പലരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹം. പാരമ്പര്യം, ഭക്ഷണക്രമം, ശരിയല്ലാത്ത ജീവിതശൈലി തുടങ്ങി പല കാരണങ്ങളാൽ പ്രമേഹമുണ്ടാകാം. എത്ര ശ്രമിച്ചിട്ടും പ്രമേഹം കുറയ്ക്കാൻ പറ്റാത്ത ചിലരുണ്ട്. പ്രമേഹം കൂടുന്നത് ജീവൻ പോലും ചില ഘട്ടങ്ങളിൽ ഭീഷണിയാകാം. കാരണം, പ്രമേഹം അധികമാകുന്നത് ഹൃദ്രോഗം പോലുള്ള മറ്റ് രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പണ്ടൊക്കെ പ്രായമായവർക്ക് മാത്രമായിരുന്നു പ്രമേഹം കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. എല്ലാ പ്രായക്കാരിലും പ്രമേഹം ഉണ്ടാകുന്നുണ്ട്. പാൻക്രിയാസ് ഗ്രന്ഥിക്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിൽ പ്രവർത്തിക്കാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.