ന്യൂഡൽഹി> അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാളികൾ കോർപറേറ്റ്– വർഗീയ കൂട്ടുകെട്ടിനും കൊള്ളയ്ക്കും എതിരായി ഒത്തുചേർന്നപ്പോൾ രാജ്യതലസ്ഥാനം ചെങ്കടലായി. ബദൽ നയങ്ങൾ നടപ്പാക്കാനുള്ള രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട് രാജ്യത്തെ യഥാർഥ ഉൽപാദകരായ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ചെങ്കൊടികളേന്തിയെത്തി മഹാനഗരം കീഴടക്കി. അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, അഖിലേന്ത്യാ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ രാംലീല മൈതാനത്ത് സംഘടിപ്പിച്ച മസ്ദൂർ കിസാൻ സംഘർഷ് റാലി വൻജനമുന്നേറ്റമായി. ശിങ്കിടിമുതലാളിത്ത നയങ്ങൾ പിന്തുടരുന്ന മോദിസർക്കാരിന് വരുംനാളുകളിൽ അതിശക്തമായ പോരാട്ടങ്ങൾ നേരിടേണ്ടിവരുമെന്ന് റാലി മുന്നറിയിപ്പ് നൽകി.
കന്യാകുമാരി മുതൽ കശ്മീർ വരെയും ഗുജറാത്ത് മുതൽ മണിപ്പുർ വരെയും ഉള്ള തൊഴിലാളികളും കർഷകരും അണിനിരന്ന റാലി ഇന്ത്യയുടെ വൈവിധ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി. പതിനായിരക്കണക്കിന് സ്ത്രീകൾ പങ്കാളികളായ റാലിയിൽ മോദിസർക്കാരിന്റെ ദുർഭരണത്തിനെതിരെ നിശിതമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, ചത്തീസ്ഗഢ് എന്നിവിടങ്ങളിൽനിന്ന് പരമ്പരാഗത വേഷങ്ങളിൽ തൊഴിലാളികളും കർഷകരും റാലിയിൽ പങ്കെടുത്തു. ആറ് മാസം നീണ്ട പ്രചാരണത്തിനും തയ്യാറെടുപ്പിനും ശേഷം സംഘടിപ്പിച്ച റാലി അച്ചടക്കത്തിലും ആവേശത്തിലും ശ്രദ്ധേയമായി.
ഡൽഹിയിലെയും പരിസരത്തെയും വിവിധ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച ശേഷമാണ് ജാഥകളായി തൊഴിലാളികളും കർഷകരും രാംലീല മൈതാനത്തേയ്ക്ക് നീങ്ങിയത്. രാവിലെ എട്ടോടെ തുടങ്ങിയ കലാപരിപാടികൾ 11.30 നീണ്ടു. പൊതുസമ്മേളനം പുരോഗിക്കുമ്പോഴും മൈതാനത്തേയ്ക്ക് ജനങ്ങൾ പ്രവഹിക്കുകയായിരുന്നു. ശൈത്യകാലത്തിനുശേഷം പതിവിലേറെ താപനില ഉയർന്ന പകലായിരുന്നിട്ടും വിശാലമായ മൈതാനം നിറഞ്ഞ് ജനങ്ങൾ നിന്നു.
സിഐടിയു, അഖിലേന്ത്യാ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ ഭാരവാഹികളായ കെ ഹേമലത, തപൻ സെൻ, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, എ വിജയരാഘവൻ, ബി വെങ്കട്, സ്വാഗതസംഘം ചെയർമാനും വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. പ്രഭാത് പട്നായിക് എന്നിവരും കേന്ദ്ര–-സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെ ഫെഡറേഷനുകളുടെയും ബാങ്ക്, ഇൻഷ്വറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകളുടെയും നേതാക്കളും സംസാരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, നീലോൽപൽ ബസു എന്നിവർ റാലിയെ അഭിവാദ്യം ചെയ്തു.