കൊൽക്കത്ത> ഇന്ത്യൻ പ്രതിരോധക്കാരൻ അൻവർ അലി മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ. ഐ ലീഗ് ഫുട്ബോൾ ക്ലബ്ബായ ഡൽഹി എഫ്സിയിൽനിന്നാണ് ഇരുപത്തിരണ്ടുകാരനെ ബഗാൻ സ്വന്തമാക്കിയത്. കരാർവ്യവസ്ഥകൾ പുറത്തുവിട്ടിട്ടില്ല. ഐഎസ്എൽ കഴിഞ്ഞ സീസണിൽ എഫ്സി ഗോവയ്ക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ചിരുന്നു അൻവർ. ഇന്ത്യൻ ടീമിലും സ്ഥിരസാന്നിധ്യമാണ്.
അണ്ടർ 17 ലോകകപ്പിലൂടെയാണ് പഞ്ചാബുകാരൻ ശ്രദ്ധിക്കപ്പെടുന്നത്. ഹൃദ്രോഗത്തെ തുടർന്ന് 2019ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കളിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തി. പിന്നാലെ ഡൽഹി ഹൈക്കോടതി വിലക്ക് നീക്കി. ഇന്ത്യൻ ആരോസ്, മുഹമ്മദൻസ് ക്ലബ്ബുകൾക്കായും പിന്നീട് കളിച്ചു.