കടുത്ത വേനലിനെ നനയിച്ചുകൊണ്ട് ആദ്യ മഴ പെയ്യുമ്പോൾ ഞാൻ ആറ്റിൽ മുങ്ങി നിവരുകയായിരുന്നു. ചുറ്റും നീർക്കുമിളകൾ തലയിൽ ദേഹത്ത് മഴത്തുള്ളികൾ നേരിയ നോവുണ്ടാക്കി. കുമിളകളെ കയ്യിൽ ഒതുക്കാൻ ആയി കൈകൾ നീട്ടിയപ്പോഴേക്കും അവ പൊട്ടി മാഞ്ഞു അന്നേരം ക്ലാസിൽ എവിടെയോ പഠിച്ച നീർക്കുമിള പോലെയാണ് ജീവിതമെന്ന പാഠത്തെ ഓർത്തു. എത്ര ക്ഷണികമാണ് ഒരു നീർത്തുള്ളിയുടെ ജീവിതം കൈനീട്ടുമ്പോഴേക്കും അത് ആറ്റിൽ ലയിച്ചു കഴിഞ്ഞിരിക്കുന്നു.
മഴയോളം കാല്പനികമായ ഒരു ഋതുവുമില്ല ഭൂമിയിൽ… പക്ഷേ പരിധി കടന്നാൽ മഴയോളം രൗദ്രസ്വഭാവിയുമില്ല. എന്നിട്ടും നമ്മൾ മഴയെ ഇഷ്ടപ്പെടുന്നു, ആർദ്രമാകുന്നു, മഴയുടെ ഓരോ തുള്ളിയെയും മനസ്സിലേക്ക് ആവാഹിക്കുന്നു. പതിഞ്ഞ താളത്തിൽ വന്ന മഴ ഇലകളെ നനയ്ക്കുന്നു. ഇലത്തുമ്പുകളിൽ ഒരായിരം സൂര്യന്മാർ ഒരുമിച്ചുദിക്കുന്നു. നനഞ്ഞ പ്രകൃതിയോളം ഭംഗി മറ്റൊന്നിനുമില്ലെന്നു തോന്നാറുണ്ട്. നനവിൽ വെയിൽ പടരുമ്പോൾ, മഴ തോർന്ന നേരം കോടമഞ്ഞിറങ്ങുമ്പോൾ, നേർത്ത മഴയുടെ സംഗീതം, ഇഷ്ടമുള്ളവരോടൊപ്പമുള്ള മഴ നനയൽ, കുട പങ്കിടൽ… എല്ലാം കാല്പനികതയെ ഉണർത്തുന്നു.
വണ്ണാത്തി പൂച്ചികളായിരുന്നു ഞങ്ങൾക്ക് മഴ കൊണ്ടുവന്നത്. പെയ്യാൻ മടിച്ചുനിന്ന മഴമേഘങ്ങൾക്ക് താഴെ ആറ്റക്കിളികൾ വയലുകളെ ലക്ഷ്യമാക്കി പാഞ്ഞു. എന്നാൽ ഞങ്ങൾക്ക് ചുറ്റും വണ്ണാത്തി പൂച്ചികളായിരുന്നു. ഞങ്ങൾ കുട്ടികൾ അവയ്ക്കു പുറകെ ഓടി നടന്നു. ചുറ്റും ചുവപ്പും കറുപ്പും മഞ്ഞയും കറുപ്പും വെളുപ്പും ഇടകലർന്ന വണ്ണാത്തി പൂച്ചികൾക്ക് പുറകെ നൂലുമായി ഞങ്ങൾ ഓടി നടന്നു. വാലിൽ നൂലുകെട്ടി പറത്തണം, കല്ലെടിപ്പിക്കണം. കൂട്ടുകാരിൽ ചിലർക്ക് ഓരോ ചിറകുമറുത്തു മാറ്റി വെള്ളക്കോലനിറച്ചി കണ്ടു രസിക്കണം! നൂൽമഴയും മഞ്ഞും തിരിച്ചറിയാനാകാതെ പ്രകൃതി ചിലപ്പോൾ കൺകെട്ട് വിദ്യ കാണിച്ചിരുന്നു.
