ന്യൂഡൽഹി> ട്രെയിൻ തീവെപ്പ് കേസിൽ അറസ്റ്റിലായ ഷാറൂഖ് സെയ്ഫിയുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും വിശദമായി ചോദ്യംചെയ്ത് അന്വേഷണസംഘം. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും കേരളത്തിൽ നിന്നുള്ള എടിഎസ് സംഘവുമാണ് ചോദ്യം ചെയ്തത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച ബാഗ്, അതിലുണ്ടായിരുന്ന ഡയറിയിലെ കൈയ്യക്ഷരം, ഫോട്ടോ തുടങ്ങിയവ മകന്റേത് തന്നെയാണെന്ന് ഷാറൂഖിന്റെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു.
എന്നാൽ, ഷാറൂഖ് കേരളത്തിൽ പോയിരുന്നോയെന്ന ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് അവർ നൽകിയത്. മാർച്ച് 31ാം തിയതി ഷാറൂഖിനെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. അതേസമയം, മകൻ ഡൽഹിക്ക് പുറത്ത് പോയിരുന്നോയെന്ന് അറിയില്ല–-മാതാപിതാക്കൾ പറഞ്ഞു.ഷാറൂഖിന്റെ വീടിന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും അത് പരിശോധിക്കാനുമുള്ള നീക്കം അന്വേഷണഉദ്യോഗസ്ഥർ തുടങ്ങിയിട്ടുണ്ട്. അടുത്തകാലത്ത് ഷാറൂഖിനെ കാണാൻ വന്നിട്ടുള്ളവർ, അയാൾ കൂടുതൽ ബന്ധം പുലർത്തിയിരുന്ന ആൾക്കാർ തുടങ്ങിയവരെ ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണസംഘത്തിനുള്ളത്.
മകൻ കുറ്റക്കാരനാണെങ്കിൽ കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് ഷാറൂഖിന്റെ പിതാവ് ഫക്രുദീൻ അലി ചാനലുകളോട് പ്രതികരിച്ചു. പൊലീസ് വീട്ടിൽ എത്തിയതോടെയാണ് സംഭവത്തെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും വീണ്ടും ചോദ്യംചെയ്യേണ്ടി വരുമെന്നാണ് അന്വേഷണഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.