണ്ട്, ശ്രീനിവാസൻ മോഹൻലാലിനോട് പറഞ്ഞത് പോലെ. ‘നിനക്ക് ആര് മീനവിയൽ ഉണ്ടാക്കി തരും’ എന്ന ലൈൻ. ഒരാഴ്ച താമസത്തിനു പകരമായി ഒരു കുപ്പി പുളിയിഞ്ചി.
ഓസിന് താമസിക്കാൻ മുരളി വേറെ ചില സാധ്യതകളും പറഞ്ഞു തന്നു. അവിടെ വീട് വൃത്തിയാക്കാനും പാത്രം കഴുകാനുമൊക്കെ ആളുകളെ കിട്ടാൻ മണിക്കൂർ നിരക്കിൽ യൂറോ കൊടുക്കണം. മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് വരുന്ന ചില പ്രമുഖ ഉദ്യോഗസ്ഥരുടെ ഭാര്യമാർ കുറച്ചു യൂറോ സമ്പാദിക്കാനായി ഇങ്ങനെ പണിയെടുക്കുമത്രേ. അങ്ങനെ വീടുപണിക്ക് സഹായിക്കാൻ തയ്യാറായാൽ ചിലപ്പോൾ സൗജന്യമായി ചില താമസം കിട്ടിയേക്കും. എന്തായാലും ഈ ഓഫർ ഞങ്ങളുടെ കുറ്റബോധം കുറച്ചു മാറ്റി.
ബിന്ദു ഗംഭീര പുളിയിഞ്ചി തയ്യാറാക്കി കുപ്പിയിലാക്കി കൊടുത്തു.
അങ്ങനെ ജനീവ മാത്രമല്ല ആൽപ്സ് പർവ്വതനിരയിലെ മഞ്ഞണിഞ്ഞ ഷാങ്‌ഫ്രോ കൊടുമുടികൾ കയറാൻ വരെ ഞങ്ങളെ, മുരളി സ്വന്തം കാറിൽ കൊണ്ടുപോയി. യുങ്ങ് ഫ്രോയിലെ (Jungfraujoch) ചരിത്രവിസ്മയമായ ട്രെയിനിൽ കയറ്റി പതിനയ്യായിരം അടി മുകളിൽ എത്തിച്ചു. അത് ഒന്നൊന്നര യാത്രയായിരുന്നു. ട്രെയിനിൽ മഞ്ഞുമലയിലേക്കുള്ള യാത്ര ഇപ്പോൾ ഒരു സ്വപ്നം പോലെ തോന്നുന്നു.
മുരളിയുമായുള്ള യാത്ര സഞ്ചരിക്കുന്ന സർവകലാശാലയുമായി സംസാരിക്കുന്നതു പോലെയാണ്. ചരിത്രവും ദർശനവും ഭൂമിശാസ്ത്രവും പരിസ്ഥിതിയും വികസനവുമെല്ലാം ചർച്ചയിൽ വരും. ഇതിലൂടെ മുരളി വിവരിക്കുന്ന വികസിത രാജ്യങ്ങളിൽ ഭരണകൂടങ്ങൾ കൊണ്ടുവരുന്ന പാരിസ്ഥിതിക നിയന്ത്രണങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തും.
മറ്റൊരിക്കൽ എനിക്ക് ഒരു ടർക്കി യാത്ര തരപ്പെട്ടു. ഒരു ഔദോഗിക യാത്രയാണ്. 25 ബാറുകളുള്ള ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ പത്തു ദിവസം കഴിഞ്ഞതേ ഓർമ്മയുള്ളൂ. നാട് കാണാൻ സ്വന്തം പണമെടുത്തു യാത്ര ചെയ്യണം എന്ന പാഠം പഠിക്കുകയും ചെയ്തു. ഈ ബാറിലെല്ലാം താമസക്കാർക്ക് മദ്യം ഫ്രീ ആണെന്ന് അറിഞ്ഞത് അവസാന ദിവസമായി എന്നൊരു സങ്കടവും ബാക്കിയുണ്ട്.
