ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, നിങ്ങൾ ചെയ്യുന്നതും പറയുന്നതും സ്വകാര്യമല്ല. ചുവരുകൾക്ക് ചെവികൾ മാത്രമല്ല അവ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലോകത്ത് നിങ്ങൾക്ക് യഥാർത്ഥത്തിൽ സ്വകാര്യമായ ഒരേയൊരു ഇടമേയുള്ളൂ, അത് നിങ്ങളുടെ മനസ്സാണ്. എന്നാൽ അതും അധികകാലം സ്വകാര്യമായിരിക്കില്ല.
ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് സയൻസ് ഫിക്ഷനോട് ചേർന്ന് നിൽക്കുന്നതായി തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ മനസ് വായിക്കാനും മനസ് മാറ്റാനും കഴിയുന്ന ഒരു യന്ത്രം വരുന്ന ദിവസം വിദൂരമല്ല. ന്യൂറോ റൈറ്റ്‌സ് അല്ലെങ്കിൽ മനുഷ്യാവകാശങ്ങൾക്കായി, പ്രത്യേകിച്ച് തലച്ചോറിനെ സംരക്ഷിക്കുന്ന അവകാശങ്ങൾക്കായി ഇത് യാഥാർത്ഥ്യമാകുന്നതിന് മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ചിലർ വാദിക്കുന്നു.
യുസി ബെർക്ക്‌ലിയിലെ വൈജ്ഞാനിക ശാസ്ത്രജ്ഞനായ ജാക്ക് ഗാലന്റും മറ്റ് ഗവേഷകരും “മനസ്സുകളെ വായിക്കുന്ന” ആരംഭദിശയിലുള്ള രീതിയെക്കുറിച്ച് വിശദീകരിക്കുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. പഠനത്തിൽ സഹകരിച്ച വോളണ്ടിയർമാരോട് അവരുടെ തല എംആർഐ മെഷീനിനുള്ളിലായിരിക്കുമ്പോൾ മണിക്കൂറുകളോളം വീഡിയോ ക്ലിപ്പുകൾ കാണാൻ ആവശ്യപ്പെട്ടു. റെക്കോർഡ് ചെയ്ത മസ്തിഷ്ക പ്രവർത്തനത്തെ വീഡിയോയുടെ ഓരോ ഫ്രെയിമുമായി ബന്ധിപ്പിക്കുന്ന ഒരു ഡാറ്റാസെറ്റിൽ ഗവേഷകർ ഒരു ന്യൂറൽ നെറ്റ്‌വർക്ക് പരിശീലിപ്പിച്ചു. അതിനുശേഷം, എംആർഐ ഡാറ്റ റെക്കോർഡുചെയ്യുമ്പോൾ തന്നെ പുതിയ വീഡിയോകൾ കാണാൻ ഗവേഷകർ വോളണ്ടിയർമാരോട് ആവശ്യപ്പെട്ടു. പിന്നീട് അവർ നേരത്തെ പരിശീലിപ്പിച്ച എ ഐ (AI) മോഡലിലേക്ക് ഡാറ്റ നൽകി.സന്നദ്ധപ്രവർത്തകർ കണ്ട ചില ചിത്രങ്ങളുടെ വളരെ അവ്യക്തവും എന്നാൽ തിരിച്ചറിയാവുന്നതുമായ പുനർനിർമ്മാണം സൃഷ്ടിക്കാൻ മോഡലിന് കഴിഞ്ഞു. 2011-ലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
“ന്യൂറോ അവകാശങ്ങൾ” അല്ലെങ്കിൽ മസ്തിഷ്ക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ ബില്ലിന് 2021-ൽ,ചിലിയുടെ സെനറ്റ് അംഗീകാരം നൽകി. ന്യൂറോ റൈറ്റ് ഭരണഘടനയിൽ ഉൾപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇത് ചിലിയെ മാറ്റി. എന്നാൽ തെക്കേ അമേരിക്കൻ രാജ്യം നേരത്തെ എടുത്തചാടിയോ?
