കുമ്പള/മഞ്ചേശ്വരം > ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചർച്ചയിൽ കോൺഗ്രസ് ലീഗ് വെൽഫെയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മഖ്യമന്ത്രി ആവശ്യപ്പെട്ടു. മഞ്ചേശ്വരം കുമ്പളയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസിലെ ഒരു വിഭാഗം ആർഎസ്എസിനോട് മൃദു നിലപാട് സ്വീകരിക്കുന്നവരാണ്. ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയോടും. വെൽഫെയർ പാർട്ടി കേരളത്തിൽ കോൺഗ്രസിന്റേയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. അവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിനെ ഒട്ടേറെ മുസ്ലിം സംഘടനകൾ വിമർശിച്ച് വന്നിട്ടുണ്ട്. ന്യൂനപക്ഷം പൊതുവേ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുള്ളത്. എന്ത് കാര്യമാണ് അവർക്ക് തമ്മിൽ സംസാരിക്കാൻ ഉള്ളതെന്ന് എല്ലാവരും ചോദിക്കുകയാണ്.
ലീഗിന്റെ നേതൃത്വത്തിൽ ഒരു വിഭാഗമായിരുന്നു വെൽഫെയർ സഖ്യത്തിന് നേതൃത്വം കൊടുത്തത്. ഇത് ലീഗിനകത്ത് പലരും എതിർത്തതാണ്. അതിനെ അവഗണിച്ചാണ് ജമാഅത്തെ ഇസ്ലാമി കൂടി കൂടെ ഉണ്ടാകുക എന്നത് നിലപാടായി എടുത്തത്. ആർഎസ്എസുമായുള്ള ചർച്ചയിൽ യുഡിഎഫ് ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ദുരൂഹമായ ഒരു കാര്യമാണ് ഉണ്ടായിട്ടുള്ളത്.
രൂക്ഷമായ രൂപത്തിലാണ് വർഗീയതയുടെ ആപത്ത് വളർന്നുവരുന്നത്. എല്ലാ കാലത്തും, ഇടതുപക്ഷം പൊതുവിലം സിപിഐ എം പ്രത്യേകിച്ചും ഇതിനെതിരെ ശക്തമായ നിലപാടെടുത്ത് പോരാടുകയാണ്. കഴിഞ്ഞദിവസമാണ് ഹരിയാനയിൽ രണ്ട് പേരെ ചുട്ടുകൊന്ന ക്രൂരത പുറത്തുവന്നത്. അവര് മുസ്ലിം ആണെന്നത് മാത്രമാണ് കൊലയ്ക്ക് കാരണം. ഒരു കുറ്റവും ചെയ്തവരല്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘ്പരിവാറിനോട് എന്ത് ചർച്ചയാണ് നടത്താനുള്ളത്.
വർഗീയമായുള്ള ഏത് നീക്കവും ശക്തമായി എതിർക്കുന്ന സമൂഹമാണ് നമ്മുടേത്. വർഗീയത ഉയർത്തുന്ന യഥാർത്ഥ പ്രശ്നങ്ങൾ കാണണം. രാജ്യത്തിനകത്ത് മനുഷ്യനെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ. ഇവിടെ ജീവിക്കാൻ കഴിയുമോ എന്ന ആശങ്കപോലും ഉണ്ടായിരിക്കുന്നു. യഥാർത്ഥ ജീവൽ പ്രശ്നങ്ങളിൽനിന്ന് വർഗീയ ശക്തികൾ ശ്രദ്ധ തിരിക്കുന്നു. മനുഷ്യരിൽ മഹാഭൂരിപക്ഷം കൂടുതൽ പിന്തള്ളപ്പെട്ട് പോകുന്നു. കേന്ദ്ര നയമാണ് ജീവിതം മോശമാക്കുന്നതെന്ന വസ്തുത മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ നയങ്ങൾ വിവിധ തരങ്ങളിൽ രാജ്യത്തിനും, ജനങ്ങൾക്കും, സംസ്ഥാനങ്ങൾക്കും, മത നിരപേക്ഷതയ്ക്ക്, ഭരണഘടനാ മൂല്യങ്ങൾക്ക് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്ക് തുടങ്ങി എല്ലാത്തിനും എതിരാണ്. ഇന്ത്യയെ മതാതിഷ്ഠിത രാഷ്ട്രമാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതിനെതിരെ സമൂഹം അനിനിരക്കേണ്ടതുണ്ട്. അത് പ്രചരിപ്പിക്കുക എന്നത് ഈ ജാഥയുടെ പ്രധാനപ്പെട്ട ഉദ്ദേശമാണ്. വർഗീയത എല്ലാ രീതിയിലും രാജ്യത്തിന് ആപത്ത് വരുത്തിവയ്ക്കുന്നതാണ്. ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും എതിർക്കുന്ന സമീപനമാണ് എല്ലാ കലത്തും സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. ഇത് രണ്ടും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയാണ്.
സംസ്ഥാനത്തെ കേന്ദ്രം വല്ലാതെ അവഗണിക്കുകയാണ്. അതിനെക്കുറിച്ച് സംസാരിക്കരുത് എന്ന് കേരളത്തിലെ പ്രതിപക്ഷവും തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്രത്തിനെതിരെ അരയക്ഷരം സംസാരിക്കുന്നില്ല. കേന്ദ്ര നിലപാടുകൾ പൂർണമായി മറച്ചുവയ്ക്കുകയാണ്. കേന്ദ്രത്തെ ന്യായീകരിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.