കുട്ടിക്കാലം കടന്നുപോയത് ഇടുക്കി ജില്ലയിലെ ദേവിയാർ കോളനിയിലും മറയൂരുമായിരുന്നു. രണ്ടിടത്തും രണ്ടുതരം മഴകൾ, കാലാവസ്ഥകൾ.
കരിമ്പുകാടുകൾ രുദ്ര സംഗീതം പൊഴിക്കുന്ന ചന്ദന സുഗന്ധം ഏറ്റു നിൽക്കുന്ന താഴ്വരയായിരുന്നു മറയൂർ. മഴ മിക്കവാറും മലമുകളിൽ പെയ്യുന്നു. നീർച്ചാൽ വഴി പുതച്ചിക്കനാലിലൂടെ താഴ്വരയെ നനയ്ക്കുന്ന അത്ഭുതം! താഴ്വര മഴനിഴൽ സ്പർശത്തിൽ ആയിരിക്കുമപ്പോൾ. വെയിൽ പരക്കാതെ കനത്ത മഴമേഘങ്ങൾക്ക് കീഴെ താഴ്വര ദിവസങ്ങളോളം മൂകമായി നിൽക്കും. ചിലനേരം നിർത്താതെ നൂൽമഴയായി പെയ്തിറങ്ങും. മറയൂരിലെ മഴയ്ക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. പെയ്താൽ നൂൽമഴ ഇല്ലെങ്കിൽ മൂടിപ്പുതച്ച് നിൽപ്പ്. അപൂർവ്വമായിരുന്നു ശക്തിയായ മഴ.
ശക്തിയായ മഴയുള്ളപ്പോൾ താഴ്വരയെ നനച്ചൊഴുകുന്ന പാമ്പാർ കരകവിയും.
മാനത്ത് ഓരോ ദിവസവും പെയ്യാൻ കൊതിച്ചു നിന്ന മഴമേഘങ്ങൾ ആർത്തു പെയ്യുകയാണ്. ഇലത്തുമ്പുകൾ കൂനി വിറയ്ക്കുന്നു. മുറ്റത്ത് തളംകെട്ടിയ കലക്കവെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ചെറുകമ്പുകൾ… ഇന്നലെ മൊട്ടിട്ടു വിരിഞ്ഞ പൂക്കളുടെ ഇതളുകൾ. അവയ്ക്കൊപ്പം നീന്തിത്തുടിക്കാനും ശ്വാസം മുട്ടി മരിക്കാനും വെമ്പുന്ന ഇരുവാലനുറമ്പും പേരറിയാത്ത ചെറു ജീവികളും.
കരിമ്പോലകളിൽ ആഞ്ഞടിക്കുന്ന കാറ്റും പേമാരിയും. ശക്തമായ കാറ്റ് അയൽവീട്ടിലെ അരണമരങ്ങളെ വില്ലുകളാക്കി, ഓലത്തലപ്പുകൾ മണ്ണിനെ ചുംബിച്ചുയർന്നു.
കുട്ടിക്കാലത്ത്, മഴ ചോർന്നൊലിക്കുന്ന പുല്ലു വീട്. മഴവെള്ളം കുടിച്ച മൺകട്ടകൾ. പറമ്പിൽ എവിടെയും ഉറവകൾ. ഉറവകൾ ചേർന്ന് കൈത്തോടുകൾ. തെന്നിക്കിടക്കുന്ന പാറയിലൂടെ മുകളിലേക്ക് നടത്തം. സാഹസമാണ്. എന്നിട്ടും കടുംവയലറ്റ് പാറപ്പച്ചയുടെ മാംസളമായ ഇല പൊട്ടിച്ച് വെള്ളം തെറിപ്പിക്കുന്നു. പാറയിലേക്ക് ഞാന്ന് കിടക്കുന്ന കണ്ണിത്തുള്ളികൾ പൊട്ടിച്ച് നാവിൽ, കണ്ണിൽ വെച്ച് തണുപ്പറ്റിയുന്നു.
