എന്റെ അമ്മയ്ക്ക് 88 വയസ്സ്. വരാന്തയിലെ സെറ്റിയിൽ പുറത്തേക്കു നോക്കി അമ്മ വെറുതേ ഇരിക്കുന്നു. “ഞാൻ പലതും മറന്നുപോകുന്നു” എന്ന് പരാതി പറയുമ്പോഴും ഞാൻ തിരിച്ചറിയുന്നു, എന്നെക്കാൾ ഓർമ്മശക്തി അമ്മയ്ക്ക് ഉണ്ടെന്ന്. എത്ര പ്രാവശ്യം വീണിട്ടും, ആരോഗ്യപ്രശ്നങ്ങൾ പലതുണ്ടെങ്കിലും, അതൊക്കെ അതിജീവിച്ച് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ മെല്ലെ നടന്ന് അമ്മ സ്വന്തം കാര്യങ്ങളൊക്കെ നോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു അത് ഒരു അനുഗ്രഹമാണെന്ന്. വീട്ടിലേക്കുവരുന്ന സന്ദർശകർ, നിറഞ്ഞ ചിരിയുമായി അവരെ സ്വീകരിക്കുന്ന ഈ അമ്മൂമ്മയാണ് വീടിന്റെ ഐശ്വര്യം എന്ന് പറയുമ്പോൾ അത് എത്രയോ ശരി എന്ന് ഞാൻ മനസ്സിൽ പറയുന്നു.
കുട്ടിക്കാലത്ത് ഞാൻ അച്ഛൻ കുട്ടിയായിരുന്നു. എന്നെ മനസ്സിലാക്കിയതും പ്രോത്സാഹനം തന്നതുമൊക്കെ അച്ഛൻ മാത്രമായിരുന്നു. തനി യാഥാസ്ഥിതികമായ സ്വന്തം കുടുംബത്തിന്റെ ചിട്ടവട്ടങ്ങൾക്കും വിശ്വാസങ്ങൾക്കും അടിമയായിരുന്നു അമ്മ. പെൺകുട്ടികളെ ഭർത്താവിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി ജീവിക്കാനും അവന്റെ അടുക്കളയിൽ പാചകം ചെയ്തും പാത്രങ്ങൾ കഴുകിയും ജീവിതം കഴിച്ചുകൂട്ടാനും പരിശീലിപ്പിക്കണം എന്നതായിരുന്നു അമ്മയുടെ കുടുംബത്തിന്റെ വിശ്വാസസംഹിത. അതിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് എന്നെ രക്ഷിച്ചെടുത്തതും, ഇന്നത്തെ പ്രൊഫസർ ചന്ദ്രികാബാലനും ചന്ദ്രമതിയും ഒക്കെയാക്കിയതും അച്ഛനായിരുന്നു. ഭർത്താവിനെക്കാൾ സ്വന്തം സഹോദരന്മാരെ സ്നേഹിച്ചവളായിരുന്നു എന്റെയമ്മ. അതുകൊണ്ടുതന്നെ അച്ഛനെ അമിതമായി ആരാധിച്ചിരുന്ന എനിക്ക് അമ്മയുടേതിൽനിന്ന് വ്യത്യസ്തമായ വേവ് ലെങ്ത് ആയിരുന്നു.
എന്നാൽ, അമ്മ കടന്നുവന്ന അഗ്നിപഥങ്ങളെക്കുറിച്ച് കുട്ടിക്കാലത്തുതന്നെ എനിക്കറിയാമായിരുന്നു. ഭഗവതി അമ്മ എന്ന് ഔദ്യോഗിക നാമവും തങ്കം എന്ന് വിളിപ്പേരുമുള്ള എന്റെയമ്മ രണ്ട് ആൺകുട്ടികൾക്ക് ശേഷം ജനിച്ച പെണ്ണ് ആയതുകൊണ്ട് ഒരുപാട് വാത്സല്യത്തിൽ വളർന്നു. പക്ഷേ, വാത്സല്യമുണ്ടായിരുന്നെങ്കിലും അമ്മൂമ്മ വീട്ടുജോലികൾ പഠിപ്പിക്കുന്നതിൽ നിന്ന് ഒരു ഒഴിവും നൽകിയില്ല. ഒൻപതാമത്തെ വയസ്സിൽ അമ്മിക്കല്ലിൽ ചമ്മന്തി അരയ്ക്കാൻ പഠിപ്പിച്ചതിനെ കുറിച്ച് അമ്മ പറയാറുണ്ട്. ” അന്ന് തുടങ്ങിയ ജോലിയാണ്, ഇന്നും അത് തന്നെ” എന്ന് ചിലപ്പോഴൊക്കെ ആവലാതിപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്.