നിയമനിർമ്മാണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച മുൻ ചിലിയൻ സെനറ്ററായ ഗൈഡോ ഗിരാർഡി, ന്യൂറോ ടെക്നോളജിയെ നിയമനിർമ്മാതാക്കൾക്ക് സോഷ്യൽ മീഡിയയോട് പ്രതികരിക്കാൻ അൽപ്പം വൈകിയതിനോട് താരതമ്യം ചെയ്തു. ചിലി വീണ്ടും വൈകാൻ ആഗ്രഹിച്ചില്ല. ന്യൂറോ ടെക്നോളജി, അത് കൂടുതൽ വ്യാപകമാകുമ്പോൾ, സമൂഹത്തിൽ സോഷ്യൽ മീഡിയയേക്കാൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഒരിക്കലെങ്കിലും സാങ്കേതികവിദ്യയെക്കാള്‍ മുൻപേ നടക്കുന്നത് വിവേകമായിരിക്കുമെന്നാണ് വാദം.
അധികം നേരത്തെയല്ല, അധികം വൈകിയിട്ടുമില്ല
എന്നാൽ നേരത്തെ പോയാൽ ദോഷങ്ങളുമുണ്ട്. ഭാവിയിൽ സാങ്കേതികവിദ്യയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ഉറപ്പില്ലാത്തപ്പോൾ പ്രത്യേകിച്ചും.
“ഇപ്പോൾ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അതിനുള്ള കാരണം, ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ എന്തായിരിക്കുമെന്ന് പൂർണ്ണമായും വ്യക്തമല്ല. ഒരു വശത്ത്, നിങ്ങൾക്ക് കൂടുതൽ സമയം കാത്തിരിക്കാനാവില്ല, കാരണം സാങ്കേതികവിദ്യ വളരെ വേഗത്തിൽ മാറുന്നു. പ്രശ്‌നങ്ങൾ ഉണ്ടാകും, ആരും അവയെ കുറിച്ച് ചിന്തിച്ചിരിക്കില്ല, സമയം വളരെ വൈകും. മറുവശത്ത്, വളരെ നേരത്തെ പോകുന്നത് അതിന്റേതായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം, ”ഒരു പ്രമുഖ ന്യൂറോ റൈറ്റസ് വക്താവ് അലൻ മക്കേ ഇന്ത്യൻ എക്സ്പ്രസ് ഡോട്കോംനോട് പറഞ്ഞു. സിഡ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ഡെപ്യൂട്ടി ഡയറക്ടറും സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ലോ സ്‌കൂളിലെ അക്കാദമിക് ഫെല്ലോയുമാണ് അലൻ മക്കേ.
മക്കേയുടെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള നിയമസംവിധാനങ്ങൾ സൂക്ഷ്മമായ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ നല്ലതാക്കാനുള്ള അവസരങ്ങളെ നശിപ്പിക്കുന്ന തരത്തിൽ അത് കർശനമായി നിയന്ത്രിക്കരുത്. കൂടാതെ ന്യൂറോ ടെക്‌നോളജിക്ക് നല്ല കാര്യങ്ങൾ ചെയ്യാനുള്ള കഴിവുണ്ട്. ചുരുക്കി പറഞ്ഞാൽ എലിയെ പേടിച്ച് ഇല്ലം ചുടരുത്.
