ലോകകപ്പ് സെമി ഫൈനലിൽ ആരാകും ഇന്ത്യയുടെ എതിരാളികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ, അതിനേക്കാളേറെ ആശയക്കുഴപ്പം ഇന്ത്യയുടെ സെമി ഫൈനൽ വേദിയെ ചൊല്ലിയാണ്. വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നതെങ്കിൽ വേദി എവിടെയാണ് വെക്കേണ്ടതെന്ന് തീരുമാനമാണ് വൈകുന്നത്.
നിലവിലെ പോയിന്റ് പട്ടികയിൽ ആരാകും നാലാം സ്ഥാനത്തെത്തുക എന്ന് പ്രവചിക്കാനാകാത്ത സ്ഥിതിയാണുള്ളത്. പാക്കിസ്ഥാനൊഴികെ മറ്റാര് നാലാമതെത്തിയാലും സെമി ഫൈനൽ മുൻനിശ്ചയ പ്രകാരം തന്നെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് തന്നെയാകും നടത്തുക. അതേസമയം, പാക്കിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടുകയാണെങ്കിൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം, വേദി കൊൽക്കത്തയിലേക്ക് മാറ്റണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയേയും ബിസിസിഐയേയും ആവശ്യം അറിയിച്ചിട്ടുണ്ട്.
നിലവിൽ ലോകകപ്പിലെ ലീഗ് സ്റ്റേജിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് കൊൽക്കത്ത ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടേണ്ടത്. നവംബർ 16നാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇനി പാക്കിസ്ഥാൻ നാലാം സ്ഥാനക്കാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടിയാൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കൊൽക്കത്തയിലേക്ക് മാറ്റേണ്ടി വരും. ഷെഡ്യൂൾ പ്രകാരം ഇത് നവംബർ 15നാണ് നടത്തുക. ഈ സാഹചര്യത്തിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് നവംബർ 16നാണ് ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം നടക്കുക.
സുരക്ഷാ പ്രശ്നങ്ങൾ പാക്കിസ്ഥാന്റെ മത്സരങ്ങൾ മുംബൈയിൽ നടത്തരുതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ആകെ 10 വേദികളിൽ മത്സരം നടത്തുന്നുണ്ടെങ്കിലും, പാക്കിസ്ഥാൻ അഞ്ച് വേദികളിൽ മാത്രമാണ് കളിക്കാൻ താൽപ്പര്യമറിയിച്ചത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, കൊൽക്കത്ത എന്നീ വേദികളാണ് അവർ തിരഞ്ഞെടുത്തത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ എതിരാളി ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഓസ്ട്രേലിയ മൂന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചതോടെ, നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് ഇനി നടക്കാനിരിക്കുന്നത്. 8 വീതം മത്സരങ്ങൾ കളിച്ച് 8 പോയിന്റ് നേടിയ മൂന്ന് ടീമുകളാണുള്ളത്. ന്യൂസിലൻഡും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് ഈ ടീമുകൾ.
New Zealand’s semi-final aspirations clash with Sri Lanka’s Champions Trophy qualification hopes 🏏#CWC23 | #NZvSL pic.twitter.com/J2WwEjwHJq
— ICC Cricket World Cup (@cricketworldcup) November 9, 2023
നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ഇപ്പോൾ ന്യൂസിലൻഡാണ് (+0.398) നാലാം സ്ഥാനത്തുള്ളത്. 8 പോയിന്റുള്ള പാക്കിസ്ഥാൻ (+0.036) അഞ്ചാം സ്ഥാനത്തും, ഇതേ പോയിൻ്റുള്ള അഫ്ഗാനിസ്ഥാൻ (-0.338) ആറാം സ്ഥാനത്തുമാണുള്ളത്. അടുത്ത മത്സരത്തിൽ മൂന്ന് ടീമുകൾക്കും മികച്ച മാർജിനിൽ ജയിക്കണം എന്ന നിലയാണ് ഇപ്പോഴുള്ളത്. അടുത്ത മത്സരം ജയിച്ചാൽ ന്യൂസിലൻഡിനാണ് സാധ്യതയേറെ. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റാണ് വ്യാഴാഴ്ച ശ്രീലങ്കയെ നേരിടാൻ കീവീസ് ടീമെത്തുന്നത്. അവർ വിജയവഴിയിൽ തിരിച്ചെത്തരുതേയെന്നാണ് മറ്റു രണ്ട് ടീമുകളും പ്രാർത്ഥിക്കുന്നത്.
🚨 NEWS 🚨
Final set of tickets for ICC Men’s World Cup 2023 knockouts to go live today 🎫
Details 🔽 #CWC23 https://t.co/xsr5GWWPMm
— BCCI (@BCCI) November 9, 2023
ന്യൂസിലൻഡും പാക്കിസ്ഥാനും തോൽക്കാൻ പ്രാർത്ഥിക്കുകയാണ് ടൂർണമെന്റിലെ കറുത്തകുതിരകളായ അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാന്റെ അപ്രതീക്ഷിത കുതിപ്പാണ് അവസാന നാലിലേക്കുള്ള പോരാട്ടങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയത്. അവസാന മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് റാഷിദ് ഖാന്റേയും കൂട്ടരുടേയും എതിരാളികൾ.
അതേസമയം, വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് കളമൊരുങ്ങണമെങ്കിൽ, ന്യൂസിലൻഡും അഫ്ഗാനും തോൽക്കുകയും പാക്കിസ്ഥാൻ ജയിക്കുകയും വേണം. അങ്ങനെയെങ്കിൽ ലോകകപ്പ് ആവേശം പതിന്മടങ്ങ് വർധിക്കുമെന്നുറപ്പാണ്. ലോക ക്രിക്കറ്റിലെ ചിരകാലവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ടൂർണമെന്റുകളിൽ ഏറ്റുമുട്ടുമ്പോൾ ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ എണ്ണവും കുതിച്ചുയരുന്നത് ഇതിന് തെളിവാണ്. നവംബർ 11ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇംഗ്ലണ്ടിനെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.
Read More Related Sports News Here