വിദ്യാഭ്യാസം ഏഴാം ക്ലാസ്സിൽ അവസാനിച്ചു. കൂടെ പഠിച്ചവർ ടൗണിൽ പോയി പഠിത്തം തുടർന്നപ്പോൾ പെൺകുട്ടികൾ ദൂരെ പോകുന്നത് കല്യാണം കഴിഞ്ഞുമാത്രം എന്ന് വിശ്വസിച്ചിരുന്ന കുടുംബം അമ്മയെ അതിന് അനുവദിച്ചില്ല. ഡോ. വെള്ളായണി അർജുനനും വെള്ളായണിയിൽ ഒരു വലിയ ആയുർവേദ ചികിത്സാസ്ഥാപനം തുടങ്ങിയ ഡോ. പദ്മനാഭനുമൊക്കെ തന്റെ സഹപാഠികൾ ആയിരുന്നുവെന്ന് അമ്മ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഞാനതിന്റെ മറുവശത്തേക്കാണ് നോക്കുക. പഠിത്തം തുടരാൻ അനുവദിച്ചിരുന്നെങ്കിൽ എന്റെ അമ്മയും ഒരുപക്ഷെ…
അമ്മയുടെ ഭാഗധേയം മറ്റൊന്നായിരുന്നു. പതിനാറാമത്തെ വയസ്സിൽ തന്നെക്കാൾ 12 വയസ്സ് കൂടുതലുള്ള വരനെ സ്വീകരിച്ചു. ഒരു വലിയ കൂട്ടുകുടുംബത്തിലേക്ക് നവവധുവായി കയറിച്ചെന്ന അമ്മയെ കാത്തിരുന്നത് അടുക്കള ജോലിയും വൃദ്ധപരിപാലനവും ആയിരുന്നു. ഏഴ് തവണ അബോർഷൻ. ഞാൻ മാത്രം എങ്ങനെയോ രക്ഷപ്പെട്ടു വന്നു. പക്ഷേ അപ്പോഴേക്കും ഒരുപാട് രക്തം നഷ്ടപ്പെട്ട അമ്മയ്ക്ക് ക്ഷയം ബാധിച്ചിരുന്നു. ഇന്നത്തെ കാൻസർ പോലെയായിരുന്നു അന്നത്തെ ക്ഷയം. ചെലവേറിയ ചികിത്സ. രക്ഷപ്പെടാനുള്ള ചാൻസ് കുറവ്. ക്ഷയം പകരും എന്നുള്ളത് കൊണ്ട് കുഞ്ഞായിരുന്ന ഞാൻ അമ്മയിൽ നിന്ന് അകറ്റപ്പെട്ടു. എന്നെ ഒന്ന് എടുക്കാനും ലാളിക്കാനും ഒരുപാട് കൊതിച്ചിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷേ അകലെനിന്ന് കാണാൻ മാത്രമായിരുന്നു വിധി.
ആ കാലമൊന്നും എനിക്ക് ഓർമ്മയില്ല. ഞാൻ കാണുന്ന അമ്മ ആരോഗ്യവതിയായിരുന്നു. വെളുത്തു തുടുത്ത് ഐശ്വര്യമുള്ള മുഖത്തോടു കൂടിയ അമ്മ. തികഞ്ഞ അധ്വാനശീല. വീട്ടിനകത്തും പുറത്തും അമ്മ നന്നായി പണിയെടുക്കുമായിരുന്നു. വെള്ളായണിയിൽ നിന്നു കൊണ്ടുവരുന്ന നെല്ല് വലിയ ചെമ്പ്കുട്ടകത്തിൽ പുഴുങ്ങുന്നതും വീട്ടിനു മുകളിലെ തുറന്ന ടെറസിൽ ഉണക്കിയെടുക്കുന്നതും രുചികരമായ ആഹാരസാധനങ്ങൾ ഉണ്ടാക്കുന്നതും ഒക്കെ നല്ല ഓർമ്മകൾ.
