ഇൻസ്റ്റാഗ്രാമിൽ സന്ദേശങ്ങൾ അയക്കുമ്പോൾ, സന്ദേശം അയച്ചയാൾക്ക് അത് കൃത്യമായി ലഭിച്ചോ എന്നും, സന്ദേശം അയാൾ കണ്ടോ എന്നും മനസ്സിലാക്കാൻ സഹായിച്ചിരുന്ന ഫീച്ചറാണ് ‘റീഡ് റസീറ്റ്’. എന്നാൽ റീഡ് റസീറ്റ് മറച്ച് വയ്ക്കുന്നതിനുള്ള പുതിയ മാറ്റം പുറത്തിറക്കാൻ ഒരുങ്ങി മെറ്റാ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം. മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരിയും തങ്ങളുടെ ഇൻസ്റ്റാഗ്രാം ചാനലിലൂടെയാണ് അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്.
“നിങ്ങൾ സന്ദേശങ്ങൾ വായിച്ച് മറുപടി നൽകാതെ പോകുന്ന ഒരാളാണെങ്കിൽ: നിങ്ങളുടെ ദിവസം വന്നിരിക്കുന്നു. ഇൻസ്റ്റാഗ്രാം ഡിഎമ്മുകളിൽ റീഡ് റസീറ്റുകൾ ഓഫാക്കാനുള്ള നടപടികൾ ഞങ്ങൾ പരീക്ഷിക്കുകയാണ്,” പുതിയ ഫീച്ചർ പ്രഖ്യാപനത്തോടൊപ്പം മാർക്ക് സക്കർബർഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഫീച്ചർ പ്രവർത്തനത്തിൽ എങ്ങനെയായിരിക്കുമെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഒരു ചിത്രത്തിനൊപ്പം പങ്കുവച്ചു.
അദ്ദേഹം പങ്കിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച് റീഡ് റസീറ്റുകൾ ഓൺ ആക്കാനും ഓഫ് ആക്കാനുമുള്ള ക്രമീകരണം “പ്രൈവസി ആൻഡ് സെക്യൂരിറ്റി” സെറ്റിങ്സിൽ ലഭ്യമാകും.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ്ങ് ആപ്പായ വാട്ട്‌സ്ആപ്പിൽ വളരെക്കാലമായി സമാന ഫീച്ചറുണ്ട്, ഈ ഫീച്ചറാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലേക്കും എത്തിയിരിക്കുന്നത്.
ഫീച്ചറിന്റെ ലഭ്യത സംബന്ധിച്ച് ഇൻസ്റ്റഗ്രാം ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. എന്നിരുന്നാലും, കമ്പനി ഫീച്ചറിന്റെ കാര്യക്ഷമത പരീക്ഷിക്കുകയാണെന്ന് മാർക്ക് സക്കർബർഗ് സൂചന നൽകിയിരുന്നു, അതുകൊണ്ടുതന്നെ വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ ദിവസങ്ങളിൽ റീലുകളിൽ പാട്ടിന്റെ വരികൾ ഉൾപ്പെടുത്തുന്നതും ഡിഎമ്മിൽ സെൽഫീ വീഡിയോ പങ്കുവയ്ക്കുന്നതുമായ വിവിധ മാറ്റങ്ങൾ ഇൻസ്റ്റാഗ്രാം പരീക്ഷിച്ചിരുന്നു.