മെൽബൺ :പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി ശ്രീ. അജി പുനലൂർ നിര്യാതനായി
ഫ്രാങ്ക്‌സ്റ്റൺ സ്വദേശിയും, മെൽബണിലെയും, കേരളത്തിലെയും സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ സുപരിചിത വ്യക്തി മുദ്ര പതിപ്പിച്ച പുനലൂർ സ്വദേശി അജി പുനലൂരാണ് , എല്ലാവർക്കും ഓർമ്മകളുടെ മിഴിനീർ തുള്ളികൾ സമ്മാനിച്ച് ബുധനാഴ്ച വൈകീട്ടോടെ വിട പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്കു മുൻപ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ, തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളെ നിഷ്ഫലമാക്കികൊണ്ടാണ്, ഇഹലോകത്തോട് വിട പറഞ്ഞത്.
മെൽബണിലെ വിവിധ മലയാളി സംഘടനകളുടെ നെടുനായകത്വം വഹിച്ചും, ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടും മെൽബൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന അജി പുനലൂർ, നല്ലയൊരു മിമിക്രി ആർട്ടിസ്റ്റും കൂടി ആയിരുന്നു.
എല്ലാവരോടും സൗമ്യമായും, സൗഹാർദ്ദപരമായും പെരുമാറിയിരുന്ന അദ്ദേഹം, മെൽബണിലെ കലാ/കായിക രംഗത്തും ഒട്ടേറെ പരിപാടികൾക്ക് സംഘാടനാപാടവം തെളിയിച്ച് യുവാക്കൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ട്.
മരണാനന്തരം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം, നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കി വച്ചിരുന്നതിൻ പ്രകാരം, അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുവാൻ അധികൃതർ നടപടികൾ നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭൗതീക ശരീരം, ഓസ്ട്രേലിയയിലെ നിയമക്രമങ്ങൾ പൂർത്തിയാക്കി കേരളത്തിലേക്ക് കൊണ്ട് പോകുമെന്നാണ് അറിയാൻ കഴിഞ്ഞത്.
മെൽബണിലെ പൊതുദർശനത്തിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ബന്ധു മിത്രാദികൾ പറഞ്ഞു.
ഭാര്യ ജീന, രണ്ട് മക്കൾ.