“ആ കെടപ്പിത്തന്നെ പള്ളിപ്പറമ്പ് വരെ പോയി ഒരു മെഴുതിരി കത്തിച്ചേച്ച് തിരിച്ചു വന്നു അമ്മച്ചി” വിമീഷ് മണിയൂർ എഴുതിയ കവിത
അപ്പൻ തൂങ്ങിച്ചത്ത മഹാഗണിയാണ്
ഇത്തവണത്തെ ക്രിസ്മസ് ട്രീ
അപ്പന്റെ തലയുടെ വലിപ്പത്തിലുള്ള
ഒരു നക്ഷത്രം
അതേ മരത്തേലിരുന്ന്
കുടുംബത്തിലെ വെളിവില്ലാത്ത
കൊച്ചപ്പൻമാരെ കൂടെക്കൂടി
രാവിലെ തന്നെ
രണ്ടെണ്ണമടിച്ചത്തിന്റെ കുളിര്
പുറത്ത് കാണിക്കാതെ
ചിരിക്കുന്നുണ്ട്
അന്ന് പുലരുംവരെ
നടന്നത്
മറ്റൊരുത്തനെയും വിളിച്ചറിയിക്കാതെ
കെട്ടിപ്പിടിച്ചോണ്ടിരുന്ന ഒരു കാറ്റ്
അടുക്കളക്കപ്പുറത്ത് വന്ന്
അമ്മച്ചിയുടെ മുണ്ടേത്തൊട്ട്
ഞെട്ടല് മാറിയിട്ടില്ലെന്ന്
ചൊവ്വാപ്പള്ളി തൊട്ട് സത്യം പറഞ്ഞു
എന്നാത്തിന്റെ കഴപ്പായിരുന്നു അങ്ങേർക്കെന്ന്
വറവിടുമ്പഴും, പോർക്കിന്റെ വിസില്
നാലെണ്ണം അധികം കേൾപ്പിക്കുമ്പഴും
പറഞ്ഞേമ്മത്തന്നെ പറഞ്ഞ്
ഇച്ചിരി മുളക് പൊടി കൂട്ടിയിടുന്നുണ്ട്
സഭയിലുള്ള ഏതയിറ്റുങ്ങളെങ്ങാൻ
നിര്യാതപുറം
ചേട്ടായിക്കൊപ്പം കട്ടക്കുവെക്കാൻ
വന്നാലോന്ന് കരുതി അമ്മച്ചി
ഏഴാം മാസത്തിൽ
രാത്രി മുള്ളാൻ മുട്ടി
പറമ്പിലോട്ടു പോവാൻ പേടിച്ച്
ജോളിക്കുട്ടിയോട്
നീയവിടിരുന്നോടീന്ന് പറഞ്ഞ്
ഇരുത്തിച്ചതിന്റെ തൊട്ടു മോളിലിരുന്ന്
ഉണ്ണിയേശുവും കാണാൻ വന്ന പത്രാസുകാരും
മൂക്കുരച്ച്
എന്നതാ മണക്കുന്നതെന്ന്
അടക്കം പറയുന്നു
തൂങ്ങാനിരുന്നപ്പം ഒടിഞ്ഞു വീഴാത്തതിന്
അടുത്ത ജൻമത്തിലതിനെ
ചൊവ്വാപ്പള്ളിയിലെ വലിയ പെരുന്നാളിന്
ചെള്ളക്ക് കുത്താൻ വരുന്ന കൊതുകാക്കി
ജനിപ്പിക്കണേന്ന് പ്രാകിപ്പ്രാകി
മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു
അമ്മച്ചി.
തല തെറിച്ച തള്ളയെന്ന്
നാട്ടിലും സർട്ടീക്കറ്റുള്ളതല്ലേ
നോക്കുമ്പം നോക്കുമ്പം
അപ്പച്ചന്റെ അസ്ഥിക്കൂടം പോലെ
തോന്നിയെന്നും പറഞ്ഞേച്ച്
പാതിരാത്രി മണ്ണെണ്ണ പാർന്ന്
തീ കൊടുത്തു പച്ചക്ക് ഒറ്റയവസാനിപ്പിക്കലാ
ആളുകള് ഓടിക്കൂടിയപ്പം
അപ്പച്ചനെ വേഗം ഇറക്കിക്കിടത്തിയേന്ന് പറഞ്ഞ്
ബോധം കെട്ട് നിലത്ത് വീണു
ആ കെടപ്പിത്തന്നെ
പള്ളിപ്പറമ്പ് വരെ പോയി
ഒരു മെഴുതിരി കത്തിച്ചേച്ച്
തിരിച്ചു വന്നു അമ്മച്ചി
അങ്ങേര് നിന്ന് കത്തിയതിന്റെ
ചൊറിച്ചില് കൂടിയാണ്
ഞങ്ങക്ക് ഇപ്പം ക്രിസ്മസ്.