ആദ്യമഴ പുല്ലുമേഞ്ഞ വീടിന്റെ ഇറവാലിൽ നിന്നു വീഴുന്ന വെള്ളത്തിൽ വർണ്ണപ്രപഞ്ചം തീർക്കുന്നു.
പുൽമേച്ചിലിൽ നിന്ന് വീഴുന്ന മഴത്തുള്ളിക്ക് മഞ്ഞയും തവിട്ടും വകഭേദങ്ങളായിരുന്നു. അടുക്കള വശത്താണെങ്കിൽ ചുവപ്പിൽ നിന്ന് കടും നിറങ്ങളിലേക്ക്. വർണ്ണമഴ കണ്ട് ഞങ്ങളന്ന് പേടിച്ചിരുന്നില്ല.
വേനലിൽ പുക പിടിച്ച അടുക്കള വശത്തെ മേച്ചിൽ പുല്ല്, മറ്റുളളിടം സൂര്യ വെളിച്ചത്തിൽ പൊട്ടിയും അടർന്നും തപിച്ചു നിന്നിരുന്നു. അതിനു മേലെക്കാണ് മഴ വന്നു പതിച്ചത്.
എത്ര കൊടിയ വേനലിലും ആദ്യമഴയിലെ വെള്ളം ശേഖരിച്ചിരുന്നില്ല. മഴ തോർന്നയുടൻ കലവുമെടുത്ത് ആറ്റിറമ്പിലെ ഓലിയിലേക്ക് പോയി. പിന്നെപ്പിന്നെ മഴ ശക്തിയായി തുടങ്ങുമ്പോൾ പറമ്പിലെ ഓലിയിൽ വെള്ളം നിറഞ്ഞു തുടങ്ങുന്നു. അടമഴക്കാലത്ത് ഓലിയിലേക്ക് പോകാനേ പറ്റില്ല. അപ്പോൾ മുറ്റത്തെ ചെന്തെങ്ങിൽ പ്രത്യേക രീതിയിൽ ഓല വെട്ടി കെട്ടിവയ്ക്കും. അതിലൂടെ ഒഴുകിയെത്തുന്ന വെള്ളമെടുത്താണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്. അടമഴയുടെ അപൂർവ ദിവസങ്ങളിൽ മാത്രമായിരുന്നു അത്.
സ്കൂളിൽ ചെല്ലുമ്പോൾ ടീച്ചർ ചോദിക്കുന്നു; പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലം ഏത്?
“മഴവെള്ളം” എന്ന കുട്ടികൾ ആർത്ത് ഉത്തരം പറയുന്നു.
വീട്ടിലെത്തുമ്പോൾ മഴക്കാലത്തും പറമ്പിന്റെ കിഴക്കേ മൂലയിലുള്ള ഓലിയിലേക്ക് വെള്ളമെടുക്കാൻ നടക്കുന്നു. മഴനനഞ്ഞു പോകുന്നു അപ്പോഴും. കുട്ടിയുടെ മനസ്സിൽ ചോദ്യം അവശേഷിക്കുന്നു.
“ഇക്കണ്ട മഴയെല്ലാം പെയ്തിറങ്ങിയിട്ടും ഇറവാലിൽ പാത്രം വെച്ചാൽ പോരെ?” “തെങ്ങിൻ ചുവട്ടിൽ പാത്രം വച്ചാൽ പോരെ?”
“അതു കൊള്ളില്ല” മുതിർന്നവർ പറയും.
പുറത്തിറങ്ങാൻ സാധിക്കാതെ വരുമ്പോൾ മാത്രമാണ് മഴ വെള്ളത്തെ ആശ്രയിക്കുന്നത്.
“നിവർത്തിയില്ലാഞ്ഞിട്ടാ” എന്ന മുറുമുറുപ്പ് കേൾക്കാം അകത്തുനിന്ന്.