പക്ഷാഘാതത്തിൽ നിന്ന് തിരിച്ച് സാധാരണ ജീവിതത്തിലേക്കുള്ള സാധ്യത
ഇയാൻ ബർഖാർട്ടിന് 19 വയസ്സുള്ളപ്പോൾ നട്ടെല്ലിന് ക്ഷതം സംഭവിച്ചു, അത് അദ്ദേഹത്തെ കൈകാലുകൾ തളർന്ന വ്യക്തിയാക്കി (ക്വാഡ്രിപ്ലെജിക്), കാലുകൾക്കോ കൈക്കോ ചലിപ്പിക്കാൻ കഴിഞ്ഞില്ല. 2014 ൽ, അദ്ദേഹം ഒരു പയനിയറിങ് ട്രയലിനായി (pioneering trial) എത്തി, അവിടെ പേശികളുടെ ഉത്തേജനം നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് അദ്ദേഹം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ തലച്ചോറിൽ നിന്ന് ഒരു ഇംപ്ലാന്റ് ലഭിച്ചു, അത് അദ്ദേഹത്തിന്റെ കൈയിൽ ധരിച്ച ഇലക്ട്രോഡുകളുടെ സ്ലീവിലേക്ക് ചലന സിഗ്നലുകൾ കൈമാറി. അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അദ്ദേഹത്തിന് വിരലുകൾ ചലിപ്പിക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം.
എന്നാൽ ട്രയൽ അവസാനിച്ചതിന് ശേഷം, 2021-ൽ അദ്ദേഹത്തിന് ഉപകരണം നീക്കം ചെയ്യേണ്ടിവന്നു. “എനിക്ക് ആദ്യമായി നട്ടെല്ലിന് പരിക്കേറ്റപ്പോൾ, എല്ലാവരും പറഞ്ഞു, നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ തോളിൽ നിന്ന് താഴേക്ക് അനങ്ങാൻ കഴിയില്ല,” “എനിക്ക് ആ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു, തുടർന്ന് അത് വീണ്ടും നഷ്‌ടപ്പെട്ടു. അത് കഠിനമായിരുന്നു, ”എംഐടി ടെക്നോളജി റിവ്യൂ ബർഖാർട്ടിനെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു.
മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസുകളുടെയും മറ്റ് ന്യൂറോ ടെക്നോളജിയുടെയും പോസിറ്റീവ് ഉപയോഗങ്ങളിൽ ഒന്ന് മാത്രമാണ് ചികിത്സാ പരീക്ഷണങ്ങൾ. പക്ഷാഘാതം മുതൽ രോഗചികിത്സ വരെയുള്ള വിവിധ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയിൽ പല കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന്, കാലിഫോർണിയ ആസ്ഥാനമായുള്ള ന്യൂറോപേസിന് എഫ് ഡി എ (FDA) അംഗീകരിച്ച അപസ്മാര തടയാനുള്ള ഉപകരണമുണ്ട്. ഈ “RNS ഉപകരണം” തലച്ചോറിലെ അസാധാരണമായ വൈദ്യുത പ്രവർത്തനം കണ്ടെത്തുകയും അപസ്മാരം സംഭവിക്കുന്നത് തടയാൻ ഇലക്ട്രോണിക് പൾസുകൾ ഉപയോഗിച്ച് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
സംരക്ഷിക്കേണ്ട അപകടം
ന്യൂറോ ടെക്നോളജി വാഗ്ദാനമാണ്, അത് മുന്നോട്ട് വെക്കുന്ന സാധ്യതകൾ ശരിക്കും അമ്പരപ്പിക്കുന്നതാണ്. ബുർഖാർട്ടിനെപ്പോലുള്ളവരിൽ നിന്ന് ഈ സാങ്കേതികവിദ്യയുടെ അത്ഭുതങ്ങൾ തട്ടിയെടുക്കുന്നത് വളരെ ക്രൂരമായിരിക്കും. എന്നിരുന്നാലും, സാങ്കേതികവിദ്യ ചില മനുഷ്യാവകാശ വെല്ലുവിളികൾ ഉയർത്തുന്നു.
ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ സാങ്കേതിക വിദ്യയുടെ ദുരുപയോഗം സാധ്യതയുള്ള കാര്യങ്ങളിൽ അലൻ മക്കെയ് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, അപസ്മാരം ചികിത്സിക്കാൻ കഴിയുന്ന ഉപകരണം ഓർക്കുന്നുണ്ടോ? “ക്രിമിനൽ പെരുമാറ്റം ഉണ്ടാകുമെന്ന കരുതി” മസ്തിഷ്കത്തിൽ ഏതെങ്കിലും തരത്തിലുള്ള ഉത്തേജനം പ്രയോഗിച്ചുകൊണ്ട് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ കുറ്റകൃത്യങ്ങളിൽ നിന്ന് തടയാനെന്ന പേരിൽ ഒരു ഉപകരണം വികസിപ്പിക്കാൻ ആരെങ്കിലും സമാനമായ ന്യൂറോ ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട് എന്ന് സങ്കൽപ്പിക്കുക.