ജീവിതത്തിൽ ഇന്നുവരെ ഇറച്ചി കഴിച്ചിട്ടില്ലാത്ത അമ്മ അച്ഛനുവേണ്ടി സ്വാദിഷ്ഠമായ കോഴിക്കറി ഉണ്ടാക്കുമായിരുന്നു. അതിന്റെ ഉപ്പു പോലും അമ്മ നോക്കുകയില്ലായിരുന്നെങ്കിലും പെർഫെക്ട് എന്ന് പറഞ്ഞ് അച്ഛൻ തോളിൽ തട്ടി അഭിനന്ദിക്കുന്നത് എനിക്ക് ഓർമ്മയുണ്ട്. അമ്മയുടെ പാചകത്തെ അമൃതായി വാഴ്ത്തിയിരുന്ന കൂട്ടുകാരികൾ ആയിരുന്നു എന്റേത്. അമ്മ വളർത്തിയിരുന്ന പശുക്കളും പട്ടികളും കോഴികളും പൂച്ചകളും എല്ലാം കൂടി വീടിനെ എന്റെ സുഹൃത്തുക്കൾക്ക് സ്വർഗ്ഗതുല്യമാക്കി.
ഞങ്ങൾക്കിടയിൽ അപസ്വരമായി വന്നത് അമ്മയ്ക്ക് മൂത്തസഹോദരനോടുള്ള അമിത വിധേയത്വവും എന്റെ സ്വതന്ത്ര ചിന്താഗതിയും ആയിരുന്നു. സഹോദരങ്ങൾ ഇല്ലാതിരുന്ന എനിക്ക് സമയം പോകാനുള്ള വഴി അച്ഛന്റെ പുസ്തകശേഖരമായിരുന്നു. പ്രായത്തിൽ കവിഞ്ഞ വായന ചിന്തകളെ സ്വാധീനിക്കുമല്ലോ. എന്റെ വായനയേയും എഴുത്തിനെയും അമ്മ സംശയത്തോടെ നോക്കി. “പെണ്ണ് ചീത്തയായിപ്പോകും, പറഞ്ഞേക്കാം…” എന്ന ബന്ധുക്കളുടെ ശാസനയും ഇതിന് കാരണമായി. ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നതും യാഥാസ്ഥിതിക അഭിപ്രായങ്ങളെ എതിർക്കുന്നതും അമ്മ നിഷേധമായി കണ്ടു. വലിയമാമൻ വീട്ടിൽ വരുമ്പോൾ പരാതികൾ നിരത്തി എന്നെ തല്ലിക്കുന്നത് സ്ഥിരം പതിവാക്കി.
മനസ്സിൽ അങ്ങനെ അസ്വാരസ്യം ഉണ്ടായെങ്കിലും എവിടെ നിന്നും അമ്മയുടെ സ്തുതികൾ മാത്രം എന്നെ തേടി വന്നു. അമ്മയുടെ സഹായം കിട്ടിയവർ ജീവിതത്തിൽ ഉയരുമ്പോൾ അമ്മയെക്കാണാൻ വന്നു. ഭാഗ്യമാണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് എന്ന് അവർ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ ചിന്താക്കുഴപ്പത്തിലായി.
ശരിക്കും ഞാൻ അമ്മയോട് അടുത്തത് സ്വയം ഒരു അമ്മയായിക്കഴിഞ്ഞപ്പോൾ മാത്രമാണ്. അപ്പോൾ മാത്രമാണ് ഒരമ്മ തന്റെ കുഞ്ഞിനെ ചുമക്കുമ്പോഴും അത് പുറത്തുവന്നു കഴിയുമ്പോഴും എത്ര സ്നേഹത്തോടെയാണ് കാത്തിരിക്കുന്നതും പരിചരിക്കുന്നതും എന്ന് മനസ്സിലായത്.
കാൻസർ ബാധിച്ച്, ഞണ്ടുകളുടെ ആക്രമണത്തിൽ എന്റെ ശരീരവും മനസ്സും തകർന്നപ്പോഴും അമ്മ പരിചാരികയുടെയും നേഴ്സിന്റെയും റോളിൽ കൂടെ നിന്നു. ആഹാരം കഴിക്കാനാകാതെ ഞാൻ വിഷമിക്കുമ്പോൾ അമ്മ തന്റെ പാചകനൈപുണ്യമെല്ലാം പുറത്തെടുത്ത് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി നിർബന്ധിച്ചും വഴക്ക് പറഞ്ഞും ചിലപ്പോൾ കരഞ്ഞും, കഴിപ്പിച്ച്, ജീവൻ നിലനിർത്തി. ഈ അമ്മയോടാണല്ലോ ചെറുപ്പത്തിന്റെ ധാർഷ്ട്യത്തിൽ വെറുതെ വഴക്കടിച്ചത് എന്നോർത്ത് ഞാൻ അന്ന് പശ്ചാത്തപിച്ചു.