കഴിഞ്ഞ വർഷം പ്രിയ സുഹൃത് ആന്റിച്ചനെയും ശ്രീകുമാരിയെയും വസൂലാക്കി യു എ ഇ മുഴുവൻ സഞ്ചരിച്ചു. മൂന്നാഴ്ചയാണ് അവരുടെ കൂടെ താമസിച്ചത്. അലനും ആര്യയും പ്രിയങ്കയും എപ്പോഴും യാത്രയിൽ കൂടെയുണ്ടായിരുന്നു. അതും ഗംഭീര അനുഭവമായിരുന്നു. സത്യത്തിൽ കേരളത്തിന്റെ തന്നെ ഒരു തുടർച്ചയായി നാം കാണുന്ന ഈ പ്രദേശത്തിന്റെ വളർച്ചയുടെ അനുഭവങ്ങൾ ശരിക്കും മനസ്സിലാക്കി എഴുതാൻ ധൈര്യം വന്നില്ല.
പ്രായം കൂടിവരികയാണ്. ആരോഗ്യം കുറഞ്ഞും. ബക്കറ്റ് ലിസ്റ്റിൽ ഇനിയും പൂർത്തീകരിക്കാൻ ഏറെ ബാക്കി കിടക്കുന്നുമുണ്ട്. പെൻഷൻകാരെന്റെ ഖജനാവിൽ അനന്തമായ സമയമുണ്ട്. എന്നാൽ യാത്രക്ക് പണം കണ്ടെത്തണം. സുഹൃത്തുക്കളെ വസൂലാക്കുക എന്നതാണ് ഒരു തന്ത്രം. പക്ഷെ അവരുടെ മുഖം കറുക്കുന്നതിന് മുൻപ് സ്ഥലം കാലിയാക്കണം. അതിഥി മീനിനെപ്പോലെയാണ് എന്നാണ് ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ പറയുന്നത്. മൂന്നാം ദിവസം നാറാൻ തുടങ്ങുമത്രേ. ഒരു വർഷം കഠിനമായി പണിയെടുത്തും ചെലവ് ചുരുക്കി ജീവിച്ചും യാത്രക്കുള്ള പണം സമാഹരിക്കാം എന്നാണ് ബിന്ദുവിന്റെ ആത്മവിശ്വാസം. വിജയനും മോഹനയ്‌ക്കും ചായ വിറ്റ് 45 രാജ്യങ്ങളിൽ പോകാമെങ്കിൽ അതിന്റെ പകുതി രാജ്യങ്ങളിലെങ്കിലും നമുക്കും പോകണ്ടേ, അതാണ് സിംപിൾ ലോജിക്.
പ്രായത്തിന്റെ പലതരം പ്രശ്നങ്ങൾ ഇപ്പോഴേ ആക്രമണം തുടങ്ങിയിട്ടുണ്ട്. സ്ഥിരമായ വീഴൽ ബിന്ദുവിന്റെ കലാപരിപാടിയാണ്. എനിക്കാണെങ്കിൽ 25 വർഷമായുള്ള സ്കോളിയോസിസ് ഉണ്ട്. ഞങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് ഒരു ഓർത്തോപീഡിക്കലി ചലഞ്ച്ഡ് കുടുംബം എന്നാണ്. പ്രായമോ ശാരീരിക അവസ്ഥയോ ഇത്തരം സുദീർഘമായ യാത്രകൾക്ക് സഹായകരമല്ല. എന്നാൽ തകർന്ന കയ്യും ഒടിഞ്ഞതും വളഞ്ഞതുമായ മുതുകുമായി ഞങ്ങൾ പലതരം യാത്രകൾക്കായി ആസൂത്രണം നടത്തുന്നു.
എങ്കിൽ എവിടെയും പോവാതെ വീട്ടിൽ അടങ്ങി ഇരുന്നാൽ പോരെ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവാം.