ബ്ലാക്ക് മിറർ എപ്പിസോഡുകൾക്ക് പുറത്ത് ആരെങ്കിലും ഇത്തരം പേടിപ്പെടുത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള സാധ്യത നിലവിലുണ്ട്. മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള കമ്പനിയായ ബ്രെയിൻവേവ് സയൻസ് അതിന്റെ “ഐകോഗ്നേറ്റീവ്” ഉൽപ്പന്നത്തിന് “സംശയിക്കുന്നയാളുടെ മനസ്സിൽ മറഞ്ഞിരിക്കുന്ന വിവരങ്ങൾ കണ്ടെത്താനാകുമെന്ന്” ഇതിനകം പരസ്യം ചെയ്യുന്നു. “ഈ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് ഒരു വ്യക്തിയുടെ പദ്ധതികളും ഉദ്ദേശ്യങ്ങളും വെളിപ്പെടുത്താൻ കഴിയും, കൂടാതെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മുൻകാല പ്രവർത്തനങ്ങൾ, തട്ടിപ്പ് പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ, ബിസിനസ്സിലെ മോഷണം, എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം അത് അവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണാത്മകമായി ശേഖരിക്കകയും ക്രമീകരിക്കുകയും ചെയ്യും.” ഇത് അവരുടെ വെബ്‌സൈറ്റിൽ നിന്നുള്ള ഒരു ഖണ്ഡികയിലെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്.
കൂടാതെ, ലോകത്തിന്റെ പല ഭാഗങ്ങളിലും തടവുകാരുടെ ചലനശേഷി നിയന്ത്രിക്കുന്നതിന് ഇലക്ട്രോണിക് കാൽത്തളകൾ/കൈവളകൾ പോലുള്ള സാങ്കേതികവിദ്യകൾ ഇതിനകം തന്നെ ഉപയോഗിക്കുന്നു. സാങ്കേതികവിദ്യ ലഭ്യമായിക്കഴിഞ്ഞാൽ, ലോകമെമ്പാടുമുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾ ന്യൂറോ ടെക്നോളജി ഉപയോഗിച്ച് ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ മനസ്സ് നിരീക്ഷിക്കാൻ ശ്രമിക്കുമെന്ന് സങ്കൽപ്പിക്കുന്നത് വിദൂരമായ ഒരു കുതിച്ചുചാട്ടമല്ല.
എന്നാൽ ന്യൂറോ ടെക്‌നോളജി ദീർഘകാലത്തേക്ക് ചികിത്സാ ഉപയോഗത്തിന്റെ (കൂടാതെ സാധ്യമായ ക്രിമിനൽ നീതി ഉപയോഗത്തിന്റെ) പരിധിയിൽ നിൽക്കില്ല. മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസുകൾ ബഹുജന-വിപണി ഉപകരണങ്ങളായി മാറുമെന്നത് ഏതാണ്ട് ഉറപ്പാണ്. ന്യൂറലിങ്കിന്റെ ലക്ഷ്യം “എഐയുമായി മനുഷ്യരെ ലയിപ്പിക്കുക” ആണെന്ന് എലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.
ചുരുക്കത്തിൽ, അധികം താമസിയാതെ, നിങ്ങളുടെ ചിന്തകളെ വായിക്കാനും ഒരുപക്ഷേ മാറ്റാനും കഴിയുന്ന ഒരു സാങ്കേതികവിദ്യയ്ക്ക് വൈദ്യശാസ്ത്രത്തിലേക്കും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലേക്കും പൊതുവായി ലോകത്തിനും വഴി കണ്ടെത്താനാകും.