ഇന്ന്, എന്റെ മക്കൾ ചെറുകൂടുകൾ ചമച്ച് അകന്നു പോയിക്കഴിഞ്ഞു. അമ്മയുടെയും എന്റെയും ജീവിതപങ്കാളികളും പോയ്മറഞ്ഞു. ഞങ്ങൾ രണ്ടുപേരും ജീവിത സായന്തന വേളയിൽ കായലും പച്ചമരങ്ങളും അതിരിടുന്ന ‘ചന്ദ്രദീപം’ എന്ന ഈ വീട്ടിൽ ഒറ്റയ്ക്കായി. തന്റെ ഏകാന്തതയെ മറന്ന് അമ്മ എന്നോട് പറയാറുണ്ട്, “നീ പഴയതുപോലെ കഥയെഴുതണം, മീറ്റിങ്ങുകൾക്ക് പോകണം, വിളിക്കുന്നവരോടൊക്കെ ഞാൻ എങ്ങും വരില്ല, ഇനി ഒന്നിനും പോകുന്നില്ല എന്നിങ്ങനെ പറയരുത്, അച്ഛനും ബാലനും നിന്നെക്കുറിച്ച് ഇങ്ങനെയല്ലല്ലോ വിചാരിച്ചത്.”
ബാലേട്ടനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച അമ്മയെ ആ മരണം വല്ലാതെ തളർത്തിയെങ്കിലും വിഷാദത്തിൽ നിന്ന് എന്നെ കരകയറ്റുവാനായി അമ്മ അതിനെ അതിജീവിച്ചു. ഇന്നും ചിലപ്പോഴൊക്കെ അച്ഛന്റെയും ബാലേട്ടന്റെയും പടങ്ങളിൽ മാറി മാറി നോക്കി രഹസ്യമായി കരയുന്ന അമ്മയെ കാണാറുണ്ട്. അപ്പോഴൊക്കെ ഒന്നും മിണ്ടാതെ കണ്ണീരടക്കി ഞാൻ മാറിപ്പോകാറാണ് പതിവ്.
മിഴികളിൽ ശൂന്യതയുമായി ചിലപ്പോഴൊക്കെ അമ്മ വിദൂരതയിലേക്ക് നോക്കിയിരിക്കും , മണിക്കൂറുകളോളം. അത് കാണുമ്പോൾ, മനസ്സ് വല്ലാതെ കലങ്ങിമറിയാറുണ്ട്. വയസ്സുകാലത്ത് ഒറ്റപ്പെട്ടുപോകുന്നതിന്റെ വേദന അനുഭവിച്ചവർക്കേ മനസ്സിലാവു. ബാലേട്ടനുള്ളപ്പോൾ ഞാനെന്ന പോലെ, അച്ഛനുള്ളപ്പോൾ അമ്മയും സകല സൗഭാഗ്യങ്ങളും ആസ്വദിച്ചിരുന്നു.
അച്ഛന്റെ ഔദ്യോഗിക യാത്രകളിൽ സ്ഥിരം കൂടെപ്പോയി അവിടെയുള്ള അമ്പലങ്ങളിലെല്ലാം തൊഴുന്നതും കാഴ്ചകൾ കാണുന്നതും അമ്മക്ക് പതിവായിരുന്നു. അച്ഛൻ വിരമിച്ചതിനുശേഷം എല്ലാ മലയാളസിനിമകളും അച്ഛനോടൊപ്പം പോയി കാണുകയായിരുന്നു ഹോബി. ഇപ്പോൾ നടക്കാനും പ്രയാസമായി, ആകെ ഒറ്റപ്പെട്ട്, അതുപോലെ ഒറ്റപ്പെട്ടുപോയ മകളോടൊപ്പം…
ഈ പരസ്പര ബന്ധനത്തിൽ ഞങ്ങളിൽ ആര് ആദ്യം പോയാലും മറ്റേയാളുടെ ജീവിതം ജീവിതമല്ലാതാകും. പരസ്പരം ഊന്നുവടികളായി ദിവസങ്ങൾ തള്ളിനീക്കുകയാണല്ലോ ഞങ്ങൾ. ജീവിതത്തിന്റെ അവസാന റീലിൽ എന്താണ് ഷൂട്ട് ചെയ്തുവച്ചിരിക്കുന്നതെന്ന് സംവിധായകന് മാത്രമല്ലേ അറിയൂ.