മഴയ്ക്കായി ഞാൻ കാത്തിരുന്നിട്ടുണ്ട്. കുംഭത്തിലോ മീനത്തിലോ ആദ്യ മഴപെയ്യുമ്പോൾ മണ്ണിൽ പുതഞ്ഞ വിത്തായ വിത്തെല്ലാം മുളയ്ക്കുന്നു. തവിട്ടു നിറത്തിലേക്ക് മാറിക്കൊണ്ടിരുന്ന പ്രകൃതി ദ്രുതഗതിയിൽ പച്ച പുതയ്ക്കുന്നു. അന്നേരം ഞാനും ആകെ പൂത്തുലയുന്നു. ഊഷരമായി തുടങ്ങിയ എന്റെ ഹൃദയം നനവാർന്നു വരുന്നു. അവിടെയും വിത്തുകൾ മുളയ്ക്കുന്നു. ഇലകൾ നീട്ടി വള്ളികളായി പടർന്നു തുടങ്ങുന്നു. അവിടെ എന്നിൽ വാക്കുകൾ അനർഗളമായി പ്രവഹിക്കുന്നു.
ഹൈറേഞ്ചുകാരെ സംബന്ധിച്ച മഴ കാല്പനികമല്ല. അത് യാഥാർത്ഥ്യമാകുന്നു. ആദ്യത്തെ കുറച്ചു മഴ മാത്രമാണ് എന്നെ പോലും കാല്പനികവാദിയാക്കിയത്. പിന്നീട് യാഥാർത്ഥ്യവാദിയാക്കി തീർക്കും. തുടങ്ങിയാൽ പിന്നെ തോരാമഴയാണ്. പുറത്തിറങ്ങാൻ വയ്യ. ഉണങ്ങാത്ത തുണി, നനവാർന്ന വീടിനകം, കത്താത്ത വിറക്… വീട്ടിനുള്ളിൽ ചടഞ്ഞിരിക്കാൻ മാത്രം തോന്നും.
പേമാരിയുടെ വെള്ളപ്പൊക്കത്തിന്റെ മണ്ണിടിച്ചിലിന്റെ, ഉരുൾപ്പൊട്ടലിന്റെ ഇതൊന്നുമല്ലെങ്കിൽ പട്ടിണിയുടെ, അസുഖത്തിന്റെ, മരണത്തിന്റെയുമൊക്കെ വേഷം കെട്ടി വരും, മഴ.
ഞങ്ങളുടെ വീടും പറമ്പും കഴിഞ്ഞാൽ ഇരുവശത്തും കോളനികളാണ്. ഇരുപതുസെന്റ് കോളനിയും ലക്ഷംവീട് കോളനിയും. അവിടുള്ളവരൊന്നും കൃഷിക്കാരല്ല. കൂലിപ്പണിക്കാർ, ദുർബ്ബലർ. മഴ തുടങ്ങിയാൽ പണിയില്ല. ഇടവം തുടങ്ങുന്നതോടെ പലരും മുണ്ടുമുറുക്കി കെട്ടി തുടങ്ങും. കഞ്ഞിവെപ്പ് കുറയും. റേഷൻകിട്ടിയ ഇരുമ്പരി കുറച്ചെടുത്ത് സൂക്ഷിക്കാൻ തുടങ്ങും. മേടത്തിലും ഇടവത്തിലും ചക്കയും മാങ്ങയും ചക്കക്കുരുവുമായിരിക്കും പ്രധാന ആഹാരം. കുട്ടികളാണ് മുതിർന്നവരേക്കാൾ ഭേദം. അവർക്ക് കശുമാങ്ങ, ചാമ്പങ്ങ, മാമ്പഴം, പേരക്ക, കാട്ടിലേക്കുപോയാൽ പൂച്ചപ്പഴം, കൊങ്ങിണിക്ക, അങ്ങനെ പലതുമുണ്ടാകും. കുട്ടികൾ പൊതുവേ ഇങ്ങനെ ആഹാരകാര്യത്തിൽ സമ്പന്നരായിരിക്കും. പക്ഷേ, മഴക്കാലത്തെയോർത്ത് മുതിർന്നവർ മുണ്ടുമുറിക്കിയുടുക്കും.