മനുഷ്യർ സ്വന്തം വീട്ടിൽ സമാധാനമായി ഇരിക്കാൻ പഠിച്ചാൽ മനുഷ്യന്റെ അനാവശ്യമായ ഉദ്വേഗവും അശാന്തിയും പരിഹരിക്കപ്പെടും എന്നാണ് ബ്ലെയ്‌സ് പാസ്കൽ പറഞ്ഞത്. ഇദ്ദേഹത്തിന്റെ ഉപദേശം അക്ഷരാർത്ഥത്തിൽ സ്വീകരിച്ച സേവിയർ ഡി മൈസ്‌ട്രേ 1790 ൽ സ്വന്തം കിടപ്പു മുറിയിൽ ഒൻപത് മാസം യാത്ര ചെയ്ത കഥ കേട്ടിട്ടുണ്ട്. അതേവരെ കണ്ടെത്താത്ത സൗന്ദര്യവും ആത്മബന്ധങ്ങളും ആ മുറിയിൽ അദ്ദേഹം കണ്ടെത്തിയത്രെ. ഒരു പൊളിഞ്ഞ മെത്ത തന്റെ നഷ്ട പ്രണയത്തിലേക്ക് അദ്ദേഹത്തെ നയിച്ചുവത്രെ.
എന്തായാലും ഇദ്ദേഹത്തിന്റെ യാത്രാപദ്ധതി ബിന്ദുവിന് ആകർഷകമായി തോന്നിയില്ല.
“ഒരു ദിവസം രാവിലെ എണീക്കുമ്പോൾ സമാധാനമായി സ്വന്തം വീട്ടിലെ കിടക്കയിലാണ് എന്നറിയുന്നതാണ് ഏറ്റവും വലിയ സങ്കടം എന്നാണ് മാർക്കോ പോളോ പറയുന്നത്.” ബിന്ദു പറഞ്ഞു.
ഇവിടെ രണ്ട് കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്താനുണ്ട്. ഞങ്ങളുടെ മൂത്ത മകൻ ബാലു ഗൗതമൻ. അവൻ ഇപ്പോൾ ഡൽഹി സർവകലാശാലയിൽ ഫിലോസഫിയിൽ ഗവേഷണം ചെയ്യുകയാണ്. അവന്റെ പങ്കാളി ദീപ്തി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇൻറർനാഷനൽ റിലേഷൻസിൽ പി എച്ച് ഡി ചെയ്യുന്നു.
ഈ ബാലു കൊച്ചിലേ മുതൽ ഒരു ദാർശനികനാണ്. വലിയ അഹിംസാ വാദിയായിരുന്നു. ഒന്നിനേയും കൊല്ലുന്നത് ഇഷ്ടമല്ല. അപ്പോൾ നമ്മളെ കടിക്കാൻ വരുന്ന കൊതുകിനെയോ? ബെംഗളൂരിൽ ഞങ്ങളുടെ അയൽവാസി ആയിരുന്ന വത്സല ചോദിച്ചു. കുറച്ച് ആലോചിച്ച് അന്ന് നാല് വയസുള്ള ബാലു പറഞ്ഞു, അത്…അമ്മയെ തേടി നടക്കുന്ന കൊതുകിനെ കൊല്ലരുത്.
കുഞ്ഞുന്നാളിൽ അവൻ ചെറിയ കവിത ഉണ്ടാക്കുമായിരുന്നു.
പൂച്ചയുടെ ശബ്ദം ങ്യാവൂ
പട്ടിയുടെ ശബ്ദം ബൗ ബൗ
അമ്മയുടെ ശബ്ദം അരുത് ബാലൂ
ഈ ലിമറിക്ക് അയ്യപ്പപ്പണിക്കർ സാറിന് ഇഷ്ടമായി.
എന്തായാലും ബാലുവും ദീപ്തിയും അത്ര വലിയ യാത്രാ കമ്പക്കാരല്ല. സ്വന്തം മുറിയിൽ നിന്ന് പുറത്ത് കടക്കാൻ പോലും ഇഷ്ടമല്ല. അതേസമയം ഭാവനയുടെയും വായനയുടെയും ലോകത്ത് ഇഷ്ടംപോലെ കറങ്ങി നടക്കുകയും ചെയ്യും.
പിന്നെ ഞങ്ങളുടെ അമ്മയാണ്. ഈ യാത്ര പോയപ്പോൾ അമ്മയ്ക്ക് എൺപത്തി നാല് വയസ്സാണ്. ഇത്തരം കഠിന യാത്രകളൊന്നും പറ്റില്ല. എന്നാൽ വലിയ ജീവിത ഔത്സുക്യമാണ്. എന്ത് ചെറിയ കാര്യങ്ങളും ആസ്വദിക്കുന്ന ശീലം. ഞങ്ങളുടെ യാത്രയിൽ എപ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നു. ഇന്ന് അമ്മ ഞങ്ങളുടെ കൂടെയില്ല.2022 ഡിസംബർ 31 ന് അമ്മ ഈ ലോകം വിട്ടുപോയി. ഇത് വായിക്കാൻ അമ്മയില്ലാത്തതാണ് ഞങ്ങളുടെ ഏറ്റവും വലിയ സങ്കടം.
