ന്യൂഡൽഹി> ഡൽഹിയിലെ തെരുവുനായകളിൽ ആഗോളതലത്തിൽ തന്നെ ആരോഗ്യഭീഷണിയായേക്കാവുന്ന മാരകഫംഗസ് കണ്ടെത്തിയതായി റിപ്പോർട്ട്. മിക്ക മരുന്നുകളെയും അതിജീവിക്കുന്ന ‘കാൻഡിഡാ ഔറിസ്’ എന്ന ഫംഗസാണ് ഡൽഹിയിൽ സമീപകാലത്ത് ചില നായകളിൽ കണ്ടെത്തിയത്. തെരുവുനായകളുടെ ചെവിക്കുഴലുകളിലാണ് ഫംഗസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
കാൻഡിഡാഔറിസ് ഫംഗസിനെ അമേരിക്കൻ പൊതുആരോഗ്യ ഏജൻസിയായ സിഡിസിയും ലോകാരോഗ്യസംഘടനയും അടിയന്തിരഭീഷണിയായി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, ഈ ഫംഗസ് നായകളിൽ നിന്നും നേരിട്ട് മനുഷ്യരിലേക്ക് പകരുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. ഡൽഹി സഞ്ജയ്ഗാന്ധി മൃഗപരിപാലന കേന്ദ്രത്തിലെ 87 തെരുവുനായകളിൽ വല്ലഭായ്പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, രാംജാസ്കോളേജ്, ഡൽഹി സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഫംഗസ് സാന്നിധ്യം സ്ഥിരീകരിച്ചത്.