ചക്കക്കുരു ഒരു കരുതലാണ്. ജലാംശമില്ലാതെ തോലുണങ്ങിയ ചക്കക്കുരു വീടിന്റെ മൂലയിൽ നനവില്ലാത്ത മണ്ണിൽ കുഴിച്ചിടും. നനവില്ലാത്തതുകൊണ്ട് ചക്കക്കുരു മുളക്കില്ല. അടുത്ത ചക്ക കാലം വരെ കേടൊന്നും വരില്ല.
അടുത്തത് കപ്പയാണ്. വലിയ കപ്പക്കാലകളിൽ കപ്പ പറിച്ചു കഴിഞ്ഞാൽ ശേഷിക്കുന്ന പൊടിക്കപ്പ പെറുക്കി അരിഞ്ഞുണങ്ങി വെക്കും -വാട്ടിയുണക്കും വെള്ളുണക്കുമായി. വെള്ളുണക്കുകപ്പ പൊടിച്ചാൽ പുട്ടുണ്ടാക്കാം. റബ്ബറുപോലുണ്ടാവും. തേങ്ങാ നല്ലോണം വേണം രുചിക്ക്. വാട്ടുണക്കു കപ്പ വേവിച്ച് പുഴുക്കാക്കുകയോ, ഉലർത്തുകയോ ചെയ്യാം. പക്ഷേ, അങ്ങനെ രുചിയായിട്ടു തിന്നാൻ പറ്റിയകാലമല്ല കർക്കിടകം. ചേർക്കേണ്ട തേങ്ങയും, വെളിച്ചെണ്ണയുമോർക്കുമ്പോൾ ചങ്കുപൊട്ടും.
അതിൽ ചേർക്കുന്ന തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കാശുണ്ടെങ്കിൽ ഇരുമ്പരി രണ്ടു കിലോ മേടിക്കാം. കൃഷിപ്പണിക്കു പോകുമ്പോൾ കിട്ടുന്ന മുതിര, പയർ, ഇങ്ങനെയൊക്കെ കരുതലുമായിരുന്നാലും വിശപ്പു കൂടും. കാട്ടുതാളും തകരയും കപ്ലങ്ങയും മൂക്കാത്ത ചേനയും ചേമ്പും വരെ പറിച്ചെടുക്കേണ്ടുവരും. ആകെക്കൂടി മഴക്കാലത്തു കിട്ടുന്നത്. ചൂണ്ടയിൽ കുരുങ്ങുന്ന മീനാണ്.
മിഥുനത്തിൽ തെളിഞ്ഞ വെയിലിൽ അയൽക്കാരി ഉമ്മുമ്മയുടെ വീട്ടിൽ കല്ലാറുകുട്ടിയിൽ നിന്ന് മകൾ വന്നു. മകളുടെ ആ വരവിന് പിന്നിലുണ്ടായിരുന്നത് കർക്കിടകത്തിൽ വിരുന്നു പോകുന്നത് ശരിയല്ലെന്നും മഴ കൂടിയാൽ പുഴ കടന്ന് അക്കരെ കടക്കാൻ സാധിക്കില്ല എന്നതുമായിരുന്നു. മഴ തുടങ്ങിയാൽ ആറിനിക്കരെ താമസിക്കുന്നവർക്ക് കിഴക്കോട്ടും പടിഞ്ഞാട്ടും അകലെയുള്ള പാലങ്ങൾ കടക്കണമായിരുന്നു അന്ന്. പുഴയിൽ വെള്ളം കൂടിയാൽ പാലങ്ങളിലേക്കെത്താൻ വഴിയില്ല. ആറ്റിറമ്പിലൂടെയുള്ള വഴി വെള്ളത്തിനടിയിലാവും.