എന്തായാലും കിർഗിസ്ഥാൻ, തൊട്ടടുത്തുള്ള ഉസ്‌ബെക്കിസ്ഥാൻ എന്നീ രണ്ടു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഞങ്ങൾ ആസൂത്രണം തുടങ്ങി.
ജോർജിയൻ വിസ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ അറിഞ്ഞതോടെ ജോർജിയൻ ഭാഷ പഠിച്ചു തുടങ്ങിയിരുന്ന അബു അതുപേക്ഷിച്ചു കിർഗീസ്, ഉസ്ബക്ക്, റഷ്യൻ എന്നീ ഭാഷകൾ പഠിക്കാൻ തുടങ്ങി .
“അച്ഛാ, രണ്ടു വാക്കുകൾ മിനിമം പഠിച്ചാൽ നമുക്ക് കിർഗിസ്ഥാനിൽ പോയിവരാം.
സ് ദ്രാവ്സ്തു ഇച്യേ മേന്യ സൊവൂത് സാജൻ …”
ഇതൊക്കെ റഷ്യൻ ഭാഷയാണ്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന സ്ഥലങ്ങൾ ആയിരുന്നതിനാൽ ഇവിടെയുള്ളവർക്ക് കുറച്ചൊക്കെ റഷ്യനും വഴങ്ങും എന്ന പ്രതീക്ഷയിലാണ് അബു റഷ്യനും പഠിക്കാൻ തുടങ്ങിയത്.
അങ്ങനെ ഈ രണ്ട് രാജ്യങ്ങളിലേക്കുള്ള വിസ കിട്ടാനുള്ള ശ്രമമായി. വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല കിർഗിസ് വിസ. ഞങ്ങൾ ബുക്ക് ചെയ്തിരുന്നത് ഹോംസ്റ്റേ ആണ്. എംബസിക്ക് അതുപോരത്രേ. ഹോട്ടൽ ബുക്കിംഗ് തന്നെ വേണമത്രേ. ലോകത്തിന്റെ മാറ്റങ്ങളെക്കുറിച്ചു ഇത്ര അജ്ഞരാണോ എംബസി ഉദ്യോഗസ്ഥർ? എയർ ബി ആൻഡ് ബി എന്നൊന്നും ഇവർ കേട്ടിട്ടുപോലുമില്ലേ?
ടെൻഷൻ കൂടിയപ്പോൾ ഞങ്ങൾ ഞങ്ങളുടെ യൂറോപ്പ്യൻ യാത്രയിൽ സഹായിച്ച പ്രിയ സോദരൻ രാജേഷ് വാസുദേവനെ വിളിച്ചു.
‘ചേട്ടാ, ഈ കിർഗിസുകാർ കുഴപ്പമാണല്ലോ…’ രാജേഷ് അന്വേഷിച്ചു തിരിച്ചുവിളിച്ചു. “ഇവന്മാർക്ക് കൈക്കൂലി കൊടുത്താലേ കാര്യം നടക്കൂ.”
ഞങ്ങൾ അന്തംവിട്ട് ഇരുന്നുപോയി. കോവിഡ് കാലം കഴിഞ്ഞാൽ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയുടെ ചാലക ശക്തി വിനോദ സഞ്ചാര മേഖല ആയിരിക്കും എന്നും റിവെൻജ് ടൂറിസം (ഇതിന് മലയാളത്തിൽ എന്താണോ പറയുക?) എന്നൊരു ആശയം തന്നെയുണ്ടെന്നും ഞങ്ങൾ കേട്ടിരുന്നു. അപ്പോഴാണ് യാത്രികരെ കൂടുതൽ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം ബ്യുറോക്രറ്റിക് പ്രശ്നങ്ങൾ.
