കൊച്ചി> ധനം ബിഎഫ്എസ്ഐ സമിറ്റും അവാർഡ് ദാന ചടങ്ങും ഫെബ്രുവരി 22ന് കൊച്ചിയിൽ നടക്കും. ധനം മാഗസിൻ സംഘടിപ്പിക്കുന്ന സമിറ്റ് എൽഐസി മാനേജിംഗ് ഡയറക്റ്റർ ബി സി പട്നായിക്ക് ഉദ്ഘാടനം ചെയ്യും. ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ‘ഫ്യൂച്ചർ ഓഫ് ബാങ്കിംഗ്’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. അവാർഡ് നൈറ്റിൽ നബാർഡ് ചെയർമാൻ കെ വി ഷാജി മുഖ്യാതിഥിയായി സംബന്ധിക്കും.
കൊച്ചിയിലെ ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന സമിറ്റിലും അവാർഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാൻസ്, നിക്ഷേപ, ഇൻഷുറൻസ് മേഖലയിൽ നിന്നുള്ള 20 ഓളം വിദഗ്ധർ പ്രഭാഷണങ്ങൾ നടത്തും.
മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, മണപ്പുറം ഫിനാൻസ് എംഡി വി പി നന്ദകുമാർ, മാഴ്സലസ് ഇൻവെസ്റ്റ്മെന്റ് ഓഫീസറും സ്ഥാപകനുമായ സൗരഭ് മുഖർജി, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പി ആർ രവി മോഹൻ, ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ചെയർമാൻ ജോർജ് ജോസഫ്, ഇക്വിറ്റി ഇന്റലിജൻസ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, ആംഫി ചീഫ് എക്സിക്യൂട്ടിവ് എൻ എസ് വെങ്കിടേഷ്, ഏണ്സറ്റ് & യംഗ് അസോസിയേറ്റ് പാർട്ണർ രാജേഷ് നായർ, വർമ&വർമ ചാർട്ടേർഡ് എക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടിവ് ഡയറക്റ്റർ സതീഷ് മേനോൻ, ഡിബിഎഫ്എസ് എംഡിയും സിഇഒയുമായ പ്രിൻസ് ജോർജ്, അർത്ഥ ഫിനാൻഷ്യൽ സർവീസസ് സാരഥി ഉത്തര രാമകൃഷ്ണൻ, ദുബായ് ഇന്റർനാഷണൽ ഓൺലൈൻ യൂണിവേഴ്സിറ്റി എക്സിക്യൂട്ടിവ് ഡയറക്റ്റർ പ്രൊഫ. ഉജ്ജ്വൽ കെ ചൗധരി, എസ്പി ജെയ്ൻ സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്റ് ഫാക്കൽറ്റി ഡോ. അനിൽ ആർ മേനോൻ, കെ വെങ്കിടാചലം അയ്യർ & കമ്പനി സീനിയർ പാർട്ണർ എ. ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷക നിരയിലുണ്ട്.
അവാർഡ് നിശയിൽ വെച്ച് ധനം ബിഎഫ്എസ്ഐ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ധനം പി എസ് യു ബാങ്ക് ഓഫ് ദി ഇയർ 2022 പുരസ്കാരം ബാങ്ക് ഓഫ് ബറോഡയ്ക്കും ധനം പ്രൈവറ്റ് സെക്ടർ ബാങ്ക് ഓഫ് ദി ഇയർ 2022 പുരസ്കാരം ആക്സിസ് ബാങ്കിനും സമ്മാനിക്കും.
സൗത്ത് ഇന്ത്യൻ ബാങ്ക് (വെൽത്ത് ക്രിയേറ്റർ ഓഫ് ദി ഇയർ 2022 – കേരള ബിഎഫ്എസ്ഐ സെഗ്മെന്റ്), മുത്തൂറ്റ് ഫിനാൻസ് (ധനം എൻബിഎഫ്സി ഓഫ് ദി ഇയർ 2022), എസ് ബി ഐ മ്യൂച്വൽ ഫണ്ട് ( ധനം ബെസ്റ്റ് സെല്ലിംഗ് മ്യൂച്വൽ ഫണ്ട് കമ്പനി ഓഫ് ദി ഇയർ 2022 – കേരള), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( ധനം ലാർജസ്റ്റ് മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ ഓഫ് ദി ഇയർ 2022 – കേരള), എൽഐസി ഓഫ് ഇന്ത്യ ( ധനം ലൈഫ് ഇൻഷുറർ ഓഫ് ദി ഇയർ 2022), ന്യൂ ഇന്ത്യ അഷ്വറൻസ് (ധനം ജനറൽ ഇൻഷുറർ ഓഫ് ദി ഇയർ 2022) എന്നിവയാണ് മറ്റ് അവാർഡ് ജേതാക്കൾ.
എൽഐസി മുൻ മാനേജിംഗ് ഡയറക്റ്റർ ടി സി സുശീൽ കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.