ഇക്കാര്യങ്ങളൊക്കെ നന്നായിറിയാവുന്ന മദ്ധ്യവയസ്സു പിന്നിട്ട മകൾ മഴയ്ക്ക് മുമ്പേ ഉമ്മയെ കണ്ട് മടങ്ങാമെന്നു കരുതി. ഉമ്മുമ്മയുടെ പറമ്പിലാണെങ്കിൽ രണ്ടു തെങ്ങും ഒരു കൊക്കോമരവും മുറ്റത്ത് അഞ്ചാറ് തുളസിച്ചെടിയുമാണ് ആകെയുള്ളത്. മകൾക്ക് കല്ലാർകുട്ടിയിൽ നല്ല കാലമാണ്. നെല്ലും കാപ്പിയും മാവും പ്ലാവും കപ്പയും ചേമ്പും ചേനയും എല്ലാമുണ്ട്. പോന്നപ്പോൾ ചെറിയൊരു സഞ്ചിയിൽ കുറച്ച് ഉണക്കക്കപ്പ കരുതി അവർ.
എത്തുമ്പോൾ നല്ല വെയിലായിരുന്നു. ആറു കടന്ന് ഇക്കരെ കേറിയപ്പോൾ മാനമിരുണ്ടു. ഉമ്മയുടെ അടുത്തെത്തുമ്പോൾ മഴ ചാറി തുടങ്ങി. ഉമ്മുമ്മ മകളോട് പറഞ്ഞു. “ഏതായാലും മഴയല്ലേ.നേരം പെലന്നിട്ട് പോകാടീ”. മഴ ആർത്തലച്ചു പെയ്തുതുടങ്ങി..
ഇനിയെന്തായാലും നേരം വെളുത്തിട്ടു പോകാം.ഉമ്മാക്ക് സന്തോഷമാവട്ടെ. എന്ന് മകളും വിചാരിച്ചു. പക്ഷേ, മിഥുനത്തിൽ തുടങ്ങിയ മഴ കർക്കിടകത്തിലും തോർന്നില്ല. മുപ്പത്തിയൊമ്പതാം ദിവസമാണ് ഉമ്മൂമ്മയുടെ മകൾക്ക് മടങ്ങിപ്പോകാനായത്.
കോരിച്ചൊരിയുന്ന മഴ ഓരോ വർഷവും മണ്ണിടിച്ചിൽ ഉണ്ടാക്കി ഗതാഗതം സ്തംഭിപ്പിക്കുന്ന അവസ്ഥയുണ്ട് ഞങ്ങളുടെ നാട്ടിൽ. നേര്യമംഗലം റിസർവ് ഫോറസ്റ്റാണ് അവിടം. ദിവസങ്ങളോ മാസങ്ങളോ എടുക്കും പഴയ അവസ്ഥയിലെത്താൻ. അപ്പോഴൊക്കെ ഞാനോർക്കാറുണ്ട്, വികസനങ്ങളുടെ ഒരു ലോകത്തെപ്പറ്റി; മറുവശത്ത് പ്രകൃതിയുടെ മായാവിലാസങ്ങൾ. ഒരിക്കലും ഒരു റോഡ് നിർമ്മിക്കാൻ പറ്റിയ വഴിയല്ല ആ കാട് – ഉതിരൻ മണ്ണും കല്ലുകളും. അതിനെ കീറിമുറിച്ചുള്ള സഞ്ചാരം എളുപ്പമല്ല. നേര്യമംഗലത്തുനിന്ന് 20 കിലോമീറ്റർ അപ്പുറത്തുള്ള എന്റെ നാട്ടിലേക്ക് എത്തുമ്പോൾ കാലാവസ്ഥയുടെ നാലോ അഞ്ചോ വൈവിധ്യങ്ങൾ ഈ പ്രദേശത്തെ പ്രകൃതിയിൽ കാണാൻ സാധിക്കും. അത്രയേറെ പാരിസ്ഥിതിക പ്രാധാന്യമുള്ളതും എന്നാൽ ദുർബലവുമായ പ്രദേശമാണ് അവിടം. അപ്പോൾ ചിലനേരത്ത് മായാമോഹിനിയായ പ്രകൃതി ഉഗ്രരൂപിയാകുന്നു!
