നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വ്യാജ വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അപകടകരവും ആഘാതവുമുണ്ടാക്കാൻ കഴിവുള്ളതുമായ പുതിയ രീതിയാണ് ഡീപ്പ് ഫേക്കുകളെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ഐടി നിയമങ്ങളനുസരിച്ച് വ്യാജ പ്രചരണങ്ങൾക്കെതിരെ കൈകൊള്ളേണ്ട നിയമപരമായ ബാധ്യതകളെക്കുറിച്ചും മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഓർമ്മിപ്പിച്ചു.
ഒരു ഉപയോക്താവും തെറ്റായ വിവരങ്ങൾ പോസ്റ്റുചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സാമൂഹ്യമാധ്യമങ്ങളുടെ നിയമപരമായ ബാധ്യതയാണെന്നും ഏതെങ്കിലും ഉപയോക്താവോ സർക്കാരോ റിപ്പോർട്ട് ചെയ്താൽ 36 മണിക്കൂറിനുള്ളിൽ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. “സാമൂഹ്യമാധ്യമങ്ങൾ ഇത് പാലിക്കുന്നില്ലെങ്കിൽ, റൂൾ 7 ബാധകമാകും, കൂടാതെ ഐപിസിയുടെ വകുപ്പുകൾ പ്രകാരം ആക്രമിക്കപ്പെട്ട വ്യക്തിക്ക് അതാത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കോടതിയെ സമീപിക്കാനും സാധിക്കും,” ചന്ദ്രശേഖർ പറഞ്ഞു.
PM @narendramodi ji’s Govt is committed to ensuring Safety and Trust of all DigitalNagriks using Internet
Under the IT rules notified in April, 2023 – it is a legal obligation for platforms to
➡️ensure no misinformation is posted by any user AND
➡️ensure that when reported by… https://t.co/IlLlKEOjtd
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) November 6, 2023
ശരിക്കും വേദനയോടെയാണ് ഓൺലൈനിൽ പ്രചരിക്കുന്ന തന്റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കുന്നതെന്നും ഇതുപോലുള്ള പേടിപ്പിക്കുന്ന ദുരവസ്ഥകൾ തനിക്കു മാത്രമല്ല, നമ്മളിൽ ഓരോരുത്തർക്കും അങ്ങേയറ്റം ഭയാനകമാണെന്നും രശ്മിക ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. ഇത്തരത്തില്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും രശ്മിക പങ്കുവച്ചു.
ബ്രിട്ടീഷ്-ഇന്ത്യൻ ഇൻഫ്ലുവൻസറായ സാറ പട്ടേലിന്റെ മുഖമാണ് ഡീപ്പ് ഫേക്ക് ഉപയോഗിച്ച് രശ്മിക മന്ദാനയുടേതായി മാറ്റം വരുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്, ഇൻസ്റ്റഗ്രാമിൽ നാലു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറാണ് സാറ പട്ടേൽ.
രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ഗുഡ്‌ബൈയിൽ സഹതാരമായി അഭിനയിച്ച അമിതാഭ് ബച്ചൻ വീഡിയോ പങ്കിടുകയും നിലവിൽ വരേണ്ട നിയമ നടപടികളുടെ ആവശ്യകതകൾ ഉയർത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
yes this is a strong case for legal https://t.co/wHJl7PSYPN
— Amitabh Bachchan (@SrBachchan) November 5, 2023
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയിൽ ഒരാളുടെ മുഖമോ രൂപമോ ശബ്ദമോ മാറ്റുന്നതാണ് ഡീപ് ഫേക്ക്. മെഷീൻ ലേണിംഗ് മോഡലുകളിലൂടെ, ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ വീഡിയോകൾക്കും ചിത്രങ്ങൾക്കും മാറ്റം വരുത്തുന്നത്. അടുത്തകാലത്തായി സിനിമാ താരങ്ങളുടേയും സോഷ്യല്‍ മീഡിയാ സെലിബ്രിറ്റികളുടെയും നഗ്ന, അര്‍ധനഗ്ന ഡീപ്പ് ഫേക്ക് ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ മലയാളികളുടെ ചലച്ചിത്ര രംഗങ്ങളുടേതടക്കം ഡീപ്പ് ഫേക്കുകള്‍ ഇത്തരത്തില്‍ പങ്കുവെക്കപ്പെടുന്നുണ്ട്.