സ്വകാര്യതയും സുതാര്യതയും
ഭാവിയിലെ ന്യൂറോ ടെക്‌നോളജി എങ്ങനെയായിരിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്, എന്നാൽ ന്യൂറോ റൈറ്റ്‌സ് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നതിനെക്കുറിച്ച് പലർക്കും ധാരണയുണ്ട്. ന്യൂറോ റൈറ്റ്‌സ് സ്വകാര്യതയും സുതാര്യതയും ഉറപ്പാക്കണമെന്ന് അലൻ മക്കേ വിശ്വസിക്കുന്നു-ഉപയോക്താവിനുള്ള സ്വകാര്യതയും സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള സുതാര്യതയും.
“ന്യൂറോടെക് പ്രധാനമായും എഐ (AI) യുടെ ഒരു ഉപവിഭാഗമാണ്. എ ഐ (AI) യുമായി ലയിക്കുന്ന മനുഷ്യരെപ്പോലെ. എ ഐ (AI) ധാർമ്മികതയെ കുറിച്ചും ബ്ലാക്ക് ബോക്‌സ് സിസ്റ്റങ്ങളുടെ അതാര്യതയെ കുറിച്ചും പക്ഷപാതം പോലുള്ള കാര്യങ്ങൾ എങ്ങനെ കടന്നുവരുന്നു എന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ചും ഇതിനകം വിപുലമായ ചർച്ചകൾ നടന്നിട്ടുണ്ട്,” അലൻ മക്കേ വിശദീകരിച്ചു.
ഒക്ടോബറിൽ സ്റ്റാൻഫോർഡ് എച്ച്എഐ (മനുഷ്യ കേന്ദ്രീകൃത കൃത്രിമബുദ്ധി) പ്രസിദ്ധീകരിച്ച ഒരു പഠനം, ഓപ്പൺഎഐ, ഗൂഗിൾ, മെറ്റാ എന്നിവയും മറ്റുള്ളവയും നിർമ്മിച്ച അടിസ്ഥാന മോഡലുകൾ സുതാര്യത കുറഞ്ഞുകുറഞ്ഞു വരുന്നതായി കണ്ടെത്തി. ഈ സുതാര്യതയുടെ അഭാവം ടെക് വ്യവസായത്തിൽ പുതിയ കാര്യമല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അതാര്യമായ ഉള്ളടക്ക മോഡറേഷൻ സംവിധാനങ്ങൾ മുതൽ വഞ്ചനാപരമായ പരസ്യങ്ങൾ വരെ അഗ്രഗേറ്റർ ആപ്പുകളിലെ വ്യക്തമല്ലാത്ത വേതന സമ്പ്രദായങ്ങൾ വരെ, സുതാര്യത പ്രശ്‌നങ്ങൾ വളരെക്കാലമായി ടെക്‌നോളജി കമ്പനികളുടെ ആധാരമാണ്. താമസിയാതെ, ചില പുതിയ ടെക് കമ്പനികൾക്ക് നിങ്ങളുടെ മസ്തിഷ്കം വായിക്കാനും അത് നിയന്ത്രിക്കാനും കഴിയും.
ഇന്ത്യയിലെ ന്യൂറോ റൈറ്റ്സ്
ആശങ്കകൾ യഥാർത്ഥമാണ്. ഭാവി ഭയാനകമായേക്കാം. എന്നാൽ ഇപ്പോൾ, അപകടകരമായ സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ അധിക നിയമനിർമ്മാണത്തിന്റെ ആവശ്യമില്ല. ഇന്ത്യയിൽ നിലവിലുള്ള ചില നിയമ വ്യവസ്ഥകൾ സാങ്കേതികമായി ചില ന്യൂറോ ടെക് അപകടങ്ങളിൽ നിന്ന് പൗരരെ സംരക്ഷിക്കുന്നു.