ഉഗ്രരൂപിയായി നിൽക്കുന്ന ഹൈറേഞ്ച് കാലങ്ങളിൽ മഴയെ സൗന്ദര്യവുമായി ചേർത്തുവയ്ക്കാൻ പ്രയാസപ്പെടുന്നു എന്റെ മനസ്സ്. അങ്ങനെയൊരു സൗന്ദര്യമുണ്ടെങ്കിൽ അത് മരണത്തിന്റെ സൗന്ദര്യമാണ്.
കുട്ടിക്കാലത്ത് സ്കൂളിൽ പോകുമ്പോൾ എനിക്ക് കുടയുണ്ടായിരുന്നെങ്കിലും കൂട്ടുകാരിൽ പലർക്കും കുടയുണ്ടായിരുന്നില്ല. സ്കൂൾ വിട്ടുവരുന്ന വഴി ചിലർ ചേമ്പില ചൂടി പോകുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോൾ നീളൻ വാഴയില. അപ്പോഴൊക്കെ അതുപോലെ ഇല ചൂടി പോകാൻ ഞാനും കൊതിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് അഭയാർത്ഥികളായി സ്കൂളിൽ പലരും എത്തുമ്പോൾ “ഞങ്ങളെന്തേ അഭയാർത്ഥികളാവാത്തത്” എന്ന് തോന്നിയിട്ടുണ്ട്. ചെറിയകുട്ടിയായിരിക്കുമ്പോൾ കൗതുകലോകത്താണ്, ഭാവനയുടെ ലോകമാണേറെ. യാഥാർത്ഥ്യത്തെപ്പറ്റി ബോധം വരുമ്പോൾ മുമ്പ് ചിന്തിച്ചതൊക്കെ ഏത് വികാരത്തിലായിരുന്നു എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.
ഞങ്ങൾ വളർന്നത് മഴയുടെയും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിന്റെയും കഥകൾ കേട്ടാണ്. ഉരുളെടുത്തത് എത്രയെത്ര ജീവനും വീടും പറമ്പുമാണ്. മഴയുടെ ഭംഗി മരണം പോലെ പേടിപ്പെടുത്തുന്നതായിരുന്നു. എന്നിട്ടും വെള്ളം പൊങ്ങുമ്പോൾ ആറ്റിറമ്പിലെ കുടിലുകളിലെ മനുഷ്യനല്ലാത്തതെല്ലാം ഒഴുകിപ്പോകുന്നത് നോക്കി നിൽക്കുമ്പോൾ ഏതു വികാരമായിരുന്നു? അഞ്ച് ആട്, മൂന്ന് പട്ടി, രണ്ട് മേൽക്കൂര എന്നൊക്കെ കരയിൽ നിന്ന് കണക്കെടുക്കുമ്പോൾ സങ്കടം പോലെ ആഹ്ലാദവും ഉണ്ടായിരുന്നെന്നോ? മനുഷ്യ ജീവനല്ലാത്തതെല്ലാം നഷ്ടപ്പെട്ട ആ മനുഷ്യരെ ഓർക്കാതെ, അവരുടെ സ്വപ്നങ്ങളുടെ എണ്ണമെടുക്കുന്നതിലെ സന്തോഷം ഇന്ന് എത്രമാത്രം എന്നെ സങ്കടപ്പെടുത്തുന്നുവെന്നോ.
മനുഷ്യൻ ഇങ്ങനെയൊക്കെയായിരിക്കണം. മനസ്സിനെ വിമലീകരിച്ച് യഥാർത്ഥ സംസ്കാരത്തിലേക്ക് പരിണമിക്കണമെങ്കിൽ ഇനിയും ഒരുപാട് കാതം നടത്തേണ്ടതുണ്ട് മാനവകുലത്തിന്.
