കൊച്ചി> സെൻസെക്സും നിഫ്റ്റിയും ഒരിക്കൽ കൂടി കരുത്ത് കാണിച്ച് സർവകാല റെക്കോർഡിലേയ്ക്ക് മുന്നേറിയത് ആഭ്യന്തര ഫണ്ടുകൾ ലാഭമെടുപ്പിനുള്ള അവസരമാക്കി മാറ്റി. കൈവശമുള്ള ഓഹരികൾ കനത്തതോതിൽ വിറ്റുമാറാൻ അവർ മത്സരിച്ചതിനിടയിലും വിപണി പ്രതിവാര നേട്ടം സ്വന്തമാക്കി. സെൻസെക്സ് 561 പോയിന്റ്റും നിഫ്റ്റി സൂചിക 142 പോയിന്റ്റും വർദ്ധിച്ചു. നടപ്പ് വർഷം ഇതിനകം ബോംബെ സൂചിക 4438 പോയിന്റ്റും നിഫ്റ്റി 1225 പോയിന്റ്റും നേട്ടത്തിലാണ്. ഇന്ത്യൻ മാർക്കറ്റിന്റ്റ തിളക്കത്തിന് വിദേശ ഫണ്ടുകളുടെ ശക്തമായ പിൻതുണയാണ് ലഭ്യമായത്.
ഓഹരി സൂചിക പുതിയ ഉയങ്ങളിലേയ്ക്ക് ചുവടുവെച്ചതിനിടയിൽ ആഭ്യന്തര ഫണ്ടുകൾ 6878 കോടി രൂപയുടെ ഓഹരികൾ വിറ്റു. അവസാന ദിവസങ്ങളിൽ മാത്രം അവർ വിറ്റഴിച്ചത് 5316 കോടി രൂപ വിലവരുന്നവയാണ്. ഇത്ര ശക്തമായ സമ്മർദ്ദത്തെ അതിജിവിക്കാനാവാതെ റെക്കോർഡ് തലത്തിൽ നിന്നും കനത്ത വിൽപ്പന തരംഗത്തിൽ വിപണി അകപ്പെട്ടു. വിദേശ ഓപ്പറേറ്റർമാർ മൊത്തം 9164 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. തിങ്കളാഴ്ച്ച ഇടപാടുകളുടെ തുടക്കത്തിൽ വീണ്ടും വിൽപ്പനക്കാർ രംഗത്ത് ഇറങ്ങിയാൽ പ്രദേശിക നിക്ഷേപകർ പ്രതിസന്ധിയിലാവും.
സെൻസെക്സ് 64,718 ൽ നിന്നും പടിപടിയായി ഉയർന്ന് റെക്കോർഡുകൾ പല തവണ പുതുക്കിയത് നിക്ഷേപകരുടെ ആവേശം കൊള്ളിച്ചു. 65,000 ലെ നിർണായക പ്രതിരോധവും ഭേദിച്ച് സൂചിക സർവകാല റെക്കോർഡായ 65,898 പോയിന്റ്റിലെത്തി. ഈ അവസരത്തിൽ ആഭ്യന്തര ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് മത്സരിച്ചതോടെ 65,175 ലേയ്ക്ക് സൂചിക ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിങിൽ 65,280 ലാണ്. നിഫ്റ്റിയും റെക്കോർഡ് പുതുക്കിയ ആവേശത്തിലാണ്. 19,189 പോയിന്റ്റിൽ നിന്നും 19,201 ലെ മുൻ റെക്കോർഡ് തകർത്ത വിപണി നിർണായകമായ 19,500 ലെ പ്രതിരോധവും അതിവേഗത്തിൽ മറികടന്ന് 19,523 വരെ കുതിച്ചു. ഈ അവസരത്തിലെ ലാഭമെടുപ്പ് പിന്നീട് വിൽപ്പന സമ്മർദ്ദമായതോടെ സൂചിക ഏതാണ്ട് 200 പോയിന്റ്റ് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 19,331 ലാണ്. ഈ വാരം 19,493 ന് മുകളിൽ കരുത്ത് തിരിച്ചു പിടിക്കാൻ ശ്രമം നടത്താം. അതിന് മുന്നേ 19,197 ലെ സപ്പോർട്ട് നിലനിർത്താനുള്ള നീക്കം വിജയിച്ചാൽ താഴ്ന്ന റേഞ്ചിലെ പുതിയ ബയ്യിങിന് ഫണ്ടുകൾ രംഗത്ത് ഇറങ്ങാം.
ആർ ഐ എൽ ഓഹരികളിൽ ദൃശ്യമായ ഉണർവ് പിന്നിട്ടവാരം വിപണിയെ മൊത്തിൽ ആവേശം കൊള്ളിച്ചു. മുൻ നിരയിലെ പത്ത് കന്പനികളിൽ ഏറ്റവും മൂല്യം ഉയർന്ന തലത്തിലേയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ വാരം ചുവടുവെച്ചു. ആർ ഐ എൽ വിപണി മൂല്യം 57,338.56 കോടി രൂപ ഉയർന്ന് 17,83,043.16 കോടി രൂപയായി. മുൻ നിരയിലെ പത്ത് കന്പനികളിൽ റിലയൻസിന് പുറകിൽ ടി സി എസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് യു എൽ, ഐ ടി സി, ഇൻഫോസിസ്, എസ് ബി ഐ, എച്ച് ഡി എഫ് സി, എയർടെൽ തുടങ്ങിയ ഇടം കണ്ടെത്തി.
വിനിമയ വിപണിയിൽ രൂപയ്ക്ക് മൂല്യ തകർച്ച. വാരത്തിന്റ്റ തുടക്കത്തിൽ ഡോളറിന് മുന്നിൽ 82.04 ൽ വിപണനം നടന്ന രൂപ പിന്നീട് കനത്ത തകർച്ചയെ അഭിമുഖീകരിച്ചു. ഒരവസരത്തിൽ 82.79 ലേയ്ക്ക് ഇടിഞ്ഞ രൂപയുടെ മൂല്യം വ്യാപാരാന്ത്യം 82.74 ലാണ്. 70 പൈസയുടെ ഇടിവാണ് രൂപയ്ക്ക് നേരിട്ടത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 73.66 ഡോളറിലാണ്. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1900 ഡോളറിൽ നിന്നും 1924 ഡോളറിലേയ്ക്ക് ഉയർന്നു.