“പുട്ടസ്വാമി (2017), സെൽവി (2010) എന്നിവയിലെ സുപ്രീം കോടതിയുടെ തീരുമാനങ്ങൾക്ക് ശേഷം, ഒരാളുടെ ചിന്തകളിലെ സ്വകാര്യതയ്ക്കുള്ള അവകാശം ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ സംരക്ഷിക്കപ്പെടുന്നുവെന്ന് പറയുന്നത് ന്യായമാണ്. സെൽവി കേസിൽ, ഒരു വ്യക്തിയുടെ മാനസിക പ്രക്രിയകളിലേക്ക് നിർബന്ധിതമായി കടന്നുകയറുന്നത് സ്വാതന്ത്ര്യത്തെ അപമാനിക്കുന്നതാണെന്ന് കോടതി പ്രത്യേകം അഭിപ്രായപ്പെട്ടു. നാർക്കോ വിശകലനം, പോളിഗ്രാഫ് പരിശോധന, സമാനമായ സാങ്കേതിക വിദ്യകൾ എന്നിവ നിർബന്ധിതമായി നൽകാനാവില്ലെന്നും ഇത് വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ , പ്രത്യേകിച്ച് ക്രിമിനൽ നിയമ പശ്ചാത്തലത്തിൽ,ലംഘിക്കുമെന്നും ഏതെങ്കിലും കേസിൽ പ്രതിയായ വ്യക്തിയെ അവർക്കെതിരായി തന്നെ സാക്ഷിയാക്കാൻ നിർബന്ധിക്കാൻ പാടില്ല (സെൽഫ് ഇൻക്രിമിനേഷൻ) എന്ന അവരുടെ അവകാശത്തെ ലംഘിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുള്ളതായി ടെക്നോളജി അഭിഭാഷകനായ ജയ്പാൽ റെഡ്ഢി indianexpress.com മായുള്ള ഇമെയിൽ അഭിമുഖത്തിൽ പറഞ്ഞു.
നിയമത്തിന്റെയും വിനാശകരമായ സാങ്കേതികവിദ്യകളുടെയും ഇടപെടലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റെഡ്ഡിയുടെ അഭിപ്രായത്തിൽ, 2023-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്‌ട് പ്രാബല്യത്തിൽ വന്നാൽ അത്തരം സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും. “ഈ നിയമത്തിന് കീഴിൽ, സമ്മതമോ മറ്റ് പ്രത്യേകമായി അനുവദനീയമായ നിയമാനുസൃതമായ ഉപയോഗങ്ങളോ അടിസ്ഥാനമാക്കി മാത്രമേ വ്യക്തിഗത ഡാറ്റ ശേഖരിക്കാനോ പ്രോസസ്സ് ചെയ്യാനോ കഴിയൂ. ഈ നിയമത്തിന് കീഴിൽ ഭരണകൂടത്തിടത്തന് സാമാന്യം വിശാലമായ ഇളവ് നൽകിയിട്ടുണ്ടെങ്കിലും, സ്വകാര്യ വ്യക്തികളുടെ ഏത് ന്യൂറൽ ഇടപെടലും കൂടുതൽ സംരക്ഷണത്തിന് വിധേയമായിരിക്കും, ”റെഡ്ഡി കൂട്ടിച്ചേർത്തു.
ഒരുപക്ഷെ നിലവിലുള്ള നിയമനിർമ്മാണത്തിനും രാജ്യത്തിന്റെ പൊതു നിയമ വ്യവസ്ഥയ്ക്കും ന്യൂറോ ടെക്നോളജി ഉയർത്തുന്ന അപകടങ്ങളിൽ നിന്ന് ഇന്ത്യൻ പൗരരെ സംരക്ഷിക്കാൻ കഴിയും. പക്ഷേ, അങ്ങനെയാണെങ്കിൽപ്പോലും, പ്രധാനം പൗരരാണ്; പൗരരും റെഗുലേറ്റർമാരും നിയമനിർമ്മാതാക്കളും സാങ്കേതികവിദ്യയെക്കുറിച്ചും അത് നിയന്ത്രിക്കാൻ നമ്മുടെ നിയമങ്ങൾ മതിയോ എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്.