ഞങ്ങളുടെ സഹപാഠികളിലേറെയും സ്കൂളിൽ വന്നത് ഉൾപ്രദേശങ്ങളിൽ നിന്നാണ്. അതുകൊണ്ട് പലരും ദീർഘദൂരം നടന്നാണ് എത്തിയിരുന്നത്. മഴക്കാലത്ത് സ്കൂളിൽ എത്തിയാലോ നനഞ്ഞ് നിൽക്കുന്നവർ. ബെഞ്ചിലിരിക്കാൻ മടിയാണ്. നനവുണങ്ങാതെ തണുത്തു വിറച്ചു നിൽക്കുന്നവർ. ചോരയും വെള്ളവും തളം കെട്ടി നിൽക്കുമവർക്കു ചുറ്റും!
65 വർഷത്തെ ചരിത്രമേയുള്ളൂ ഞങ്ങളുടെ നാടിന്. സ്കൂൾ, ആശുപത്രി തുടങ്ങിയവ ആറിന് അക്കരെയായിരുന്നത് കൊണ്ട് ആദ്യകാലത്ത് മഴക്കാലത്ത് സ്കൂളിൽ എത്താൻ പ്രയാസമായിരുന്നു. ചങ്ങാടത്തിലാണ് മഴക്കാലത്ത് അക്കരെ കടന്നത്. ചിലപ്പോൾ ചങ്ങാടം ഒഴുകിപ്പോവുകയോ തകർന്നു പോവുകയോ ചെയ്യുമായിരുന്നു. ഒരുതരത്തിൽ ആലോചിച്ചാൽ ഞാനടങ്ങുന്ന തലമുറയ്ക്ക് അത്രയൊന്നും ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടില്ല എന്നു തോന്നും. എന്റെ ആറാം ക്ലാസ് കാലത്ത് പാലം വന്നിരുന്നു. അതിനും അഞ്ചോ ആറോ കൊല്ലം മുമ്പ് സ്കൂളിൽ പോയിരുന്നവർ ഏറെ പ്രയാസത്തിലാണ് ഓരോ മഴക്കാലവും കടന്നുപോയത്. ഞങ്ങളുടെ നാടിനെ ഒരു സാംസ്കാരിക പ്രദേശമായി രൂപപ്പെടുത്തിയത് ഇവരെല്ലാം ചേർന്നാണ്.
മുമ്പ് എഴുതിയതോർക്കുന്നു. അതേ വരികൾ ഞാനിവിടെ കടമെടുക്കുന്നു.
ഇപ്പോൾ സമതലത്തിലിരിക്കുന്നവർ ആ വഴി പോയി വരുമ്പോൾ “ഹോ… പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്. മഴയത്ത് ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ” എന്ന് ആശങ്കപ്പെടാറുണ്ട്. “ആ മലമൂട്ടിൽ നിന്ന്, പാറയിടുക്കിൽ നിന്ന് നീ രക്ഷപെട്ടു…” എന്നു കേൾക്കുമ്പോൾ ഉള്ളിൽ സങ്കടം നിറയും.
എന്റെ അയൽക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്. സ്വപ്നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്. മഴക്കാറു കാണുമ്പോൾ പലായനം ചെയ്തവരല്ല ഞങ്ങൾ.
- പദ സൂചിക
വണ്ണാത്തിപ്പൂച്ചി: തുമ്പി
അടമഴ: അടഞ്ഞമഴ, പുറത്തിറങ്ങാൻ പറ്റാത്തവിധം ദിവസങ്ങൾ നില്ക്കുന്ന മഴ
ഓലി: നീരുറവ
ഇറവാൽ, ഇറവാതിൽ: പുല്ല് മേഞ്ഞ പുരപ്പുറങ്ങളുടെ അറ്റം. മഴ പെയ്താൽ വെള്ളം താഴോട്ട് വീഴുന്ന ഭാഗം