എങ്ങനെയെങ്കിലും പ്രശ്നം പരിഹരിച്ചുതരാം എന്ന് രാജേഷ് ഏറ്റു. ഏറെ ദിവസത്തെ ടെൻഷന് ശേഷം ഒടുവിൽ രണ്ടുരാജ്യങ്ങളുടെയും പേപ്പർ വിസ കിട്ടി.
എന്തുകൊണ്ട് കിർഗിസ്ഥാനും ഉസ്ബക്കിസ്ഥാനും? പ്രിയ സുഹൃത്ത് കെ ടി റാം മോഹൻ ചോദിച്ചു.
എന്തുകൊണ്ട് ആയിക്കൂടാ എന്ന മറുചോദ്യമുണ്ട്. എങ്കിലും ഞങ്ങളും ആലോചിച്ചു.
താരതമ്യേന അപരിചിതിതമായ സ്ഥലങ്ങൾ ആയിരിക്കണം. എങ്കിലേ പുതുമയുണ്ടാവൂ. മധ്യേഷ്യയിലെ നൊമാഡിക് സംസ്കാരം ഞങ്ങളെ വല്ലാതെ ആകർഷിച്ച മറ്റൊരു ഘടകമാണ്. പിന്നെ പഴയ സോവിയറ്റ് സ്ഥലങ്ങളാണ്. നമ്മുടെ പഴയ സഖാക്കളുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് കണ്ടുപിടിക്കണമല്ലോ.
ഈ രാജ്യങ്ങൾ പഴയ സിൽക്ക് റോഡിന്റെ ഭാഗമായിരുന്നു എന്നത് കൂടുതൽ ആകർഷകവുമായി. ഈ വഴിയിലൂടെയാണ് മാർക്കോ പോളോ പണ്ട് നടന്നത് എന്നതും വലിയ കൗതുകം. ഞങ്ങളുടെ പഴയ യാത്രയിൽ ഏതായാലും വെനീസ് ഉണ്ടായിരുന്നല്ലോ. അവിടെനിന്നാണ് മാർക്കോപോളോ തന്റെ യാത്ര ആരംഭിക്കുന്നത്. വെനീസിൽ മാർക്കോപോളോയുടെ ശവകുടീരത്തിന് മുൻപിൽ നിൽക്കുമ്പോൾ ഇദ്ദേഹത്തിന്റെ വഴികളിൽ വീണ്ടും യാത്ര ചെയ്യാൻ കഴിയുമെന്നൊന്നും ഞങ്ങൾ ഓർത്തിരുന്നുമില്ല.
യഥാർത്ഥത്തിൽ മാർക്കോപോളോ ഈ യാത്രകൾ നടത്തിയിരുന്നോ? അതോ അതിൽ കൂടുതലും വെറുതെ തള്ളൽ ആയിരുന്നോ? ഇദ്ദേഹം ചൈനയിൽ പോകാൻ ഒരു സാധ്യതയുമില്ല എന്ന് ഗവേഷണം നടത്തിയ ഒരു ചരിത്ര പണ്ഡിതയുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിലെ ഗവേഷകയായ ഫ്രാൻസെസ് വുഡ്. ഇദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിന് അപ്പുറം യാത്ര ചെയ്തിട്ടില്ല എന്നും ബാക്കിയൊക്കെ മറ്റു സഞ്ചാരികളിൽ നിന്ന് കേട്ട കഥകൾ മാത്രമാണെന്നും അതുകൊണ്ടാണ് ചൈനയിലെ വൻമതിൽ പോലും ഇദ്ദേഹത്തിന്റെ ചൈനാ വിവരണങ്ങളിൽ ഇല്ലാത്തതെന്നും ഇവർ വാദിക്കുന്നു.
എന്നാൽ അങ്ങനെയല്ല എന്നും ചൈനയിൽ എത്തിയതിന് ധാരാളം തെളിവുകൾ മാർക്കോ പോളോയുടെ എഴുത്തിൽ കണ്ടെത്താമെന്നും വാദിക്കുന്ന മറ്റു ഗവേഷകരുമുണ്ട്. എന്തായാലും യാത്രികർക്ക് ഇപ്പോഴും അഭിനിവേശം പകരുന്ന മഹാനായ യാത്രികൻ തന്നെയാണ് മാർക്കോപോളോ.